രാമക്കല്‍മേട്: കടല്‍ കാറ്റായ് വരും
text_fieldsസഹ്യപര്‍വതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ കിഴക്കോട്ടൊരു സഞ്ചാരം. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിന് കിഴക്ക് രാമക്കല്‍മേടിന്റെ നിറുകയിലെ പാറക്കെട്ടില്‍ ഇരുന്നാല്‍ കാറ്റിന്റെ തിരകള്‍ കാലില്‍ തൊടും. രാമക്കല്‍മേട്ടിലേക്കുള്ള ഓരോ യാത്രയും അതിനാല്‍ തന്നെ അദൃശ്യമായ കടല്‍ക്കരയിലേക്കുള്ള സഞ്ചാരമാണ്.
കടല്‍ പിന്‍വാങ്ങി കരയായിത്തീര്‍ന്ന പ്രദേശമാണ് രാമക്കല്‍ മേട് എന്നാണ് പറയപ്പെടുന്നത്. ചെങ്കുത്തായ ഈ പാറക്കെട്ടുകളില്‍ ജലം പിന്‍വാങ്ങിയതിന്റ അടയാളങ്ങള്‍ കാണാം. തിരമാലകള്‍ പലയാവര്‍ത്തി തട്ടിച്ചിതറിയ പാറക്കെട്ടുകള്‍ പോലെ ഈ കൂറ്റന്‍ ശിലകളില്‍ കടലിന്റെ കൈയ്യൊപ്പ് വായിക്കാം. താഴെ മൂവായിരം അടിയുടെ ശൂന്യതയിലേക്ക് കാലും തൂക്കിയിട്ട് ഇരുന്നാല്‍ കാറ്റിന്റെ തിരയെണ്ണാം.
സഹ്യ പര്‍വ്വത നിരകളിലെ താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളില്‍ ഒന്നാണ് രാമക്കല്‍മേട്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പര്‍വ്വത നിരകള്‍ കേരളത്തെയും തമിഴകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഏഷ്യയില്‍ താരമ്യേന ഏറ്റവും കൂടുതല്‍ കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്. സാധാരണ മാസങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ജൂണ്‍, ജൂലായ് മാസങ്ങളില്‍ നൂറ് കടക്കും. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയില്‍പ്പെടുത്തി നിരവധി കൂറ്റന്‍ കാറ്റാടികള്‍ സ്ഥാപിച്ചിട്ടുണ്ട് ഇപ്പോള്‍.
ഇടുക്കിയിലേക്കുള്ള പലവഴികളിലൂടെ കട്ടപ്പനയിലെ നെടുങ്കണ്ടത്തോ എത്തിയാല്‍ അവിടെ നിന്നും തൂക്കുപാലം എന്ന ചെറു പട്ടണത്തിലേക്ക് എപ്പോഴും ബസ് ലഭിക്കും. തൂക്കുപാലത്തുനിന്നും ട്രിപ്പ് ജീപ്പില്‍ യാത്രചെയ്താല്‍ രാമക്കല്‍ മേട്ടിലെത്താം. ഇല്ലിക്കാടികള്‍ വളര്‍ന്നു വളഞ്ഞുനില്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെ മലമുകളിലേക്ക് നടക്കാം. നിറയെ കുറ്റിച്ചെടികളും അപൂര്‍വ്വയിനം പൂക്കളും നിറഞ്ഞതാണ് ഈ കുന്നുകള്‍. ഇവിടുത്തെ പൂക്കള്‍ക്ക് സമതലങ്ങളിലെ പൂക്കളേക്കാള്‍ നിറമുണ്ട്. തുടര്‍ച്ചയായി കാറ്റുവീശുന്നതുകൊണ്ടാകാം മരങ്ങളൊന്നും അധികം ഉയരത്തിലേക്ക് വളരുന്നില്ല. കൊച്ചുകൊച്ചു ഹരിത സ്വപ്നങ്ങള്‍മാത്രമുള്ള ബോണ്‍സായ് കാടുകള്‍.
