Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_right‘കോഴിക്കോടന്‍...

‘കോഴിക്കോടന്‍ ഗവി’യിലേക്കൊരു യാത്ര

text_fields
bookmark_border
‘കോഴിക്കോടന്‍ ഗവി’യിലേക്കൊരു യാത്ര
cancel

പഞ്ചസാര തരികള്‍ക്ക് പിന്നാല ഉറുമ്പുകള്‍ എന്നപോലെ ഒരു ബസിന് പിന്നാലെ ആളുകള്‍ കൂട്ടമായി ഓടുന്ന കാഴ്ചയോടെയാണ് കോഴിക്കോടന്‍ ഗവിയിലേക്കുള്ള യാത്രയുടെ തുടക്കം. തിക്കും തിരക്കും കൂട്ടി സൈഡ് സീറ്റ് പിടിയ്ക്കാനുള്ള ആളുകളുടെ ആവേശം കണ്ടപ്പോള്‍ ഞങ്ങളെ പോലെ ഇവരും നഗരകാഴ്ച്ചകള്‍ മടുത്തിറങ്ങിയവരാണോയെന്ന് തോന്നിപ്പോയി. എന്നാല്‍ കണ്ടാലും കണ്ടാലും മതിയാകാത്ത കാഴ്ച്ചകള്‍ കൊണ്ട് വിളിക്കുന്ന വയലടയെ പുണരാനുള്ള ആവേശമാണീ തിരക്കിന് പിന്നില്‍ എന്ന് പിന്നിട്ട കാഴ്ച്ചകളില്‍ ബോധ്യമായി. നഗരം പുറകോട്ട് പാഞ്ഞു. ആസ്മ രോഗിയെ പോലെ ആനവണ്ടി ഞരങ്ങി ഞരങ്ങി മലയുടെ താഴ്വരയില്‍ പോയി നിന്നു.

കോഴിയും കപ്പയും പണിയായുധങ്ങളുമായി യത്രക്കാര്‍. ഇടയ്ക്ക് ബസിന്‍്റെ ഞരക്കം കേട്ട് ചിറകടിക്കുന്ന കോഴികളെ ചീത്ത വിളിയ്ക്കുന്ന വല്യമ്മമാര്‍. ആടിനെ പട്ടികടിച്ചതും പ്ളാവില്‍ ചക്ക വിരിഞ്ഞതും മുതല്‍ നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രയായത് വരെയുള്ള കഥകള്‍ കെട്ടഴിയുന്ന യാത്ര.. ഓരോ സീറ്റും ഓരോ ചര്‍ച്ചയ്ക്കിടമാണ്. ഞങ്ങള്‍ ഒഴികെ എല്ലാവരും പരസ്പരം അറിയുന്നവര്‍. ങ്ങളെ ഇവിടെ കണ്ടില്ലല്ളോ..എവിടുന്നാ എന്നെ ഒറ്റയ്ക്ക് വിടാതെ കുശലം ചോദിച്ച് ജാഗരൂകരാകുന്ന ചില കാരണവന്‍മാര്‍. അല്ല മാവോയിസ്റ്റ് ഉണ്ടെന്നൊക്കെ കേക്കുന്നുണ്ടേ..അറിയാത്തോരെ കണ്ടാല്‍ ഒന്ന് മനസ്സിലാക്കി വെയ്ണമല്ളോ എന്ന് മറ്റൊരു വല്യപ്പന്‍.

ഏങ്ങിയും വലിഞ്ഞും ബസ് മലകയറി കൊണ്ടിരിക്കുന്നു. വാര്‍ധക്യത്തിന്‍്റെ അസ്തിക നന്നായി ഉണ്ടെന്ന് തോന്നുമാറ് ബസ് ഇടയ്ക്ക് വല്ലാതെ കിതച്ചു. ഓരോ കാഴ്ച്ചയും ഒപ്പിയെടുക്കാന്‍ കഴിയുന്നത്ര പതുക്കെയായിരുന്നു ബസിന്‍്റെ യാത്ര. ബസ് മുകളിലേക്ക് കയറുമ്പോള്‍ ഒരു വശത്ത് പ്രകൃതി തുള്ളിച്ചാടി ഒഴുകികൊണ്ടിരുന്നു. ദൂരെ പാറയിടുക്കുകള്‍ക്കുള്ളില്‍ നിന്ന് വെള്ളി നൂലുപോലെ ജലം ഒലിച്ചിറങ്ങുന്ന കാഴ്ച്ചയില്‍ മനം കളിര്‍ത്തു. മറുവശത്ത് സമദൂരം പാലിക്കുന്ന റബ്ബര്‍ മരക്കുന്നുകള്‍. റബ്ബറുകള്‍ക്കിടിയില്‍ പുല്ലുതിന്ന് കൊണ്ടിരിക്കുന്ന ആടുകള്‍ ബസിന്‍്റെ ആര്‍ത്ത നാദം കേട്ട് ദു$സ്വപ്നത്തില്‍ നിന്നെന്നപോലെ ഞെട്ടി ഉണര്‍ന്ന് അമറി കരഞ്ഞു. കാടിനുള്ളിലേക്ക് ബസ് നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഓര്‍ഡിനറി സിനിമയില്‍ കണ്ട് മാത്രം പരിചയമുള്ള ഗവി എന്‍്റെ ഓര്‍മ്മകളില്‍ തിക്കി തിരക്കി. 'അതുതാനല്ലയോ ഇതെന്ന് വര്‍ണ്ണ്യത്തിലൊരാശങ്ക"

