ഷോപ്പിങ്; കൊളാബ മുതല്‍ ചിക്പേട്ട് വരെ
text_fieldsകോഴിക്കോട്ടെ മിഠായിത്തെരുവും തിരുവനന്തപുരത്തെ ചാലയും മട്ടാഞ്ചേരിയിലെ ജൂതത്തെരുവും മറ്റൊരു രൂപത്തില്‍ ഇന്ത്യയില്‍ പലയിടങ്ങളിലുമുണ്ട്. പാരമ്പര്യത്തനിമയും ആധുനികതയുടെ ചടുലതയും ഒത്തൊരുമിക്കുന്ന ജനപ്രിയ ഷോപ്പിങ് കേന്ദ്രങ്ങളാല്‍ സമ്പന്നമാണ് എല്ലാ സംസ്ഥാനങ്ങളും. ബസാറുകള്‍, തിരക്കേറിയ ചന്തകള്‍, സംസ്ഥാന എംപോറിയങ്ങള്‍, തെരുവോര കടകള്‍, ചിരിത്രമുറങ്ങുന്ന പാതവക്കുകള്‍ എന്നിവ ഏത് സംസ്ഥാനത്തും കാണാം.
ഹിമാലയത്തില്‍ കാണുന്ന പഷ്മിന ആടിന്‍െറ രോമംകൊണ്ടുണ്ടാക്കുന്ന വിലകൂടിയ പഷ്മിന ഷാളുകള്‍, സില്‍ക്ക്-കോട്ടണ്‍ ഉത്പന്നങ്ങള്‍, ഗുജറാത്തില്‍നിന്നുള്ള ‘എമറാള്‍ഡ് ഫോറസ്റ്റ്‘ എന്ന കോട്ടണ്‍ വോള്‍ ഹാങ്ങിങ്ങുകള്‍... തടിയും കളിമണ്ണും ലോഹക്കൂട്ടുകളും ജീവന്‍ നല്‍കുന്ന കരകൗശല വസ്തുക്കള്‍, കൈകൊണ്ട് ചായമേകിയ തടിയില്‍ തീര്‍ത്ത ആഭരണപ്പെട്ടികള്‍.... ജയ്പൂരി സാഷ് ബ്രേസ്ലറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ആഭരണങ്ങള്‍... കോലാപ്പൂരി ചെരുപ്പുകള്‍, എംബ്രോയിഡറി അഴകേകുന്ന ലതര്‍ ജുട്ടികള്‍, ക്രിസ്റ്റല്‍ ബീഡഡ് ഹൈ ഹീല്‍ഡ് സാന്‍ഡലുകള്‍, ഡാര്‍ജിലിങ്-അസ്സം-നീലഗിരി ചായകള്‍... പുഷ്പങ്ങള്‍ വാറ്റിയെടുക്കുന്ന സുഗന്ധദ്രവ്യങ്ങള്‍, ആയുര്‍വേദ ഒൗഷധങ്ങള്‍... ഉത്പന്നങ്ങളുടെ വൈവിധ്യവും വിലക്കുറവും ഇന്ത്യന്‍ നഗരങ്ങളുടെ മാത്രം പ്രത്യേകതയാണ്. വിസ്മയങ്ങള്‍ നിറയുന്ന ഇത്തരം തെരുവോരങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.
