പടിഞ്ഞാറിന്‍െറ കിഴക്ക്
text_fieldsമനിലയിലെ ഫോര്‍ട്ട് സാന്‍റിയാഗോയുടെ മുന്നില്‍വെച്ചാണ് മരിയയും നിക്കോളും ജോനാഥനും ഒബാമയുമടങ്ങുന്ന കുട്ടിക്കൂട്ടങ്ങളെ കണ്ടത്. വൈകീട്ട് ആറുമണി കഴിഞ്ഞതിനാല്‍ ഫോര്‍ട്ട് സാന്‍റിയാഗോ അടച്ചിരുന്നു. സ്പാനിഷ് അധിനിവേശത്തിന്‍െറയും ഫിലിപ്പീന്‍സ് ദേശീയതയുടെയും സ്മരണകള്‍ ഉറങ്ങുന്ന ഫോര്‍ട്ട് സാന്‍റിയാഗോ കാണാന്‍ സാധിക്കാത്തതിലെ നിരാശ ഉടലെടുക്കുമ്പോഴാണ് ആ കുട്ടികള്‍ ഓടി വന്നത്. തൊപ്പി വില്‍ക്കുകയാണ് അവര്‍. കുട്ടികളോടൊപ്പം മധ്യ വയസ്കയായ സ്ത്രീയുമുണ്ട്. വര്‍ത്തമാനത്തിനിടെ അമ്മയെന്ന് തോന്നിച്ച ബിങ് താന്‍ കുട്ടികളുടെ അമ്മായിയെന്ന് വെളിപ്പെടുത്തി. കുട്ടികളുടെ അച്ഛനെ അറിയില്ളെന്ന് അവര്‍ പറഞ്ഞപ്പോള്‍ അമ്പരപ്പുണ്ടായി. അച്ഛന്‍െറ പേരറിയാത്തതിനാലാണത്രെ 12 കാരന് ഒബാമ എന്ന് പേരിട്ടത്! മുഷിഞ്ഞ ടീ ഷര്‍ട്ടും മിനി ട്രൗസറുമിട്ട് തെരുവില്‍ അലഞ്ഞുതിരിയുന്ന ഇത്തരം അച്ഛനില്ലാത്ത കുട്ടികള്‍ ഫിലിപ്പീന്‍സ് ജീവിതത്തിന്‍െറ അസാധാരണമായ കാഴ്ചകളെല്ളെന്ന് ബര്‍ലിനിലെ ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ അധ്യാപകനും ഹോട്ട് മനില എന്ന വെബ്സൈറ്റിന്‍െറ ചീഫ് എഡിറ്ററുമായ അലന്‍ റോബിന്‍സ് പറഞ്ഞു. സ്പാനിഷ്-യു.എസ് സാംസ്കാരിക അധിനിവേശത്തിന്‍െറ ബാക്കിപത്രമാണ് മനിലയില്‍ കണ്ടത്. സിംഗ്ള്‍ മദര്‍ എന്ന് വിശേഷിപ്പിക്കുന്ന അവിവാഹിത അമ്മമാരും ലിവിങ് ടുഗതര്‍ (വിവാഹിതരാവാതെ കുടുംബജീവിതം) ദമ്പതികളും. വിവാഹവും വിവാഹമോചനവും ചെലവേറിയ ഏര്‍പ്പാടായതിനാല്‍ ലിവിങ് ടുഗതര്‍ ആണ് ഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നതെന്ന് അലന്‍ സൂചിപ്പിച്ചു. യൂറോപ്യന്‍ നാടുകളുടെ കിഴക്കന്‍ പതിപ്പ്.
ഫോണ്‍ നമ്പറിന് പണം; കബാബ് മടക്കിയപ്പോള്‍ ‘താങ്ക്യൂ സാര്‍’
ഇക്കഴിഞ്ഞ ജൂണ്‍ 23ന് രാത്രി 11നാണ് മനിലയിലെ നിനോയ് അക്വിനോ വിമാനത്താവളത്തിലിറങ്ങുന്നത്. നെതര്‍ലന്‍ഡ്സ് ഫെലോഷിപ് പ്രോഗ്രാമിന്‍െറ ഭാഗമായി നെതര്‍ലന്‍ഡ്സ് വിദേശകാര്യ മന്ത്രാലയവും ഫിലിപ്പീന്‍സ്- നെതര്‍ലന്‍ഡ്സ് അലുംനി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഏഷ്യന്‍ രാജ്യങ്ങളുടെ പൂര്‍വ വിദ്യാര്‍ഥി ഒത്തുചേരലില്‍ പങ്കെടുക്കുകയായിരുന്നു ഒരാഴ്ച നീണ്ട മനില സന്ദര്‍ശനത്തിന്‍െറ ലക്ഷ്യം. എന്‍.ഡി.ടി.വി കശ്മീര്‍ ബ്യൂറോ ചീഫ് സഫര്‍ ഇഖ്ബാല്‍, സി.എന്‍.ബി.സി ലേഖിക വീണ കൃഷ്ണ, കൊച്ചിന്‍ യൂനിവേഴ്സിറ്റിയില്‍ റീഡറായ ദീപ ജി നായര്‍, അണ്ണാ യൂനിവേഴ്സിറ്റിയിലെ വേലായുധന്‍ ചന്ദ്രശേഖരന്‍ തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള 18 പേരടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 110 പ്രതിനിധികളുടെ സംഗമം.
