അടയാളക്കല്ലിലേക്കുള്ള പടവുകള്‍
text_fieldsകര്‍ണാടകയിലെ ജലാലാബാദില്‍ കൂറ്റന്‍ ശിലാ പര്‍വതത്തിനു മുകളില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച കോട്ടയിലേക്ക്...
എത്ര പടവുകള്‍ കയറിയെന്ന് ഓര്‍മയില്ല. ഉരുളന്‍ പാറക്കല്ലുകള്‍ അടുക്കിവെച്ച്കെട്ടിയ വഴുവഴുപ്പുള്ള പടവുകള്‍. ചുവടൊന്ന് ഇടറിയാല്‍ നൂറോ അഞ്ഞൂറോ പടികള്‍ക്കു താഴേക്കത്തൊം. തലക്കു മുകളില്‍ അജയ്യഭാവത്തോടെ തലയുയര്‍ത്തി കൂറ്റന്‍ ശിലാ പര്‍വതം. അതിനുമേല്‍ പുരാതനമായ സുല്‍ത്താന്‍ കോട്ട.
ഉച്ചഭക്ഷണം ഗുരുവായനക്കരയിലെ റോഡരികിലുള്ള പെട്ടിക്കടയില്‍ നിന്ന് കിട്ടിയ പഴവും പച്ചവെള്ളവും. രാവിലെ വല്ലതും കഴിച്ചിരുന്നോ? ഓര്‍മയില്ല.
നടപ്പിന്റെ ആവേശത്തില്‍ വിശപ്പറിഞ്ഞില്ല. മനസ്സിനെ പിടിച്ചുവലിക്കാന്‍ വിഷയങ്ങള്‍ വേറെ പലതും ഉണ്ടായിരുന്നുതാനും. വാറ് പൊട്ടിത്തുടങ്ങിയ ചെരിപ്പും തോളിലെ ബാഗിന്റെ കനവും നടപ്പിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. എന്നിട്ടും അജ്ഞാതമായ ഏതോ ഊര്‍ജത്തിന്റെ പ്രേരണയാല്‍ മുന്നോട്ടുതന്നെ ആഞ്ഞുനടന്നു.
മഴക്കാലമായതിനാല്‍ മുകളിലേക്കുള്ള വഴി അപകടം പിടിച്ചതാണെന്നും ഇപ്പോള്‍ പോകാതിരിക്കുന്നതാണ് നല്ലതെന്നും കല്‍പടവുകളില്‍ അറ്റകുറ്റപ്പണി നടത്തുന്ന ജോലിക്കാര്‍ പറഞ്ഞിരുന്നു.
പടവുകള്‍ എത്രയോ പിന്നിട്ടു. പച്ചനിറം പടര്‍ന്ന പടവുകളില്‍ പായലിന്റെ പശിമ. സൂര്യന്‍ കരിങ്കല്‍കുന്നിനപ്പുറം എപ്പോഴേ മറഞ്ഞുകഴിഞ്ഞു. ചിലന്തിവല പോലെ നേര്‍ത്ത മഴനൂലുകള്‍ കുന്നിന്മുകളില്‍ നീല കൊതുകുവല വിരിക്കുന്നു. ചോരയിലേക്ക് തണുപ്പിന്റെ സൂചികള്‍ തുളച്ചുകയറിത്തുടങ്ങി.
മഴമേഘങ്ങള്‍ ചുറ്റും വന്നുമൂടി ഇരുള്‍ പരത്തുകയാണ്. തൊട്ടുമുന്നിലെ മരച്ചില്ലകള്‍പോലും കാഴ്ചയില്‍നിന്ന് മറയുന്നു. ഇനിയൊരു ചുവടുപോലും മുന്നോട്ടുവെക്കാന്‍ കഴിയില്ലെന്ന് മനസ്സ് പറഞ്ഞു. വല്ലാത്ത ക്ഷീണം കാലുകളെ പിന്നോട്ട് പിടിച്ചുവലിച്ചുകൊണ്ടിരുന്നു. പാദങ്ങളില്‍ കടുത്ത വേദന.
കണ്‍വെട്ടത്തിനപ്പുറം പാറക്കുന്നിന്റെ നെറുകയില്‍ സുല്‍ത്താന്‍ കോട്ടയുടെ സാന്നിധ്യം നേര്‍ത്ത നിഴല്‍ച്ചിത്രം പോലെ. രാവിലെ തുടങ്ങിയ നടത്തം വെറുതെയായോ?
