ജ്വലിക്കുന്ന സ്മരണയില്‍ ജാലിയന്‍വാലാബാഗ്
text_fieldsഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്ത രൂക്ഷിത സംഭവമായ ജാലിയന്‍ വാലാഭാഗ് കൂട്ടക്കൊലക്ക് 95 വര്‍ഷം തികഞ്ഞിരിക്കുന്നു. ധീര ദേശാഭിമാനികളുടെ രക്തം വീണ് കുതിര്‍ന്ന ജാലിയന്‍ വാലഭാഗിലേക്ക് ഒരു യാത്ര...
താജ്മഹലിന്‍െറ നാടായ ആഗ്രയില്‍നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്കും അവിടെനിന്ന് ഒരു രാത്രിയുടെ ഇടവേളയില്‍ ന്യൂഡല്‍ഹിയിലേക്കുമുള്ള നീണ്ട ബസ് യാത്രയുടെ കടുത്ത ക്ഷീണത്തോടെയാണ് ഡല്‍ഹി ഹസ്റത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലത്തെിയത്. സമയം വൈകിട്ട് 6.30 കഴിഞ്ഞു. 12903 നമ്പര്‍ മുംബൈ-അമൃത്സര്‍ ‘ഗോള്‍ഡന്‍ ടെമ്പിള്‍’ മെയിലിലെ സെക്കന്‍ഡ് ക്ളാസ് കോച്ചില്‍ കയറുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു-ഇനി സ്വസ്ഥമായി ഇരുന്ന്, വേഗം ഉറങ്ങാം.
പക്ഷേ, ടിക്കറ്റ് പ്രകാരമുള്ള സീറ്റിലത്തെിയപ്പോള്‍ പഞ്ചാബി കുടുംബം കൈയേറിയിരിക്കുന്നു. കുട്ടികളുള്‍പ്പെടുന്ന സംഘം സീറ്റില്‍ ഒന്ന് ഇരിക്കാന്‍ പോലും സമ്മതിച്ചില്ല. നിവൃത്തിയില്ലാതെ, ഞങ്ങളുടെ സംഘത്തിലെ ചിലര്‍ അവസാന നിമിഷം യാത്ര റദ്ദാക്കിയതിലൂടെ ഒഴിവുവന്ന സീറ്റില്‍ ഇടം പിടിച്ചു. ട്രെയിന്‍ കൃത്യസമയത്ത് നീങ്ങി. പഞ്ചാബ് തലസ്ഥാനമായ അമൃത്സറിലെ ജാലിയന്‍വാലാബാഗും സുവര്‍ണ ക്ഷേത്രവും പിന്നെ, ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയായ വാഗയുമാണ് ലക്ഷ്യം. കേരള സര്‍ക്കാറിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പും കണ്ണൂര്‍ പ്രസ് ക്ളബും ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരുക്കിയ പഠന യാത്രയാണ് ഉത്തരേന്ത്യന്‍ യാത്രക്ക് അവസരം നല്‍കിയത്.
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദും മീററ്റും മുസഫര്‍നഗറും പിന്നിട്ട ട്രെയിന്‍ പുലര്‍ച്ചെ 2.50ന് പഞ്ചാബിലെ ലുധിയാനയിലത്തെി. 515 കിലോമീറ്റര്‍ പിന്നിട്ട് രാവിലെ ആറുമണിയോടെ അമൃത്സര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി. പ്രഭാത ഭക്ഷണം കഴിഞ്ഞയുടന്‍ ജാലിയന്‍വാലാബാഗിലേക്ക്. സ്കൂളിലും കോളജിലും പാഠപുസ്തകങ്ങളില്‍ പഠിച്ച ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം നേരില്‍കാണാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ചരിത്ര വിദ്യാര്‍ഥിയെന്ന നിലയില്‍ മന:പാഠമാക്കിയ വരികള്‍ ഓര്‍ത്തു. ചുറ്റുപാടും കെട്ടിടങ്ങള്‍കൊണ്ട് വലയംചെയ്ത ജാലിയന്‍വാലാബാഗ് മൈതാനത്തേക്ക് ഇടുങ്ങിയ കവാടത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് വന്‍ തിരക്ക്. ഇരുഭാഗത്തുനിന്നും ഉന്തും തള്ളും. ഒഴുകിവന്ന തിരമാല പോലെ ആ തിരക്ക് ഇല്ലാതായ ആശ്വാസത്തില്‍ അകത്തത്തെി.
