കൊട്ടാര നഗരിയുടെ വഴിയേ
text_fieldsകര്‍ണാടകയിലെ മൈസൂര്‍ നഗരത്തിലൂടെ...
മൈസൂരിന്‍െറ മണ്ണിനും പറയാനുണ്ട് ഒരുപിടി കഥകള്‍. രാജഭരണത്തിന്‍െറ ഗതകാലപ്രതാപങ്ങളുടെ ശേഷിപ്പുകള്‍ കൊട്ടാരങ്ങളുടെ നഗരത്തിന്‍െറ കലയിലും വാസ്തുവിദ്യയിലും നിത്യജീവിതത്തിലും വരെ ഇഴചേര്‍ന്നുകിടക്കുന്നു. വയനാടിന്െറയോരത്തെ മുത്തങ്ങ ഗ്രാമം കടന്നാണ് കര്‍ണാടകയിലേക്ക് പോയത്. വയനാടന്‍ കാറ്റ് ചൂളം കുത്തുന്ന പുലരിയുടെ കുളിരില്‍ മുത്തങ്ങയിലെത്തിയപ്പോള് രാത്രി യാത്രാ നിരോധത്തില്‍ കുടുങ്ങി റോഡരികില്‍ ശയിക്കുന്ന ലോറികളുടെ നീണ്ട നിര കണ്ടു. ചെക്പോസ്റ്റ് കടക്കുമ്പോള്‍ അതിര്‍ത്തിക്കപ്പുറത്ത് വസന്തം വിടര്‍ത്തുന്ന മാന്ത്രികനഗരമായിരുന്നു മനസില്‍. മിഴികളെ മയക്കുന്ന വസന്തമൊരുക്കിവച്ച് സഞ്ചാരികളെ കാത്തിരിക്കാറുള്ള ഗുണ്ടല്‍പേട്ടില്‍ ചെണ്ടുമല്ലിച്ചെടികള്‍ പക്ഷേ, പൂക്കാന്‍ കാലമായില്ളെന്ന് പിണങ്ങിനിന്നു. കണ്ടുമയങ്ങിയവരുടെയും എഴുതി ഭ്രമിപ്പിച്ചവരുടെയും വാക്കുകള്‍ കൊണ്ട് ഉള്ളില്‍ വരച്ചുവച്ച ചിത്രങ്ങളെല്ലാം മായ്ച്ചുകളഞ്ഞ് ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങള്‍ വരണ്ടുനിന്നു. നോക്കത്തൊദൂരം പരന്നുകിടക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന പൂപ്പാടങ്ങളെക്കുറിച്ച് പലവട്ടം മനസില്‍ വരച്ച വര്‍ണങ്ങളുടെ കാന്‍വാസ് ഒറ്റയടിക്ക് ശൂന്യമാക്കി പാടങ്ങള്‍ ഇരുവശത്തും ഒഴിഞ്ഞുനീണ്ടു.
വത്തക്കക്കൂമ്പാരങ്ങളാല് കണ്ണും വയറും നിറച്ച് ഗുണ്ടല്‍പേട്ട് കാലംതെറ്റിയത്തെിയ വഴിയാത്രികരുടെ പരിഭവം തീര്‍ത്തു. വീണ്ടും വരാമെന്ന് ഗുണ്ടല്പേട്ടിനോട് വിടചൊല്ലി ഞങ്ങള്‍ക്കു മുമ്പേ പോയ സഞ്ചാരികളുടെ വഴിയേ യാത്ര തുടര്‍ന്നു. വയനാടിന്‍െറ സ്വപ്ന റെയില്‍പാതയിലൂടെ വാര്‍ത്തകളില്‍ നിറയുന്ന നഞ്ചന്‍കോടും കടന്ന് മൈസൂരിന്‍െറ തിരക്കിലേക്ക് ഞങ്ങളും ഊളിയിട്ടു.