ഈ മലമുടിയില്‍ നിന്ന് നോക്കിയാല്‍ അദൃശ്യമായ സമുദ്രത്തിന്റെ അടിത്തട്ടോളം കാണാം. വെയില്‍ മഞ്ഞയും പച്ചയും തവിട്ടും കലര്‍ന്ന മണ്ണിന്റെ ചതുരങ്ങള്‍. അങ്ങിങ്ങ് മണ്ണപ്പം ചുട്ടതുപോലെ ചെറു കുന്നുകള്‍. സഞ്ജീവനി മലകള്‍ എന്നാണവ അറിയപ്പെടുന്നത്. ഹനുമാന്‍ ലങ്കയിലേക്ക് മരുത്വാ മലയുമായി പോയപ്പോള്‍ അടര്‍ന്നുവീണ പര്‍വ്വത ശകലങ്ങളാണ് ഈ കുന്നുകളെന്ന് ഐതിഹ്യം.
ജലശൂന്യമായ ഈ സമുദ്രാടിത്തട്ടിലൂടെ കൃഷിയിടങ്ങളെ മുറിച്ച് ഏതോ ജനപഥം തേടി വളഞ്ഞു പുളഞ്ഞുപോകുന്ന ഏകാന്തമായ പാത. നോക്കിനോക്കിയിരുന്നാല്‍ സൈക്കിളിലോ കാല്‍നടയായോ പോകുന്ന ഒറ്റയൊറ്റ മനുഷ്യരെക്കാണാം. കാഴ്ചയുടെ അറ്റത്ത് ചിതറിക്കിടക്കുന്ന ചില നഗര ഭാഗങ്ങള്‍. കമ്പം, ഉത്തമപാളയം, രാജപ്പന്‍പെട്ടി, കോമ്പ... അവ്യക്തമായ പട്ടണ ശകലങ്ങള്‍.
അടിവാരത്തെ കോവില്‍
ഈ പര്‍വ്വത നിരയുടെ അടിവാരത്തായി ഒരു ക്ഷേത്രമുണ്ട്. അടുത്തെങ്ങും ആള്‍പാര്‍പ്പിന്റെ ലക്ഷണം പോലുമില്ലാത്ത ഈ തമിഴക ഭൂമിയില്‍ ഒറ്റയ്‌ക്കൊരു കോവില്‍. തമിഴ്‌നാട്ടില്‍ അപൂര്‍വ്വമായി കാണുന്ന വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. വര്‍ഷത്തിലൊരിക്കല്‍ കന്നിമാസത്തിലെ അഞ്ച് ശനിയാഴ്ചകളിലായി ഇവിടെ ഉല്‍സവം നടക്കും. ആ ദിവസങ്ങളില്‍ വലിയ ആള്‍ത്തിരക്കാണ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേക്ക് ബസുകളില്‍ ആളുകളെത്തും. സന്ധ്യക്കുമുമ്പുതന്നെ ഉല്‍സവാഘോഷങ്ങള്‍ തീര്‍ന്ന് ആളുകള്‍ മടങ്ങും.
ഒരുകാലത്ത് ഈ പ്രദേശം ജനനിബിഡമായിരുന്നുവെത്ര. കാലാവസ്ഥയും കാട്ടുമൃഗങ്ങളുടെ ശല്യവും കാരണം ജനങ്ങള്‍ ഇവിടം വിട്ടുപോയെന്നും അതല്ല യുദ്ധം ഊരുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തതാണെന്നും അനുമാനങ്ങള്‍ ഏറെയുണ്ട്. ഇവിടെയുണ്ടായിരുന്നവര്‍ ചുറ്റുമുള്ള എട്ട് ഊരുകളിലേക്കായി പിരിഞ്ഞുപോയെന്നും അവരുടെ പിന്‍മുറക്കാരാണ് വര്‍ഷത്തിലൊരിക്കല്‍ കന്നിമാസത്തിലെ അഞ്ചു ശനിയാഴ്ചകളിലായി നടക്കുന്ന ഉല്‍സവത്തിന് വന്നുചേരുന്നതെന്നും ഐതിഹ്യം.
മലമുടിയില്‍ നിന്നും കാട്ടുപാതയിലൂടെ കുത്തനെ താഴേക്കിറങ്ങിയാല്‍ അരമണിക്കൂര്‍ കൊണ്ട് അടിവാരത്തെത്താം. തിരികെ വരാന്‍ ഒന്നുകില്‍ കിത്തനെയുള്ള മല തിരിച്ചുകയറണം. അല്ലങ്കില്‍ ഏതാനും ഏതാനും കിലോമീറ്റര്‍ നടന്നാല്‍ അടുത്ത തമിഴ് പട്ടണമെത്തും. അവിടെ നിന്ന് ബസില്‍ കമ്പം വഴി ചുറ്റി തിരികെ കേരളത്തേക്ക് എത്താം.
