ഇസ്തംബൂള്‍ നഗരത്തിലൂടെ
text_fieldsജര്‍മനിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ ഇസ്തംബൂള്‍ ഇറങ്ങിക്കാണണം എന്ന പദ്ധതിയിട്ടുകൊണ്ടിരുന്നപ്പോള്‍ മനസ്സിലുണ്ടായിരുന്നത് സ്‌കൂളില്‍ പഠിച്ച സാമൂഹ്യപാഠപുസ്തകത്തിലെ ഒരുവരി മാത്രമാണ്. 1453ല്‍ തുര്‍ക്കികള്‍ കോസ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കി എന്നത്. പിന്നെ മനോഹരമായ പള്ളികളുടെ ചിത്രങ്ങളും ടര്‍ക്കിടവല്‍ എന്ന പ്രയോഗവും!
ഞാന്‍ ഗവേഷണാര്‍ത്ഥം താമസിച്ചിരുന്ന ഫ്രൈബുര്‍ഗ് എന്ന തെക്കന്‍ ജര്‍മനി പ്രദേശത്തുനിന്നും പാരീസിലേക്ക് ഏകദേശം നാലു മണിക്കൂര്‍ ട്രെയിന്‍ യാത്രമതി. എന്നാല്‍ പാരീസില്‍ നിന്നും വിമാനം കയറാമെന്നു തീരുമാനിച്ചത് പാരീസില്‍ക്കൂടി ചുറ്റിക്കറങ്ങാനുള്ള മോഹത്തിലായിരുന്നു. പാരീസില്‍ നിന്നും ഇസ്തംബൂളിലേക്കുള്ള സിംപ്ലണ്‍ ചുരത്തിലൂടെയുള്ള ട്രെയിനിനെപ്പറ്റി എസ്.കെ. പൊറ്റക്കാട് എഴുതിയത് ('യൂറോപ്പിലൂടെ' എന്ന പുസ്തകം) ഓര്‍ത്തപ്പോഴും വിമാനയാത്രയാണെങ്കിലും പാരീസില്‍ നിന്ന് പുറപ്പെടുന്നതിനുള്ള മോഹം തോന്നി. ആല്‍പ്‌സ് പര്‍വ്വതത്തിലെ സിംപ്ലണ്‍ ചുരത്തിലൂടെയുള്ള ട്രെയിന്‍ കുറച്ചുവര്‍ഷം മുന്‍പ് ഇസ്തംബൂളിലേക്കുള്ള ട്രിപ്പ് നിര്‍ത്തി എന്നറിഞ്ഞുവെങ്കിലും ചുരത്തിലൂടെയുള്ള ദീര്‍ഘയാത്രയെപ്പറ്റി ചിന്തിച്ചു വലയാതിരിക്കാന്‍ എനിക്കായില്ല. ഇരുന്നൂറോളം കിലോമീറ്റര്‍ ചുരവും സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസേന്‍ വഴി ഇറ്റലിയിലെ മിലാനും വെനീസും പിന്നിട്ട് സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡും ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയും കടന്ന് ഇസ്തംാബൂളിലെത്തുന്ന യാത്ര! ദുര്‍ഘടം പിടിച്ചതാണെങ്കിലും ആസ്വാദ്യകരമാകുമായിരുന്നു.
ഫൈബുര്‍ഗില്‍ നിന്ന് ഒരു മണിക്കൂര്‍ വടക്കോട്ടു യാത്രചെയ്ത് കാള്‍സ്‌റൂഹില്‍ ഇറങ്ങിയാല്‍ ഫ്രഞ്ച് ട്രെയിനായ TGVയില്‍ കയറാം. സ്ട്രാസ്‌ബൊര്‍ഗ് വഴി പാരീസിലേക്ക് ഏകദേശം മൂന്നു മണിക്കൂറില്‍ എത്തുവാനുള്ള ഫാസ്റ്റ് ട്രെയിനാണ് TGV. പാരീസിലെ രണ്ടു നാളത്തെ ചുറ്റിക്കറങ്ങലിനുശേഷം ഇസ്തംബൂളിലേക്കുള്ള യാത്ര സ്ലൊവേനിയ വഴിയാണ്. സ്ലൊവേനിയയുടെ തലസ്ഥാനമായ ല്‍ജൂബ്ലിയാന (Ljbliana) എന്ന സ്ഥലത്ത് വിമാനം മാറിക്കയറണം. വിമാനം മാറിക്കയറുന്നതിനിടെ പത്തുമണിക്കൂര്‍ സമയമുണ്ടായിരുന്നതിനാല്‍ ല്‍ജൂബ്ലിയാന എന്ന ചെറിയ പട്ടണവും ചുറ്റിക്കറങ്ങി. സ്ലൊവേനിയയുടെ എയര്‍ലൈന്‍സന്‍സായ ആഡ്രിയ (Adriya) യുടെ കൊച്ചുവിമാനത്തിലാണ് ഞാന്‍ യാത്ര ചെയ്തത്. മുപ്പത്താറു വരികളില്‍ ഓരോന്നിലും ഇരുവശത്തുമായി മുമ്മൂന്നു സീറ്റുകള്‍ മാത്രമുള്ള വിമാനം. പാരീസില്‍ നിന്നും ല്‍ജൂബ്ലിയാനയിലേക്കും ഇതുപോലൊരു കൊച്ചുവിമാനത്തിലാണ് അഡ്രിയ എയര്‍ലൈന്‍സ് വഴി എത്തിയത്. പാരീസില്‍ നിന്ന് ല്‍ജൂബ്ലിയാനയിലേക്ക് ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂറും അവിടെനിന്ന് ഇസ്താംബൂളിലേക്ക് ഏകദേശം മൂന്നു മണിക്കുറുമാണ് യാത്രാസമയം. ദിവസങ്ങള്‍ എടുത്തേക്കാവുന്ന സിംപ്ലണ്‍ ചുരത്തിലൂടെയുള്ള ട്രെയിന്‍ യാത്രക്ക് പകരം അഞ്ചുമണിക്കൂര്‍ മാത്രമെടുക്കുന്ന വിമാനയാത്ര!