പ്രാദേശിക സമയം രാത്രി 11ന് മനിലയില്‍ വിമാനമിറങ്ങി. എമിഗ്രേഷന്‍ ക്ളിയറന്‍സിനും ലഗേജ് കിട്ടാനും മണിക്കൂറുകളുടെ കാത്തിരിപ്പ് വേണ്ടിവന്നപ്പോള്‍ സ്വീകരിക്കാന്‍വന്ന ഹോട്ടല്‍ ജീവനക്കാരന്‍ മടങ്ങി. എനിക്ക് താമസിക്കാന്‍ അനുവദിച്ച ഹോട്ടലിന്‍െറ പേര് മാത്രമേ ഓര്‍മയുള്ളൂ. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കും ആ പേരുള്ള ഹോട്ടലിനെക്കുറിച്ച് അറിയില്ല. എയര്‍പോര്‍ട്ടിനു പുറത്തിറങ്ങി അന്വേഷിച്ചപ്പോള്‍ ഒരു ടാക്സിക്കാരന്‍ നമ്പര്‍ തേടിപ്പിടിച്ചുകൊണ്ടുവന്നു. പക്ഷേ, പറഞ്ഞുതരണമെങ്കില്‍ കാശ് കൊടുക്കണം. നൂറു ഫിലിപ്പീനോ പെസോ നല്‍കിയപ്പോള്‍ നമ്പര്‍ തന്നു. 150 പെസോക്ക് സിം കാര്‍ഡും കിട്ടി. എന്നാല്‍, ഹോട്ടലിന്‍െറ നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ നമ്പര്‍ അപൂര്‍ണമെന്ന് മറുപടി . ഞാന്‍ സങ്കടത്തോടെ ചുറ്റും നോക്കി. നമ്പര്‍ തന്നയാളുടെ പൊടിപോലുമില്ല. ഇതു മനിലയുടെ ഒരു മുഖം. നിസ്സഹായനായിനിന്ന എന്നെ സുരക്ഷ ഉദ്യാഗസ്ഥര്‍ ചേര്‍ന്ന് ഒരു ടാക്സി കാറില്‍ കയറ്റിവിട്ടു. ഒരു വികസിത നഗരത്തിനു സമാനമായ റോഡുകളും മേല്‍പാലങ്ങളും ആകാശചുംബികളായ കെട്ടിടങ്ങളും.
ഭാഗ്യം, ഡ്രൈവര്‍ ലൊക്കേഷന്‍ കണ്ടു പിടിച്ചു. ഇന്ത്യക്കാരനാണെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ സന്തോഷം പ്രകടിപ്പിച്ചു. സൗദിയില്‍ ഇന്ത്യക്കാരുടെ കൂടെ ജോലിചെയ്ത കഥ ഡ്രൈവര്‍ പറഞ്ഞു. ഒടുവില്‍ ക്വിസാണ്‍ സിറ്റിയിലെ സിക്വെയ ഹോട്ടലില്‍ എത്തി. അപ്പോള്‍ നേരം പുലര്‍ച്ചെ ഒരുമണി. വിശപ്പ് എരിയുകയാണ്. തൊട്ടു മുന്നില്‍ തന്നെയുള്ള ബര്‍ഗര്‍ കിങ് പാതിരാ നേരത്തും സജീവം. യുവതീ യുവാക്കളുടെ കൂട്ടം ഭക്ഷണമേശക്കു ചുറ്റുമിരുന്ന് കലപില കൂട്ടുന്നു. മനില ജീവിതത്തിന്‍െറ ഏകദേശ ചിത്രം ഈ ഭക്ഷണശാലയില്‍നിന്നു കിട്ടും. മിനി സ്കര്‍ട്ടും ഇറുകിയ ടോപ്പുമിട്ട പെണ്‍കുട്ടികള്‍. രാത്രി വൈകിയും ബോയ് ഫ്രന്‍ഡ്സുമൊത്ത് അവര്‍ കറങ്ങിനടക്കുന്നു.