ജാലിയന്‍വാലാബാഗ് മൈതാനത്തിന്‍െറ ഒരു മൂലയിലുള്ള കിണറിന് സമീപം നിന്നപ്പോള്‍, ശ്വാസംമുട്ടിയും വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റിട്ട് ചികിത്സ ലഭിക്കാതെയും ഈ കിണറ്റില്‍ മരിച്ചവരുടെ ദയനീയ ചിത്രങ്ങള്‍ മുന്നില്‍ തെളിഞ്ഞു. അന്നും ഇതുപോലെ ഞായറാഴ്ചയായിരുന്നു. 1919 ഏപ്രില്‍ 13. ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ ‘റൗലറ്റ് ആക്ടി’നെതിരെ പ്രതിഷേധിക്കാനാണ് 15,000ത്തിനും 20,000ത്തിനും ഇടയില്‍ ഇന്ത്യക്കാന്‍ ഈ മൈതാനത്ത് ഒത്തുകൂടിയത്. പഞ്ചാബിലെ വൈശാഖി ദിവസം കൂടിയായതിനാല്‍ വൈശാഖി തീര്‍ഥാടകരില്‍ നല്ളൊരു ശതമാനം പ്രതിഷേധയോഗ സ്ഥലത്തുമത്തെി.
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ട സാഹചര്യം. പ്രത്യേകിച്ച് പഞ്ചാബില്‍ ഈ സമയത്തുണ്ടായ ചില സംഭവങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെരെ ജനരോഷം ആളിക്കത്തിച്ചു. ഏപ്രില്‍ 11ന് ഇംഗ്ളീഷ് മിഷനറി മാഴ്സെല ഷെര്‍വുഡിനെ പ്രതിഷേധക്കാര്‍ മര്‍ദിച്ചു. മറ്റു ചില ഇന്ത്യക്കാര്‍ ഇടപെട്ട് ഈ വനിതയെ രക്ഷിച്ചെങ്കിലും ഇന്ത്യക്കാരെ ശിക്ഷിക്കാന്‍ തീരുമാനിച്ച ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഡയര്‍, ഈ സംഭവം നടന്ന തെരുവിലൂടെ പോകുന്ന ഇന്ത്യക്കാര്‍ മുട്ടില്‍ ഇഴയണമെന്ന് ഉത്തരവിടുകയും ഇത് നടപ്പാക്കാന്‍ പട്ടാളക്കാരെ നിയമിക്കുകയും ചെയ്തു. മനുഷ്യത്വരഹിത നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ പഞ്ചാബ് കലുഷിതമായി. നാലില്‍ കൂടുല്‍ പേര്‍ കൂട്ടം കൂടുന്നത് നിരോധിച്ചത് ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളുമായി ഏപ്രില്‍ 13ന് പട്ടാള നിയമം നടപ്പാക്കി.
ബ്രിട്ടീഷ് പട്ടാളം ജാലിയന്‍വാലാബാഗ് മൈതാനത്ത് കടന്നത് ഈ ഇടുങ്ങിയ വഴിയിലൂടെയാണ്
ഏപ്രില്‍ 13 പഞ്ചാബി പുതുവത്സര (വൈശാഖി) ദിവസമായതിനാല്‍ നൂറുകണക്കിന് പേര്‍ അമൃത്സറിലത്തെിയിരുന്നു. വൈകിട്ട് 4.30ന് ജാലിയന്‍വാലാബാഗില്‍ പ്രതിഷേധ യോഗം ആരംഭിച്ചു. ചുറ്റുപാടും കെട്ടിടങ്ങളുള്ള മൈതാനത്തേക്ക് ഇടുങ്ങിയ ഒരു പ്രവേശന കവാടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യോഗം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡയറിന്‍െറ നേതൃത്വത്തില്‍ ബ്രിട്ടീഷ് പട്ടാളം എത്തി. 65 ഗൂര്‍ഖകളും 25 ബലൂചികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ 50 പേരുടെ കൈയില്‍ പോയിന്‍റ് 303 ലീ-എന്‍ഫീല്‍ഡ് ബോള്‍ട്ട്-ആക്ഷന്‍ റൈഫിളുണ്ടായിരുന്നു. യന്ത്രത്തോക്കുകളും മറ്റു സന്നാഹങ്ങളുമടങ്ങുന്ന രണ്ട് കവചിത വാഹനങ്ങള്‍ പ്രവേശന കവാടത്തില്‍ നിര്‍ത്തിയിട്ടു.
