Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightമംഗളാദേവി:...

മംഗളാദേവി: ദ്രാവിഡപ്പഴമയിലേക്ക് മലകയറുമ്പോള്‍

text_fields
bookmark_border
മംഗളാദേവി: ദ്രാവിഡപ്പഴമയിലേക്ക് മലകയറുമ്പോള്‍
cancel

മംഗളാദേവി ഒരു വനസ്ഥലമാണ്. കാടിന്റെ വിജനതയില്‍ മലയുടെ നെറുകയില്‍ ഒരു ശിലാസ്മാരകം. തമിഴ്‌നാടും കേരളവുമായി അതിര്‍ത്തിപങ്കിടുന്ന സഹ്യപര്‍വ്വത നിരകളില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കുമളിയില്‍ നിന്ന് തേക്കടി വനത്തിലൂടെ പതിമൂന്ന് കിലോമീറ്റര്‍ മലകയറിയാല്‍ മംഗളാ ദേവിയിലെത്താം. 777 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പെരിയാര്‍ വനം. മലമുകളില്‍ തമിഴ്‌നാട് അതിര്‍ത്തിയിലാണ് മംഗളാദേവി. ശിലകളര്‍ന്ന ഒരാദിഗ്രാവിഡ കോവില്‍. ഹൈറേഞ്ചിലെ ഗോത്രങ്ങളിലും തമിഴകത്തെ ദ്രാവിഡ വിശ്വാങ്ങളിലും ആഴത്തില്‍ വേരാഴ്ത്തിയ കണ്ണകിയാണ് മൂര്‍ത്തി.

മംഗളാ ദേവി ക്ഷേത്രത്തില്‍ ആണ്ടിലൊരിക്കല്‍ ചിത്തിരമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് ഉല്‍സവം. ഏതാണ്ട് ഏപ്രില്‍ പകുതിക്ക് മുമ്പ്. കനത്ത സുരക്ഷാ സംവിധാനത്തിനുകീഴില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. നേരം ഇരുളുംമുമ്പ് ഉല്‍സവാഘോഷങ്ങള്‍ നിര്‍ത്തി തീര്‍ത്ഥാടകര്‍ മലയിറങ്ങും. മംഗളാ ദേവി ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴുതിപ്പോയ നാളുകളിലാണ് ക്ഷേത്രത്തിലേക്കുള്ള മലമ്പാതകള്‍ എന്നേക്കുമായി അടച്ചിട്ടത്. ഒടുവില്‍ ഇരു സംസ്ഥാനങ്ങളിലെയും വിശ്വാസികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നുണ്ടാക്കിയ ഉടമ്പടി പ്രകാരം വര്‍ഷത്തിലൊരിക്കല്‍ ചിത്രാ പൗര്‍ണ്ണമി ദിനത്തില്‍ ഒരു പകല്‍ നീളുന്ന ആഘോഷങ്ങള്‍ക്കായി കാട്ടുപാതകള്‍ തുറന്നുകൊടുക്കും.
ചിത്രാ പൗര്‍ണ്ണമി ദിവസം അതീവ രാവിലെ തമിഴകത്തുനിന്നും കണ്ണകി ഭക്തര്‍ മലങ്കോട്ട കയറി സംഘം സംഘമായി മംഗളാ ദേവിയിലെത്തും. കേരളത്തില്‍ നിന്നുള്ള യാത്ര കുറച്ചുകൂടി അനായാസമാണ്. കുമളിയില്‍ ബസ്സിറങ്ങിയാല്‍ മംഗളാദേവി മലമുകലിലേക്കുള്ള ജീപ്പുകളുടെ നീണ്ട നിര. കുമളിയില്‍ നിന്ന് പുറപ്പെട്ട് തേക്കടി കവലയില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് കാട്ടുപാതയിലൂടെ മലമുകളിലേക്കെത്താം. കാല്‍ നടയായി മല കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും സംഘങ്ങള്‍ വന്നും പോയുമിരിക്കും. ദുര്‍ഘടമായ വഴിയിലൂടെ കുത്തനെയുള്ള കയറ്റം. പൊടിപടലങ്ങള്‍ പറത്തിയാണ് ജീപ്പുകല്‍ കിതച്ചു കയറുന്നത്. കാല്‍നടയാത്ര രസകരമാവാമെങ്കിലും സുരക്ഷിതമല്ലെന്നാണ് വനപാലകര്‍ പറയുന്നത്. പെരിയാര്‍ വനത്തിന്റെ ഉള്‍മേഖലയിലൂടെയാണ് കുന്നുകയറേണ്ടത്. വാഹനങ്ങളുടെയും ജനങ്ങളുടെയും ബഹളത്തില്‍ അരക്ഷിതരും അസ്വസ്ഥരുമായ വന്യമൃഗങ്ങള്‍ ചിലപ്പോള്‍ ആക്രമിച്ചേക്കാം.

