പാങ്കോറിലെ ഇന്ത്യന്‍ വഴികള്‍
text_fieldsമലേഷ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ദ്വീപസമൂഹമായ പാങ്കോര്‍ എന്ന തമിഴ് മത്സ്യത്തൊഴിലാളി ഗ്രാമത്തിലൂടെ...
ചരിത്രപരമായിത്തന്നെ മലേഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇന്ത്യക്കാര്‍. ആ പേരിലുമുണ്ട് ഒരു ഇന്ത്യന്‍ ടച്ച്. ‘മലേഷ്യ’ എന്ന പദത്തിന്‍െറ ഉദ്ഭവവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ആ വാക്ക് തമിഴില്‍നിന്ന് വന്നതാണെന്ന വാദമുണ്ട്. കുന്ന്, ഭൂമി എന്നൊക്കെ അര്‍ഥം വരുന്ന ‘മലയ്’ എന്ന പദത്തില്‍നിന്നാണത്രെ ‘മലേഷ്യ’ രൂപംകൊണ്ടത്. അശോക ചക്രവര്‍ത്തിയുടെ കലിംഗ യുദ്ധ സമയത്തും സമുദ്രഗുപ്തന്‍ ദക്ഷിണേന്ത്യയിലേക്ക് പടയോട്ടംനടത്തിയപ്പോഴുമെല്ലാം ഇവിടത്തുകാര്‍ അഭയം തേടിയത് ആ ദ്വീപരാജ്യത്താണത്രെ. ബ്രിട്ടീഷ് കോളനി ഭരണകാലത്തും ഇവിടെനിന്ന് നിരവധി ആളുകള്‍ പറുദീസ തേടി മലേഷ്യയിലത്തെിയിട്ടുണ്ട്. ആ ഭാഗ്യാന്വേഷണം ഇന്നും തുടരുകയാണെന്ന് കണക്കുകള്‍ പറയുന്നു.
മലേഷ്യയില്‍ മലയ്, ചൈനീസ് വിഭാഗങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ വംശജരാണ്. മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനം വരും മലേഷ്യന്‍ ഇന്ത്യക്കാര്‍. ഇതില്‍ നല്ളൊരു ശതമാനവും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ, മലേഷ്യയുടെ ഗ്രാമീണ വഴികളിലൂടെയുള്ള യാത്ര പലപ്പോഴും നമ്മുടെ നാടിനെയും സംസ്കാരത്തെയുമാണ് ഓര്‍മപ്പെടുത്തുക.
മലേഷ്യയില്‍ തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട്. തലസ്ഥാനമായ ക്വാലാലംപൂരില്‍ മിക്ക ടാക്സി ഡ്രൈവര്‍മാരോടും നിങ്ങള്‍ക്ക് ധൈര്യമായി തമിഴില്‍ സംസാരിക്കാം. തമിഴ് സെറ്റില്‍മെന്‍റ് എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു ഇടം പ്രശസ്തമായ പാങ്കോര്‍ ദ്വീപാണ്.