മുംബൈയിലെ ഫാഷന്‍ സ്ട്രീറ്റ്
മുംബൈ ചോര്‍ബസാര്‍
വിദ്യാര്‍ഥികളും കൗമാരക്കാരും വെറുതെ നടക്കുന്ന ഫാഷന്‍ സ്ട്രീറ്റ് എല്ലാവരുടെയും നാവിലുള്ള പേരാണ്. ആസാദ് മൈതാനത്തിന്‍െറ എതിര്‍വശത്താണ് കയറ്റുമതിക്കാര്‍ തള്ളിക്കളയുന്ന വസ്ത്രങ്ങളാല്‍ നിറയുന്ന ഫാഷന്‍ സ്ട്രീറ്റിന്‍െറ നില്‍പ്. കുറഞ്ഞ വിലക്ക് ആഡംബര വസ്തുക്കളും വസ്ത്രങ്ങളും ലഭിക്കുന്ന നൂറിലധികം കടകള്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ സാരികള്‍, ചെരുപ്പുകള്‍, അലങ്കാര ആഭരണങ്ങള്‍ എന്നിവയും ഇവിടെ ധാരാളമുണ്ട്. പറയുന്ന വിലയുടെ പകുതിക്കേ വാങ്ങാവൂ എന്ന് മാത്രം. പുസ്തകങ്ങള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, ക്രിസ്റ്റലുകള്‍, പിത്തള സാമഗ്രികള്‍, സുഗന്ധ വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങി എന്തും കിട്ടുന്ന സൗത്ത് മുംബൈയിലെ കൊളാബ കോസ്വേ, ക്രിസ്റ്റല്‍ തൂക്കുവിളക്കുകള്‍, പുരാതന ഇംഗ്ളീഷ് ടീ സെറ്റുകള്‍, ഗ്രാമഫോണുകള്‍ വിക്ടോറിയന്‍ ഫര്‍ണിച്ചറുകള്‍ തുടങ്ങി പുരാവസ്തുക്കളും ഓട്ടു സാമഗ്രികളും വിന്‍േറജ് ഐറ്റങ്ങളും നിറയുന്ന 150 വര്‍ഷങ്ങളുടെ പഴക്കമുള്ള ചോര്‍ ബസാര്‍, വിദേശീയവും സ്വദേശീയവും സമ്മേളിക്കുന്ന ബാന്ദ്രയിലെ ലിങ്കിങ് റോഡ്, പഴങ്ങള്‍, പച്ചക്കറികള്‍, പുഷ്പങ്ങള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവക്ക് പേരുകേട്ട ക്രോഫോര്‍ഡ് മാര്‍ക്കറ്റ്, പൂക്കള്‍ക്ക് പേരുകേട്ട ഫൂല്‍ ഗല്ലി എന്ന് പേരുള്ള ദാദര്‍ ഫ്ളവര്‍ മാര്‍ക്കറ്റ്, ആഭരണങ്ങള്‍ക്ക് പെരുമയുള്ള സാവേരി ബസാര്‍ എന്നിവയാണ് മുംബൈയിലെ ആകര്‍ഷണ കേന്ദ്രങ്ങള്‍.
കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ്
കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ്
സാരികള്‍, കരകൗശലവസ്തുക്കള്‍, കളിമണ്‍ സാമഗ്രികള്‍ എന്നിവക്ക് ഏറെ പ്രശസ്തമാണ് കൊല്‍ക്കത്ത. ലിന്‍ഡ്സേ സ്ട്രീറ്റിലുള്ള ന്യൂ മാര്‍ക്കറ്റെന്നും ഹോഗ്സ് മാര്‍ക്കറ്റെന്നും അറിയപ്പെടുന്ന വാണിജ്യകേന്ദ്രമാണ് പുരാതനവും പുകള്‍പെറ്റതുമായ വിപണി. ലണ്ടനിലെ മാര്‍ക്കറ്റുകളുടെ ശൈലിയില്‍ 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഗോഥിക് വാസ്തു ശൈലിയില്‍ പണിതതാണ് ഇത്. തിരക്കും ജനസഞ്ചയവും ഏറെയുള്ള ഇവിടെ 2000ലേറെ സ്റ്റാളുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. 1985ലെ തീപിടിത്തത്തെതുടര്‍ന്ന് ചിലഭാഗങ്ങള്‍ പുതുക്കിപ്പണിതിട്ടുണ്ട്. സ്പൈസ് മാര്‍ക്കറ്റ്, നോണ്‍ വെജ് മാര്‍ക്കറ്റ്, വസ്ത്ര വിപണി, ആഭരണ വിപണി എന്നിങ്ങനെ വേറിട്ട മാര്‍ക്കറ്റുകള്‍ ഇവിടത്തെ പ്രത്യേകതയാണ്. രാജ്യത്തിന്‍െറ പലഭാഗങ്ങളില്‍നിന്നുള്ള എംപോറിയങ്ങള്‍ നിറയുന്ന ‘ദക്ഷിണാപന്‍’ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള കൈത്തറികള്‍, ഫര്‍ണിച്ചര്‍, ആഭരണങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ് എന്നിവക്ക് പേരുകേട്ടതാണ്. തദ്ദേശവാസികളുടെ പ്രിയപ്പെട്ട ചുറ്റിയടിക്കല്‍ കേന്ദ്രമാണ് കൊല്‍ക്കത്തയുടെ മനോഹാരിത മുഴുവന്‍ നിറയുന്ന പാര്‍ക്ക് സ്ട്രീറ്റ്. കഫേകള്‍, റസ്റ്റോറന്‍റുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, ബുക് സ്റ്റോറുകള്‍ എന്നിവ ഇവിടെ ഒരുമിക്കുന്നു. ഇന്ത്യന്‍ മ്യൂസിയത്തിന് അടുത്തുള്ള ചൗറിംഗീ റോഡാണ് തെരുവ് കച്ചവടക്കാരുടെ കേന്ദ്രം. ഇമാമി ലാന്‍ഡ് മാര്‍ക്കും സൗത്ത് സിറ്റി മാളും ഷോപ്പിങ്ങിന് ആഡംബരം പകരും. ഫാന്‍സി മാര്‍ക്കറ്റ്, ധര്‍മദല, സ്വഭൂമി ഹെറിറ്റേജ് പാര്‍ക്ക് എന്നിവയും ഷോപ്പിങ് രസകരമാക്കുന്നു. ദോഗ്ര കരകൗശല വസ്തുക്കള്‍, കളിമണ്‍ രൂപങ്ങള്‍, വളകള്‍, പാവകള്‍ എന്നിവ സ്വഭൂമി ഹെറിറ്റേജ് പാര്‍ക്കിലെ പ്രത്യേകതകളാണ്.