കോട്ടയിലേക്കുള്ള പടവുകളില്‍ പാതിയിലേറെയും ബാക്കി. നേരിയ നിരാശയോടെ കുന്നിനെ നോക്കി മനസ്സ് പറഞ്ഞു-ഇനിയൊരിക്കല്‍ കാണാം.
സാവധാനം പിന്നോട്ടിറങ്ങി. കരിങ്കല്‍ തൂണുകളില്‍ തീര്‍ത്ത കൂറ്റന്‍ കവാടത്തിലൂടെ തിരിച്ചിറങ്ങിയപ്പോള്‍ ഒന്നുകൂടി പിന്നിലേക്ക് നോക്കി.
ഒറ്റക്കല്ലില്‍ തീര്‍ത്തൊരു പുരാതന ശില്‍പംപോലെ, കോട്ടയുടെ ശേഷിപ്പുകള്‍ താങ്ങിനില്‍ക്കുകയാണ് കൂറ്റന്‍ ശിലാപര്‍വതം.
വഴിയരികെ, കല്ലേറുകൊണ്ട് ചരിഞ്ഞ കുരിശും പേറി പതുങ്ങി നില്‍ക്കുന്ന ഒരു പള്ളി. ജനല്‍പാളികളില്‍ പൊട്ടിയ ചില്ലുകളുടെ ശേഷിപ്പുകള്‍. പണപ്പകിട്ട് തീണ്ടാത്ത ദരിദ്ര ദേവാലയം.
അഞ്ചുവര്‍ഷം മുമ്പൊരു ജൂണ്‍ മാസത്തിലായിരുന്നു കര്‍ണാടകയില്‍ ബെല്‍ത്തങ്ങാടിക്കടുത്ത ഗഡെക്കല്ല് എന്നറിയപ്പെടുന്ന ജമാലാബാദിലെ പാറക്കുന്നിനു മുകളില്‍ ടിപ്പുസുല്‍ത്താന്‍ സ്ഥാപിച്ച കോട്ടയുടെ ശേഷിപ്പുകള്‍ കാണാനുള്ള യാത്ര.
* * *
മാര്‍ച്ചിലെ കത്തുന്ന വേനലില്‍ വീണ്ടും ഇവിടെയത്തെിയത് പഴയ കടം തീര്‍ക്കാനാണ്. ജമാലാബാദിന്റെ മുഖം ഇപ്പോള്‍ വല്ലാതെ മാറിയിട്ടുണ്ട്. ബെല്‍ത്തങ്ങാടി -കാജൂര്‍ റോഡ് ജമാലാബാദിലേക്ക് വഴിപിരിയുന്ന മഞ്ചട്ടി കവലയുടെ നടുവില്‍ കാവിക്കൊടി പറക്കുന്ന വലിയൊരു കൊടിമരം സഥാനം പിടിച്ചിരിക്കുന്നു. നരസിംഹപുരം എന്നായിരുന്നു ഗഡെക്കല്ലിന്റെ പഴയ പേരെന്ന് കവലയിലെ ചായക്കടക്കാരന്‍ ഹനുമന്തപ്പ പറഞ്ഞു. ‘ ഗഡായിക്കല്ലു’ലോപിച്ച് ‘ഗഡെക്കല്ലു’ ആയതാണ്-കന്നട ഭാഷയില്‍ അടയാളക്കല്ല് എന്നര്‍ഥം. പശ്ചിമഘട്ട മലനിരകളില്‍ കുദ്രെമുഖ് റെയ്ഞ്ചിലാണ് ഗഡായിക്കല്ലിന്റെ സ്ഥാനം.
