കര്‍മഭാണ്ഡങ്ങളുടെ കുരുക്കഴിക്കാന്‍ ടെന്‍സിങ് വാങ്ങിയ തണ്ടര്‍ബേഡ്
text_fieldsജോണ്‍ സ്റ്റൈയ്ബെക്കിന്‍െറ ‘ട്രാവല്‍സ് വിത് ചാര്‍ലി’ മുതല്‍ ചെഗുവേരയുടെ ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസ്’ വരെ ലോകത്ത് യാത്രാപ്രേമികള്‍ക്ക് പ്രിയപ്പെട്ട എണ്ണമറ്റ നിരവധി പുസ്തകങ്ങളുണ്ട്. എന്നാല്‍, റോബര്‍ട്ട് എഡിസണ്‍ ഫുള്‍ട്ടണിന്‍െറ ‘വണ്‍ മാന്‍ കാരവനു’മായോ, തെരേസ വാലചിന്‍െറ ‘ദ റഗ്ഗ്ഡ് റോഡു’മായോ താരതമ്യപ്പെടുത്താവുന്ന യാത്രാ അനുഭവങ്ങള്‍, പ്രത്യേകിച്ച് ഏകാന്ത സഞ്ചാരങ്ങള്‍ പകര്‍ത്തിയ പുസ്തകങ്ങള്‍ മലയാളത്തില്‍ കുറവാണ്.
മലയാളിയല്ളെങ്കിലും എഴുത്ത് മലയാളത്തിലല്ളെങ്കിലും ഈ കുറവ് നികത്താന്‍ പര്യാപ്തമായ പുസ്തകമാണ് പി.ജി.ടെന്‍സിങിന്‍െറ ‘ഡോണ്ട് ആസ്ക് എനി ഓള്‍ഡ് ബ്ളോക് ഫോര്‍ ഡയറക്ഷന്‍സ്- എ ബൈക്കേഴ്സ് വിംസികല്‍ ജേണി എക്രോസ് ഇന്ത്യ’ എന്ന പുസ്തകം.
ജന്‍മം കൊണ്ട് സിക്കിം സ്വദേശിയായിരുന്നു ടെന്‍സിങ്. കര്‍മം കൊണ്ട് കേരളീയനും (മലയാളി എന്ന പദത്തിനേക്കാള്‍ മെച്ചം അതാകും).
2010ലെ ഒരു ജൂലൈ മാസത്തില്‍ കേവലം 46 വയസുള്ളപ്പോള്‍ ടെന്‍സിങ് മരിച്ചു. 22ാം വയസില്‍ ഐ.എ.എസ് സെലക്ഷന്‍ കിട്ടിയ ടെന്‍സിങ് രണ്ട് ദശാബ്ദം നീണ്ട സിവില്‍ സര്‍വീസ് ജീവിതം 2007ല്‍ സ്വമേധയാ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍െറ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ‘കര്‍മ ഭാണ്ഡങ്ങളുടെ കടങ്ങള്‍ തീര്‍ക്കാന്‍’ ഒരു ബുള്ളറ്റ് വാങ്ങി യാത്ര പുറപ്പെട്ടു. കലക്ടറായും ഐ.ടി, വിദ്യാഭ്യാസം, മത്സ്യബന്ധനം, തുറമുഖം തുടങ്ങിയ വകുപ്പുകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്ത ടെന്‍സിങിന്‍െറയുള്ളില്‍ അറ്റമില്ലാത്ത റോഡുകളിലൂടെ പതികാലത്തില്‍ ബൈക്ക് പായിക്കാനൊരുങ്ങുന്ന ഒരു സഞ്ചാരി എന്നും ഉറങ്ങിക്കിടന്നിരുന്നു. അത് ശാസനങ്ങള്‍ നല്‍കിയും സ്വീകരിച്ചും കഴിഞ്ഞ വര്‍ഷങ്ങളിലും പലപ്പോഴായി ഉണര്‍ന്നെങ്കിലും ഇന്ത്യക്ക് തലങ്ങും വിലങ്ങുമുളള ബൈക്ക് യാത്രയെന്ന സ്വപ്നം പൂര്‍ത്തിയാകാന്‍ 43 വയസുവരെ അദ്ദേഹം കാത്തുനിന്നു. കുടുംബവും കൂട്ടുകാരും പണിവിടരുതെന്ന് പറഞ്ഞപ്പോഴും ബൈക്കിന്‍െറ ഇരമ്പം അദ്ദേഹത്തിന്‍െറ മനസില്‍ നിന്നൊഴിഞ്ഞില്ല.