ഗവയിലേത് പോലെ ആകെയുള്ള ഒരു കെ.എസ്.ആര്‍.സി ബസാണ് വയലടക്കാരെ ലോകവുമായി ബന്ധിപ്പിക്കുന്നത്. ബസ് മുടങ്ങിയാല്‍ ഒരു തുരുത്തില്‍പെട്ട പോലെയായി. പിന്നെ ജീപ്പിനെ ആശ്രയിക്കുക തന്നെ.

39 കിലോ മീറ്ററോളം നീണ്ട യാത്രയ്ക്ക് ശേഷം ബസ് വയലയുടെ അിവാരത്തത്തെി കിതച്ചുനിന്നു. നിറയെ പനിനീര്‍പ്പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന പള്ളിമുറ്റത്താണ് ബസ് ചെന്ന് നില്‍ക്കുക. മറുഭാഗത്ത് പോഷകാഹാര കുറവ് മൂലം വളര്‍ച്ച മുരടിച്ച് പോയ പ്രാഥമികാരോഗ്യ കേന്ദ്രം. ഇനിയാണ് മുള്ളന്‍പാറ കയറ്റം. നടന്ന് തന്നെ കയറണം മറ്റ് ഗതാതത മാര്‍ഗങ്ങളില്ല. അങ്ങാടിയില്‍ എത്തുന്നതിന് തൊട്ട് മുമ്പ് കൈത്തോടുകള്‍ക്ക് കരയിലായി രണ്ട് റിസോര്‍ട്ടുകള്‍. വെടിവെട്ടം പറയുന്ന അശോകേട്ടനെയും കൂടെ കൂട്ടി ഞങ്ങള്‍ മുള്ളന്‍പാറയെ ലക്ഷ്യം വെച്ച് നടന്നു. 5.15 നാണ് അവസാന ബസ്. അപ്പോളേക്കും തിരിച്ച് വന്നോളാന്‍ നാട്ടുകാരില്‍ ആരോ ഓര്‍മപ്പത്തെി.

കാപ്പി തോട്ടത്തിന്‍്റെ നടുവിലൂടെയുള്ള ഒറ്റയടിപാതിയിലൂടെ ഞങ്ങള്‍ യാത്രയാരംഭിച്ചു. പോയ വഴിയില്‍ കണ്ണുകളെക്കാള്‍ പണിയെടുത്തത് കാതുകളായിരുന്നു. ഒരു ഇരയെ കിട്ടിയ ആവേശത്തോടെ അശോകേട്ടന്‍ ഞങ്ങളെ കടിച്ച് കുടഞ്ഞു. മാവോയിസ്റ്റുകളായിരുന്നു അശോകേട്ടന്‍്റെ വീരചരിതങ്ങളിലെ കഥാപാത്രങ്ങള്‍. പരചയമില്ലാത്ത ആരെ കണ്ടാലും ഇവനാണോ നമ്മുടെ മാവോയിസ്റ്റ് എന്ന് വയലടക്കാര്‍ പുരികം വളച്ചു.
നടന്ന് ഒരു കിലോമീറ്ററോളം പിന്നിട്ടു. ഒറ്റയടിപ്പാത അവസാനിക്കുന്നിടത്ത് നിന്നും കയറ്റം ആരംഭിച്ചു. ഉരുളന്‍ കല്ലുകള്‍ പുറകോട്ട് വലിച്ചപ്പോളും ആവേശം മുന്നോട്ട് കുതിച്ചു. അപ്പോള്‍ മുള്ളണിഞ്ഞ പാറയുടെ ഒരു വശം കാണാമായിരുന്നു. സ്വയം രക്ഷയ്ക്കായി മുള്ളുകള്‍ എടുത്തണിഞ്ഞ പാറയുടെ മുകളില്‍ ഞങ്ങള്‍ എത്തിചേര്‍ന്നു. അപാരമായ നിശബ്ദത. മുന്നില്‍ കക്കയം ഡാം നെഞ്ചും വിരിച്ച് നില്‍ക്കുന്നു. കക്കയം ഡാമില്‍ നിന്നും വൈദ്യുതി ഉല്പാദനത്തിന് ഉപയോഗിച്ച ശേഷം പുറത്തേക്ക് ഒഴുകുന്ന വെള്ളമാണത്രെ അകലെ കാണുന്നത്. വെള്ളത്തിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ ഒരു ദ്വീപ് പോലെ കാണപ്പെട്ടു.