ആധുനിക സംവിധാനങ്ങള്‍ കണ്ടത്തെുന്നതിനു മുമ്പ് ദേശങ്ങള്‍ വെട്ടിപ്പിടിക്കാന്‍ പോകുന്ന സൈന്യങ്ങളും സഞ്ചാരികളും ദിക്ക് മനസ്സിലാക്കാന്‍ ആശ്രയിച്ചിരുന്നത് ഗഡെക്കല്ലിനെയായിരുന്നു. ഈ പേരുവീണതും അങ്ങനെയാകാം. മംഗലാപുരത്തുനിന്ന് ബെല്‍ത്തങ്ങാടി ഭാഗത്തേക്കുള്ള ബസ്യാത്രാ വേളയില്‍ അകലെ തലയുയര്‍ത്തി നില്‍ക്കുന്ന ഒറ്റക്കല്‍ മല കണ്ട് വിസ്മയം തോന്നിയിട്ടുണ്ട്. പിന്നാലെകൂടിയ ഓട്ടോറിക്ഷക്കാരെ ഒരുവിധത്തില്‍ അതിജീവിച്ച് ദൂരക്കാഴ്ച നുകര്‍ന്ന് നടന്നു. തെങ്ങിന്‍ തലപ്പുകള്‍ക്ക് മുകളില്‍ ചാരനിറം പൂണ്ട ഗഡെക്കല്ലിന്റെ പല പല പോസുകള്‍. വഴിയില്‍ ബ്രിട്ടീഷ് സംസ്കൃതിയുടെ അടയാളം പതിഞ്ഞ പാലത്തിന്റെ കൈവരിയില്‍ കയറി നിന്നപ്പോള്‍ കുറച്ചുകൂടി വൈഡ് ആയ രൂപം കാണാനായി.
മഞ്ചട്ടിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ താണ്ടണം കോട്ടയിലേക്ക് പടവുകള്‍ തുടങ്ങുന്നയിടത്തത്തൊന്‍. വഴിമധ്യേയാണ് കോട്ടയിലേക്ക് സ്വാഗതമോതാന്‍ സ്ഥാപിച്ച കരിങ്കല്‍പ്പാളികള്‍ കൊണ്ടുള്ള കൂറ്റന്‍ കമാനം. ഇതിനരികെ കടും കുങ്കുമ നിറത്തിലുള്ള ഇനാമല്‍ പെയിന്‍റില്‍ കുളിച്ച പുതിയൊരു ക്ഷേത്രം കണ്ടു. കവാടം കടന്ന് അല്‍പം നടന്നപ്പോള്‍ കല്ലേറുകൊണ്ട് തകര്‍ന്ന പഴയ പള്ളിയുടെ മുഖപ്പ് കോണ്‍ക്രീറ്റില്‍ ബലപ്പെടുത്തി അലങ്കരിച്ചിരിക്കുന്നു.
ശിലാ പര്‍വതത്തിന്റെ താഴ്വാരത്ത് പുരാവസ്തു ഗവേഷണ വകുപ്പിന്റെ ഫലകം സ്ഥിതിചെയ്യുന്ന മുഖ്യ പ്രവേശ കവാടത്തിനു സമീപം ഉയര്‍ന്നുവന്ന മഖ്ബറയിലേക്ക് കാറുകളിലും ഓട്ടോ റിക്ഷകളിലും വിശ്വാസികള്‍ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. കാറ്റിന് സാമ്പ്രാണിത്തിരി പുകയുന്ന മണം.
പടവുകളുടെ തുടക്കത്തില്‍ വലിയൊരു കാട്ടുപോത്തിന്റെ ചിത്രമുള്ള ബോര്‍ഡുണ്ട്. മഞ്ചട്ടി കവലക്കരികില്‍ വേഴാമ്പലിന്റെ ചിത്രമുള്ള മറ്റൊരു ബോര്‍ഡും കണ്ടിരുന്നു. ഇത് ദേശീയ വനോദ്യാനമാണെന്നും കുന്നിന്മുകളിലെ കാട്ടില്‍ ഈവക ജീവികള്‍ ഉണ്ടെന്നും അറിയിക്കാന്‍ കര്‍ണാടക വന്യജീവി വകുപ്പ് സ്ഥാപിച്ചതാണിവ. കോട്ടയുടെ ചരിത്ര പ്രാധാന്യം ബോധിപ്പിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ച നീല ബോര്‍ഡ് തുരുമ്പിച്ച് അക്ഷരങ്ങള്‍ പലതും അപ്രത്യക്ഷമായി.