photo: helmetstories.blogspot.in
യാത്ര എന്ന തീവ്രമായ ആഗ്രഹത്തിന്‍െറ പിന്തുണ മാത്രമായാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് പുതുതായി വാങ്ങിയ തണ്ടര്‍ബേഡ് ബൈക്കില്‍ യാത്രതിരിക്കുന്നത്. തകര്‍ക്കാനോ പുതുതായി സ്ഥാപിക്കാനോ ഉള്ള റെക്കോഡുകള്‍ ലക്ഷ്യമല്ലായിരുന്നു. അതിനാല്‍ 25,320 കിലോമീറ്റര്‍ യാത്ര തികഞ്ഞ ധ്യാനമായി. തോന്നിയിടത്തെല്ലാം നിര്‍ത്തി. തോന്നിയിടത്തെല്ലാം ആക്സിലറേഷന്‍ കൂട്ടി ടെന്‍സിങ് ഇന്ത്യയെ അളന്നു. വിചിത്ര മനുഷ്യരെ കണ്ടു. വിചിത്ര ജീവിതങ്ങള്‍ തൊട്ടറിഞ്ഞു. യാത്രാവേളയില്‍ മരണത്തിലേക്ക് കൈപിടിച്ചു നടത്തുന്ന അര്‍ബുദം തന്നോടൊപ്പമുണ്ട് എന്ന കാര്യം ടെന്‍സിങിന് അറിയാമായിരുന്നു. എന്നാല്‍, ഇതൊന്നും അദ്ദേഹത്തിന്‍െറ കാഴ്ചപ്പാടുകളെ മാറ്റുന്നില്ല.
ഏതൊരു കൂഴഞ്ഞുമറിഞ്ഞ സാഹചര്യത്തെയും കറുത്ത ഹാസ്യത്തിന്‍െറ ചാട്ടുളികളെറിഞ്ഞ് നേരിടുന്നത് പുസ്തകത്തിലുടനീളം കാണാം. ചില ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോള്‍ പൂരിപ്പിക്കേണ്ട പേപ്പറില്‍ പിതാവിന്‍െറ പേരിന്‍െറ സ്ഥാനത്ത് അദ്ദേഹം തോന്നിയ പേരുകള്‍ ചേര്‍ത്തു ചിരിച്ചു. ഹുയാങ് സാങ്, മാര്‍കോ പോളോ, ഫാ ഹിയാന്‍ തുടങ്ങിയ സഞ്ചാരികളുടെ പേരാണ് അദ്ദേഹം ആ കോളങ്ങളില്‍ ചേര്‍ത്തിരുന്നത്.വളരെ വൈയക്തികമായ എഴുത്താകുമ്പോഴും ഉടനീളം തമാശ നിറയുമ്പോഴും തികച്ചും തത്വചിന്താപരമായ ഒരു പ്രകാശം ഈ പുസ്തകത്തിലാകെ നിറയുന്നുണ്ട്. അതുകൂടിയാണ് ഈ പുസ്തകത്തിന്‍െറ ആഴമാകുന്നത്.
ഒരു ഫ്രീക് ഓഫീസറുടെ യാത്ര മാത്രമല്ല ടെന്‍സിങിന്‍െറ പുസ്തകം. അതില്‍ ജീവിതത്തെക്കുറിച്ചുള്ള തീര്‍ച്ചകളുണ്ട്. അതിനോടുള്ള പരിഹാസമുണ്ട്. അതിന്‍െറ സങ്കീര്‍ണതകളെക്കുറിച്ചുള്ള ചിന്തകളുണ്ട്. അതുകൊണ്ടു തന്നെ ഈ പുസ്തകം കേവലം സ്ഥല വിവരണമല്ലാതെയായി തീരുന്നു.
പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച 232 പേജുള്ള ഈ പുസ്തകത്തിന്‍െറ വില 299 രൂപയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.