ചെന്നൈയിലെ ജോര്‍ജ് ടൗണ്‍
ദക്ഷിണേന്ത്യയിലെ പ്രമുഖ വാണിജ്യ കേന്ദ്രമാണ് ചെന്നൈ. മികവും മിഴിവുമുള്ള ആഭരണങ്ങള്‍, ഇലക്ട്രോണിക് സാമഗ്രികള്‍, സ്റ്റേഷനറികള്‍, തടിയിലും കല്ലിലും ലോഹത്തിലും തീര്‍ത്ത കരകൗശലവസ്തുക്കള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവ ഇവിടെ പരതി കണ്ടത്തൊം. സില്‍ക്കാണ് ചെന്നൈയുടെ മറ്റൊരു പെരുമ. ദക്ഷിണേന്ത്യന്‍ സില്‍ക്ക് സാരികള്‍ വില്‍ക്കുന്ന ധാരാളം സര്‍ക്കാര്‍ എംപോറിയങ്ങള്‍ ചെന്നൈ നഗരത്തില്‍ നിറയെയുണ്ട്. കാഞ്ചീപുരം സില്‍ക്കും തഞ്ചാവൂര്‍ ലോഹ ശില്‍പങ്ങളും കുംഭകോണം ആഭരണങ്ങളും മാമല്ലപുരത്തെ കല്ലില്‍കൊത്തിയ കരകൗശലങ്ങളും ചെന്തമിഴില്‍ ഏവരെയും മാടി വിളിക്കുന്നു. ജോര്‍ജ് ടൗണ്‍, എഗ്മൂര്‍, നുങ്കംപാക്കം, ത്യാഗരാജ നഗര്‍, വടപളനി എന്നിവയാണ് മഹാനഗരത്തിലെ വിപണന കേന്ദ്രങ്ങള്‍. നിരവധി കടകളും ഒൗട്ട്ലെറ്റുകളുമുള്ള നഗരത്തിലെ തിരക്കേറിയ സ്ഥലമാണ് ബ്രിട്ടീഷുകാരുടെ കാലത്ത് ബ്ളാക്ക്ടൗണ്‍ എന്നറിയപ്പെട്ട ജോര്‍ജ് ടൗണ്‍. മറ്റിടങ്ങളിലേക്കാള്‍ വിലക്കുറവുണ്ടെന്നതാണ് ജോര്‍ജ് ടൗണിന്‍െറ മേന്മ.
ചെന്നൈ രംഗനാഥന്‍ സ്ട്രീറ്റ്
courtesy: newindianexpress.com
ഇറക്കുമതി സാധനങ്ങള്‍, ഭക്ഷണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുള്ള മന്നാഡി സ്ട്രീറ്റ്, ഹോട്ടലുകളും ലോഡ്ജുമുള്ള മൂര്‍ സ്ട്രീറ്റ്, തുണിത്തരങ്ങള്‍ക്ക്, ഗോഡൗണ്‍ സ്ട്രീറ്റും ആംഗപ്പ നായ്ക്കന്‍ സ്ട്രീറ്റും, ഇലക്ട്രോണിക് സാമഗ്രികളുടെ കരിഞ്ചന്ത വ്യാപാരത്തിന് പേരുകേട്ട ബര്‍മ ബസാര്‍, ഹാര്‍ഡ്വെയറുകള്‍ക്ക് ലിംഗി ചെട്ടി സ്ട്രീറ്റും തമ്പുചെട്ടി സ്ട്രീറ്റും, സ്റ്റേഷനറികള്‍ക്ക് ആന്‍ഡേഴ്സണ്‍ സ്ട്രീറ്റ്, കെമിക്കല്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ക്ക് നയിനിയപ്പ നായ്ക്കന്‍ സ്ട്രീറ്റ് എന്നിവയാണ് ജോര്‍ജ് ടൗണിലെ ആകര്‍ഷണ കേന്ദ്രങ്ങള്‍.