സ്ത്രീകളുടെ സ്വന്തംനാട്
സ്ത്രീകളുടെ സ്വന്തംനാട് എന്ന് മനിലയെ വിളിച്ചാല്‍ തെറ്റാകില്ളെന്ന് പിന്നീട് ബോധ്യമായി. രാജ്യഭരണത്തില്‍ മാത്രമല്ല, കച്ചവടരംഗത്തും ജീവിത വ്യവഹാരങ്ങളിലും സ്ത്രീകള്‍ക്കാണ് മേല്‍ക്കൈ. ഇവിടത്തെ പ്രധാന വ്യാപാരകേന്ദ്രമായ ഗ്രീന്‍ഹില്‍സ് ഷോപ്പിങ് മാളിലത്തെിയാല്‍ ഇക്കാര്യം വ്യക്തമാവും.മുത്തുമാല മുതല്‍ അത്യാധുനിക മൊബൈല്‍ ഫോണ്‍ വരെ ഇവിടെയുണ്ട്. വില്‍പനക്കാരെല്ലാം സ്ത്രീകള്‍. ഐ ഫോണ്‍ ഫൈവ് 11,000 രൂപക്ക് കിട്ടുമെന്നായപ്പോള്‍ കൂടെയുണ്ടായിരുന്ന, മനിലയില്‍ താമസിക്കുന്ന ആലപ്പുഴയിലെ ദീപക് മൂന്നെണ്ണം വാങ്ങി. എല്ലാം വില പേശി വാങ്ങണം. ഏറെനേരം വില പറഞ്ഞ് വാങ്ങാതെ മടങ്ങിയാലും സെയില്‍സ് ഗേള്‍ ചിരിച്ചുകൊണ്ടു പറയും ‘താങ്ക്യൂ സാര്‍’.
ഫിലിപ്പീനോകളുടെ ഈ മര്യാദ ദീര്‍ഘകാലത്തെ സ്പാനിഷ്, അമേരിക്കന്‍ അധിനിവേശത്തിന്‍െറ ശേഷിപ്പാവാം. ഹോട്ടലിനടുത്ത റസ്റ്റാറന്‍റില്‍ രാത്രി ഭക്ഷണത്തിനായി കയറി. മഷ്റൂം സൂപ്പും സാന്‍ഡ്വിച്ചും ചിക്കന്‍കബാബും ഓര്‍ഡര്‍ ചെയ്തു. പന്നി മാംസം ഇല്ലാത്ത ഏക ഭക്ഷണം ഇതായിരുന്നു. ഫിലിപ്പൈന്‍സ് റെസ് റ്റൊറന്‍റുകളില്‍ പന്നി മാംസമില്ലാത്ത വിഭവം കണ്ടത്തെുക പ്രയാസമാണ്. ആദ്യംവന്നത് മഷ്റൂം സൂപ്പും സാന്‍ഡ്വിച്ചുമാണ്. അത് കഴിച്ചപ്പോള്‍തന്നെ വയറുനിറഞ്ഞു. 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചിക്കന്‍ കബാബ് കൊണ്ടുവന്നു. ഇനിയും കഴിക്കാനാവില്ളെന്ന് വെയിട്രസ്സിനോട് പറഞ്ഞപ്പോള്‍ താങ്ക്യൂ സാര്‍ എന്നു പറഞ്ഞ് കബാബുമായി അവര്‍ തിരിച്ചുപോയി. ബില്‍ ചെയ്തതുമില്ല. ഓര്‍ഡര്‍ പ്രകാരം പാകംചെയ്ത ഒന്ന് നമ്മുടെ ഏതെങ്കിലും ഹോട്ടലില്‍ തിരിച്ചെടുക്കുമോ? അങ്ങനെ ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ തല്ല് നടക്കും. എന്നാല്‍, ഇവിടയോ വളരെ സൗമ്യരും സമാധാനപ്രിയരുമാണ് നാട്ടുകാര്‍.
