പമ്പാനദിയിലെ വെള്ളച്ചാട്ടങ്ങള്‍ നുകര്‍ന്ന് ഒരു വനയാത്ര
text_fieldsപത്തനംതിട്ടജില്ലയില്‍ നിന്നും 26 കിലോമീറ്ററുകള്‍ അകലെ വിനോദസഞ്ചാര ഭൂപടങ്ങളില്‍ ഏറെ പ്രകീര്‍ത്തിക്കാത്ത നിരവധി വെള്ളച്ചാട്ടങ്ങളും കാടിന്റെ വന്യഭംഗിയും സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. ജില്ലയുടെ കിഴക്കേ അറ്റത്ത് ശബരിമലക്കാടുകളുടെ അടിവാരത്തുള്ള നാറാണംമൂഴി പഞ്ചായത്തിലാണ് പെരുന്തേനരുവി ഉള്‍പ്പെടെയുള്ള നിരവധി നയനമനോഹരമായ വെള്ളച്ചാട്ടങ്ങള്‍ പതഞ്ഞൊഴുകുന്നത്.
കൊടുമ്പുഴ അരുവി
പത്തനംതിട്ട ശബരിമല പാതയിലെ പെരുനാട്ടില്‍ നിന്നും നാലുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാറാണംമൂഴി പഞ്ചായത്താസ്ഥാനമായ അത്തിക്കയമെന്ന ഉള്‍നാടന്‍ പട്ടണത്തിലെത്താം. നഗരത്തിരക്കിന്റെ ദുശ്ശാഠ്യങ്ങള്‍ അഴിച്ചുവെച്ച് ഇവിടെനിന്നും പമ്പാനദിയുടെ തീരത്തുകൂടി വീതികുറഞ്ഞ ടാര്‍ റോഡില്‍കൂടി രണ്ടു കിലോമീറ്റര്‍ കിഴക്കോട്ടു സഞ്ചരിച്ചാല്‍ കിഴക്കുനിന്ന് അവസാനത്തേതും പടിഞ്ഞാറുനിന്ന് ആദ്യത്തേതുമായ പമ്പാനദിയിലെ കൊടുമ്പുഴ അരുവിയിലെത്താം. കാനനവാസത്തിന് പുറപ്പെട്ട രാമലക്ഷ്മണന്‍മാരെയും സീതയെയും ഗുഹന്‍ തോണിയിലേറ്റി പുഴകടത്തിയെന്ന ഐതിഹ്യമുള്ള തോണിക്കടവ് എന്ന ഗ്രാമത്തിലാണ് കരിമ്പാറകളില്‍ തട്ടി ചിന്നിച്ചിതറിയൊഴുകുന്ന കൊടുമ്പുഴ അരുവി. ശാന്തമായി ഒഴുകിയെത്തുന്ന പുഴ ഇവിടെയെത്തുമ്പോള്‍ രൗദ്രഭാവം പൂണ്ട് ഒഴുകുന്നതുകൊണ്ടാണ് കൊടുംപുഴ എന്ന പേരുവന്നത്.
കട്ടിക്കല്ലരുവി
തോണിക്കടവില്‍ നിന്നും വീണ്ടും അരക്കിലോമീറ്റര്‍ പിന്നിട്ടാല്‍ ഉന്നത്താനി എന്ന ഗ്രാമമായി. ഇവിടെയാണ് കല്ലില്‍ പ്രകൃതി കരവിരുതു തീര്‍ത്ത കട്ടിക്കല്ലരുവി. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പാറകള്‍ക്ക് വൈവിധ്യമാര്‍ന്ന ശില്പരൂപം നല്‍കിയിരിക്കുന്നു. അബ്‌സ്ട്രാക്ട് ശില്പങ്ങളെ അനുസ്മരിപ്പിക്കുന്ന വമ്പന്‍കല്ലുകള്‍ നിറഞ്ഞ സ്ഥലമായതിനാല്‍ ഇവിടം കട്ടിക്കല്ലരുവി എന്നപേരില്‍ അറിയപ്പെടുന്നു. പമ്പാനദിയുടെ മറുകരയായ കടുമീന്‍ചിറ വഴി എത്തിയാല്‍ വെള്ളച്ചാട്ടത്തിന്റെ സമീപംവരെ വാഹനമെത്തുന്നതിനാല്‍ ഇവിടമിപ്പോള്‍ വിനോദസഞ്ചാരികളെ കൂടാതെ ആല്‍ബം ഷൂട്ടിങ്ങുകാരുടെയും വിവാഹ ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകാരുടെയും താവളമാണ്. കട്ടിക്കല്ലരുവി കഴിഞ്ഞ് കുടമുരുട്ടി വഴി ചണ്ണ എന്ന കുഗ്രാമത്തിലെത്തുന്നതോടെ ടാര്‍ റോഡും ജനവാസമേഖലയും അവസാനിക്കുന്നു. ഇനിയുള്ള യാത്ര വനത്തിലൂടെയുള്ള കാട്ടുകല്ലുകള്‍ നിറഞ്ഞ പ്രശസ്തമായ പെരുന്തേനരുവിയിലേക്ക്. അത്തിക്കയത്തില്‍ നിന്നും ഏഴു കിലോമീറ്ററാണ് പെരുന്തേനരുവിയിലേക്കുള്ള ആകെ ദൂരം. ഇതില്‍ മൂന്നു കിലോമീറ്റര്‍ വനപാതയാണ്.