സമുദ്ര നിരപ്പില്‍ നിന്ന് 1700 അടി ഉയരത്തിലാണ് ജമാലാബാദ് കോട്ട . കല്ലുകള്‍ കൊണ്ടുകെട്ടിയ പടവുകള്‍ കഴിഞ്ഞാല്‍ ചെങ്കുത്തായ പാറയുടെ ശരീരത്തിലൂടെ ഉളികള്‍ ചത്തെിയുണ്ടാക്കിയ ചെറു പടവുകളാണ്. നൂറ്റാണ്ടുകളായി എത്രയോ കാലടിപ്പാടുകള്‍ പതിഞ്ഞ് അവ മിനുമിനുത്ത് തിളങ്ങുന്നു. ചുവടുകള്‍ ഇടറാതിരിക്കാന്‍ നല്ല ശ്രദ്ധ വേണം. രണ്ടുമണിക്കൂറോളം വേണ്ടിവന്നു മുകളിലത്തൊന്‍. ശിലാപര്‍വത ശൃംഗത്തിന് തൊട്ടുതാഴെ അല്‍പം നിരപ്പുള്ളയിടത്താണ് കോട്ടയുടെ സ്ഥാനം. ഇവിടെ ചെറിയ വനാന്തരീക്ഷമുണ്ട്. പാറയിടുക്കുകള്‍ക്കിടയിലെ ഇത്തിരി മണ്ണില്‍ ഇലകൊഴിഞ്ഞ മരുത് മരങ്ങളില്‍ ഇളം തളിരിലകള്‍. കുടകപ്പാലകള്‍ കൂട്ടത്തോടെ പൂത്തുലഞ്ഞു നില്‍ക്കുന്നു. മലമുകളിലാകെ പാലപ്പൂവിന്റെ സുഗന്ധം.
യുദ്ധത്തില്‍ തോറ്റുപോയ ഭടന്റെ ചീന്തിയെറിഞ്ഞ കാല്‍പോലെ, മുള്‍ക്കാട്ടില്‍ തകര്‍ന്ന ഉരുക്കുപീരങ്കിക്കുഴലിന്റെ അവശിഷ്ടം. കുറച്ചകലെ പാതി മുറിഞ്ഞ കരിങ്കല്‍ ചിത്രത്തൂണുകള്‍ ചിതറിക്കിടക്കുന്നു.
തകര്‍ത്തെറിയപ്പെട്ട ചരിത്ര സ്മാരകത്തിന്റെ ശേഷിപ്പുകള്‍ ഒന്നൊന്നായി മുന്നിലത്തെുകയാണ്.
വലിയ കരിങ്കല്‍ പാളികള്‍ കുമ്മായമോ ചളിയോ കൂട്ടാതെ അടുക്കിവെച്ച് കെട്ടിയ കോട്ടമതിലിന്റെ ചിലഭാഗങ്ങള്‍ കേടുകൂടാതെ കാണാം. മതിലിന്റെ ശേഷിപ്പുകള്‍ കടന്ന് അകത്തത്തെുമ്പോള്‍ കെട്ടിടങ്ങളുടെ കല്‍ത്തറകള്‍, കൊത്തുവേലകള്‍ ചെയ്ത കൂറ്റന്‍ കരിങ്കല്‍പലകകള്‍, കല്‍ത്തൂണുകള്‍ എന്നിവ തകര്‍ന്ന നിലയില്‍ കാടുമൂടിക്കിടക്കുന്നു. ഉള്‍ നിര്‍മിതികള്‍ക്ക് ചുട്ടെടുത്ത ഇഷ്ടികകള്‍ ഉപയോഗിച്ചതിന്റെ തെളിവുകള്‍ കണ്ടു. കല്ലുകള്‍കൊണ്ട് അരികുകെട്ടി ബലപ്പെടുത്തിയ വലിയൊരു കുളം കോട്ടയുടെ മധ്യഭാഗത്തുണ്ട്. തകര്‍ന്ന പീരങ്കി ഇവിടെയും കണ്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചത്തെിയെടുത്തതിന്റെ പാടുകള്‍ വലിയ പാറമേല്‍ പതിഞ്ഞുകിടക്കുന്നു. നെറുകയിലേക്ക് കയറാന്‍ പാറയുടെ വശങ്ങളിലൂടെ ഉളികൊണ്ട് ചത്തെിയുണ്ടാക്കിയ ഒതുക്കവും ഭംഗിയുമുള്ള ചവിട്ടുപടികള്‍ കേടുകൂടാതെ ബാക്കിയുണ്ട്.
1794-ല്‍ ടിപ്പു സുല്‍ത്താനാണ് ജമാലാബാദ് കോട്ട നിര്‍മിച്ചതെന്ന് കേന്ദ്ര പുരാവസ്തു ഗവേഷണ വകുപ്പ് സ്ഥാപിച്ച ഫലകത്തില്‍ കാണുന്നു. മാതാവ് ജമാലാ ബീഗത്തിന്റെ പേരാണ് അദ്ദേഹം കോട്ടക്കു നല്‍കിയത്. 1876 പടവുകള്‍ കയറണം കോട്ടയിലത്തൊന്‍. ശത്രു സൈന്യത്തിന്റെ ആക്രമണങ്ങളെ ചെറുക്കാനും നീക്കങ്ങള്‍ നിരീക്ഷിക്കാനും കഴിയും വിധമാണ് ഇതിന്റെ നിര്‍മിതി.