മനിലയിലെ നിരത്തുകളാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. പൊതുവെ വൃത്തിയുള്ളവയാണ്. എന്നാല്‍, പഴയ നഗരത്തിലെ തെരുവുകള്‍ ഇന്ത്യന്‍ നഗരങ്ങളിലെ ഗല്ലികളെ ഓര്‍മപ്പെടുത്തുന്നുണ്ട്. മകാത്തി അവന്യൂവാണ് വിദേശ സഞ്ചാരികള്‍ കൂടുതലും തെരഞ്ഞെടുക്കുന്ന തെരുവ്. കാരണം മറ്റൊന്നുമല്ല. ഇവിടെയാണ് മസാജ് കേന്ദ്രങ്ങള്‍. തെരുവിന് ഇരുവശവും മസാജ് പാര്‍ലറുകള്‍. ആയുര്‍വേദ സ്പാ മുതല്‍ എല്ലാതരം സ്പായുമുണ്ട്. പുറമെ ഡാന്‍സ് ബാറുകളും. ‘സാര്‍ മസാജ്’എന്ന് പറഞ്ഞ് സഞ്ചാരികളെ വലവീശാന്‍ പെണ്‍കുട്ടികള്‍ വഴിയില്‍ കൂട്ടം കൂടി നില്‍ക്കുന്നു. ആംസ്റ്റര്‍ഡാമിലെ ചുവന്ന തെരുവിനെ പിന്നിലാക്കുന്നതാണ് ഇവിടത്തെ കാഴ്ച. ആംസ്റ്റര്‍ഡാമില്‍ ചില്ലിട്ട ഗ്ളാസിനകത്താണ് സ്ത്രീകള്‍ നില്‍ക്കുന്നതെങ്കില്‍ ഇവിടെ പൊതു വഴിയിലാണ്.
ഫിലിപ്പീന്‍സ് ദേശീയ നേതാവ് ജോസ് റിസാലിന്‍െറ സ്മാരകം ഉള്‍ക്കൊള്ളുന്ന നാഷനല്‍ പാര്‍ക്ക് കണ്ടു മടങ്ങവെ ജീപിനിയില്‍ കയറണമെന്ന് ഉറപ്പിച്ചു. ടെമ്പോ വാനിനു സമാനമായ ജീപിനിയാണ് ബസിനു പകരം ഇവിടെ പൊതു ഗതാഗതത്തിനുള്ളത്. ബൈക്കില്‍ സീറ്റു ഘടിപ്പിച്ച മുച്ചക്രവണ്ടികളും ധാരാളം. നമ്മുടെ ഓട്ടോക്ക് പകരമായി മുച്ചക്രവണ്ടികളാണ് നിരത്തില്‍ നിറയെ. ടാക്സി കാറുകളെല്ലാം ടൊയോട്ടയുടെ വിയോ മോഡലുകളാണ്. ദരിദ്ര രാജ്യമാണെങ്കിലും ഇന്ധനവില നമ്മുടേതിനേക്കാള്‍ കുറവ്. 43 പെസോയാണ് ഒരു ലിറ്റര്‍ ഡീസലിന്‍െറ വില. പെട്രോളിന് 53 പെസോയും. പെസോയുടെ മൂല്യം നമ്മുടെ രൂപയേക്കാള്‍ ശക്തവുമാണ്.
ശാന്തമായ അഗ്നിപര്‍വതം
നഗരക്കാഴ്ച കണ്ട ശേഷം ഒരുദിവസം രാവിലെ തകാത്തെയിലെ താല്‍ അഗ്നിപര്‍വതം കാണാന്‍ പുറപ്പെട്ടു. മെട്രോ മനിലയില്‍നിന്ന് 60 കിലോമീറ്റര്‍ ദൂരം. രാവിലെ ആറിന് തന്നെ യാത്ര പുറപ്പെട്ടു. ഫിലിപ്പീന്‍സിന്‍െറ ഗ്രാമീണജീവിതം ഈ യാത്രയില്‍ കാണാം. ഗോപുര മാതൃകയിലുള്ള ചെറിയ വീടുകളും തരാതരം കൃഷികളും പഴവര്‍ഗങ്ങളും പച്ചപ്പിന്‍െറ കാഴ്ച സമ്മാനിക്കുന്നു. കുന്നില്‍ മുകളിലാണ് തകാത്തെ. അവിടെനിന്ന് നോക്കിയാല്‍ ഇപ്പോള്‍ നിശ്ചേതനമായി കിടക്കുന്ന അഗ്നിപര്‍വതത്തിന്‍െറ വിദൂരക്കാഴ്ച കാണാം.
