പുഴ വിളിക്കുന്നു
text_fieldsപുഴ വിളിക്കുന്നു എന്നത് പ്രാചീനമായ അനുഭവമാണ്. ഒരു പുഴയില്‍ ഒരാള്‍ക്കും രണ്ട് തവണ ഇറങ്ങാനാവില്ളെന്നത് ദാര്‍ശിനിക പാഠവും. ജര്‍മ്മന്‍ നോവലിസ്റ്റ് ഹെര്‍മന്‍ ഹെസെയുടെ സിദ്ധാര്‍ത്ഥന്‍ പുഴ കടക്കുമ്പോഴാണ് ജീവിതത്തിന്‍റെ അര്‍ത്ഥാന്തരങ്ങളറിയുന്നത്. കടത്തുകാരനും കടത്തുവഞ്ചിയും അക്കരനിന്നുള്ള കൂക്കിവുളിയും പുഴകടന്നുള്ള തോണിയാത്രയും അത്രയൊന്നും വിദൂരമല്ലാത്ത ഗൃഹാതുരത്വമാണ്. അതിനാല്‍ തന്നെ പുഴ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നതെങ്ങനെ?
ഏഴാറ്റുമുഖത്തേക്കുള്ള യാത്ര ഒരുപാട് പുഴസ്മരണകളിലേക്കുള്ള യാത്രയാണ്. ചാലക്കുടിപുഴ പെരിയാറ്റിലേക്കുള്ള യാത്രാമധ്യേ എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍കൂടി വിസ്തൃതമെങ്കിലും മെലിഞ്ഞൊഴുകുന്ന വനദേശമാണ് ഏഴാറ്റുമുഖം. പുഴക്കരയില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രം. ഏഴാറ്റുമുഖം പ്രകൃതിഗ്രാമം എന്നാണ് ഇപ്പോള്‍ ഇവിടെ അറിയപ്പെടുന്നത്. പുഴക്ക് ഇരുകരയിലും മരങ്ങളും കാട്ടുചെടികളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ വനഭംഗി. വര്‍ഷകാലത്ത് നിറഞ്ഞും വേനലില്‍ മെലിഞ്ഞും പുഴയൊഴുകുന്നു.
വര്‍ഷം പിന്‍വാങ്ങി വേനല്‍ കടന്നുവന്നുതുടങ്ങിയകാലത്തായിരുന്നിട്ടും പുഴ വല്ലാതെ മെലിഞ്ഞിരുന്നു. ജലംവാര്‍ന്നുപോയ വഴികള്‍. പാറക്കെട്ടുകള്‍. ജലസ്പര്‍ശത്താല്‍ മിനുസമാര്‍ന്ന പാറകളില്‍ സായാഹ്നത്തിന്‍റെ ഇളം ചൂട്. അവിടവിടെ ചുഴിക്കുത്തുകള്‍. ഭുമിയുടെ വിള്ളലുകളിലൂടെ എവിടേക്കോ ഓഴുകി മറയുന്ന ജലധാര. ഒട്ടുനടന്നുകഴിയവെ വലിയൊരു തടാകം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. അടിത്തട്ടോളം സുതാര്യമായ തെളിനീര്‍. പരല്‍മീനിളക്കങ്ങള്‍. ജനത്തിന്‍റെ ആദിമതണുപ്പില്‍ കുളരുമ്പോള്‍ മീന്‍പരലുകള്‍ തൊട്ടുരുമി ഇക്കിളിയാക്കും.
അതിവിശാലമായ പാറപ്പരപ്പും ഒളിഞ്ഞിരിക്കുന്ന അനവധി ജലാശയങ്ങളും ചേര്‍ന്നതാണ് വേനലിലെ ഏഴാറ്റുമുഖം. ചാലക്കുടി പുഴ ഏഴ് ജലധാരകളായി പിരിഞ്ഞൊഴുകുന്ന ചെറുദ്വീപ് എന്ന നിലയ്ക്കാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന് പേര് വന്നതെത്രെ.
ചാലക്കുടിപ്പുഴയുടെ കുറുകെ നിര്‍മ്മിച്ചിരിക്കുന്ന തടയണയുടെ ഇരുവശത്തുമായി മനോഹരമായ ഉദ്യാനവും കുട്ടികള്‍ക്കായുള്ള പാര്‍ക്കും ഉള്‍പ്പെട്ടതാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം. ചാലടി പ്ളാന്‍റേഷന്‍ എസ്റ്റേറ്റിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികള്‍ക്കായി കുതിര സവാരിയും ഒരുക്കിയിട്ടുണ്ട്. കെ.ടി.ഡി.സിയുടെ സഹായത്തോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന നാടന്‍ ഭക്ഷണശാലയുണ്ട്. ഊണും മീന്‍ കറയും കപ്പയും ബീഫുമൊക്കെ ഇവിടെ കിട്ടും.
ഒറ്റ ദിവസത്തെ മറക്കാനാവാത്ത അനുഭവമാണ് ഏഴാറ്റുമുഖം. ശാന്തഗംഭീരമായ വനാന്തരീക്ഷം മെല്ളെ ഇരുണ്ട് തുടങ്ങുമ്പോള്‍ മടക്കയാത്ര. പുഴയിലെ കുളിയുടെ കുളിരുന്ന ഓര്‍മ്മയും നാടന്‍രുചിക്കൂട്ടും വീണ്ടും ക്ഷണിക്കും. വീണ്ടുമൊരിക്കല്‍ വരാനായി മടക്കം. അന്ന് അത് മറ്റൊരു പുഴയായിരിക്കും....മറ്റൊരു ജലം..മറ്റൊരു കാലം.
യാത്ര
എറണാകുളത്തുനിന്ന് എന്‍ എച് 47വഴി അങ്കമാലി ചാലക്കുടി റൂട്ടില്‍ നിന്നും മുരിങ്ങൂരില്‍ നിന്നും മുരിങ്ങൂര്‍ ഏഴാറ്റുമുഖം റോഡിലൂടെയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലാണ് പ്രകൃതിഗ്രാമം. 59 കി.മി
തൃശൂരില്‍ നിന്ന് ചാലക്കുടി റൂട്ടില്‍ മുരിങ്ങൂര്‍ ഏഴാറ്റുമുഖം റോഡിലൂടെയും ഏഴാറ്റുമുഖത്തത്തൊം. 49കി.മി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.