മൈതാത്തുനിന്ന് ആര്‍ക്കും പുറത്ത് പോകാന്‍ സാധിക്കാത്തവിധം ഏക പ്രവേശന കവാടം പട്ടാളക്കാരെയും കവചിത വാഹനങ്ങളും നിര്‍ത്തി അടച്ച ശേഷം, ഇന്ത്യക്കാര്‍ക്കുനേരെ വെടിവെക്കാന്‍ ഡയര്‍ ഉത്തരവിട്ടു. നിമിഷങ്ങള്‍ക്കകം, നിയമപരമായ ഒരു മുന്നറിയിപ്പുമില്ലാതെ നെഞ്ചുകളും തലകളും ലക്ഷ്യമാക്കി വെടിയുണ്ടകള്‍ പറന്നു. ജനങ്ങളുടെ കൂട്ടനിലവിളി വെടിശബ്ദത്തില്‍ മുങ്ങി.
ജീവന്‍ രക്ഷിക്കാന്‍ ആര്‍ത്തലച്ച് മൈതാനത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ പോലും സാധിക്കാത്ത അവസ്ഥ. ഇന്ത്യക്കാരോടുള്ള അടങ്ങാത്ത രോഷവുമായി ജനറല്‍ ഡയറും വെടിയുതിര്‍ത്തു. 10 മിനുട്ട് നീണ്ട നരനായാട്ട് അവസാനിച്ചത് വെടിക്കോപ്പുകള്‍ തീര്‍ന്നപ്പോഴാണ്. 1,650 റൗണ്ടാണ് വെടിവെച്ചത്.
ജാലിയന്‍വാലാബാഗിലെ ‘രക്തസാക്ഷികളുടെ കിണറി’ന് ചുറ്റുമുള്ള സ്മാരകം
ഹൃദയഭേദക ദൃശ്യങ്ങളായിരുന്നു ജാലിയന്‍വാലാബാഗിലേത്. വെടിയേറ്റ് ചോരയില്‍ കുളിച്ച മൃതദേഹങ്ങള്‍. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും നിലത്തുവീണ് ചവിട്ടേറ്റും ശ്വാസംമുട്ടിയും മരിച്ചവര്‍. അവക്കിടയില്‍ പരിക്കേറ്റ് വീണുകിടക്കുന്നവര്‍. കിണറ്റിലെ ദൃശ്യങ്ങള്‍ ആരെയും നടുക്കുന്നതായിരുന്നു. ഓടുന്നതിനിടെ പലരും അബദ്ധത്തില്‍ കിണറ്റില്‍ വീണപ്പോള്‍, നിരവധി പേര്‍ വെടിവെപ്പില്‍നിന്ന് രക്ഷപ്പെടാന്‍ കിണറ്റില്‍ ചാടി. ഇതിനുപുറമെ, വെടിയേറ്റ് നിരവധി പേരും കിണറ്റില്‍ വീണു. എല്ലാവരും മരിച്ചു. ഒട്ടുമിക്ക മൃതദേഹങ്ങളും തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.