വസന്തകാലത്തെ ഇളം തണുപ്പുള്ള ഒരു പുലര്‍ച്ചക്ക് മൂന്നുമണിയോടെയാണ് ഞാന്‍ ഇസ്താംബുളില്‍ എത്തിച്ചേര്‍ന്നത്. അനന്തമായി പരന്നു കിടക്കു വെളിച്ചത്തുട്ടുകള്‍ വിമാനം നിലത്തിറങ്ങാറാവുമ്പോള്‍ മുതല്‍ കാണാമായിരുന്നു. പട്ടണത്തിന്റെ വിശാലത അപ്പോള്‍ത്തന്നെ മനസ്സിലായി. താമസിക്കാനായി ഞാന്‍ ബുക്ക് ചെയ്തിട്ടുള്ള സ്ഥലം പട്ടണത്തിലെ ഓള്‍ഡ് ടൗണ്‍ എന്ന കേന്ദ്ര പ്രദേശത്തായതിനാല്‍ ടാക്‌സിക്കാര്‍ക്ക് അറിയാന്‍ ബുദ്ധിമുട്ടില്ല എന്ന് ബുക്കിങ്ങ് സമയത്ത് ഇ-മെയിലില്‍ അറിയിച്ചിരുന്നു. ഇരുപത് യൂറോ വന്നേക്കാവുന്ന അന്‍പത് ടര്‍ക്കിഷ് ലിറ (Lira) കൊടുത്താല്‍ മതിയാകുമെന്നും അറിഞ്ഞിരുന്നു. ഇസ്താംബുളില്‍ താമസിക്കുന്ന തുര്‍ക്കിക്കാരിയായ ബിനുര്‍ അലോഗ്ലു എന്ന സുഹൃത്ത് രാവിലെ എന്നെ അവളുടെ വീട്ടിലേക്ക് കൂട്ടാമെന്ന് അറിയിച്ചതിനാല്‍ ആ രാത്രിയിലേക്കു മാത്രമായി ബുക്കിങ്ങ് വെട്ടിക്കുറച്ചിരുന്നു. പെട്ടെന്ന് കിടന്നുറങ്ങാന്‍ വേണ്ടി ടാക്‌സിയെടുത്ത് ഹോട്ടലിലേക്ക് പോകാന്‍ തീരുമാനിച്ചു. യൂറോപ്പില്‍ നിന്നും ഏഷ്യയിലെത്തിയതിന്റെ വ്യത്യാസം മനുഷ്യരില്‍ കാണുവാന്‍ തുടങ്ങിയത് ഉറക്കച്ചടവിലും ഞാന്‍ ശ്രദ്ധിച്ചു. രണ്ടു വലിയ പെട്ടികളും പുറത്തിടുന്ന വലിയ ബാക്ക്പാക്കും കൊണ്ട് അസമയത്ത് ഒറ്റക്ക് വരുന്ന യാത്രക്കാരിയെ ഒന്നു പിഴിയാമെുതന്നെ കരുതിയാകണം ടാക്‌സി എര്‍പ്പെടുത്താന്‍ നില്‍ക്കുന്നവര്‍ നൂറ്റിരുപതു ലിറ ചോദിച്ചത്. അതുപറ്റില്ല അന്‍പതു ലിറയേ വരൂ എന്ന് അറിയിപ്പുകിട്ടിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഒരു ഉപായം കണ്ടുപിടിച്ചു. റഷ്യക്കാരായ രണ്ടു സ്ത്രീകള്‍ അപ്പുറത്ത് ഇംഗ്ലീഷറിയാതെ ടാക്‌സിക്കുവേണ്ടി നില്‍ക്കുന്നുണ്ടായിരുന്നു. ഒരേ വഴിക്കായതിനാല്‍ അവരെയും കൂട്ടാം എന്ന് പറഞ്ഞ് അറുപതു ലിറക്ക് യാത്രയുറപ്പിച്ചു. ഇരുപത്തഞ്ചു യൂറോ കൊടുത്തുകൊണ്ട് ഞാന്‍ ശരിവെച്ചു. സുഖമായി ഹോട്ടലിലെത്തി. അവിടെയും അസമയത്തു വരുന്നവര്‍ക്കായി കാത്തുനിന്ന റിസപ്ഷനിസ്റ്റുകളായ പയ്യന്‍മാര്‍ തമാശക്കാരെപ്പോലെ തോന്നിയെങ്കിലും, സഹായമനസ്‌ക്കരായിരുന്നു. എന്റെ പെട്ടികള്‍ എടുത്തു റൂമില്‍ വെയ്ക്കാന്‍ അവര്‍ സഹായിച്ചു. യുറോപ്പില്‍ പൊതുവെ ഇല്ലാത്ത രീതിയാണ് ഇത്തരം സഹായങ്ങള്‍. ഉറങ്ങാന്‍കിടന്നപ്പോള്‍ ഏതോ മനോഹരഗാനം ആലപിക്കാന്‍ തുടങ്ങുന്നതുപോലെ ഏതോ പള്ളിയില്‍ നിന്നുള്ള ബാങ്കുവിളികേട്ടു.