തേക്കും ചന്ദനവും മരുതും വേങ്ങയും ഈട്ടിയും വെള്ളിലവും പിന്നെ പേരറിയാത്ത അനവധി വന്‍മരങ്ങളും നിബിഢമാക്കിയ വനത്തിലൂടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുല്‍മേട്ടിലേക്ക് വളഞ്ഞുതിരിഞ്ഞ് കയറിപ്പോകുന്ന ചെമ്മണ്‍ പാത. കാട് ഏപ്രിലിന്റെ ലാവണ്യമത്രയും പേറി നില്‍പ്പാണ്. പച്ചിലക്കാടുകള്‍ക്ക് നടുവില്‍ അഗ്‌നിനാളങ്ങള്‍ പോലെ ഇലവുകള്‍ പൂത്ത താഴ്‌വരകള്‍. അകലെ കുന്നിന്‍ ചരിവുകളില്‍ പൂത്തുനിറഞ്ഞ കണിക്കൊന്നകളുടെ സ്വര്‍ണ്ണച്ചാമരം. കാടിന്റെ കടും പച്ചക്കുമേല്‍ മഞ്ഞയുടെ കുടമാറ്റം.
വനപാതയുടെ അവസാനം പുല്‍മേടാണ്. അതിവിശാലമായ പുല്‍പ്പരപ്പ്. കാട്ടാനകള്‍ മേയാനിറങ്ങുന്നിടം. ആള്‍ബഹളങ്ങളില്ലെങ്കില്‍ പുല്‍മേടുകളില്‍ തെന്നിമറയുന്ന മാന്‍കൂങ്ങളെ കാണാമെന്ന് വനപാലകര്‍. മൂന്നാര്‍ മലനിരകളിലെ മഞ്ഞുമൂടിയ ഇരവികുളത്തെ മലമടക്കുകളില്‍മാത്രം കണാറുള്ള വരയാടിന്‍ കൂട്ടങ്ങള്‍ മംഗളാദേവിയുടെ പുല്‍മേടുകളിലും കാണാമെത്രെ. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ ഭയചകിതരായി അവരെല്ലാം എങ്ങോ മറഞ്ഞിരിക്കുകയാവണം.
പൊക്കം കുറഞ്ഞ ഹരിതാഭമായ മഴക്കാടുകളോട് ചേര്‍ന്നാണ് ക്ഷേത്രം. പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ചത്. പാളികള്‍ ഇളകിയും കല്‍ബന്ധങ്ങളഴിഞ്ഞും ശിഥിലമായിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ നിന്നും വലിയൊരു തുരങ്കം ആരംഭിക്കുന്നു. മധുരവരെ നീളുമെന്നാണ് കഥ. ഇപ്പോഴത് കല്ലും മണ്ണും വീണ് അടഞ്ഞുപോയിരിക്കുന്നു. എല്ലാ പ്രാചീന ക്ഷേത്രങ്ങളെയും കുറിച്ചെന്നപോലെ വിശ്വാസവും വിസ്മയവും നിറച്ച ഒരു ഗുഹാപുരാണം. മിത്തും ചരിത്രവും ഇടകലര്‍ന്ന ഇരുളടഞ്ഞ ഗുഹകള്‍.
നിത്യഹരിത മഴക്കാടിന്റെ ഈ വിജനസ്ഥലിയില്‍ നിതാന്തമൗനമാണ്ടിരിക്കുന്ന മംഗളാദേവിക്കും ഒരുപാട് കഥകളുണ്ട്. മിത്തും ചരിത്രവും ഭാവനയും ഇഴപാകിയ ദ്രാവിഡ ഗോത്രപ്പഴമകള്‍. ദ്രാവിഡ പഴമകള്‍ തോറ്റിയുണര്‍ത്തിയ പെണ്‍ സങ്കല്‍പ്പമാണ് കണ്ണകി. കാടിനുള്ളില്‍ ചിതറിക്കിടക്കുന്ന ഈ ശിലകളില്‍ കണ്ണകിയും കോവലനുമുണ്ട്. ഒരു ജനതയുടെ മുഴുവന്‍ ഗോത്രസ്മൃതികളുണ്ട്. ഇളങ്കോവടികളുടെ ചിലപ്പതികാരം ഈ ഗോത്രസ്മരണകളുടെ കഥയാണ്. മന്നാന്‍ ഗോത്രത്തിന്റെ കൂത്തുപാട്ടില്‍ നിന്നുമാണ് ഇളങ്കോവടികള്‍ ചിലപ്പതികാര കഥ കണ്ടെത്തുന്നത്.