രാജ്യത്തിന്‍െറ പല ഭാഗത്തുനിന്നുള്ള കരകൗശല വസ്തുക്കള്‍ക്കാണെങ്കില്‍ അണ്ണാശാലയിലെ വിക്ടോറിയ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വരെ പോകണം. എഗ്മൂറിലും കോടമ്പാക്കം ഹൈ റോഡിലും കരകൗശല വിരുതു നിറയുന്നു. കാഞ്ചീപുരം സില്‍ക്കിന് ചേട്ട്പുട്ടാണ് മെച്ചം. ചെരുപ്പുകളും ലതര്‍ബാഗുകളും സൗന്ദര്യവര്‍ധകസാമഗ്രികളും മറ്റുമുള്ള ടി നഗറിലെ പോണ്ടി ബസാര്‍, അലങ്കാര വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും പേരുകേട്ട മൈലാപ്പൂര്‍, സിറ്റി സെന്‍റര്‍, ഉസ്മാന്‍ റോഡ്, രംഗനാഥന്‍ സ്ട്രീറ്റ്, അണ്ണാനഗര്‍ എന്നിവയും പണവുമായത്തെുന്നവരെ വശീകരിക്കുന്നു.
ദില്ലി ഹാട്ട്
courtesy: itnatureclub.blogspot.in
ഷോപ്പിങ് എങ്ങനെ ആനന്ദകരമാക്കാമെന്ന് ഡല്‍ഹി പഠിപ്പിക്കുന്നു. രാജ്യത്തെമ്പാടും നിന്നുള്ള കരകൗശല ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക് സാമഗ്രികള്‍ അടക്കം സൂര്യന് താഴെയുള്ള എന്തും പല ഗുണമേന്മകളില്‍ പല വിലകളില്‍ ഡല്‍ഹിയിലെ തെരുവുകളില്‍ കിട്ടും. ഡല്‍ഹിയിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ‘ദില്ലി ഹാട്ട്’. ചെറിയ കുടിലുകളുടെ രൂപമുള്ള കടകള്‍ ഗ്രാമത്തിന്‍െറ തനിമ സമ്മാനിക്കുന്നു. ഭക്ഷണം, സാംസ്കാരിക സംഗീത പരിപാടികള്‍ എന്നിവക്കൊപ്പം പല സംസ്ഥാനങ്ങളിലെ കരകൗശല വസ്തുക്കളും കൈത്തറികളും സ്പൈസി ഫുഡും ഇവിടെ ഏറെയുണ്ട്. ഓരോന്നിനും ഓരോ ഭാഗങ്ങള്‍. അതാണ് ചാന്ദ്നി ചൗക്കിന്‍െറ പ്രത്യേകത. തുണികള്‍ക്ക് കത്രനീല്‍, ഇലക്ട്രോണിക്സിന് ഭാഗീരഥ് പാലസ് ഏരിയ, പഴയ ഡല്‍ഹിയിലെ ്വെള്ളി ആഭരണ കലവറയായ ദരീബ് കലന്‍, ഭക്ഷണ വൈവിധ്യവുമായി തനത് തട്ടുകടകള്‍...
