ദൈവങ്ങളുടെ താഴ്വരയിലേക്ക്
text_fields1998ല്‍ ആണ് ചണ്ഡിഗഢിനടുത്തുള്ള മുല്ലാന്‍പൂരിലേക്ക് സ്ഥലം മാറ്റമായി പോകുന്നത്. എയര്‍ഫോഴ്സ് സ്റ്റേഷന്റെ പതിവ് ഔപചാരികതകള്‍ ഇല്ലാത്ത കൊച്ചു യൂനിറ്റ്. വിശാലമായ ഗോതമ്പ്, കടുക് പാടങ്ങള്‍, കാവല്‍ പുരകള്‍. ധനികരും തൊഴിലാളികളും ഇടകലര്‍ന്നു താമസിക്കുന്ന റോപര്‍ ജില്ലയിലെ ഗ്രാമം. എരുമ തൊഴുത്ത് ഇല്ലാത്ത വീടില്ല. മതില്‍ കെട്ടിനകത്ത് വീടിന് തൊട്ടടുത്താണ് തൊഴുത്തുകള്‍. എരുമ ചാണകത്തിന്റെയും വൈക്കോലിന്റെയും ഗന്ധം വീടുകളുടെ അടയാളമായി നിലകൊണ്ടു.
മാരുതി കാറിനു തൊട്ടടുത്ത് ട്രാക്ടറും പാര്‍ക്ക് ചെയ്തിരിക്കും. ഉയരം കൂടിയ കരുത്തരായ ആണുങ്ങളും പെണ്ണുങ്ങളും. പട്ടാളക്കാരോട് പ്രത്യേക സ്നേഹം. ശുദ്ധമായ എരുമ പാല്‍ വാങ്ങാന്‍ എയര്‍ഫോഴ്സ് യൂനിറ്റില്‍ നിന്നും ആളുകള്‍ നടന്നും സൈക്കിളിലും പോയി. പശുവിന്‍ പാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. യൂനിറ്റിനകത്ത് നിറയെ മരങ്ങളുണ്ടായിരുന്നു. മുയലുകളും മയിലുകളും സുലഭം. മയൂരനൃത്തം കാണാന്‍ ചിലപ്പോള്‍ ഭാഗ്യം ലഭിക്കും. യാതൊരു വിധത്തിലുള്ള ഉപദ്രവവും ഇല്ലാത്തതുകൊണ്ട് അവ സൈ്വരവിഹാരം നടത്തി.
നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് വാതില്‍ തുറക്കുന്ന കേന്ദ്രമാണ് പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡിഗഢ്. അതിലുപരി ഒരു കേന്ദ്ര ഭരണ പ്രദേശവും ആണ്. ഷിംല, കസോളി, കുല്ലു, മണാലി എല്ലാം അടുത്താണ്.
ശൈത്യകാലത്തിന്റെ ആരംഭം. ദുര്‍ഗപൂജയുടെ അവധി ദിനങ്ങളില്‍ കുല്ലു മണാലി സന്ദര്‍ശിക്കാന്‍ ഞാനും സുഹൃത്തുക്കളായ പ്രശാന്തും ഓമും തിരുമാനിച്ചു. രണ്ടുപേരും ബിഹാര്‍ സ്വദേശികളാണ്. ആഴ്ചയറുതിയില്‍ കുല്ലു-മണാലി ബൈക്ക് യാത്ര പദ്ധതിയിട്ടു. പ്രശാന്ത് പുതിയ ഹീറോ ഹോണ്ടയും ഓം ബജാജും വാങ്ങിയിട്ടുണ്ട്. എന്റെ യമഹ കൂടെയുണ്ട്. 275 കിലോമീറ്ററാണ് മണാലിക്ക്. കുല്ലു അതേ വഴിയിലാണ്. അനുയോജ്യമായ കാലാവസ്ഥയായിരുന്നു. തണുപ്പ് കൂടിയാല്‍ യാത്ര ദുഷ്കരം. ചെങ്കുത്തായ കയറ്റവും ഹെയര്‍പിന്‍ വളവുകളുമാണ്. ഒരു ബൈക്കില്‍ ഒരാള്‍ പോകുന്നതാണ് അഭികാമ്യം.