പാങ്കോറിലെ ഗ്രാമവീഥി
തമിഴ് മത്സ്യത്തൊഴിലാളി ഗ്രാമമാണ് പാങ്കോര്‍. മലേഷ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന കുഞ്ഞു ദ്വീപുകളുടെ കൂട്ടം. എട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പാങ്കോറില്‍ ഏകദേശം കാല്‍ ലക്ഷം ആളുകളാണ് അധിവസിക്കുന്നത്. ഭൂരിഭാഗവും മത്സ്യബന്ധനം ഉപജീവനമാക്കിയ തമിഴര്‍. ഒറ്റപ്പെട്ടു കിടക്കുന്നുവെന്ന് പറയാവുന്ന ഈ ദ്വീപിലേക്കുള്ള വഴി കാണിച്ചുതന്നത് മലേഷ്യന്‍ ടൂറിസം വകുപ്പായിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കായി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഒരാഴ്ചത്തെ പരിപാടിക്കിടെ ഇന്ത്യന്‍ പ്രതിനിധികള്‍ക്കായി പ്രത്യേകം നടത്തിയ പാക്കേജിലാണ് ആ തമിഴ് ഗ്രാമത്തിലേക്കുള്ള യാത്ര തരപ്പെട്ടത്. ലങ്കവി, പനാങ് തുടങ്ങിയ ജനപ്രിയ മേഖലകള്‍ വേറെയുമുണ്ടെങ്കിലും വ്യത്യസ്തതക്കു വേണ്ടി ഒരു ‘ഇന്ത്യന്‍ ഗ്രാമം’തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
ലുമുട്ട് എന്ന തുറമുഖത്തുനിന്ന് ബോട്ടിലാണ് പാങ്കോറിലത്തെിയത്. ക്വാലാലംപൂറില്‍നിന്ന് 250ഓളം കിലോമീറ്റര്‍ അകലെയാണ് ലുമുട്ട്. ഏകദേശം മൂന്ന് മണിക്കൂര്‍ വേണം ഇവിടെയത്തൊന്‍. പാങ്കോറിലെ മത്സ്യവിഭവങ്ങളെക്കുറിച്ച് കേവല ധാരണ ലഭിക്കാന്‍ ലുമുട്ടിലെ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. ക്വാലാലംപൂര്‍ കഴിഞ്ഞാല്‍ മത്സ്യവിഭവങ്ങളുടെ ഏറ്റവും വലിയ വിപണി ലുമുട്ടായിരിക്കും. ദിനേന ലുമുട്ടിലെ ജെട്ടിയില്‍നിന്ന് അഞ്ച് ബോട്ട് സര്‍വീസുകളാണ് ദ്വീപിലേക്ക്. 50ഓളം പേര്‍ക്ക് യാത്രചെയ്യാവുന്ന ബോട്ടുകള്‍ യാത്രക്കായി സജ്ജമാക്കിയിരിക്കുന്നു. യാത്രക്കാരില്‍ നല്ളൊരു ശതമാനവും ദ്വീപില്‍നിന്ന് ‘കര’യിലേക്കത്തെിയവരായിരുന്നു. ഒപ്പം, ഞങ്ങളെപ്പോലെ ഏതാനും സഞ്ചാരികളും.
ഫൂ ലിങ് കോങ് ക്ഷേത്രം
മുക്കാല്‍ മണിക്കൂര്‍ നീളുന്ന, മലേഷ്യയുടെ നാവിക സേനാ ആസ്ഥാനത്തെ ചുറ്റിയുള്ള യാത്ര മലാക് കടലിടുക്കിലൂടെയാണ്. സുമാത്രയെ മലായ് പെനിന്‍സുലയില്‍നിന്ന് വേര്‍തിരിക്കുന്ന ഏഷ്യയിലെതന്നെ തന്ത്രപ്രധാന കടലിടുക്കാണ് മലാക്. ആ കടല്‍ വഴിയിലൂടെയാണ് ഈ യാത്ര. തുടക്കം മുതലേ പാങ്കോറിലെ കുഞ്ഞു ദ്വീപസമൂഹങ്ങള്‍ നമ്മുടെ കണ്ണില്‍ പെടും. മെല്ളെ മെല്ളെ ആ ദ്വീപുകളിലെ കുന്നുകളും മലകളും കാടുകളുമെല്ലാം തെളിഞ്ഞുവരും. യാത്ര അരമണിക്കൂര്‍ പിന്നിടുമ്പോള്‍, രണ്ട് മലയിടുക്കുകള്‍ക്ക് ഇടയിലൂടെ പോകുന്ന പ്രതീതിയാണ് അനുഭവപ്പെടുക. ലക്ഷ്യസ്ഥാനത്തോടടുക്കുമ്പോള്‍ കടലിന് നടുവിലായി കുറെ വീടുകള്‍ കാണാം. കടലിനുള്ളിലെ മത്സ്യബന്ധന ഗ്രാമങ്ങളാണവയെന്ന് ഗൈഡ് പറഞ്ഞു. ദ്വീപില്‍നിന്ന് ചെറിയ ബോട്ടുകളിലൂടെ ആ ഗ്രാമങ്ങളിലത്തെി അവിടെനിന്നാണ് അവിടത്തുകാര്‍ മത്സ്യബന്ധനവും സംസ്കരണവുമെല്ലാം നടത്തുന്നത്. മറ്റൊരര്‍ഥത്തില്‍ കടലിന് നടുവിലെ കൃത്രിമ ഗ്രാമം. ഈ ഗ്രാമത്തിന് ചാരത്തുകൂടി പാങ്കോറിന്‍െറ മുഖ്യ കവാടത്തിലത്തൊം.