മൃതദേഹങ്ങള്‍ കുന്നുകൂടിയ കിണര്‍
ജാലിയന്‍ വാലാബാഗില്‍ മരിച്ചത് 379 പേരാണെന്നാണ് ബ്രിട്ടീഷുകാരുടെ ഒൗദ്യോഗിക കണക്ക്. ഏതാണ്ട് 1,100 പേര്‍ക്ക് പരിക്ക്. എന്നാല്‍, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ കണക്ക് പ്രകാരം 1,000ത്തിലേറെ പേര്‍ മരിച്ചു. കിണറ്റില്‍നിന്ന് 120 മൃതദേഹങ്ങള്‍ ലഭിച്ചെന്നാണ് ഇവിടെ സ്ഥാപിച്ച ഫലകത്തിലുള്ളത്. ‘രക്തസാക്ഷികളുടെ കിണര്‍’ എന്നു പേരിട്ട സ്മാരകത്തിനകത്താണ് ഇപ്പോള്‍ കിണര്‍.
കൂട്ടക്കൊല പുറത്തറിയാതിരിക്കാന്‍ ബ്രിട്ടീഷുകാര്‍ വിവരങ്ങള്‍ മൂടിവെക്കാന്‍ ശ്രമിച്ചെങ്കിലും രാജ്യമെങ്ങും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ജനരോഷം തണുപ്പിക്കുന്നതിന് പഞ്ചാബിലെ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഒക്ടോബര്‍ 14ന് ഹണ്ടര്‍ കമീഷനെ നിയമിച്ചെങ്കിലും അന്വേഷണം പ്രഹസനമായി. രവീന്ദ്രനാഥ് ടാഗോര്‍ പ്രതിഷേധ സൂചകമായി തന്‍െറ ‘നൈറ്റ്ഹുഡ്’ പദവി രാജിവെച്ചു. ബ്രിട്ടനിലും പ്രതിഷേധം ഉയര്‍ന്നതോടെ കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയ ബ്രിഗേഡിയര്‍ ജനറല്‍ ഡയറിന് നിര്‍ബന്ധിത വിരമിക്കല്‍ ലഭിച്ചു. 1927ല്‍ അദ്ദേഹം നിര്യാതനായി.
സംഭവ സമയത്ത് പഞ്ചാബിലെ ലഫ്റ്റനന്‍റ് ഗവര്‍ണറും ഡയറിന്‍െറ കൂട്ടക്കുരുതിക്ക് ഒത്താശ ചെയ്തയാളുമായ മിഷേല്‍ ഒ ഡയറിനെ 1940 മാര്‍ച്ച് 13ന് ലണ്ടനിലെ കാക്സ്റ്റണ്‍ ഹാളില്‍വെച്ച് ഉദ്ദംസിങ് വെടിവെച്ചു കൊന്നത് സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. ജാലിയന്‍വാലാബാഗ് വെടിവെപ്പില്‍ ഉദ്ദംസിങ്ങിനും പരിക്കേറ്റിരുന്നു. പകരം വീട്ടിയെങ്കിലും ഉദ്ദംസിങ് പിടിയിലാവുകയും 1940 ജൂലൈ 31ന് തൂക്കിലേറ്റപ്പെടുകയും ചെയ്തു.
ജാലിയന്‍വാലാബാഗിലെ രക്തസാക്ഷി സ്മാരകം
ജാലിയന്‍വാലാബാഗില്‍ ജീവത്യാഗം ചെയ്തവര്‍ക്ക് ഉചിതമായ ആദരം നല്‍കാന്‍ സ്മാരകം നിര്‍മിക്കണമെന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ അധ്യക്ഷനായി 1920ല്‍ പ്രത്യേക ട്രസ്റ്റ് രൂപവത്കരിക്കുകയും 1923ല്‍ ഈ ഭൂമി വിലക്ക് വാങ്ങുകയും ചെയ്തു. 1951ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമപ്രകാരം ‘ജാലിയന്‍വാലാബാഗ് മെമ്മോറിയല്‍ നാഷനല്‍ ട്രസ്റ്റ്’ ഒൗദ്യോഗികമായി നിലവില്‍വന്നു.