നാല് ദിവസമായിരുന്നു അവധി. അവധിയുടെ ആദ്യ ദിനം, ഞങ്ങള്‍ മൂന്നുപേരും രാവിലെ യാത്രക്ക് തയാറായി. അവശ്യ സാധങ്ങളുടെ ബാഗ് പിറകില്‍ വെച്ചുകെട്ടി. അവിടെ തണുപ്പ് കാണുമെന്നുള്ളത് കൊണ്ട് സ്വെറും ജാക്കറ്റും കരുതി. റോപര്‍ വഴി നാഷണല്‍ ഹൈവേ വഴിയാണ് റൂട്ട്. പഞ്ചാബിലെ ബിലാസ്പുരില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞു പോണം. പിന്നെ ഹിമാചല്‍പ്രദേശ് തുടങ്ങുകയായി. മലകളുടെ നീണ്ട നിര. കേരളത്തിലെ മലയോര മേഖയിലെ റോഡുകള്‍ പോലെ. ബിലാസ്പൂരില്‍ വെച്ച് പെട്രോള്‍ അടിച്ചു. ടു സ്ട്രോക്കല്ലേ, പെട്രോള്‍ കുടിക്കുന്നു. ഓമിനും പ്രശാന്തിനും നല്ല മൈലേജുള്ള വണ്ടികളാണ്.
രൊഹ്തങ്ങ് പാസ്
ഹിമാചലിലേക്ക് തിരിഞ്ഞതോടെ ആകെ തണലും തണുപ്പും. റോഡിലേക്ക് കൈ ഉയര്‍ത്തിയ പൈന്‍ മരങ്ങള്‍. വളവുകളും തുടങ്ങി. എന്റെ വണ്ടി നിന്ന് പോകുമെന്ന അവസ്ഥയിലത്തെി. ഒന്ന് രണ്ട് പ്രാവശ്യം നിര്‍ത്തി. വീണ്ടും ഓടിച്ചു, എന്നിട്ടും അതെ അവസ്ഥ. വഴിയിലെ ഒരു സാധാരണ ഗാരേജില്‍ കാണിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. വഴിയില്‍ വെച്ച് ഉച്ച ഭക്ഷണം കഴിച്ചു. ബിലാസ്പുരിലെ പെട്രോള്‍ ആയിരിക്കും ബൈക്കിന്റെ പ്രശ്നകാരണം എന്ന നിഗമനത്തിലത്തെി. പെട്രോളിലെ കരട് കളയണമെങ്കില്‍ ടാങ്ക് മുഴുവന്‍ ഊറ്റി കളയണം. ഏതായാലും കുല്ലു വരെ ഇങ്ങനെ തന്നെ നീങ്ങാം. നല്ലൊരു ഗാരേജ് കാണാതെ എന്ത് ചെയ്യും.
സായാഹ്ന സമയം. തണുപ്പ് കൂടി വന്നു. വലതു വശത്ത് ബിയാസ് നദി ഒഴുകുന്നു. കുഞ്ഞോളങ്ങള്‍, നിര്‍മല ജലം. ഇടതു വശത്ത് മലകള്‍. ഞങ്ങള്‍ പലയിടത്തും നിര്‍ത്തി ഫോട്ടോയെടുത്തു. കുല്ലു എത്താന്‍ ഒരു കിലോമീറ്റര്‍ എന്ന് നാഴിക കല്ല് വഴി കാണിച്ചു. കുല്ലുവില്‍ നിര്‍ത്തി. അവിടെ ദാസറയുടെ വില്പന മേള നടക്കുകയാണ്. തുണിത്തരങ്ങളും കരകൗശല വസ്തുക്കളും നിരത്തിയിരിക്കുന്ന കടകളാണ് അധികവും. മലമുകളില്‍ വിളക്കുകള്‍ തെളിഞ്ഞു. സമയം ആറര. മണാലിക്ക് 23 കിലോമീറ്ററുണ്ട്. ഇവിടെ പരിചിതമല്ലാത്ത വഴികളിലൂടെ രാത്രി സഞ്ചാരം നന്നല്ല. വണ്ടി ശരിയല്ലാത്തത് കൊണ്ടുള്ള ആത്മവിശ്വാസകുറവും എന്നെ ബാധിച്ചു. തങ്ങാന്‍ ഹോട്ടലോ വീടോ തേടി ഞങ്ങള്‍ മുമ്പോട്ട് പോയി. ഒടുവില്‍ ഒരു വില്ല കണ്ടത്തെി. വലിയ വാടകയും കൊടുക്കേണ്ടി വന്നില്ല. കുല്ലുവിനും മണാലിക്കുമിടയില്‍ ഒരു രാത്രി. താഴ്വര നിശബ്ദം.