ഒരുപാട് കാഴ്ചകള്‍ കാത്തുവക്കുന്ന സ്വപ്നലോകമാണ് മൈസൂര്‍. രാജഭരണത്തിന്‍െറയും അധിനിവേശത്തിന്‍െറയും ചെറുത്തുനില്‍പിന്‍െറയും പഴമയുണ്ട് മൈസൂരിന്‍െറ കൈക്കുമ്പിള്‍ നിറയെ. മൈസൂരത്തെുമ്പോഴേക്കും പ്രഭാതഭക്ഷണത്തിന് നേരമായിരുന്നു. ഒരു ഇടത്തരം മലയാളിഹോട്ടലില് മസാലദോശയോട് പടവെട്ടിയിറങ്ങിയ ഊര്‍ജവുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ചാമുണ്ഡി കുന്നുകളായിരുന്നു ആദ്യലക്ഷ്യം.
ഹൈന്ദവവിശ്വാസമനുസരിച്ച്, മഹിഷാസുരനെ വധിച്ച് തിന്മയെ അതിജയിച്ച് നന്മയെ വാഴിച്ച ചാമുണ്ഡി മൈസൂരുകാര്‍ക്ക് പ്രിയപ്പെട്ട ദേവിയാണ്. വൊഡയാര്‍ രാജവംശത്തിന്‍െറ പ്രിയദൈവം. കൊത്തുപണികളുള്ള കൂറ്റന്‍ ഗോപുരവുമായി ചാമുണ്ഡി ക്ഷേത്രം തലപൊക്കിനില്ക്കുന്നു. നീണ്ട ക്യൂവില്‍ ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നവരെ ഒരു വശത്ത് കാണാം. ദര്‍ശനത്തിന് നില്‍ക്കാതെ തിരക്കിലൂടെ പടിയിറങ്ങി.
നമ്മുടെ നാട്ടില്‍ ആര്‍ക്കും വേണ്ടാത്ത പപ്പായ പഴുപ്പിച്ച് ഭംഗിയായി മുറിച്ച് പൊള്ളുന്നവിലക്ക് വില്ക്കാന് വച്ചിരിക്കുന്നു. മൈസൂരുകാരുടെ ജീവിക്കാനുള്ള സാമര്‍ഥ്യം അറിഞ്ഞുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ചാമുണ്ഡി കുന്നുകള്‍ക്കു മേലെ നന്ദികേശന്െറ അമ്പലവും കണ്ടു. ക്ഷേത്രവും ക്ഷേത്രത്തിലെ ഗുഹയുമൊക്കെ തിടുക്കത്തിലൊന്നു ചുറ്റിക്കണ്ട് അടുത്ത കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു. പട്ടണത്തിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നായ മഹാബലേശ്വര ക്ഷേത്രവും ചാമുണ്ഡി കുന്നുകളിലാണ്.
ശ്രീ ചാമുണ്ഡേശ്വര സുവോളജിക്കല്‍ ഗാര്ഡന് ലോകത്തിലെ തന്നെ പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. പ്രധാനകവാടത്തില്‍ നിന്ന് കിലോമീറ്ററോളം ദൂരെയാണ് പാര്‍ക്കിങ്. പാര്‍ക്കിങ് സൗജന്യമെന്നും വാഹനങ്ങള്‍ ഉടമകളുടെ ഉത്തരവാദിത്തത്തിലാണെന്നും ഇംഗ്ളീഷിലെഴുതിയ ബോര്‍ഡുകള്‍ക്ക് സമീപം പാര്‍ക്കിങ് ഫീ വാങ്ങുന്ന രണ്ടുപേര്‍. ആകെപ്പാടെയൊരു ‘ഇവിടെ ഇങ്ങനെയാണ് ഭായീ’ ലൈന്‍. വാഹനം പാര്‍ക്ക് ചെയ്ത് കൊടുംവെയിലത്ത് മൃഗശാലയിലത്തെിയത് ഓട്ടോ വിളിച്ച്. (തണുപ്പ് എന്ന വാക്കിനെപ്പോലും ചുട്ടെടുക്കുന്ന ഉഷ്ണമാണ് മൈസൂരിലിപ്പോള്). കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂറോളം നടന്നാലേ മൃഗശാല ചുറ്റിക്കാണാനാകൂ. 240ലേറെ ഏക്കറില്‍ പരന്നുകിടക്കുന്ന മൃഗശാല ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. കടുവ, സിംഹം, പുലി, ആഫ്രിക്കന്‍ ആന, ജിറാഫ്, കാണ്ടാമൃഗം, കംഗാരു, പാണ്ട, ചിമ്പാന്‍സി, ഗൊറില്ല, സീബ്ര, വിവിധതരം പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിങ്ങനെ ഒരുവിധത്തില്‍ കേട്ടുപരിചയമുള്ള ജന്തുജാലങ്ങളെയൊക്കെ കണ്ടു.
പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ മൃഗശാല ചുറ്റിക്കാണാനുള്ള സൗകര്യവുമുണ്ട്. രണ്ടര കിലോമീറ്ററിനടുത്ത് ദൂരം നടന്നുതളര്‍ന്ന് പുറത്തുകടന്നപ്പോഴേക്കും രാവിലത്തെ ഭക്ഷണം തന്ന ഊര്‍ജമൊക്കെ നഷ്ടപ്പെട്ടിരുന്നു.
മുറിയിലത്തെി ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിച്ച് നാലരയോടെയാണ് വൃന്ദാവനിലേക്ക് പോയത്. പൂക്കള്‍ കൊണ്ട് ചെറുപൂക്കാലം തീര്‍ക്കുകയാണ് വൃന്ദാവന്‍. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉദ്യാനങ്ങളിലൊന്നായ വൃന്ദാവനില്‍ സായന്തനങ്ങള്‍ ചിലവഴിക്കാന്‍ പ്രതിദിനമത്തെുന്നത് ആയിരങ്ങളാണ്. എവിടത്തെിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്ന് പറഞ്ഞ പോലെയാണ് വൃന്ദാവനിലെ കാഴ്ചകള്‍.
നഗരഹൃദയത്തിലെ കൊച്ചുസ്വര്‍ഗത്തില്‍ പക്ഷേ നാഗരികതയുടെ ചേരുവകളുമുണ്ട്. ഡാന്‍സിങ് ഫൗണ്ടയ്ന് ആണ് അവിടത്തെ ഹൈലൈറ്റ്. രാത്രിയില്‍ സംഗീതത്തോടൊപ്പം നൃത്തം വക്കുന്ന ജലധാരകള്‍ക്ക് നിറങ്ങള്‍ ചാരുതയേകുന്നു. നഗരത്തിരക്കുകളും ജോലിസമ്മര്ദങ്ങളും ഇറക്കിവച്ച് സായന്തനം നുകരാന്‍ ഒരുപാടാളുകള്‍ എത്തുന്നുണ്ടായിരുന്നു. ചുട്ടെടുത്ത ചോളവും കടലയും ഞങ്ങളുടെ വൃന്ദാവന്‍ സന്ധ്യക്ക് എരിവു പകര്‍ന്നു. നടന്നുതീര്‍ത്ത വഴികളേകിയ തളര്‍ച്ചയുമായി നേരത്തെ മുറിയിലേക്ക് മടങ്ങി.
ഉടനെ ഉറങ്ങി നേരത്തെയുണര്‍ന്ന് കാഴ്ചകളിലേക്ക് മടങ്ങണമെന്ന് പദ്ധതിയിട്ട് മുറിയിലത്തെിയ ഞങ്ങളെ കാത്തിരുന്നത് കേരളത്തില്‍ നിന്നത്തെിയ ഏതോ കോളജ് സംഘത്തിന്‍െറ ‘ക്യാമ്പ് ഫയര്‍’ ആഘോഷങ്ങളായിരുന്നു. ഞങ്ങളുടെ മുറിക്ക് താഴെ അവര്‍ക്കായൊരുക്കിയ നടുമുറ്റത്ത് വിദ്യാര്‍ഥികള്‍ പുലരി വരെ ആടുകയും പാടുകയും ചെയ്തു. അവരുടെ തട്ടുപൊളിപ്പന്‍ പാട്ടുകളുടെ ബഹളത്തില്‍ ഉറക്കത്തിന്‍െറ താളം കണ്ടത്തൊനാകാതെ യാത്രയുടെ ക്ഷീണവും പേറി ഞങ്ങളിരുന്നു.
