മഞ്ഞില്‍ കുളിച്ചൊരു നാട്
text_fieldsവര്‍ഷങ്ങള്‍ക്ക് മുമ്പേ ഷിംലയെക്കുറിച്ച് കേട്ടിരുന്നു. ഡല്‍ഹിയില്‍ ഉപരിപഠനത്തിനു വന്ന വര്‍ഷം മുതലേ ഷിംലയില്‍ പോകാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ പലകാരണങ്ങളാല്‍ അത് നീണ്ടുപോയി. ഈ വര്‍ഷത്തെ വിന്റര്‍ ലീവില്‍ എന്തായാലും പോകണമെന്ന് ഞാനും സുഹൃത്ത് മുജീബും തീരുമാനിച്ചു. ഞങ്ങളോടൊപ്പം ചേരാന്‍ ഒരുപാടു സുഹൃത്തുക്കള്‍ ആഗ്രഹിച്ചെങ്കിലും സമയവും സൗകര്യവും ഒത്തുചേര്‍ന്നില്ല. യാത്രയുടെ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് യാത്രയുടെ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നത്. യാത്ര ആരംഭിക്കുന്നതിന്റെ ഒരു മണിക്കുര്‍ മുമ്പ് വരെ സുഹൃത്ത് മുജീബ് ജോലിയില്‍ ആയിരുന്നു.
മഞ്ഞുമലകളാല്‍ അനുഗ്രഹീതമായ ഹിമാചല്‍ പ്രദേശിലാണ് ഷിംല. വൈകിട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കല്‍ക്കയിലേക്കുള്ള ട്രെയിനില്‍ യാത്ര ആരംഭിച്ചു. യാത്രയില്‍ ഏറ്റവും രസകരമായത് കല്‍ക്കയില്‍ നിന്നും പുലര്‍ച്ചെ ഷിംലയിലേക്കുള്ള TOY ട്രെയിന്‍ യാത്രയാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ 'സമ്മര്‍ കേപിറ്റല്‍' ആയിരുന്ന ഷിംലയിലേക്ക് യാത്രചെയ്യാനായി 1906ല്‍ നിര്‍മിച്ചതാണ് ഈ റെയില്‍വേ ലൈന്‍. സാധാരണ റെയിലിന്റെ പകുതി വീതി മാത്രമേ ഇതിനുള്ളൂ. 96 കി.മീ ദൂരമുളള ഈ ട്രെയിന്‍ യാത്രയില്‍ 806 പാലങ്ങളും 103 ടണലുകളും ഉണ്ട്. 2008ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ടോയ് ഇടം പിടിച്ചു. സമുദ്ര നിരപ്പില്‍ നിന്നും 7234 അടിയോളം ഉയരത്തിലുള്ള ഷിംലയിലേക്ക് ടോയ് ട്രെയിന്‍ വലിഞ്ഞു കയറുന്നത് അത്ഭുതം തന്നെയാണ്. ഇത് കാണുമ്പോള്‍ സമുദ്ര നിരപ്പില്‍ നിന്ന് ഷിംലയേക്കാള്‍ താഴെയുള്ള വയനാട്ടിലേക്ക് വേണമെങ്കില്‍ ഇതേ മാതൃകയില്‍ റെയില്‍ നിര്‍മിച്ചുകൂടെ എന്ന് തോന്നിപ്പോകും. ട്രെയിന്‍ മലകള്‍ കയറും തോറും തണുപ്പ് ഏറിവരുന്നുണ്ടായിരുന്നു. ഡല്‍ഹിയിലെ തണുപ്പാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിനേക്കാള്‍ കുടുതലായിരുന്നു അനുഭവപ്പെട്ടത്. 78 കി.മീ കഴിഞ്ഞ് ഷോഗി എന്ന സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍ ട്രാക്കില്‍ മഞ്ഞ് മൂടി കിടക്കുന്നു. അവിടുന്നാണ് ഈ യാത്രയില്‍ ആദ്യം മഞ്ഞു കട്ടകള്‍ കയ്യിലെടുക്കുന്നത്. പിന്നീട് മഞ്ഞില്‍ കുളിച്ചു കിടക്കുന്ന താഴ്‌വരകള്‍ മാത്രം. ഷിംല എത്തുമ്പോഴേക്കും ട്രെയിനിന് മുകളില്‍ മഞ്ഞ് കട്ടകള്‍ മൂടി കിടന്നിരുന്നു.
ഷിംല എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരാറുള്ള ചിത്രം 1850 ല്‍ നിര്‍മിച്ച ക്രൈസ്റ്റ് ചര്‍ച്ചും തൊട്ടടുത്തുള്ള ദി റിട്ജും മഞ്ഞില്‍ പൊതിഞ്ഞ് നില്‍ക്കുന്നതാണ്. സങ്കല്‍പത്തിലുള്ളതിനേക്കാള്‍ അതിമനോഹരം തന്നെയായിരുന്നു ഷിംല. ബ്രിട്ടീഷ് രീതിയില്‍ പണിത കെട്ടിടങ്ങളാണ് കൂടുതലും ഇവിടെയുള്ളത്. പോരാത്തതിന് മഞ്ഞില്‍ പൊതിഞ്ഞു നില്ക്കുന്ന പൈന്‍ മരങ്ങളും.