മന്നാന്‍ വാമൊഴിയിലും ചിലപ്പതികാരത്തിലും മധുരാനഗരം എരിച്ചുകളഞ്ഞ കണ്ണകി മല കയറി വന്ന് സമാധിയായ സ്ഥലമാണ് മംഗളാദേവിക്കുന്ന്. തകര്‍ന്നുവീണതും ബാക്കിനില്‍ക്കുന്നതുമായ കരിങ്കല്‍ പാളികളില്‍ പ്രാചീന തമിഴ് ലിപികളില്‍ കൊത്തിയ ലിഖിതങ്ങളും രേഖാ ചിത്രങ്ങളും കാണാം. ലിഖിതങ്ങളുടെ ചരിത്രമൗനങ്ങളില്‍ അടയിരിക്കുന്ന ഇതിഹാസമറിയാതെ ഏറെ നേരം അവയ്ക്കുമുന്നില്‍ നിരക്ഷരനായി നിലകൊണ്ടു. വ്യാളീ രൂപങ്ങളും സോപാനവും തകര്‍ന്ന നിലയില്‍ തന്നെ കാണാം. തകര്‍ന്ന ചുറ്റുമതിലിനുള്ളില്‍ നാല് മണ്ഡപങ്ങളുണ്ട്. 'നാല് മണ്ഡപങ്ങള്‍ മാത്രമുള്ള ആരാധനാസ്ഥലം' എന്ന് ഈ ക്ഷേത്രത്തെക്കുറിച്ച് ബ്രിട്ടീഷ് രേഖകളില്‍ കാണാമെന്ന് ഒരു വനപാലകന്‍ പറഞ്ഞുതന്നു.' ചേര രാജാവായ ചെങ്കുട്ടുവന്‍ ഹിമാലയത്തില്‍ നിന്ന് ശിലകൊണ്ടുവന്ന്, ശില്പശാസ്ത്രത്തില്‍ മറുകരകണ്ട കര്‍മ്മ കുശലന്‍മാരാല്‍ കണ്ണകീ ബിംബം നിര്‍മ്മിച്ച്, വിശിഷ്ടങ്ങളും രുചിരങ്ങളുമായ ആഭരണങ്ങള്‍ മുടി മുതല്‍ അടിയോളം ചാര്‍ത്തി, ദിഗ്‌ദേവതകളെ കാവല്‍ നിര്‍ത്തി, ഹോമവും ഉല്‍സവവും ദിനംതോറും നടന്നുവരുമാറ് ഏര്‍പ്പാട് ചെയ്ത്, പ്രതിഷ്ഠ നടത്തിക്കൊള്‍വിന്‍ എന്ന് ഉത്തരദിക്കിലെ അരചന്‍മാരെ തലകുനിച്ച്, രാജസിംഹമായ ചെങ്കുട്ടുവന്‍ അരുളി ചെയ്തു.' എന്നാണ് ചിലപ്പതികാരം ബിംബപ്രതിഷ്ഠാപനത്തില്‍ (നടുകര്‍കാതൈ) പറയുന്നത്.
ചിത്തിരമാസത്തിലെ പൗര്‍ണ്ണമി നാളിലായിരുന്നു മംഗളാ ദേവിയില്‍ ഉല്‍സവം. ആ ദിനം മംഗളാദേവി മറ്റൊരു മാമാങ്കഭൂമിയായി. പൂഞ്ഞാര്‍ രാജാവിന്റെ നേതൃത്വത്തില്‍ നടന്ന ചിത്രാപൗര്‍ണ്ണമി ഉല്‍സവങ്ങള്‍ പാണ്ഡ്യ സൈന്യം ആക്രമിച്ചു. ഉല്‍സവങ്ങളില്‍ ചോര പടര്‍ന്നു. സമ്പത്തിനായി ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടിരിക്കണം. ഇത് കാലങ്ങളിലൂടെ ആവര്‍ത്തിച്ചു. രക്തപങ്കിലമായ ഒരു ഭൂതകാലം ഇവിടെ മറവിയിലാണ്ടു കിടക്കുന്നു. യുദ്ധങ്ങളും കൊള്ളകളും ഇളക്കിമറിച്ച കരിങ്കല്ലടയാളങ്ങളാവാം ഇപ്പോള്‍ ഇവിടെ ശേഷിക്കുന്നത്. കൊളോണിയല്‍ ഭരണത്തില്‍ കീഴില്‍ തമിഴകം ബ്രിട്ടീഷ് അധീനതയിലും മംഗളാദേവി ഉള്‍പ്പെടെയുള്ള മലയാളപ്രദേശം പൂഞ്ഞാര്‍ രാജാവിന്റെ അധീനതയിലുമായിരുന്നു. പതിനേഴാം ശതകത്തിന്റെ രണ്ടാം പകുതിയില്‍ ഈ പ്രദേശം തിരുവിതാംകൂറിന്റെ അധീനതയിലായി.


ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് മദ്രാസ് പ്രസിഡന്‍സി ക്ഷേത്രത്തിന് മേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. തിരുവിതാംകൂര്‍ എതിര്‍ത്തതോടെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. 1817ല്‍ നടന്ന സര്‍വ്വേ അനുസരിച്ച് ക്ഷേത്രവും പരിസരവും പൂര്‍ണ്ണമായും തിരുവിതാകൂറിന്റേതാണെന്ന് വന്നു. ഇതിനത്തുടര്‍ന്ന് അസ്തമിച്ച തര്‍ക്കം 1979ല്‍ വീണ്ടും സജീവമായി. തമിഴ്‌നാട് ക്ഷേത്രത്തിനുവേണ്ടി അവകാശവാദം ഉന്നയിച്ചു. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം. ജി. ആറിന് ക്ഷേത്ര ദര്‍ശനം നടത്താന്‍ മംഗളാദേവിയില്‍ ഹെിലിപ്പാട് നിര്‍മ്മിക്കാന്‍ തമിഴ്‌നാടിന്റെ നീക്കമാണ് വിവാദമയത്. അതോടെ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സംഘര്‍ഷമായി. 1981ല്‍ വീണ്ടും സര്‍വ്വേ നടത്തി. ക്ഷേത്രവും അവശിഷ്ടങ്ങളും കാണപ്പെടുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ 62 സെന്റ് ഭൂമി പൂര്‍ണ്ണമായും കേരളത്തിന്റേതാണെന്നു സര്‍വ്വേ റിപ്പോര്‍ട്ട് വന്നു. അന്നൊടുങ്ങിയ വിവാദം 1991ല്‍ വീണ്ടും തലപൊക്കി. ഇക്കുറി കരുണാനിധിയാണ് ക്ഷേത്രത്തിനുവേണ്ടി രംഗത്തുവന്നത്. ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ഒരു കോടി രൂപയും തമിഴ്‌നാട് അനുവദിച്ചു. 101 പടവുകളുള്ള ശിലാക്ഷേത്രവും ഗൂഡല്ലൂരില്‍ നിന്ന് മംഗളാദേവി വരെ റോഡും നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ കാട്ടുപാതയിലൂടെ വ്യാപകമായി മംഗളാദേവിയിലേക്ക് എത്തിത്തുടങ്ങി. മലമുകളില്‍ കേരളാ പോലീസും വനംവകുപ്പും വന്‍സന്നാഹമൊരുക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകഞ്ഞു. ഒടുവില്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പാതകള്‍ അടച്ചു. പ്രവേശനം നിരോധിച്ചു. ആ നില ഇപ്പോഴും തുടരുകയാണ്. വര്‍ഷത്തിലൊരിക്കല്‍ ചിത്തിരമാസത്തിലെ പൗര്‍ണ്ണമി നാള്‍ ക്ഷേത്രം പൂജക്കായി തുറക്കും. അന്ന് സൂര്യന്‍ അസ്തമിക്കുന്നതോടെ ഉല്‍സവം അവസാനിക്കുകയും ചെയ്യും.