മാളുകള്‍, പുസ്തകങ്ങള്‍, തെരുവോര കടകള്‍, ആഭരണങ്ങള്‍, ആഡംബര വസ്ത്രങ്ങള്‍, കരകൗശലവസ്തുക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മള്‍ട്ടിപ്ളക്സുകള്‍, ഭക്ഷണശാലകള്‍ എന്നിങ്ങനെ എന്തും വാങ്ങാന്‍കിട്ടുന്ന ഡല്‍ഹിയുടെ ശ്രദ്ധാകേന്ദ്രമാണ് കൊണാട്ട്പ്ളേസ്. കയറ്റുമതിക്കാര്‍ തഴഞ്ഞ വസ്തുക്കള്‍ക്കും വിലകുറഞ്ഞ ഡിസൈനര്‍ തുണികള്‍ക്കും സരോജിനി നഗര്‍, ചെരുപ്പുകള്‍, നാടന്‍ വസ്ത്രങ്ങള്‍, വളകള്‍, ഗൃഹാലങ്കാരങ്ങള്‍ എന്നിവക്ക് ലജ്പത് നഗര്‍, കലാരൂപങ്ങള്‍ക്കും പുരാവസ്തുക്കള്‍ക്കും സുന്ദര്‍ നഗര്‍, വസ്ത്രങ്ങളും സുഗന്ധ വസ്തുക്കളും മറ്റുമുള്ള ഡല്‍ഹി റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള പഹര്‍ഗഞ്ച്, കൊണാട്ട് പ്ളേസിലെ സുഗന്ധദ്രവ്യങ്ങളും വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും നിറയുന്ന പൂര്‍ണമായ ശീതികരിച്ച ഭൂഗര്‍ഭ മാര്‍ക്കറ്റായ പാലിക ബസാര്‍, ഡല്‍ഹിയുടെ തനത് സാമഗ്രികള്‍ തരുന്ന ഗ്രേറ്റര്‍ കൈലാഷ്, വിവാഹ വസ്ത്രങ്ങള്‍ക്കും ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്കും പേരുകേട്ട തിരക്കേറിയ പുരാതനമായ ഷോപ്പിങ് കേന്ദ്രമായ കരോള്‍ ബാഗ്, എന്നിവയും ദല്‍ഹിയുടെ വിപണിമേന്മ കാട്ടുന്നു. ഗഫാര്‍ മാര്‍ക്കറ്റ്, അജ്മല്‍ ഖാന്‍ റോഡ്, ആര്യ സമാജ് റോഡ്, ബാങ്ക് സ്ട്രീറ്റ് എന്നിവയാണ് കരോള്‍ ബാഗിലെ വിപണന കേന്ദ്രങ്ങള്‍.
ഹൈദരാബാദിലെ ലാഡ് ബസാര്‍
courtesy: thehindu.com
തിരയുന്നതെന്തും അതിന്‍െറ മികവില്‍ ഒരുപടി കൂടി കടന്ന് സമ്മാനിക്കുന്ന മഹാനഗരമാണ് ഹൈദരാബാദ്. മുത്തും പവിഴവും നിറഞ്ഞ ലാഡ് ബസാര്‍, തുണികള്‍ മുതല്‍ ആഭരണം വരെ എന്തും കിട്ടുന്ന ആബിദ്സ് സ്ട്രീറ്റ്, പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളുമായി മീന ബസാര്‍, ബഷീര്‍ബാഗ്, നാമ്പള്ളി, ജഗദീഷ് മാര്‍ക്കറ്റ്, സ്ത്രീകള്‍ക്കുള്ള വസ്തുക്കളും സേഫ്റ്റി പിന്നു മുതല്‍ ഓട്ടോമൊബൈല്‍ സാമഗ്രികള്‍ വരെയും നിരക്കുന്ന ബീഗം ബസാര്‍, കെട്ടിടനിര്‍മാണ- വ്യവസായ സാമഗ്രികളും ഇലക്ട്രിക്കല്‍ വസ്തുക്കളും ഏറെയുള്ള എം.ജി റോഡ്, സില്‍ക്ക് സാരികള്‍ക്ക് അമീര്‍പേട്ട് ജങ്ഷന്‍ എന്നിവയാണ് ഹൈദരാബാദിലെ വിപണികള്‍. മുത്ത് ആഭരണങ്ങള്‍ക്കും വര്‍ഷങ്ങളായി പേരുകേട്ട സ്ഥലമാണ് ലാഡ് ബസാര്‍. സെമി പ്രീഷ്യസ് സ്റ്റോണുകള്‍, ഗ്ളാസ് ബീഡുകള്‍, കല്ലുപതിച്ച വളകള്‍, വര്‍ണ വളകള്‍, സാരികള്‍, പരമ്പരാഗത ഖാര ദുപ്പട്ടകള്‍ എന്നിവയും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. വളകള്‍ക്ക് അവിടെ കടക്കാര്‍ പറയുക ‘ബച്ചേ’ എന്നാണ്.