ബിനുര്‍ എന്നെക്കൂട്ടാന്‍ ഉച്ചക്ക് പന്ത്രണ്ടുമണിയോടെ എത്താമെന്നു പറഞ്ഞിരുന്നതിനാലും പന്ത്രണ്ടുമണിയാണ് ചെക്കിങ്ങ്ഔട്ട് സമയം എന്നതിനാലും പതിനൊന്നരക്ക് അലാറം വെച്ചാണ് ഞാന്‍ ഉറങ്ങിയത്. പ്രാദേശിക സമയമാറ്റം അട്ടാടര്‍ക്ക് (Ataturk) എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ മൊബൈലില്‍ മാറ്റിയിരുന്നു. പക്ഷേ, റൂം ക്ലീനിങ്ങിന് ആള്‍ വന്ന് വിളിച്ചപ്പോഴാണ് ഞാനെണീറ്റത്. താഴെ ലോഞ്ചില്‍ ബിനുര്‍ കാത്തിരിക്കുകയായിരുന്നു. തലസ്ഥാന നഗരിയായ അങ്കാരയില്‍ (Ankara) ജനിച്ചുവളര്‍ന്ന ബിനുര്‍ ഇസ്തംബൂളില്‍ ജോലിയായി ജീവിക്കുന്നു. അവള്‍ എം.ജി. യൂണിവേഴ്‌സിറ്റിയില്‍ എം.ഫില്‍ പഠിക്കാന്‍ 2005-2006ല്‍ 'സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ടില്‍ ചേര്‍ന്ന് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ താമസിച്ചിരുന്നു. അവിടെ വെച്ചുള്ള പരിചയം നിലനില്‍ക്കുന്നു സൗഹൃദമായി. അവള്‍ എന്നെ ആവേശത്തോടെ സ്വീകരിച്ചു. സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണവള്‍. ഞങ്ങള്‍ക്ക് കുറേ സംസാരിക്കാനുമുണ്ടായിരുന്നു. അവളുടെ കൂട്ട് ഇസ്തംബൂള്‍ യാത്ര എളുപ്പമാക്കി. ഭൂപടം നോക്കി വഴി കണ്ടുപിടിക്കുന്നതിന്റെയും മറ്റും സമയവും ഊര്‍ജ്ജവുംം സ്ഥലങ്ങളെപ്പറ്റി ചിന്തിക്കാനും ആസ്വദിക്കാനും ഉപയോഗപ്പെടുത്താനായി.
സാംസ്‌ക്കാരികമായും ഭൂമിശാസ്ത്രപരമായും പറഞ്ഞാല്‍ ഇസ്തംബൂള്‍ പട്ടണത്തിന് അതിന്റെ ഏഷ്യന്‍ വശവും യൂറോപ്യന്‍ വശവുമുണ്ട്. ഈ രണ്ടു ഭാഗങ്ങളും ഒരു കടലിടുക്കിനാല്‍ (Bosphorus) വിഭജിക്കപ്പെട്ടു കിടക്കുന്നു. കരിങ്കടലിനെയും (Black Sea) മര്‍മാര കടലിനെയും (Sea of Marmara) ബന്ധിപ്പിക്കുതാണീ കടലിടുക്ക്. മര്‍മാര കടല്‍ എയ്ജിയയന്‍ കടലും (Aegean Sea) അതുവഴി മെഡിറ്റനേറിയന്‍ കടലുമായി ബന്ധിച്ചു കിടക്കുന്ന കടല്‍ ഭാഗമാണ്. മുന്‍പ് ഹെല്ലെസ്‌പോന്റ് (Hellespont) എന്നും പിന്നീട് ഡാര്‍ഡനല്ലസ് (Dardanelles) എന്നും അറിയപ്പെടുന്ന കടലിടുക്കാണ് മര്‍മാര കടലിനെ എയ്ജിയന്‍ കടലുമായി ബന്ധിക്കുന്നത്. ഇതും ടര്‍ക്കിയിലെ ഒരു പ്രധാന കടലിടുക്കാണ്. എന്നാല്‍ ബോസ്ഫറസ് കടലിടുക്കിന്റെ പ്രത്യേകത അത് ജനനിബിഡമായ ഇസ്തംബൂള്‍ പട്ടണത്തെ വന്‍കരാ വിഭജനങ്ങള്‍ക്കതീതമായ (transcontinental) ഒന്നാക്കി മാറ്റുന്നു എന്നതാണ്.