ആകാശ നീലിമയും കാട്ടുമരങ്ങളുടെ പച്ചപ്പും കൂടികലര്‍ന്ന വര്‍ണ്ണിക്കാനാവാത്ത ഏതോ നിറം വെള്ളത്തില്‍ പ്രതിഫലിക്കുന്നു. സമയം പാഞ്ഞ് പോകുന്നതറിയാതെ കാണുന്ന കാഴ്ച്ചകളിലേക്കെല്ലാം ഞങ്ങളുടെ ക്യാമറ കണ്ണുകള്‍ മിന്നി. ഈ നിമിഷം എന്നും സൂക്ഷിക്കാനുള്ള തത്രപ്പാടോടെ...
മുള്ളന്‍പാറയില്‍ നിന്നും നോക്കിയാല്‍ കാണുന്നത്ര അകലത്തില്‍ ഒരു അമ്പലമുണ്ടെന്ന് അശോകേട്ടന്‍ പറഞ്ഞപ്പോള്‍ ഈ കാട്ടിനുള്ളില്‍ ആര് പൂജ നടത്താന്‍ എന്ന് ഞങ്ങള്‍ ചോദിച്ചു.

എന്നാല്‍ നിത്യ പൂജ നടത്തുന്ന അമ്പലമല്ല, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അതായത് വിഷു ദിവസം മാത്രം പൂജ നടക്കുന്ന കാവാണ് അവിടെയുള്ളതെന്ന് വിശദീകരണം വന്നു. മഹാദേവന്‍ തപസിരിക്കുന്ന സ്ഥലമാണത്രേ. തേര്‍പടിക്കോട്ടയെന്ന് പേര്. തപസിനെ തടസ്സപ്പെടുത്താതിരിക്കാന്‍ ഉച്ചത്തില്‍ മന്ത്രം പോലും ചൊല്ലാറില്ലത്രെ. പൂജയ്ക്ക് ശേഷം വിഭവ സമൃദ്ധമായ സദ്യയും കഴിച്ചെ ഭക്തര്‍ മടങ്ങാറുള്ളു. വിഷു ദിവസം നാടിന്‍്റെ ഒരു കൂട്ടായ്മ തന്നെ ഈ കാടിനുള്ളില്‍ രൂപപ്പെടുന്നു എന്നതാണ് അതിന്‍്റെ നന്മ.
സദ്യ കാട്ടിനുള്ളില്‍ വസിക്കുന്ന പണിയര്‍ക്കും സത്രീകള്‍ക്കും നല്‍കിയ ശേഷമേ പുരുഷന്മാര്‍ക്ക് കൊടുക്കു. ദൈവത്തിന്‍്റെ ദലിത്-സത്രീ നിലപാടില്‍ അത്ഭുതം തോന്നി. ഊണും കഴിഞ്ഞ് വിഷു കൈനീട്ടവും നല്‍കി അടുത്ത വര്‍ഷം കൂടിച്ചേരുവാനായി അവര്‍ പിരിഞ്ഞ് പോകുന്നു. സമൃദ്ധിയുടെയും ഒരുമയുടെയും മറ്റൊരു വിഷു നാളിനെ സ്വപ്നം കണ്ട്.

മടക്കത്തിന് അത്ര തിടുക്കമുണ്ടായിരുന്നില്ല. ഞങ്ങള്‍ പതിയെ കുന്നിറങ്ങി.
തിരികെ ബസില്‍ യാത്രക്കാരുടെ എണ്ണം നന്നെ കുറവായിരുന്നു. ഭാരമില്ലായ്മ കൊണ്ട് ബസിന്‍്റെ പുറക് വശം എടുത്തടിച്ചു. ഒഴുകിയിറങ്ങുന്ന ബസില്‍ ഇരിക്കുമ്പോള്‍ സിസോയിലിരിക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാനെന്ന് തോന്നി. വാലറ്റം സ്വര്‍ഗത്തില്‍ മുട്ടുന്ന സിസോയില്‍....
ഞങ്ങള്‍ കുന്നിറങ്ങുമ്പോള്‍ തണുപ്പ് മലമുകളിലേക്ക് പാഞ്ഞ് കയറുന്നുണ്ടായിരുന്നു.

എത്തിച്ചേരേണ്ട വിധം
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ നിന്നും 12 കി.മീ അകലെയാണ് വയലട. മൗണ്ട് വയലട വ്യൂ പോയന്‍റ്, ഐലന്‍റ് വ്യൂ മുള്ളന്‍പാറ, കോട്ടക്കുന്ന് വ്യൂ പോയന്‍റ് എന്നീ മുനമ്പുകള്‍ പ്രകൃതിയുടെ അവിസ്മരണീയമായ കാഴ്ചയൊരുക്കുന്നു. കോഴിക്കോട് നഗരത്തില്‍ നിന്നും ബാലുശ്ശേരിയിലേക്ക് 25 കി.മീ. കൊയിലാണ്ടിയില്‍ നിന്നും 20 കി.മീ. വയലടയിലേക്ക് വളരെ കുറച്ച് ബസുകള്‍ മാത്രമേ ഉള്ളൂ. സ്വന്തം വാനഹത്തില്‍ പോകുന്നതാണ് കൂടുതല്‍ നല്ലത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story