അര മണിക്കൂര്‍ ബോട്ട് യാത്ര കഴിഞ്ഞാല്‍ പര്‍വതത്തിനു ചുവട്ടിലത്തൊം. തുടര്‍ന്ന് കുതിരപ്പുറത്ത് കയറി മുകളിലത്തെണം. ചെങ്കുത്തായ മലക്കു മുകളില്‍ എത്തണമെങ്കില്‍ കുതിരസവാരിതന്നെ രക്ഷ. അഗ്നിപര്‍വതത്തിന്‍െറ മുകളിലത്തെിയാല്‍ കാണുന്നത് താഴ്ചയില്‍ തടാകംപോലെ കിടക്കുന്ന അഗ്നിപര്‍വത ദൃശ്യമാണ്. ലാവ പൊട്ടിയൊഴുകിയ അഗ്നിപര്‍വതം ഇപ്പോള്‍ ശാന്തമാണ്്. എന്നാല്‍, സൂക്ഷ്മമായി നോക്കിയപ്പോള്‍ കുമിളകള്‍ പൊങ്ങിവരുന്നത് കാണാനായി. പ്രകൃതി ദുരന്തങ്ങളുടെ നിത്യ ഇരകളിലൊന്നാണ് ഫിലിപ്പീന്‍സ്.
മടക്കയാത്രയിലെ മഴയത്ത്
വൈകീട്ട് ഏഴിന് മനിലയില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെടേണ്ട ഇത്തിഹാദ് എയര്‍വേസിലായിരുന്നു മടക്കയാത്ര. മദര്‍ ഇഗ്നേഷ്യ സ്ട്രീറ്റിലെ ഹോട്ടലില്‍നിന്ന് എയര്‍പോര്‍ട്ടിലേക്ക് ഒരു മണിക്കൂര്‍ യാത്ര. ഗതാഗത തടസ്സം ഓര്‍ത്ത് വൈകീട്ട് മൂന്നരക്ക് തന്നെ ടാക്സിയില്‍ യാത്രതിരിച്ചു. ദേ തുടങ്ങി മഴ. നിരത്ത് നിറയെ വാഹനങ്ങള്‍ നിരന്നുകിടക്കുകയാണ്. എയര്‍പോര്‍ട്ടിലേക്കുള്ള വഴിയില്‍ ഏതോ തുരങ്കപാതയില്‍ കാര്‍ നില്‍ക്കുകയാണ്. ഒരടി മുന്നോട്ടു പോവാന്‍ അരമണിക്കൂറെങ്കിലും വേണം. ഇനിയും കാറിലിരിക്കുന്നത് ബുദ്ധിയല്ളെന്ന് തോന്നി. പുറത്തിറങ്ങി വാഹനങ്ങള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞുവന്ന എല്ലാ ബൈക്കുകള്‍ക്കും കൈകാണിച്ചു. ഒടുവില്‍ ഒരാള്‍ നിര്‍ത്തി.
എത്രയും പെട്ടെന്ന് എയര്‍പോര്‍ട്ടിലത്തെിച്ചു തരണം, പ്ളീസ്. അത്രയും ബൈക്കുകാരനോട് പറഞ്ഞു. വാഹനങ്ങള്‍ക്കിടയിലൂടെയും ഫുട്പാത്ത് കയറിയും ബൈക്ക് കുതിച്ചു. സിഗ്നല്‍ പോയന്‍റുകളില്‍ റെഡ് തെളിഞ്ഞപ്പോള്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാരന്‍െറ അടുത്തു ചെന്ന് ബൈക്കുകാരന്‍ എന്തോ പറയുന്നതു കേട്ടു. തുടര്‍ന്ന് ഞങ്ങളെ കടത്തിവിട്ടു. ചാറ്റല്‍ മഴ കൊള്ളാതിരിക്കാന്‍ അയാളുടെ ഹെല്‍മറ്റ് കൂടി എനിക്ക് തന്നു എന്നറിയുമ്പോള്‍ മനുഷ്യത്വത്തിന്‍െറ ആ ആള്‍രൂപത്തിന് മുന്നില്‍ തലകുനിച്ചുപോവുന്നു.
ജീവിതയാത്രയില്‍ അത്യപൂര്‍വമായി കണ്ടുമുട്ടുന്ന ഇത്തരം നന്മയുടെ മുഖങ്ങളോട് എങ്ങനെ നന്ദി പറയണം. ഒരാഴ്ചത്തെ താമസം പൂര്‍ത്തിയാക്കി പസഫിക് ദ്വീപ സമൂഹങ്ങളെ പിന്നിലാക്കി പറന്നുയരുമ്പോള്‍ മനിലയിലെ മനുഷ്യന്‍െറ ഭിന്നമുഖങ്ങളായിരുന്നു മനസ്സില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.