കൈത്തറികള്‍, തുണിത്തരങ്ങള്‍, കാര്‍പറ്റുകള്‍, പിത്തള സാമഗ്രികള്‍, നിര്‍മല്‍ പെയിന്‍റിങ്സ്, തടിയില്‍ തീര്‍ത്ത നാടന്‍ കൊണ്ടാപ്പള്ളി കളിപ്പാട്ടങ്ങള്‍, പുരാതന ലോഹ കലാശില്‍പമായ ബിദ്രി ആഭരണങ്ങള്‍, പാത്രങ്ങള്‍, ഹുക്കകള്‍ എന്നിവ കളിമണ്ണില്‍ നിര്‍മിച്ച കുടില്‍ ഗ്രാമമായ ശില്‍പാരാമം എന്ന ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ളേജില്‍ കിട്ടും. ലാഡ് ബസാറില്‍നിന്ന് മോത്തി ചൗക്കിലേക്കുള്ള വഴിയിലാണ് സുഗന്ധദ്രവ്യങ്ങളുടെ വിപണി. മൊസംജാഹി മാര്‍ക്കറ്റിലെ കറാച്ചി ബേക്കറിയില്‍ ഹൈദരാബാദ് സംസ്കാരത്തിന്‍െറ ഭാഗമായ കറാച്ചി ഫ്രൂട്ട് ബിസ്ക്കറ്റ് കാത്തിരിക്കുന്നുണ്ടാവും. 1940 കളില്‍ പാകിസ്താനില്‍നിന്ന് കുടിയേറിയ സിന്ധി കുടുംബമാണ് ഈ രുചിയുടെ ദാതാക്കള്‍. നടന്നു ക്ഷീണിച്ചാല്‍ നെക്ളേസ് റോഡിലെ ഈറ്റ് സ്ട്രീറ്റില്‍ ചെന്നാല്‍ ഹുസൈന്‍സാഗര്‍ തടാകത്തിലേക്ക് നോക്കിനില്‍ക്കുന്ന, നാവില്‍ വെള്ളമൂറുന്ന നൂറുകണക്കിന് ഭക്ഷണ സ്റ്റാളുകള്‍ കാണാം.
ബംഗളൂരുവിലെ ചിക്പേട്ട്
400 വര്‍ഷത്തിന്‍െറ കഥപറയുന്ന ചിക്പേട്ടാണ് ബംഗളൂരുവിലത്തെുന്നവരുടെ സങ്കല്‍പങ്ങള്‍ക്ക് തൊങ്ങല്‍ ചാര്‍ത്തുന്നത്. വിലക്കുറവില്‍ സാരികള്‍ അടക്കമുള്ള തുണിത്തരങ്ങള്‍ എന്തും വിലപേശിയാല്‍ ഇവിടെ കിട്ടും. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കും മറ്റെവിടെയും പോകേണ്ട. സ്ഥലം ഇടുങ്ങിയതും തിരക്കേറിയതുമാണെന്നതാണ് പ്രശ്നം.
ബംഗളൂരുവിലെ ഒരു ഷോപ്പിങ് മാള്‍
bangalorelivenews.com
ബാഗുകള്‍, ഇലകട്രോണിക് ഉപകരണങ്ങള്‍, ആഭരണങ്ങള്‍, പെര്‍ഫ്യൂമുകള്‍ എന്നിവ നിറയുന്ന മജസ്റ്റിക്, ബര്‍മ ബസാര്‍, ഹോങ്കോങ് മാര്‍ക്കറ്റ്, മാളുകളും കടകളും ഏറെയുള്ള കരകൗശല ഉപകരണങ്ങളും പെയിന്‍റിങ്ങുകളുമുള്ള വാണിജ്യ കേന്ദ്രമായ എം. ജി റോഡ്, തിരക്കേറിയ കമേഴ്സ്യല്‍ സ്ട്രീറ്റ്, ബ്രാന്‍ഡഡ് സാമഗ്രികളുടെ സ്വന്തം ബ്രിഗേഡ് റോഡ്, ഗാന്ധി ബസാര്‍, കെ.ആര്‍ മാര്‍ക്കറ്റ്, വീട്ടു സാമഗ്രികള്‍ക്ക് പേരുകേട്ട ശിവാജി നഗര്‍, റസല്‍ മാര്‍ക്കറ്റ്, പ്രാര്‍ഥനാ വസ്തുക്കള്‍ക്ക് പേരുകേട്ട മല്ളേശ്വരം, ഇറക്കുമതി വസ്തുക്കള്‍ക്ക് പുകള്‍പെറ്റ നാഷനല്‍ മാര്‍ക്കറ്റ് എന്നി ബംഗളൂരുവിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.