അമേരിക്കന്‍ ആര്‍ക്കിടെക്റ്റ് ബെഞ്ചമിന്‍ പോള്‍ക് രൂപകല്‍പന ചെയ്ത സ്മാരകത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 1960 അവസാനത്തോടെ പൂര്‍ത്തിയായി. 1961 ഏപ്രില്‍ 13ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. രാജസ്ഥാന്‍ ചെങ്കല്ല് ഉപയോഗിച്ചാണ് സ്മാരക ഗോപുരം നിര്‍മിച്ചത്. രക്തസാക്ഷികളെ കുറിച്ച അണയാത്ത സ്മരണകള്‍ ഇന്നും നിലനിര്‍ത്തി, തീജ്വാലയുടെ മാതൃകയിലാണ് സ്മാരകം ഒരുക്കിയത്. ‘രക്തസാക്ഷികളുടെ സ്മരണക്ക്്, 13 ഏപ്രില്‍ 1919’ എന്ന് വിവിധ ഭാഷകളില്‍ രേഖപ്പെടുത്തി. ഇതിന്‍െറ നാല് ഭാഗത്തും കല്‍വിളക്കുകളുണ്ട്. ദൂരെനിന്ന് നോക്കുമ്പോള്‍ മുകള്‍ അറ്റം ജ്വലിക്കുന്നത് പോലെ തോന്നുന്ന ഈ കല്‍വിളക്കുകളില്‍ അശോക ചക്രം മുദ്രണം ചെയ്തിട്ടുണ്ട്.
ജാലിയന്‍വാലാബാഗിലേക്ക് ബ്രിട്ടീഷ് പട്ടാളം ഇരച്ചുകയറിയ ഏക ഇടവഴി അതേപടി ഇന്നുമുണ്ട്. ഇതിലൂടെ അകത്ത് പ്രവേശിക്കുമ്പോള്‍ വലതു ഭാഗത്ത് സദാസമയവും ജ്വലിക്കുന്ന വിളക്ക് കാണാം.
ജാലിയന്‍വാലാബാഗില്‍ വെടിയുണ്ടകള്‍ പതിച്ച കെട്ടിടങ്ങളിലൊന്ന്
ബ്രിട്ടീഷ് പട്ടാളത്തിന്‍െറ വെടിയേറ്റ കെട്ടിടങ്ങളും മാറ്റമില്ലാതെ സംരക്ഷിച്ചിട്ടുണ്ട്. മൈതാനത്തിന്‍െറ മധ്യഭാഗത്തെ ചെറിയ കെട്ടിടത്തിലും രണ്ട് ഭാഗങ്ങളിലുമുള്ള വലിയ കെട്ടിടങ്ങളിലും വെടിയുണ്ടകളേറ്റ അടയാളങ്ങള്‍ കാണാം. സന്ദര്‍ശകരുടെ ശ്രദ്ധയില്‍പ്പെടാന്‍ ഈ അടയാളങ്ങള്‍ക്ക് ചുറ്റും വെളുത്ത നിറത്തില്‍ ചതുരങ്ങളുണ്ട്. ഓരോ കെട്ടിടത്തിലും ഇത്തരം എത്ര ബുള്ളറ്റ് മാര്‍ക്കുകളുണ്ടെന്ന് രേഖപ്പെടുത്തിയ ബോര്‍ഡുകളും കാണാം.
പട്ടാളക്കാര്‍ വെടിവെക്കുന്നതിന്‍െറ പ്രതീകാത്മക ദൃശ്യം
ജാലിയന്‍വാലാബാഗില്‍ പിന്നീട് ഒരുക്കിയ ഗാര്‍ഡനില്‍ ബ്രിട്ടീഷ് സൈനികര്‍ വെടിയുതിര്‍ക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതിന്‍െറ ഫോട്ടോ എടുക്കാന്‍ പലരും പ്രത്യേക താല്‍പര്യം കാണിക്കുന്നത് കണ്ടു. നേരിയ ഇരുമ്പ് കമ്പികൊണ്ട് രൂപങ്ങള്‍ നിര്‍മിച്ച് അതിനുമുകളില്‍ പച്ചപ്പുണ്ടാക്കുകയാണ് ചെയ്തത്. പട്ടാളക്കാര്‍ നിന്നും ഇരുന്നും കിടന്നും വെടിവെക്കുന്ന ദൃശ്യങ്ങള്‍ കാണാം.