അടുത്ത കാലത്തായി ടൂറിസം മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള മലേഷ്യന്‍ സര്‍ക്കാറിന്‍െറ ഹോട്ട്സ്പോട്ടുകളിലൊന്നാണ് പാങ്കോര്‍. ഇന്ത്യയില്‍നിന്നടക്കമുള്ള വിദേശ സന്ദര്‍ശകരെ ഉദ്ദേശിച്ച് നിരവധി പദ്ധതികള്‍ ഇവിടെ ആവിഷ്കരിച്ചതായി കാണാം. ബീച്ച് ടൂറിസംതന്നെയാണ് ഇതില്‍ പ്രധാനം. ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഡസനിലധികം റിസോര്‍ട്ടുകളാണ് ഇവിടെ ഉയര്‍ന്നിട്ടുള്ളത്. എങ്കിലും, തദ്ദേശീയരുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും നിലനിര്‍ത്തിക്കൊണ്ടാണ് ഈ ആധുനികവത്കരണമത്രയും. ഒരുപക്ഷേ, ഇന്ത്യയില്‍നിന്നുള്ള സഞ്ചാരികള്‍ക്ക് ബീച്ച് ടൂറിസം കള്‍ചറിനേക്കാളും ഇഷ്ടമാവുക ഈ ഗ്രാമവഴികളായിരിക്കും.
മലേഷ്യയുടെ ചരിത്രത്തിലും ഈ ദ്വീപിന് വലിയ പ്രാധാന്യമുണ്ട്. ഡച്ച് ഭരണകാലം മുതല്‍തന്നെ ഈ ദ്വീപ് രാജ്യത്തിന്‍െറ പ്രധാന മത്സ്യവ്യാപാര കേന്ദ്രമാണ്.
17ാം നൂറ്റാണ്ടില്‍ ഇവിടെ ഡച്ചുകാര്‍ ഒരു കോട്ട നിര്‍മിച്ചു. 1670ലാണ് ഇതിന്‍െറ നിര്‍മാണം ആരംഭിച്ചത്. പുരാതന കാലം മുതല്‍തന്നെ ഇവിടെ തമ്പടിച്ച ചൈനക്കാരില്‍നിന്ന് മത്സ്യബന്ധനത്തിന്‍െറ കുത്തക പിടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു ഡച്ചുകാര്‍ ഇവിടംതന്നെ താവളമാക്കിയത്.
17ാം നൂറ്റാണ്ടില്‍ ദ്വീപില്‍ ഡച്ചുകാര്‍ നിര്‍മിച്ച കോട്ട
1874ലാണ് ഈ ദ്വീപ് ഡച്ചുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയത്. ഈ കാലഘട്ടത്തിലാണ് ഇന്ത്യയില്‍നിന്ന്, പ്രത്യേകിച്ച് തമിഴ്നാട്ടില്‍നിന്ന് ഇവിടേക്ക് കുടിയേറ്റമുണ്ടായതെന്നാണ് ചരിത്രം. അക്കാലത്ത് കടല്‍ക്കൊള്ളക്കാരുടെയും ഇടത്താവളമായിരുന്നത്രെ പാങ്കോര്‍.