പേരിന് പിന്നില്‍
രാമക്കല്‍മേട് എന്നാല്‍ രാമനും സീതയും ലക്ഷ്മണനും വനവാസ കാലത്ത് താമസിച്ച പ്രദേശമാണെന്ന് ഇവിടെയും ഒരു കഥയുണ്ട്. എന്നാല്‍ സീതാരാമന്‍മാരുമായി സ്ഥലനാമപരമായി രാമക്കല്‍മേടിന് ബന്ധമൊന്നുമില്ല. രാമം എന്നാല്‍ കുരങ്ങ് എന്നാണ് അര്‍ത്ഥം. രാമന്‍മാര്‍ ധാരാളം നിരനിരയായിരിക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നായതിനാലാണ് രാമക്കല്‍മേട് എന്ന പേര് വന്നതെന്നാണ് ഒരുല്‍പത്തികഥ. 'രാമം പോടുക' എന്ന തമിഴ് പ്രയോഗത്തിന് കുറി തൊടുക എന്നാണത്രെ അര്‍ത്ഥം. തമിഴകത്തുനിന്നു നോക്കിയാല്‍ നെറ്റിയില്‍ കുറിവരച്ചതുപോലെ പാടുകളുള്ള വലിയ വലിയ പാറക്കെട്ടുകള്‍ കാണാം. രാമം പോട്ട കല്ല് എന്ന പ്രയോഗത്തില്‍ നിന്നാണ് രാമക്കല്ലും രാമക്കല്‍ മേടും ഉണ്ടായതെന്നും മറ്റൊരു കഥ. എന്തായാലും രാമായണ കഥയേക്കാള്‍ വിശ്വാസ യോഗ്യമാണ് ഈ ഉല്‍പത്തി കഥകള്‍.
വിനോദ സഞ്ചാര കേന്ദ്രമായി നാള്‍ക്കുനാള്‍ രൂപം മാറുന്ന രാമക്കല്‍ മേട്ടിലെ ഇപ്പോഴത്തെ പ്രധാന കാഴ്ചയാണ് മലമുടിയില്‍ തീര്‍ത്തിരിക്കുന്ന കൂറ്റന്‍ സിമന്റു പ്രതിമ.
കുറവനും കുറത്തിയും മകനും അടങ്ങുന്ന ഒരാദിവാസി കുടുംബം. രാമക്കല്‍മേടിന്റെ സ്ഥലനാമവുമായോ ഹൈറേഞ്ചിന്റെ ചരിത്രവുമായോ ഈ കുറവര്‍ കുടുംബത്തിന് ബന്ധമൊന്നുമില്ല. മന്നാന്‍, മുതുവാന്‍, മലയരയര്‍, ഉള്ളാടര്‍, ഊരാളി, പളിയന്‍, മലപ്പുലയന്‍ എന്നിങ്ങനെ ഏഴോളം വരുന്ന ആദിവാസി വിഭാഗങ്ങളാണ് ഹൈറേഞ്ചിലെ ആദിമ മനുഷ്യര്‍.
അവരുടെ ചരിത്രവുമായോ പുരാവൃത്തവുമായോ ഉടല്‍ രൂപങ്ങളുമായോ പൊരുത്തപ്പെടാതെ, മലമ്പുഴ യക്ഷിപോലെ, ശംഖുമുഖത്തെ മത്സ്യ കന്യക പോലെ ഒന്ന്. ഒരു കലാസൃഷ്ടി. മലമുടികളുടെ ഉയരത്തെ രൂപംകൊണ്ട് അതിലംഘിച്ച് അതങ്ങനെ നിലകൊള്ളുന്നു.
എത്തിച്ചേരാന്‍
എറണാകുളത്തുനിന്നും നെടുങ്കണ്ടം വഴി രാമക്കല്‍മേട്ടിലെത്താം ദൂരം 138 കി. മീ
കോട്ടയത്തുനിന്നും കട്ടപ്പന വഴി 124 കി. മി
താമസം
അടുത്ത പട്ടണമായ നെടുങ്കണ്ടത്താണ് താമസിക്കാന്‍ സൗകര്യമുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.