ക്രിസ്തുവിനും അഞ്ഞൂറോളം വര്‍ഷം മുമ്പ് തന്നെ ചരിത്രപ്രധാനമായ പട്ടണമായിരുന്നു ഇസ്തംബൂള്‍. എ.ഡി. പതിനഞ്ചാം നൂറ്റാണ്ടില്‍ തുര്‍ക്കികള്‍ പിടിച്ചെടുക്കുന്നതുവരെ പല യൂറോപ്യന്‍ സാമ്രാജ്യങ്ങളുടെയും കേന്ദ്രമായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയിരുന്ന ഇസ്തംബൂള്‍. റോമന്‍, ലാറ്റിന്‍, ബൈസാന്റര്‍ തുടങ്ങിയ സാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്നു. എ.ഡി. നാലാം നൂറ്റാണ്ടിലാണ് കോണ്‍സ്റ്റാന്റെന്‍ എന്ന റോമന്‍ ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിന്റെ പൗരസ്ത്യ തലസ്ഥാനമായി ഈ പ്രദേശം വികസിപ്പിച്ചെടുത്തത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതയായിരുന്നു ഒരു കാരണം. പതിനഞ്ചാം നൂറ്റാണ്ടില്‍ ഒാേട്ടാമാന്‍ സാമ്രാജ്യം ഈ പട്ടണം പിടിച്ചടക്കിയതോടെ ക്രിസ്തീയ ദേവാലയങ്ങള്‍ മുസ്ലീം പള്ളികളായി മാറി. അതില്‍ പ്രസിദ്ധമായതാണ് 'ഹാജിയ സോഫിയ' എന്ന കെട്ടിടം. തച്ചുശാസ്ത്രം ശ്രദ്ധിച്ചാല്‍ പിന്നീടു പണിത പുതിയ പള്ളിയും (new mosque 'Yeni Camii' in Turkish) ബ്ലൂ മോസ്‌കും (Blue Mosque, Sultanahmet Camii) ഹാജിയ സോഫിയയുടേതുമായി സാമ്യപ്പെടുത്താന്‍ കഴിയും. ഓട്ടോമാന്‍ സാമ്രാജ്യത്തിനു ശഷം ഇസ്താന്‍ബുള്‍ എന്ന പേര് ഉപയോഗിക്കുവാന്‍ തുടങ്ങിയെങ്കിലും കോസ്റ്റാന്റിനോപ്പിള്‍ എന്ന പേര് പിന്നെയും നിലനിന്നിരുന്നുവത്രെ.
ടര്‍ക്കിഷ് ഭാഷയില്‍ ഇസ്തംബൂള്‍ എന്നാല്‍ 'സിറ്റി ഓഫ് ഇസ്ലാം' എന്നും 'ഫുള്‍ ഓഫ് ഇസ്ലാം' എന്നുമാണ് അര്‍ത്ഥം. 1935 മുതല്‍ 'ഹാജിയ സോഫിയ' പള്ളി ഒരു മ്യൂസിയമായി തുറന്നുവെച്ചിരിക്കുകയാണ്. മതേതര സ്ഥാനമായി മാറിയ ഹാജിയ സോഫിയ ക്രിസ്തീയ ദേവാലയമായും മുസ്ലീം ദേവാലയമായും വിവിധ കാലയളവില്‍ നിലനിന്നിരുന്നു. വിശാലമായ ദീപശൃംഖലകള്‍ (വിളക്കുപോലെ) തൂക്കിയിട്ടിരിക്കുന്ന അകത്തളം. ഇസ്തംബൂളിന്റെ ചരിത്രം വിവരിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനവും വീഡിയോ പ്രദര്‍ശനവും ഒരു വശത്തുള്ള നീണ്ട മുറിയില്‍. മറുവശത്തുള്ള വിശാലമായ പള്ളിമേടക്കകത്തു പ്രവേശിക്കാന്‍, കയറിച്ചെല്ലുന്ന ഇടനാഴിയില്‍ നിന്ന് പത്തോളം വലിയ വാതിലുകള്‍. ബൈസാന്റെന്‍ ആര്‍ക്കിടെക്ചറാണ് ഈ ഭദ്രാസനപ്പള്ളിയുടെത്. ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഹാജിയ സോഫിയക്ക് 270 അടി നീളവും 180 അടി ഉയരവും 240 അടി വിസ്താരവും ഉണ്ട്. അടിസ്ഥാനപരമായി നോക്കിയാല്‍ പരിശുദ്ധ ബുദ്ധി (Holy Wisdom) എന്നര്‍ത്ഥം വരുന്ന 'ഹാജിയ സോഫിയ' ഗ്രീക്ക് ഭാഷയിലെ പദമാണ്.
ഹാജിയ സോഫിയയുടെ മുമ്പിലെ ചെറിയ പാര്‍ക്ക് കടന്ന് റോഡും മുറിച്ചു കടന്നാല്‍ ഏകദേശം ഒരേ ആകൃതി തോന്നിക്കുന്ന ബ്ലൂ മോസ്‌ക്ക് എത്തും. സുല്‍ത്താന്‍ അഹ്മദ് ചാമി എന്നറിയപ്പെടുന്ന ഈ പള്ളിയും മനോഹരമായ കലാ ചാതുരി കാണിച്ചു തരുന്നു. ഇത് ഇവിടുത്തെ പ്രധാന ആരാധനാലയവുമാണ്. അഹ്മദ് ഓമന്‍ എന്ന ഓട്ടോമന്‍ ഭരണാധികാരിയുടെ കാലത്ത് പണി തീര്‍ത്ത ഈ പള്ളിയില്‍ പതിനായിരത്തോളം പേര്‍ക്ക് നമസ്‌ക്കാരം നടത്താനുള്ള സ്ഥലസൗകര്യമുണ്ട്. നീലക്കളര്‍ ടൈല്‍സും പരവതാനികളുമാണ് ബ്ലൂ മോസ്‌ക്ക് എന്ന പേരു നല്‍കിയത്.