ആള്‍ തിരക്കുകള്‍ക്കിടയില്‍ ജുബ്ബയോട് സാദ്രശ്യമുള്ള 'ഫെരന്‍' എന്നു പേരുള്ള വസ്ത്രംധരിച്ചുള്ള പോര്‍ട്ടര്‍മാരെ കാണാം. കശ്മീരിലെ അതിശൈത്യം മൂലം വരുമാനത്തിന് ബുദ്ധിമുട്ടി ഷിംല പോലുള്ള മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുന്നവരാണവര്‍. ഞങ്ങള്‍ക്ക് താമസിക്കാന്‍ ഹോട്ടല്‍ തരപ്പെടുത്തിത്തന്നത് ഒരു കാശ്മീരിയാണ്. ഇവര്‍ തണുപ്പിനെ പ്രധിരോധിക്കുന്ന രീതി രസകരമായത്. ഫെരന്‍ വസ്ത്രത്തിനടിയില്‍ ചെറിയ മണ് പാത്രത്തില്‍ കനലുകള്‍ ഇട്ട് കഴുത്തില്‍ തുക്കിയോ കയ്യില്‍ പിടിച്ചോ ആണ് ഇവര്‍ നടക്കുന്നത് ഇതിനെ 'കാങ്കിടി' എന്ന് വിളിക്കുന്നു.
ഷിംലയില്‍ നിന്നും ഏകദേശം 16 കി.മീ അകലെയുള്ള കുഫ്രിയാണ് മറ്റൊരു പ്രധാന ടൂറിസ്റ്റ് സ്ഥലം. പൈന്‍ മരങ്ങള്‍ തിങ്ങി നിറഞ്ഞ ഗ്രീന്‍ വാലിയിലൂടെ കുഫ്രിയിലേക്കുള്ള യാത്ര ആനന്ദകരമായിരുന്നു.
കുഫ്രിയിലെ പ്രധാന വിനോദം സ്‌കീങ്ങ് ആണ്. മലമുകളിലുള്ള സ്‌കീങ്ങ് പോയിന്റില്‍ എത്താന്‍ അര മണിക്കൂര്‍ കുതിരപുറത്ത് യാത്ര ചെയ്യണം. ചെങ്കുത്തായ മലമുകളിലേക്കുള്ള ഈ യാത്ര അപകടകരവും എന്നാല്‍ രസകരവുമാണ്. ആരും തൊഴിക്കാതെ തന്നെ ഈ കുതിരകള്‍ മഞ്ഞു കട്ടകളുള്ള വഴിയിലൂടെ ഉദ്ദേശ സ്ഥലത്തെത്തും. സ്‌കീങ്ങ് കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ലോക പ്രശസ്ത കാര്‍ റൈസിങ് താരം ഷൂമാക്കാര്‍ക്ക് അപകടം പെറ്റി കോമയിലായതാണ്. ഭയം തോന്നിയെങ്കിലും സാഹസികമായുള്ള ആ വിനോദം ഞങ്ങളും പരീക്ഷിച്ചു. രണ്ടുമൂന്നു പ്രാവശ്യം തെന്നി വീണെങ്കലും പിന്നീട് ശരിയായി.
ഉച്ചക്ക് ശേഷം കുഫ്രിയില്‍ നിന്നും 6 കി.മീ അകലെയുള്ള ഫാഗു വാലിയിലേക്കാണ് പോയത്. സത്യം പറയാലോ, ഈ ദുനിയാവില്‍ ഇങ്ങനെയും കുറെ സ്ഥലങ്ങള്‍ ഉണ്ടെന്ന് ബോധ്യപെടുന്നത് ഇപ്പോഴാണ്. യത്രക്കാര്‍ക്ക് സഞ്ചാരം സുഖമമാക്കുന്നതിന് ചെറിയ ബുള്‍ഡോസറുകള്‍ റോഡിലെ ഐസ് നീക്കുന്നു. മഞ്ഞില്‍ സ്ലിപ് ആവാതിരിക്കാന്‍ മിക്കവാഹനങ്ങളിലെ ടയറിലും ചങ്ങല ചുറ്റിയിരിക്കുന്നു. തണുപ്പ് കൂടിയത് മൂലം പലരും വാഹനങ്ങളിലാണ് ഇരിക്കുന്നത്. പ്രത്യേക ഷൂ ധരിച്ചല്ലാതെ ഇറങ്ങാന്‍ പറ്റില്ല. തൊട്ടടുത്തുള്ള കടയില്‍ നിന്നും ഡ്രൈവര്‍ ഞങ്ങള്‍ക്ക് ഷൂ വാടകക്ക് എടുത്തു തന്നു. നേരം ഇരുട്ടാവും തോറും തണുപ്പ് കൂടുന്നതുകൊണ്ട് വിനോദങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഷിംലയിലേക്ക് തിരിച്ചു.
വിന്റര്‍ അവധിക്ക് കുടുംബസമേതം ഡല്‍ഹിയില്‍ നിന്നും വളരെ ചിലവില്ലാതെ എളുപ്പമാര്‍ഗം എത്തിപെടാന്‍ കഴിയുന്ന സ്ഥലമാണ് ഷിംല. ശൈത്യകാലത്ത് ഷിംലയില്‍ പോയാല്‍ പ്രസിദ്ധമായ കുല്ലു മണാലിയിലെ സ്‌നോഫാള്‍ കാണാന്‍ പോകേണ്ടതില്ല.
How to reach
തീവണ്ടി മാര്‍ഗം
ന്യൂഡല്‍ഹി-കല്‍ക 269 കി.മീ
കല്‍ക-ഷിംല 96 കി.മീ
റോഡ് മാര്‍ഗം
ന്യൂഡല്‍ഹി-ഛഢീഗഡ്-കല്‍ക-ഷിംല 380 കി.മീ
വിമാന മാര്‍ഗം
ന്യൂഡല്‍ഹി-ജുബ്ബരാട്ടി (നഗരത്തില്‍ നിന്നും 23 കി.മീ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.