പെരുന്തേനരുവി
പുണ്യനദിയായി അറിയപ്പെടുന്ന പമ്പയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടവും വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രവും ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ പ്രധാന സ്ഥാനവും പെരുന്തേനരുവിയ്ക്കാണ്. കാഴ്ചക്കാരന്റെ മനംകുളിര്‍പ്പിച്ച് കാട്ടുകല്ലിലും ആറ്റുവഞ്ചി വേരുകളിലും തട്ടിച്ചിതറിയൊഴുകുന്ന പെരുന്തേനരുവി നയനമനോഹരവും അതേപോലെ അപകടകാരിയുമാണ്. കണ്ണാടിപോലെ മിനുസമാര്‍ന്ന പാറക്കെട്ടുകളില്‍ നിന്ന് അരുവിയുടെ ഭംഗി ആസ്വദിക്കുമ്പോള്‍ അറിയാതെ ഒന്നു കാലിടറിയാല്‍ ആര്‍ത്തൊഴുകുന്ന അരുവിയുടെ കാണാച്ചുഴികള്‍ ആളുകളെ കവര്‍ന്നെടുക്കും. വേനല്‍ക്കാലത്ത് വെള്ളം കുറഞ്ഞ് വെള്ളിവരപോലെ ദൃശ്യമാകുന്ന പെരുന്തേനരുവി മഴക്കാലമായാല്‍ ഹുങ്കാര ശബ്ദത്തോടെ അലറിപ്പായും.
ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാണ് പെരുന്തേനരുവിയില്‍ വിനോദസഞ്ചാരികള്‍ കൂടുതലായും എത്തുന്നത്. വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ വിനോദസഞ്ചാരവകുപ്പ് പെരുന്തേനരുവിയില്‍ ടൂറിസ്റ്റ് കോട്ടേജുകളും അമിനിറ്റി സെന്ററുമുള്‍പ്പെടെ വിപുലമായ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. വനപ്രദേശമായ പെരുന്തേനരുവിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടെ പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടമാകുമെന്നും പ്രകൃതി കൂടുതല്‍ മലിനപ്പെടുമെന്നും പരിസ്ഥിതിസ്‌നേഹികള്‍ ആശങ്കപ്പെടുന്നു. പെരുന്തേനരുവിയില്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
നാവീണരുവി
പെരുന്തേനരുവിയുടെ തൊട്ടുമുകളിലുള്ള മറ്റൊരു വെള്ളച്ചാട്ടമാണ് നാവീണരുവി. വാഴച്ചാല്‍ വെള്ളച്ചാട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധം പരന്നൊഴുകുന്ന നാവീണരുവിയ്ക്ക് ആ പേര് ലഭിച്ചത് ബ്രിട്ടീഷ് അധിനിവേശക്കാലത്ത് വനയാത്രക്കെത്തിയ സായിപ്പിനോടൊപ്പമുണ്ടായിരുന്ന നായ നദി മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായതിനെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു.
പനങ്കുടന്ത അരുവി
സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ പനങ്കുടന്ത അരുവിയില്‍ എത്തിച്ചേരാന്‍ സാധിക്കൂ. നാവീണരുവിയില്‍ നിന്നും മൂന്നര കിലോമീറ്ററോളം വന്യമായ കാടിന്റെ നടുവിലൂടെ നടക്കണം പനങ്കുടന്ത അരുവിക്കു സമീപമെത്താന്‍. ഏതാനും വര്‍ഷം മുമ്പുവരെ ജീപ്പും ലോറിയും മറ്റും കടന്നുപോകുമായിരുന്ന ഈ കാട്ടുപാത വനനിയമങ്ങള്‍ ശക്തമായതോടെ ഇടിഞ്ഞുപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. കാടിന്റെയും കാട്ടുചോലകളുടെയും ഭംഗി നുകര്‍ന്ന് മൂന്നു കിലോമീറ്റര്‍ വീണ്ടും പിന്നിട്ടാല്‍ നാറാണംമൂഴി പഞ്ചായത്തിലെ വനമധ്യത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമമായ കുരുമ്പന്‍മൂഴിയിലെത്തും.