ഈ ചരിത്രമെല്ലാം വിളിച്ചോതുന്ന പലശേഷിപ്പുകളും ദ്വീപിലൂടെയുള്ള യാത്രക്കിടെ കാണാം. ഡച്ച് കോട്ട സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നു. ഈ കോട്ടക്ക് സമീപത്തായി ഒരു ഭീമന്‍ പാറയില്‍ രഹസ്യകോഡില്‍ ഏതാനും ലിഖിതങ്ങള്‍ കാണാം. ഒരു കുഞ്ഞിനെ പിടിച്ചുകൊണ്ടുപോകുന്ന കടുവയുടെ ചിത്രമാണ് അതില്‍ കൊത്തിവെച്ചിരിക്കുന്നത്. ഒപ്പം, If Carlo 1743 എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇതേക്കുറിച്ച് പല കഥകളും ഇവിടത്തുകാര്‍ക്കിടയിലുണ്ട്. അതിലൊന്ന് ഡച്ചുകാര്‍ക്കെതിരായ തദ്ദേശീയരുടെ പോരാട്ടത്തിന്‍േറതാണ്. നാട്ടുകാര്‍ക്കെതിരായ ഡച്ചുകാരുടെ ക്രൂരത അസഹ്യമായപ്പോള്‍ ഭരണാധികാരിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്രെ. ഈ സംഭവം നടന്നത് 1743ലായിരുന്നു. ഈ കഥക്ക് ചരിത്രപരമായ തെളിവുകളൊന്നുമില്ല. എങ്കിലും അധിനിവേശവിരുദ്ധ പോരാട്ടങ്ങളെ അടയാളപ്പെടുത്താന്‍ ഈ ഭീമന്‍ പാറയെയാണ് ആ നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇവിടെയുള്ള പുരാതന തുറമുഖങ്ങളും ഉരു നിര്‍മാണ കേന്ദ്രവുമെല്ലാം ഈ ചരിത്രത്തിന്‍െറ ഭാഗംതന്നെ.
ബൈക്കില്‍ രണ്ട് മണിക്കൂര്‍കൊണ്ട് ദ്വീപ് മുഴുവനായും ചുറ്റിക്കറങ്ങാം. ഒരു തമിഴ് ഗ്രാമത്തിലൂടെയുള്ള യാത്രയാണെന്നേ നമുക്ക് തോന്നൂ. വഴിവക്കില്‍ കണ്ട സ്കൂളിന് തമിഴിലാണ് ബോര്‍ഡ്. അന്വേഷിച്ചപ്പോള്‍ അതൊരു തമിഴ് മീഡിയം സ്കൂളാണ്. മലേഷ്യയില്‍ പല ഗ്രാമങ്ങളിലും ഇത്തരം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളിയില്‍ കയറിയപ്പോള്‍ അവിടെയുള്ള ജീവനക്കാരും തമിഴ് വംശജര്‍. മറ്റൊരു രാജ്യത്താണെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. അത്രയേറെയുണ്ട് ഈ ഗ്രാമത്തിന് ‘ഇന്ത്യന്‍ ടച്ച്.’
പാങ്കോറിലെ സുങ്ഗയ് കെസിലിലെ കാളി അമ്മന്‍ ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു ഇന്ത്യന്‍ കാഴ്ച. മലേഷ്യയിലെ രണ്ട് പ്രധാന കാളിക്ഷേത്രങ്ങളിലൊന്നാണിത്.