ബ്രിട്ടീഷ് പട്ടാളം ജാലിയന്‍വാലാബാഗില്‍ പ്രവേശിച്ച ഇടുങ്ങിയ വഴിയില്‍ സ്ഥാപിച്ച സ്മാരക ഫലകം
ഇന്ത്യയിലെ മറ്റു ചരിത്ര സ്മാരകങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് ജാലിയന്‍വാലാബാഗിലത്തെുമ്പോള്‍ അനുഭവപ്പെടുന്നത്. രാവിലെ തിരക്ക് കാരണം വേണ്ടവിധത്തില്‍ കാണാന്‍ സാധിച്ചില്ളെന്ന് തോന്നിയതിനാല്‍ കഷ്ടിച്ച് അഞ്ച് മിനിറ്റ് നടക്കാവുന്ന ദൂരത്തിലുള്ള സുവര്‍ണ ക്ഷേത്രത്തില്‍നിന്ന് മടങ്ങുമ്പോള്‍ വീണ്ടും അവിടെയത്തെി. ദുരന്തം വന്നത്തെിയ ഇടുങ്ങിയ വഴിയിലൂടെ തിരിച്ചുനടക്കുമ്പോള്‍ ഇതിന്‍െറ ഒരുവശത്തെ ചുമരില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ കണ്ടു-‘നിരപരാധികളായ ഇന്ത്യന്‍ ജനക്കൂട്ടത്തിനു നേരെ വെടിവെക്കാന്‍ ജനറല്‍ ഡയര്‍ തന്‍െറ പട്ടാളക്കാരുമായി വന്നത് ഈ വഴിയിലൂടെയാണ്’. ഇംഗ്ളീഷ്, ഹിന്ദി, പഞ്ചാബി, ഉറുദു ഭാഷകളിലുള്ള ഫലകത്തിന് സമീപം നിന്നപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു.
ഉച്ചക്കുശേഷം ഞങ്ങള്‍ ഇന്ത്യ-പാക് അതിര്‍ത്തിയായ വാഗയിലേക്ക് തിരിച്ചു. ഇന്ത്യയുടെയും പാകിസ്താന്‍െറയും ദേശീയ പതാകകള്‍ താഴ്ത്തുന്ന ചടങ്ങ് കഴിഞ്ഞ് രാത്രി വീണ്ടും അമൃത്സറിലത്തെി.
12904 നമ്പര്‍ ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലില്‍ റിസര്‍വേഷനുണ്ടായിട്ടും ഫലമില്ലാത്ത അവസ്ഥ. ജനറല്‍ ടിക്കറ്റുമായി റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്‍റില്‍ ഇടിച്ചുകയറിയവരുടെ വന്‍ തിരക്ക്. അങ്ങോട്ടും ഇങ്ങോട്ടും നടന്ന ടി.ടി.ഇ ആരുടെയും ടിക്കറ്റ് ചോദിച്ചില്ല. ഫലം റിസര്‍വേഷനുള്ളവര്‍ പുറത്ത്; മറ്റുള്ളവര്‍ അകത്ത്. അപ്പോഴാണ് കേരളത്തിലെ ട്രെയിന്‍ ടിക്കറ്റ് പരിശോധകരുടെ പെരുമാറ്റത്തെക്കുറിച്ച് ഓര്‍ത്തത്. ബഹളത്തില്‍ ഉറക്കം നഷ്ടപ്പെട്ട് സമയം തള്ളിനീക്കുമ്പോഴും പലതവണ മുടങ്ങിയ ഉത്തരേന്ത്യന്‍ യാത്ര സാധ്യമായതിന്‍െറ സന്തോഷത്തില്‍ നാളത്തെ ഡല്‍ഹി കാഴ്ചകള്‍ മനസ്സില്‍ സങ്കല്‍പിച്ച് പുറത്തേക്ക് നോക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.