പരിസരത്തെ മറ്റൊരു പ്രധാന ആകര്‍ഷണം ബസിലിക്ക സിസ്റ്റേണ്‍ (Bascilica Cistern) ആണ്. പുറത്തുനിന്നും നോക്കിയാല്‍ ചെറിയ സാധാരണ ഷെഡിനു മുന്നില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നു. എന്നാല്‍ ഉള്ളില്‍ കടന്ന് പത്തു ലിറയുടെ ടിക്കറ്റെടുത്താല്‍ ഭൂഗര്‍ഭാന്തരീക്ഷത്തിലുള്ള അത്ഭുതകരമായ കെട്ടിടസൗഭഗം ആസ്വദിക്കാം. ആറാം നൂറ്റാണ്ടില്‍ റോമന്‍ സാമ്രാജ്യ കാലത്തെ മഹത്തായ നിര്‍മ്മിതി. താഴേക്കുള്ള പടികളിറങ്ങിയാല്‍ വിശാലമായ ഒരു കെട്ടിടം. 9,800 ചതുരശ്രമീറ്ററാണ് വിസ്തൃതി. വലിയ തൂണുകളാല്‍ തിരിച്ചിരിക്കുന്ന നടവഴിയും വശങ്ങളില്‍ നിലത്ത് ജലം കെട്ടിനില്‍ക്കുന്നതായും കാണാം. ഇറങ്ങിച്ചെന്നിടത്തുതന്നെ കുറച്ച് ചിത്രങ്ങളും ചരിത്രമെഴുതിയതും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അപ്പുറത്തായി തിളങ്ങുന്ന വേഷത്തില്‍ സുല്‍ത്താനായും ബീഗമായും വേഷം കെട്ടിയ ചിലര്‍ സിംഹാസനത്തില്‍ കയറിയിരുന്നു ഫോട്ടോപിടിക്കുന്നു. കുറച്ചു ലിറ കൊടുത്താല്‍ ആര്‍ക്കും ഈ വേഷം അണിഞ്ഞ് ചിത്രമെടുക്കാം. ഇരുണ്ട നനുത്ത വെളിച്ചത്തിലൂടെ നടുന്നു. 336 തൂണുകള്‍ പന്ത്രണ്ട്രി നിരയും 28 വരിയുമായി നിലകൊള്ളുന്നു. ഒന്‍പതു മീറ്റര്‍ ഉയരത്തിലുള്ള മാര്‍ബിള്‍ തൂണുകള്‍ 4.9 മീറ്റര്‍ അകലത്തിലാണ് പണിതിരിക്കുന്നത്. ഒരു ജലസംഭരണി ആയി മാറുന്നതിനു മുന്‍പ് ഇതൊരു വിശാലമായ ബസിലിക്കയായിരുന്നു. പള്ളിയായി ഇതു നിര്‍ദേശിച്ച ചക്രവര്‍ത്തി ജസ്റ്റിനിയന്റെ കാലത്തു തന്നെ ഇതിനെയൊരു ജലസംഭരണിയാക്കാനുള്ള സംവിധാനവും ഉണ്ടാക്കിയിരുന്നു. ഇസ്തംബൂളില്‍ നിന്നും 15 കി.മീ. അകലെയുള്ള ബെല്‍ഗ്രേഡ് കാടുകളില്‍ നിന്നാണ് ബസിലിക്ക സിസ്റ്റേണിലേക്കുള്ള ജലം വന്നിരുന്നത്.
ഈ ഭൂഗര്‍ഭ മന്ദിരത്തിന്റെ വടക്കു പടിഞ്ഞാററ്റത്തായുള്ള മറ്റൊരു കാഴ്ചയാണ് മെഡൂസ കോര്‍ണ്ണര്‍. രണ്ടു വലിയ കല്‍ത്തൂണുകളുടെ അടിഭാഗത്തായി മെഡൂസയുടെ ശിരസ് കൊത്തി വെച്ചിരിക്കുന്നു. ഗ്രീക്ക് ദേവത അഥീനയുടെ കാമുകനായ പെറസൂസിനെ സുന്ദരിയായ മെഡൂസ പ്രണയിച്ചതില്‍ കോപം പൂണ്ട് അഥീന മെഡൂസയുടെ മനോഹരമായ മുടി പാമ്പുകളാക്കി മാറ്റി എതാണ് കഥ. പാമ്പിന്‍ മുടി അഴിച്ചിട്ട് മെഡൂസ തല ഒരു കൈയ്യിലും വലിയൊരുവാള്‍ മറുകൈയ്യിലുമേന്തി നില്‍ക്കുന്ന പെറസൂസിന്റെ ശില്പങ്ങള്‍ പ്രസിദ്ധമാണ്. മെഡൂസയുടെ തല വെട്ടിയെടുത്ത് പെറൂസസ് അഥീനക്ക് കാഴചവെച്ചു എന്നും കഥയില്‍ പറയുന്നു. ഹാജിയ സോഫിയയുടെയും ബ്ലൂ മോസ്‌ക്കിന്റെയും ആകൃതി തോന്നിക്കുന്ന മറ്റൊരു പള്ളിയാണ് ന്യൂമോസ്‌ക്ക് (Yeni Camii). പുതിയ പള്ളിയായി അറിയപ്പെടുന്നെങ്കിലും 1599-1663 കാലയളവില്‍ നിര്‍മിക്കപ്പെട്ടതാണ്. അതായത് ബ്ലൂ മോസ്‌ക്കിനും മുമ്പേ. ജാതി മത ഭേദമെന്യേ പൊതുജനങ്ങള്‍ക്ക് ഇവിടെയും പ്രവേശിക്കാം. സ്ത്രീകള്‍ തല മറക്കണം എന്നു മാത്രം. ജലദോഷവും ചുമയുമുണ്ടായിരുതിനാല്‍ സ്‌കാര്‍ഫ് കൊണ്ട് ഞാന്‍ തലയും കഴുത്തും മൂടിക്കെട്ടിയിരുന്നു. പകല്‍ സമയം, നല്ല ചൂടുണ്ടായിരുന്നു. സ്‌പോഞ്ച് കണക്കെയുള്ള മനോഹരമായ പരവതാനി വിരിച്ച നിലത്ത് ചിലര്‍ മുട്ടുകുത്തിയും കാല് മടക്കിയിരുന്നും പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ മേല്‍ക്കൂരയുടെ ഭംഗിയില്‍ അമ്പരന്ന് നില്‍ക്കുന്നു. സുല്‍ത്താന്‍ മുറാദ് മൂന്നാമന്റെ ഭാര്യ സഫിയയാണ് പള്ളി കഴിപ്പിക്കാന്‍ ഉത്തരവിട്ടതത്രെ.
ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും മുങ്ങി കറങ്ങുന്നതിനിടെ ഒരു ടര്‍ക്കിഷ് കാപ്പികുടിക്കാന്‍ ഞങ്ങള്‍ മറന്നില്ല. ടര്‍ക്കിഷ് ഭക്ഷണമായ ഫലാഫല്‍, യൂഫ്ക്ക എന്നിവയായിരുന്നു ജര്‍മനിയില്‍ എനിക്ക് പ്രിയപ്പെട്ട വെജിറ്റേറിയന്‍ ഭക്ഷണം. ഫലാഫല്‍ പരിപ്പ് വട കണക്കെയുള്ളതും (പരിപ്പിനു പകരം കടല പരിപ്പ്) യൂഫ്ക്ക നനുത്ത ചപ്പാത്തി പോലെയുമാണ്. നാലഞ്ചു ഫലാഫലുകളും പലതരം പച്ചക്കറി അരിഞ്ഞതും തൈരുപോലൊരു സോസും കൂട്ടി ഒരു വലിയ ചപ്പാത്തിയില്‍ പൊതിഞ്ഞുതരും. ഭക്ഷണവും കഴിഞ്ഞ് പല ടര്‍ക്കിഷ് ടച്ചിലുള്ള മധുരപലഹാരങ്ങളും കഴിച്ചു. ഇതോടൊപ്പം സന്ധ്യ കഴിഞ്ഞ് ഒരു റെക്ക് (Raki) കുടിച്ചപ്പോള്‍ ടര്‍ക്കിയുടെ ടച്ച് പൂര്‍ണ്ണമായി. 'റെക്ക് ' എന്നാല്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള മെക്‌സിക്കന്‍ ഡ്രിങ്ക് 'ടക്കില' (Taquila) എന്നു വിളിക്കുന്ന 'ചടേ'ന്നെടുത്തു കുടിച്ചു തീര്‍ക്കേണ്ടുന്ന തരം 'മദ്യവര്‍ഗ'മാണ്. ഇവിടെ മദ്യത്തിന് വിലക്കൊന്നുമില്ലേ എന്നായിരുന്നു എന്റെ സംശയം. ചിലയിടങ്ങളില്‍ വിലക്കുണ്ടെന്നും ചിലയിടങ്ങളില്‍ പ്രശ്‌നമില്ലെന്നും ബിനുര്‍ പറഞ്ഞുതന്നു.
പ്രണയികള്‍ പൊതുസ്ഥലത്ത് ചുംബിക്കരുത് എന്ന നിയമവും ഉണ്ടത്രെ. തുര്‍ക്കിയില്‍ സ്തീ-പരുഷ ബന്ധങ്ങളുടെ കാര്യത്തില്‍ സംസ്‌ക്കാരികവും നിയമപരവുമായ നിയന്ത്രണങ്ങള്‍ ഉണ്ട്. വിവാഹമില്ലാതെ ബോയ് ഫ്രണ്ട്, ഗേള്‍ ഫ്രണ്ട് എന്ന പോലെ ഒരുമിച്ച് നടക്കുന്നതിലും താമസിക്കുതിലുമൊന്നും കുഴപ്പമില്ല. പക്ഷെ, അങ്ങിനെ കുട്ടികളുണ്ടാകുന്നത് അനുവദിച്ചിട്ടില്ല. ഒര്‍ഹന്‍ പാമുക്കിന്റെ 'മ്യുസിയം ഓഫ് ഇസെന്‍സ്' കാണാന്‍ സാധിച്ചില്ലെങ്കിലും നിഷ്‌കളങ്കത കൈവിട്ടിരിക്കുന്ന സമൂഹത്തില്‍ അത് മ്യുസിയത്തില്‍ തന്നെ തിരയേണ്ടി വരുന്ന ഗതികേട് ടര്‍ക്കിഷ് ജനതക്ക് കൈവന്നുകൊണ്ടിരിക്കുന്നു എന്നെനിക്ക് ബോദ്ധ്യപ്പെട്ടു.