സുങ്ഗയ് കെസിലിലെ കാളി അമ്മന്‍ ക്ഷേത്രം
മറ്റൊരു ചൈനീസ് ക്ഷേത്രം കൂടിയുണ്ട് ഇവിടെ-ഫൂ ലിങ് കോങ് ക്ഷേത്രം. ശില്‍പ ഭംഗിതന്നെയാണ് ഈ ക്ഷേത്രത്തിന്‍െറ പ്രധാന ആകര്‍ഷണം. ഒരു കുഞ്ഞു വിമാനത്താവളവും ഇവിടെയുണ്ട് -ബെര്‍ജായ എയര്‍പോര്‍ട്ട്. ആഴ്ചയില്‍ മൂന്ന് ദിവസം ക്വാലാലംപൂരില്‍നിന്ന് ഇവിടേക്ക് വിമാന സര്‍വീസുണ്ട്. ഏകദേശം 35 മിനിറ്റ് കൊണ്ട് ക്വാലാലംപൂരില്‍നിന്ന് ഇവിടെയത്തൊം.
പാങ്കോര്‍ കാടുകളിലൂടെയുള്ള യാത്രയും ഏറെ രസകരമാണ്. അപൂര്‍വയിനം സസ്യ, ജന്തുജാലങ്ങളുടെ കലവറകൂടിയാണ് ഈ കാടുകള്‍. വേഴാമ്പലുകളാണ് ഇവിടത്തെ മറ്റൊരു കാഴ്ച. ആയുസ്സില്‍ ഒരു ഇണ മാത്രമായിരിക്കും വേഴാമ്പലുകള്‍ക്ക്. അതുകൊണ്ടുതന്നെ, പ്രണയത്തിന്‍െറയും റൊമാന്‍സിന്‍െറയുമൊക്കെ പ്രതീകം കൂടിയായി ഈ പക്ഷി ചിത്രീകരിക്കപ്പെടാറുണ്ട്. പാങ്കോറിലെ റിസോര്‍ട്ടുകളില്‍ വേഴാമ്പലിന്‍െറ വിവിധ ചിത്രങ്ങള്‍ കാണാം.
ടൂറിസവും നഗരവത്കരണവുമെല്ലാം ഒരു ദേശത്തെ എങ്ങനെ ബാധിച്ചുവെന്നും ഈ ഗ്രാമത്തില്‍നിന്ന് വായിച്ചെടുക്കാനാകും. നഗരവത്കരണത്തിനും ‘വികസനത്തിനുമായി’ ക്വാലാലംപൂരില്‍നിന്നും മറ്റുമായി കുടിയൊഴിപ്പിക്കപ്പെട്ടവരെ പ്രധാനമായും പുനരധിവസിപ്പിച്ചിരിക്കുന്നത് പാങ്കോറിലാണ്. മലേഷ്യന്‍ സര്‍ക്കാറിന്‍െറ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മാതൃകകൂടിയാണ് ഇത്. പാരമ്പര്യ തൊഴില്‍ വെടിഞ്ഞ് ഇവിടത്തുകാര്‍ ‘ആധുനികത’യിലേക്ക് വഴിമാറി തുടങ്ങിയിരിക്കുന്നു. തദ്ദേശീയരായ മിക്ക തമിഴ് തൊഴിലാളികളും ഇപ്പോള്‍ കൂടുതല്‍ വേതനം ലഭിക്കുന്ന റിസോര്‍ട്ടുകളിലാണ് ജോലി ചെയ്യുന്നത്. 10 വര്‍ഷത്തിനിടെ മലേഷ്യയിലുണ്ടായ മാറ്റത്തിനനുസരിച്ച് ശാന്തഭാവമുള്ള മലാക്ക കടലിടുക്കില്‍ അവരും കാലത്തിനൊത്ത് ഒഴുകുന്നു.
അങ്ങനെ പോരാട്ടവും ജീവിതവും പ്രണയവുമെല്ലാം സംഗമിച്ച അപൂര്‍വദേശമായി പാങ്കോര്‍ മാറുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.