അതിരാവിലെയെഴുന്നേറ്റ് മൈസൂര്‍ പട്ടണം ചുറ്റി കൊട്ടാരവും കണ്ട് മടക്കം എന്നായിരുന്നു പദ്ധതി. എന്നാല്‍ പട്ടണം തിരക്കിലേക്കുണര്ന്നെണീക്കാനും കൊട്ടാരം കാണാനും ഒന്‍പത് കഴിയണമെന്ന ഹോട്ടലുടമയുടെ ഉപദേശമാണ് ശ്രീരംഗപട്ടണത്തിലേക്ക് വഴിതിരിക്കാന്‍ കാരണമായത്.
മലയാളിയുടെ തിരുവനന്തപുരത്തോട് പലതിലും സാദൃശ്യം പുലര്‍ത്തുന്നുണ്ട് മൈസൂരിന്‍െറ ശ്രീരംഗപട്ടണം. അനന്തപത്മനാഭന്‍െറ നഗരം പത്മനാഭപുരമായതുപോലെ തന്നെയാകാം രംഗനാഥന്‍െറ നഗരം ശ്രീരംഗപട്ടണമായതും. ഈയിടെ മരണപ്പെട്ട തിരുവനന്തപുരം രാജാവും മൈസൂരിലെ വൊഡയാറും ഒരുമിച്ചുള്ള വലിയ കട്ടൗട്ട് നഗരകവാടത്തില്‍ കണ്ടതാണ് അത്തരമൊരു താരതമ്യത്തിലേക്ക് മനസിനെയത്തെിച്ചത്. രംഗനാഥക്ഷേത്രവും രംഗനതിട്ടു പക്ഷിസങ്കേതവും സംഗമസ്ഥാനവും മാത്രമല്ല, പഴയ മൈസൂര്‍ സിംഹത്തിന്‍െറ കല്ലറയും സ്മൃതികളുറങ്ങുന്ന ഈ നാടിന് സ്വന്തം.
ടിപ്പുവിന്‍െറ ഒരു കോട്ടയാണ് ആദ്യം കണ്ടത്. വഴി തിരഞ്ഞുപിടിച്ച് കോട്ടയിലത്തെിയപ്പോഴാണ് രംഗനാഥസ്വാമി ക്ഷേത്രം, സംഗമം, ദരിയ ദൗലത്, ഗുംബസ് എന്നിവയെക്കുറിച്ച് കോട്ടയിലെ സെക്യൂരിറ്റി പറഞ്ഞത്. ചരിത്രത്തെ തന്േറതാക്കിയ സുല്‍ത്താന്‍െറ ശവക്കല്ലറയുള്പ്പെടെ ഞങ്ങളുടെ വഴിയില്‍ അത്രയും അടുത്താണെന്ന് അങ്ങനെയാണറിഞ്ഞത്. രംഗനാഥസ്വാമിക്ഷേത്രത്തില് വലിയ ഗോപുരവും അതിനകത്ത് ശയിക്കുന്ന രംഗനാഥനും പത്മനാഭസ്വാമിക്ഷേത്രത്തെ അനുസ്മരിപ്പിച്ചു.
കാവേരി, കബനി, കാവേരിയുടെ ഒരു പോഷകനദി എന്നിവ കൂടിച്ചേരുന്ന സംഗമസ്ഥാനത്തേക്കാണ് പിന്നീട് പോയത്. ശ്രീരംഗപട്ടണത്തിലൂടെയുള്ള യാത്രയില്‍ പലയിടത്തും കാലത്തിന്‍െറ മാറ്റങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തുന്ന മട്ടില്‍, തകര്‍ന്നിട്ടും ഇടിഞ്ഞുവീഴാതെയും പുനര്നിര്മിക്കപ്പെടാതെയും നിലകൊള്ളുന്ന കോട്ടകളുടെ ഭാഗങ്ങള്‍ കണ്ടു.