രാവിലെ ആദ്യം പോയത് അടുത്തുള്ള ഗാരേജിലെക്കാണ്. മൂന്നു നാലു ലിറ്റര്‍ പെട്രോള്‍ ഊറ്റി കളഞ്ഞു. ബിലാസ്പൂര്‍ പമ്പിനെ ശപിച്ചു, മൊത്തം കരടാണ്. മറ്റൊരു പമ്പ് വരെ ഓടിക്കാനുള്ള പെട്രോള്‍ ആ കടക്കരാന്‍ തന്നു. പിന്നെ നിര്‍ത്തിയത് മണാലിയിലാണ്. ഹോട്ടലില്‍ മുറിയെടുത്തു, സന്ദര്‍ശകരുടെ പറുദീസയായ മണാലിയിലെ കാഴ്ചകള്‍ കാണാന്‍ തയാറായി.
മനുസ്മൃതിയുടെ കര്‍ത്താവായ മനുവിന്റെ ആലയമാണ് മണാലി എന്ന് അറിയപെടുന്നത്. ദൈവങ്ങളുടെ താഴ്വര എന്നും പറയുന്നു. അസഖ്യം ക്ഷേത്രങ്ങള്‍. സുഭഗമായ കാലാവസ്ഥ. ചൂടുള്ള നീരുറവകള്‍. ആപ്പിള്‍ മരങ്ങള്‍ സമൃദ്ധമായി വളരുന്നു. ആപ്പിള്‍ മരങ്ങള്‍ക്ക് അനുയോജ്യമാണ് ഹിമാചലിലെ മണ്ണ് എന്ന് തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരാണ്. വേട്ടക്കാരും ഇടയന്മാരും ആയിരുന്നു പൂര്‍വികര്‍. സ്വദേശികളെ കണ്ടാല്‍ നേപ്പാളികളെ പോലെ തോന്നും.
ശൈത്യത്തിലും നഗരം ഉണര്‍ന്നിരിക്കുകയാണ്. ചുവപ്പണിഞ്ഞ ബുദ്ധ സന്യാസികളെ കണ്ടു. ബൗദ്ധ മഠങ്ങളും ഇവിടെ ധാരളമുണ്ട്.
ആദ്യം പോയത് ഹിഡുംബി ക്ഷേത്രത്തിലാണ്. മഹാഭാരതത്തിലെ രണ്ടാമൂഴക്കാരനായ ഭീമ പത്നി ഹിഡുംബി ദേവി. ഘടോല്‍കചന്റെ മാതാവ്. പാണ്ഡവരുടെ വനവാസ സമയത്ത് ഭീമന്‍ ഇവിടെയത്തെി തന്നെ എതിര്‍ത്ത ഹിഡുംബന്‍ എന്ന രാക്ഷസനോട് ഏറ്റുമുട്ടി. ഹിഡുംബന്‍ കൊല്ലപ്പെടുകയും സഹോദരി ഹിഡുംബി ഭീമ പത്നിയാവുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിലാണ് കല്ലും തടിയും ചേര്‍ത്ത് ക്ഷേത്രം പണി കഴിപ്പിച്ചത്. കല്ലില്‍ തീര്‍ത്ത ഹിഡുംബി ദേവിയുടെ വിഗ്രഹം. നിര്‍മിതിയിലെ സവിഷേത. ഇന്ത്യയില്‍ ഇങ്ങനെ ഒരു ക്ഷേത്രം ഇതുമാത്രം. കാനന മധ്യത്തിലാണ് ക്ഷേത്രം.
സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തിലേറെ മീറ്റര്‍ ഉയരത്തിലുള്ള രൊഹ്തങ്ങ് പാസ്. മഞ്ഞു കാല വിനോദങ്ങള്‍ക്ക് പ്രസിദ്ധം. ബിയാസ് നദിയില്‍ മഞ്ഞ് പൂര്‍ണമായും ഉരുകി തീര്‍ന്നിട്ടില്ല. ബിയാസ് നദിയില്‍ ജല സാഹസിക യാത്രകള്‍ക്കും സൗകര്യമുണ്ട്. മലകളില്‍ വെള്ളിനക്ഷത്രങ്ങളെ പോലെ മഞ്ഞു കണങ്ങള്‍, പൈന്‍ മരങ്ങളിലെ ഇലകളില്‍ തുഷാര ബിന്ദുക്കള്‍. മണാലി ദൈവങ്ങളുടെ താഴ്വര തന്നെ.
ഉച്ച കഴിഞ്ഞ് ഞങ്ങള്‍ പോയത് വസിഷ്ഠ ക്ഷേത്രത്തിലേക്കാണ്. ചൂടുള്ള നീരുറവകള്‍ പൊങ്ങി വരുന്നതാണ് ഇവിടത്തെ പ്രത്യേകത. തിളച്ച വെള്ളം സ്വയംഭൂവായി വരുന്ന കാഴ്ച്ച അവിശ്വസതയോടെ ഞങ്ങള്‍ നോക്കി നിന്നു. ഈ ജലം ചിലര്‍ പാത്രങ്ങളില്‍ നിറക്കുന്നുണ്ടായിരുന്നു.
സന്ധ്യ. ആപ്പിള്‍ വില്‍ക്കുന്ന വഴിവാണിഭക്കാര്‍. മണാലിയുടെ ഹൃദയ ഭാഗത്തെ കച്ചവടശാലകളില്‍ ഞങ്ങള്‍ കയറിയിറങ്ങി. എല്ലാത്തിനും വില കൂടുതലാണ്, ഹിമാചലിന്റെ അടയാളമായ പലവര്‍ണങ്ങളില്‍ ചിത്രപ്പണി ചെയ്ത മഞ്ഞ് തൊപ്പി ഓം വാങ്ങി. ഹോട്ടല്‍ മുറിയിലേക്ക് മടങ്ങി. ദീപങ്ങളില്‍ കുളിച്ച മണാലി നഗരത്തെ വരാന്തയില്‍ ഇരുന്നു കണ്ടു. ഷിംലയിലെപ്പോലെ കെട്ടിടങ്ങങ്ങള്‍ അന്ന് മണാലിയെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയിട്ടില്ലായിരുന്നു. പരമ്പരാഗത രീതിയില്‍ പണി കഴിപ്പിച്ച ചില കെട്ടിടങ്ങള്‍ ഒറ്റപെട്ട് നില്‍ക്കുന്നു.
ലേഖകനും സുഹൃത്തുക്കളും യാത്രക്കിടയില്‍
രാവിലെ മടക്കയാത്ര തുടങ്ങി ഉച്ചകഴിഞ്ഞപ്പോഴേക്കും ഹിമചലിനോട് വിട പറഞ്ഞു. ബൈക്കിലായത് കൊണ്ട് വഴിയോര കാഴ്ചകള്‍ നന്നായി ആസ്വദിക്കാനായി. താഴ്വരയും നദിയുമായുള്ള അഭേദ്യ ബന്ധം, വളഞ്ഞു പുളയുന്ന റോഡില്‍ ട്രക്കുകളുടെ ആധിക്യം. സാഹസികം തന്നെ ഈ യാത്ര . പഞ്ചാബ് കഴിഞ്ഞപ്പോള്‍ എന്റെ ബൈക്ക് വീണ്ടും പഴയ രോഗലക്ഷണങ്ങള്‍ കാണിച്ചു . എന്നാല്‍ ഇപ്രാവശ്യം പ്രശാന്ത് അവന്റെ ബൈക്ക് എനിക്ക് തന്നു. രോഗിയായ യമഹയെ മെരുക്കി ഓടിച്ചോളാം എന്ന് സ്വമേധയാ എറ്റു .
ഇരുട്ടുന്നതിനു മുമ്പ് മുല്ലാന്‍പൂരിന്റെ പടി വാതില്‍ക്കല്‍. ദീര്‍ഘയാത്ര കഴിഞ്ഞ് വീടിന്റെ ഉമ്മറപ്പടി കാണുന്ന സുഖം... മുല്ലാന്‍പൂരിന്റെയും ചണ്ഡിഗഢിന്റെയും കഥകള്‍ പറഞ്ഞാല്‍ തീരില്ല...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.