ദൂരെ ദീപാലംകൃതമായി മനോഹരമായ പള്ളി കാണാം. കടലിന്റെ തീരത്ത് നിറഞ്ഞു കവിഞ്ഞ് ജനക്കൂട്ടമിരിക്കുന്നു. ഒരു തുറന്ന റെസ്റ്റോറന്റില്‍ ഞങ്ങള്‍ രാത്രി പന്ത്രണ്ടു മണിവരെ ഇരുന്നു. അവസാനത്തെ ബോട്ടും പോയതിനാല്‍ യുറോപ്യന്‍-ഇസ്തംബുളില്‍ നിന്ന് ബിനുറിന്റെ വീട് നില്‍ക്കുന്ന ഏഷ്യാഭാഗത്തേക്ക് പോകുവാന്‍ പാലംവഴിയുള്ള വളഞ്ഞു പോകുന്ന ടെമ്പോ ടാക്‌സിയില്‍ കയറിയാണ് പോയത്. മധുരമായ തുര്‍ക്കി ഗാനങ്ങളും കേട്ടുകൊണ്ട്...
കടികോയില്‍ (Kadikoy) നിന്ന് പിറ്റേദിവസം ഞങ്ങള്‍ രാവിലെ കപ്പല്‍ കയറി വീണ്ടും യുറോപ്യന്‍ ഇസ്തംബൂളിലേക്ക് വന്നു. ഫേറി/ബോട്ട് എന്നതിനേക്കാള്‍ കപ്പല്‍ എന്നു തന്നെ വിളിക്കാനാണ് തോന്നുക. ആധുനിക റെസ്റ്റോറന്റും കപ്പലിന്റെ മുകള്‍ തട്ടിലുണ്ട്. താഴെ തട്ടില്‍ വിശാലമായ വാഹന പാര്‍ക്കിങ്ങ് സ്ഥലമാണ്. കൊച്ചിയില്‍ നിന്നും വൈപ്പിനിലേക്ക് കാറും ബൈക്കുമൊക്കെ കയറ്റികൊണ്ടു പോകുന്ന ജങ്കാറിന്റെതുപോലെ ഒരു വിലുപമായ സംവിധാനം. അമ്പതിലേറേ കാറുകള്‍ക്കും വാനുകള്‍ക്കുമൊക്കെ ഇതില്‍ കയറാം. ഇസ്തംബൂളിലെ മുക്കാല്‍ ജനവിഭാഗവും താമസിക്കുന്നത് അനറ്റോളിയന്‍ (ഏഷ്യാഭാഗം) ഭാഗത്താണെന്നതിനാല്‍ ദിവസവും ധാരാളം പേര്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ടാകും. പത്തുമിനിറ്റേ ഈ യാത്രയുള്ളൂ. സാംസ്‌ക്കാരിക-രാഷ്ട്രിയ വ്യാപാര കേന്ദ്രമായി യുറോപ്യന്‍ ഭാഗം വര്‍ത്തിക്കുന്നു. കപ്പലിറങ്ങി മെട്രോപിടിച്ച് നേരേ ടാക്‌സിം സ്‌ക്വയറിലെത്തി. അവിടെ നിന്ന് തിരിഞ്ഞ് ഇസ്തിക്‌ലാല്‍ സ്ട്രീറ്റിലൂടെ നടന്ന് ഗലാട്ടാ ടവറിന്റെ (Galata Tower) അടുത്തെത്തി. ഇസ്തിക്‌ലാല്‍ നടപ്പാത വളരെ തിരക്കുപിടിച്ചതാണ്. ഇരുവശവും പലതരം കടകളും ഭക്ഷണശാലകളും ബാറുകളും നൈറ്റ് ക്ലബ്ബുകളും ലൈബ്രറികളും തിയ്യറ്ററുകളും എല്ലാമുണ്ട്. ഏകദേശം ഒന്നര കിലോ മീറ്റര്‍ നീണ്ടുകിടക്കുന്നു ഈ വഴി.
ടര്‍ക്കിടവല്‍ എന്ന പ്രയോഗം ഉണ്ടാക്കിയ ' ടര്‍ക്കിഷ് ഹമാം തിരക്കൊഴിഞ്ഞ് കാണാന്‍ സാധിച്ചില്ല. ഇസ്തംബൂളിന്റെ ഓര്‍മ്മയ്ക്കായി എന്താണ് ഒരു സൊവനീര്‍ വാങ്ങുക എന്ന് ഞാന്‍ ബിനുറിനോട് ചോദിച്ചു. ബ്ലൂ ഐ വാങ്ങാമെന്നായിരുന്നു മറുപടി. കടും നീല വൃത്തത്തിനുള്ളില്‍ വെള്ള വൃത്തം അതിനുള്ളില്‍ ഇളം നീല ചെറിയ വൃത്തം, അതിനുള്ളില്‍ കറുത്ത ചെറിയ വൃത്തം ഒരു പൊട്ടു പോലെ നില്‍ക്കുന്നു. ഈ ഡിസൈനിലുള്ള കല്ലുകളാണ് ബ്ലൂ ഐ. ഈ തരത്തിലുള്ളതില്‍ കാന്തമുള്ളതും കീചെയ്യിന്‍ ഉള്ളതുമായ ചിലത് വാങ്ങി. ഇത് റൂമില്‍ വെച്ചാല്‍ കണ്ണു തട്ടില്ലെന്നാണത്രെ വിശ്വാസം.