ശ്രീരംഗപട്ടണത്തിലെ ഗുംബസില്‍ മൈസൂരിനെ വിറപ്പിച്ച സുല്‍ത്താന്‍ കടുവത്തോലിന്െറ പുതപ്പിന് കീഴില്‍ ഗാഢനിദ്ര കൊള്ളുന്നു.
പിതാവ് ഹൈദരാലിയുടെ ശവകുടീരവും അവിടത്തെന്നെയാണ്. പിതാവിന്‍െറയും മാതാവിന്‍െറയും നടുവില്‍ ശാന്തനായുറങ്ങുന്ന, സമരനായകന്െറ അന്ത്യവിശ്രമസ്ഥലത്തിനു മുന്നില്‍ ചരിത്രം ഘനീഭവിച്ചുകിടക്കുന്ന മൗനത്തില്‍ നിന്നപ്പോള്‍ മനസില്‍ അജ്ഞാതമായ ഏതൊക്കെയോ ചിന്തകള്‍ പെരുമ്പറ കൊട്ടി.
ദരിയ ദൗലത് എന്ന പേരില്‍ മൈസൂര്‍ കടുവയുടെ വേനല്‍ക്കാല വസതിയുമുണ്ട് ശ്രീരംഗപട്ടണത്തില്‍. ദരിയ ദൗലത് ബാഗ് എന്ന മനോഹരമായ പൂന്തോട്ടത്തിന് നടുവിലാണ് കൊട്ടാരം. കൊട്ടാരത്തിലെ ടിപ്പു സുല്‍ത്താന്‍ മ്യൂസിയത്തില്‍ ടിപ്പുവിന്‍െറ ഓര്‍മകളുറങ്ങുന്ന വിവിധ വസ്തുക്കളുടെ ശേഖരമുണ്ട്.
മൈസൂരിലെ ഏറെ പുകള്‍പെറ്റ ഫിലോമിന ചര്‍ച്ചും ഒന്നോടിക്കയറിയിറങ്ങിക്കണ്ടു.
സീസണല്ലാഞ്ഞിട്ടോ അതിരാവിലെയായതുകൊണ്ടോ കാര്യമായ തിരക്കില്ല. നഗരഹൃദയത്തില്‍, ബഹളങ്ങളുടെ നടുവില്‍ പള്ളിയുടെ കൂറ്റന്‍ കെട്ടിടം കാമറയിലൊതുങ്ങാതെ നിന്നു.
പട്ടണം കൂടി ചുറ്റിക്കണ്ട് അവസാനമാണ് വിഖ്യാതമായ മൈസൂര്‍ കൊട്ടാരത്തിലത്തെുന്നത്. താരതമ്യേന തിരക്ക് കുറവായിരുന്നതിനാല്‍ കൊട്ടാരം ചുറ്റിക്കാണല് എളുപ്പം കഴിഞ്ഞു.
കൊട്ടാരത്തിനകത്ത് കണ്ണഞ്ചിക്കുന്ന കാഴ്ചകളുടെ വിസ്മയലോകത്ത് ഭ്രമിച്ചുനില്ക്കുമ്പോള് നമ്മുടെ രാജ്യത്തിന്‍െറ ശില്പകലയെയും വാസ്തുവിദ്യയെയും മനസാ നമിക്കും. അലംകൃതമായ ദര്‍ബാര്‍ ഹാളും സ്വര്ണസിംഹാസനങ്ങളുമുള്പ്പെടെ കൊട്ടാരത്തിലെ രാജഭരണത്തിന്‍െറ പ്രതീകങ്ങളെല്ലാം വര്ണനകള്ക്കതീതമാണ്. കണ്ട കാഴ്ചകളേക്കാള്‍ മനോഹരമാണ് കാണാത്തവയെന്ന തിരിച്ചറിവില്‍ കുറേയേറെ കാഴ്ചകള്‍ ഇനിയുമൊരു യാത്രക്കായി നീക്കിയൊരുക്കിവച്ച് ഞങ്ങള്‍ ചുരമിറങ്ങി.
മൈസൂരിനെ കൂടുതല്‍ സുന്ദരിയാക്കുന്ന, നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന ദസറ ആഘോഷങ്ങളെക്കുറിച്ച് വായിക്കുക

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.