1879-ല്‍ നാലാം മൈസൂര്‍ യുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ കോട്ട പിടിച്ചെടുത്തതായും പുരാവസ്തു ഗവേഷണ വകുപ്പിന്റെ രേഖകളിലുണ്ട്.
കര്‍ണാടക വിനോദസഞ്ചാര വകുപ്പിന്റെ കൈയിലാണിപ്പോള്‍ ഈ പാറക്കുന്നും കോട്ടയുടെ ശേഷിപ്പുകളും. അവരുടെ പ്രധാന ട്രക്കിങ് കേന്ദ്രമായി മാറിയിരിക്കയാണിവിടം. മുകളിലേക്ക് പ്രവേശം കിട്ടാന്‍ വന്യജീവി വകുപ്പിന്റെ ചെക് പോസ്റ്റില്‍ പിഴയടക്കണം. ഒരാള്‍ക്ക് 200 രൂപയായിരുന്നു നിരക്ക്. പരാതികളും കോടതിയുടെ ഇടപെടലും ഉണ്ടായപ്പോള്‍ 20 രൂപയാക്കി കുറച്ചു.
സഞ്ചാരികളുടെ സാന്നിധ്യം തെളിയിക്കാന്‍ പാന്‍ മസാല പാക്കറ്റുകളും കുടിവെള്ളക്കുപ്പികളും ചുറ്റും ചിതറിക്കിടക്കുന്നു.
കുന്നിന്‍ മുകളിലത്തെിയാല്‍ വെള്ളംകിട്ടില്ല. കുപ്പിയില്‍ കരുതിയ വെള്ളം ഇനി ഏതാനും തുള്ളികള്‍ മാത്രമേ ബാക്കിയുള്ളൂ. കുത്തനെയുള്ള കയറ്റം ശ്വാസഗതി വല്ലാതെ കൂട്ടി. പടിഞ്ഞാറേക്കുപോയ സൂര്യനെ കാണാനില്ല. നേരത്തേ മലകയറിയ കുട്ടികളും സ്ത്രീകളുമടങ്ങിയ ചെറുസംഘം പാട്ടും പാടി മടങ്ങി. കുന്നിന്‍ ചെരിവിലെ കാട്ടില്‍ നിന്ന് ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. നേരത്തേ കണ്ട ബോര്‍ഡിലെ ചിത്രം ഓര്‍മയിലേക്ക് വന്നു. താഴെ എവിടെ നിന്നോ വന്യമൃഗത്തിന്റേതെന്നപോലെ മണ്ണുമാന്തി യന്ത്രത്തിന്റെ അലര്‍ച്ച . ഏതോ കുന്നിടിച്ച് നിരത്തുകയാണെന്ന് തോന്നുന്നു.
ഇരുട്ടും മുമ്പ് റോഡിലത്തൊന്‍ തിടുക്കത്തില്‍ തിരിച്ചിറങ്ങുമ്പോള്‍ ചില ചിന്തകള്‍, സന്ദേഹങ്ങള്‍ ഉള്ളില്‍ കലങ്ങിമറിഞ്ഞു.
ഭൂനിരപ്പില്‍ നിന്ന് ഇത്രയേറെ ഉയരത്തില്‍ ചെങ്കുത്തായ പാറക്കുമേല്‍ ഇങ്ങനെയൊരു കോട്ട, അതോ കൊട്ടാരമോ? പണിതുയര്‍ത്താനുണ്ടായ പ്രേരണ എന്തായിരിക്കാം? ഈ കല്ലുകള്‍ക്കടിയില്‍ എത്ര ആത്മാവുകള്‍ ഞെരിഞ്ഞമര്‍ന്നുകിടക്കുന്നുണ്ടാവാം? ഇതിനെ തകര്‍ത്ത് ഈ വിധമാക്കിയത് ആരായിരിക്കാം?
തെളിവുകളില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ രേഖകളില്‍ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. അവര്‍ കോട്ട ഏറ്റെടുത്തെങ്കിലും കാര്യമായ പര്യവേക്ഷണങ്ങള്‍ ഇവിടെ നടന്നതായി കാണുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.