ഗലാട്ടാ ടവറിന്റെ അടിഭാഗം ഇടുങ്ങിയ ഒരു പ്രദേശമാണ്. തിരക്കൊഴിഞ്ഞതും. ടവറിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ ഇസ്തംബുള്‍ പട്ടണവും ബോസ്ഫറസ് കടലിടുക്കും കൂടാതെ ഗോള്‍ഡന്‍ ഹോണ്‍ (Golden Horn) എന്ന പ്രകൃതിദത്ത തുറമുഖ പ്രദേശവും വ്യക്തമായി കാണാം. ആവശ്യമില്ലാത്ത കപ്പലുകള്‍ (ശത്രുക്കളുടേയും മറ്റും) കടന്നു വരാതിരിക്കാനുള്ള സംവിധാനം (ഒരു വലിയ ചങ്ങല) ഗലാട്ടാ ടവറുമായി ബന്ധിപ്പിച്ചിരിക്കുന്നു. സിലിണ്ടര്‍ കണക്കെ ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരം അറുപത്തിയാറ് മീറ്റര്‍ ഉയരവും ഒമ്പത് മീറ്ററോളം വ്യാസവും ഉള്ളതാണ്. ഇപ്പോള്‍ കാണുന്ന ഒമ്പത് നിലകളുള്ള ടവര്‍ 1348 കാലയളവില്‍ നിര്‍മിക്കപ്പെട്ടതാണ്. മുമ്പ് Great Tower എന്ന പേരില്‍ ഇവിടെ തന്നെയുണ്ടായിരുന്നു ഗലാട്ടാ ഗോപുരം. ബൈസാന്റെന്‍ സാമ്രാജ്യകാലത്തും സമുദ്ര മാര്‍ഗ്ഗമുള്ള അന്താരാഷ്ട്ര കപ്പലുകളെ നിയന്ത്രിക്കാനും വീക്ഷിക്കാനും ഇവിടം ഉപകരിച്ചിരുന്നുവത്രെ.
ടോപ്പ്കപ്പി പാലസ് (Topkapi Sarayi) ഇസ്തംബൂളിലെ പ്രധാന കാഴ്ചയാണ്. ആറായിരത്തിലധികം ചതുശ്ര കി.മീ. വരും കോട്ട വിതാനം. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇപ്പോള്‍ കാണുന്ന രീതിയിലുള്ള കൊട്ടാരം പണി തീര്‍ത്തത്. സുല്‍ത്താന്‍മാരുടെ വാസകേന്ദ്രമായിരുന്ന കൊട്ടാരം ഇപ്പോള്‍ ആകര്‍ഷകമായ സ്മാരകമാണ്. കോസ്റ്റാന്റിനോപ്പള്‍ ബൈസാന്റിന്‍ സാമ്രാജ്യത്തില്‍ നിന്നും പിടിച്ചടക്കിയ സുല്‍ത്താന്‍ മെഹമദ് രണ്ടാമന്‍ 1459 ലാണ് ഈ കൊട്ടാരം പണിയാന്‍ തുടങ്ങിയത്. നാലായിരത്തോളം പേര്‍ക്ക് താമസിക്കാവുന്ന തരത്തിലുള്ള കൊട്ടാരമാണിത്. ഒാേട്ടാമന്‍ ടര്‍ക്കിയുടെ ഒരു പ്രധാന നിര്‍മിതിയായി ഇതിനെ കാണാം.
കടലിടുക്ക് കടന്ന് അനറ്റോളിയന്‍ ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ദൂര ക്കാഴ്ചയില്‍ ഈ കൊട്ടാരത്തിന്റെ ഭാഗം മാത്രമാണ് പച്ചപ്പ് കാണുന്നത് എന്ന് ബിനൂര്‍ വിലപിച്ചു.
കെട്ടിടങ്ങള്‍ നിറഞ്ഞ് നിറഞ്ഞ്, ഇസ്തംബൂളില്‍ ഒരു തരത്തിലും പച്ചപ്പില്ലാതായി മാറും എന്ന് അവള്‍ ഭീതി പ്രകടിപ്പിച്ചു. അതൊരു രാഷ്ട്രീയ പ്രസ്താവന കൂടിയാണല്ലോ എന്ന് ഏഷ്യന്‍ ഭാഗത്തേക്കുള്ള എയര്‍പോര്‍ട്ടായ സാബിഹ്‌യില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം കയറുമ്പോള്‍ ഞാനോര്‍ത്തു. ഈത്തരം പ്രശ്‌നങ്ങളുടെ അനുരണനമാണ് ഈയിടെ ഇസ്തംബൂളില്‍ നടന്ന പ്രതിഷേധ സമരങ്ങള്‍ ഉയര്‍ത്തുന്നത്. മരം മുറിക്കാനിറങ്ങാത്ത മന്ത്രിമാരേയാണ് വിവേകമുള്ള യുവ തുര്‍ക്കികള്‍ ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.