പനങ്കുടന്ത വെള്ളച്ചാട്ടം
കുരുമ്പന്‍മൂഴി ഗ്രാമത്തിന്റെ കിഴക്കേ അറ്റത്ത് കാടിന്റെ നടുവിലാണ് പനങ്കുടന്ത വെള്ളച്ചാട്ടം. ശബരിമല വനത്തിന്റെ പടിഞ്ഞാറന്‍ മലഞ്ചരുവുകളില്‍ ഉത്ഭവിച്ച് പമ്പാനദിയില്‍ ചേരുന്ന ചെറുനദിയാണ് കുരുമ്പന്‍മൂഴിക്ക് സമീപം പനങ്കുകുന്ത വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്. ഒന്നര കിലോമീറ്റര്‍ ഉയരമുള്ള വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴെ നൂറു മീറ്റര്‍ അകലെവരെ വാഹനമെത്തും. അവിടെ നിന്നും വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴത്തെത്തട്ടില്‍ നടന്നെത്തുവാന്‍ കഴിയും. പ്രശസ്തമായ കുറ്റാലം വെള്ളച്ചാട്ടത്തെക്കാള്‍ പത്തിരട്ടി വലിപ്പമുള്ളതും പതിനൊന്നു തട്ടുകളുള്ളതുമായ പനങ്കുടന്ത അരുവി പൂര്‍ണമായി കണ്ട് ആസ്വദിക്കണമെങ്കില്‍ കുരുമ്പന്‍മൂഴിയില്‍ താമസിക്കുന്ന നാട്ടുകാരുടെയോ ആദിവാസികളുടെയോ സഹായത്തോടെ ചെങ്കുത്തായ മലമ്പാതയിലൂടെ കാടുകയറിയേ മതിയാകൂ.
കാടിന്റെ നടുവിലൂടെ സ്വച്ഛന്ദമായി ഒഴുകിയെത്തുന്ന കാട്ടുചോല അഗാധമായ ഗര്‍ത്തത്തിലേക്ക് പതിച്ചുകൊണ്ടാണ് ഏറ്റവും മുകളില്‍ പനങ്കുടന്ത അരുവി ആരംഭിക്കുന്നത്. അവിടെനിന്ന് താഴേക്ക് വന്യമായ പാറക്കെട്ടുകളിലൂടെ ആകാശത്ത് പാല്‍ക്കുടം തട്ടിമറിഞ്ഞതുപോലെ പതിനൊന്നു തട്ടുകളില്‍ ചിന്നിച്ചിതറി പനങ്കുടന്ത വെള്ളച്ചാട്ടം താഴേക്ക്. അരുവിയുടെ ഉത്ഭവസ്ഥാനം കാണാന്‍ പോകുന്ന സഞ്ചാരികള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളെയും കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ ഈ നിബിഡ വനപ്രദേശത്തേക്ക് പോകുവാന്‍ ഇവിടുത്തെ ആദിവാസികളുടെ സഹായം അനിവാര്യമാണ്.
അത്യപൂര്‍വമായ ഓര്‍ക്കിഡുകളും മലവാഴകളും അപൂര്‍വ സസ്യങ്ങളും ഔഷധ സസ്യങ്ങളും പനങ്കുടന്തയില്‍ ധാരാളം കാണാം. മഴക്കാലത്ത് ചെങ്കുത്തായി പതിക്കുന്ന വെള്ളച്ചാട്ടത്തിലൂടെയുള്ള മത്സ്യങ്ങളുടെ യാത്ര കൗതുകകരമായ കാഴ്ചയാണ്. ഏറെ അറിയപ്പെടാത്തതും വിനോദസഞ്ചാരവകുപ്പിന് ഇന്നും അജ്ഞാതവുമായ പനങ്കുടന്ത വെള്ളച്ചാട്ടത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നു. അത്തിക്കയം മുതല്‍ പനങ്കുടന്തവരെ സാഹസികയാത്ര നടത്തി പ്രകൃതി സൗന്ദര്യം നുകര്‍ന്നെത്തുന്നവര്‍ക്ക് ഇതേ വഴിയിലൂടെ മടക്കയാത്ര നടത്താതെ കുരുമ്പന്‍മൂഴിയില്‍ നിന്നും പമ്പാനദി കടന്ന് എരുമേലി വഴി തിരികെ പോകാം.
how to reach
ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകള്‍ വഴിയും അരുവികളുടെ നാടായ അത്തിക്കയത്തെത്തിച്ചേരാം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നെടുമ്പാശേരിയിലേക്കും ഏതാണ്ട് തുല്യ ദൂരമാണ് ഇവിടെ നിന്നും. റോഡു മാര്‍ഗം പത്തനംതിട്ടയിലെത്തി മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമല പാതയിലൂടെ പെരുനാട്ടിലെത്തി അവിടെനിന്ന് നാലു കിലോമീറ്റര്‍ എരുമേലി റൂട്ടില്‍ സഞ്ചരിച്ചാല്‍ അത്തിക്കയത്തെത്താം. കോട്ടയം ഭാഗത്തുനിന്നും വരുന്നവര്‍ക്ക് എരുമേലിയില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ പിന്നിട്ടും റാന്നി വഴി പതിനൊന്ന് കിലോമീറ്റര്‍ യാത്ര ചെയ്തും അത്തിക്കയത്തെത്താന്‍ കഴിയും.
ഏറ്റവുമടുത്ത റയില്‍വേ സ്റ്റേഷനുകള്‍ തിരുവല്ലയും ചെങ്ങന്നൂരുമാണ്.ഈ രണ്ടു സ്റ്റേഷനുകളില്‍ നിന്നും കോഴഞ്ചേരി -റാന്നി വഴി അത്തിക്കയത്തെത്താന്‍ ഏതാണ്ട് മുപ്പത്തഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.