ആ പകല്‍ ഇവിടെ അവസാനിക്കുകയാണ്. തിരിച്ചിറങ്ങാനുള്ള സമയാമായി. മുഖമുരുക്കുന്ന ഏപ്രിലിന്റെ വെയില്‍ ഇവിടെ എത്രയോ ശാന്തമായിരുന്നു. കാടിന്റെ കുളിരില്‍ നനഞ്ഞുപോയ വെയില്‍ പടിഞ്ഞാട്ട് ചാഞ്ഞു. തീര്‍ത്ഥാടകരുമായി വന്ന ജീപ്പുകള്‍ ഒന്നൊന്നായി കുന്നിറങ്ങുന്നു. കാല്‍നടക്കാരെ ഇനി അനുവദിക്കില്ല. ഇരുള്‍ വീണാല്‍ കാട്ടിലൂടെയുള്ള നടത്തം അപകടമാണ്. വനപാലകര്‍ക്കൊപ്പം അവസാനവണ്ടിയില്‍ മലയിറക്കം. മലമ്പാതയില്‍ ഇരുള്‍ വീണു കഴിഞ്ഞു. ജീപ്പിന്റെ ഹെഡ് ലൈറ്റിന്റെ കഠിനമായ വെളിച്ചത്തില്‍ പൊടിപടലങ്ങള്‍ അടങ്ങിയ കാട്ടുപാത ശൂന്യമായി കിടക്കുന്നു. ദൂരെവെിടെ നിന്നോ ഒരു കാട്ടാനയുടെ ചിന്നം വിളി. ഒരു മലമുഴക്കി വേഴാമ്പല്‍ ഞങ്ങല്‍ക്ക് മുകളിലൂടെ ചിലച്ച് പറന്നുപോയി.


യാത്ര
ഏപ്രില്‍ മാസത്തില്‍ചിത്രാ പൗര്‍ണമി ദിവസം മാത്രമാണ് മംഗളാദേവിയിലേക്ക് പ്രവേശനം. രാവിലെ ആറ് മുതല്‍ ഉച്ചതിരിഞ്ഞ് നാല് മണി വരെ യാത്ര അനുവദിക്കും. എറണാകുളത്തുനിന്നോ കോട്ടയത്തുനിന്നോ തൃശൂര്‍ പെരുമ്പാവൂര്‍ വഴിയോ കുമളിയില്‍ എത്തിയാല്‍ അവിടെ നിന്ന് ജീപ്പില്‍ മംഗളാദേവിയില്‍ എത്താം.
താമസം
തേക്കടിവന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന പട്ടണമാണ് കുമളി താമസത്തിനും ഭക്ഷണവും യഥേക്ഷ്ടം ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story