ഘാനയുടെ വര്‍ത്തമാനങ്ങള്‍
text_fieldsപ്രവാസ ജീവിതത്തിന്‍െറ വിരസതയില്‍ നിന്ന് താല്‍ക്കാലികാശ്വാസം. ജോലി ആവശ്യാര്‍ഥം ഘാനയിലേക്ക് യാത്ര തരപ്പെട്ടപ്പോള്‍ ഇരട്ടിമധുരമാണു തോന്നിയത്. നാഷണല്‍ ജിയോഗ്രഫി ചാനലില്‍ കാണുന്ന ആഫ്രിക്കന്‍ സവാരി. ഒപ്പം ഒൗദ്യോഗിക ജോലിയും. ഇരുണ്ട വന്‍കരയിലേക്കുള്ള കന്നി യാത്രയായിരുന്നു അത്. ഘാനയിലെ സുഹൃത്തായ കോഫിയുടെ ശ്രമഫലമായി വിസ നേരത്തെ കിട്ടി. കോഫി ആളൊരു രസികനായിരുന്നു (വെള്ളിയാഴ്ച എന്നാണ് കോഫിയുടെ അര്‍ഥം). ആഫ്രിക്കന്‍ യാത്രയുടെ മുന്നൊരുക്കം പ്രത്യേകമാണ്്. പുറപ്പെടുന്നതിന് 10 ദിവസം മുമ്പ് WHO നിര്‍ദേശ പ്രകാരം പ്രതിരോധ കുത്തിവെപ്പ് നടത്തണം. പറഞ്ഞ പോലെ കുത്തിവെപ്പ് എടുത്തു. എന്നാല്‍ നേരത്തെ പുറപ്പെടേണ്ടതിനാല്‍ ഏഴ് ദിവസം കഴിഞ്ഞയുടന്‍ യാത്ര പുറപ്പെടേണ്ടിവന്നു.
ഖത്തറില്‍നിന്ന് ദുബായ് വഴി ഒമ്പത് മണിക്കൂര്‍ യാത്ര. ജര്‍മന്‍കാരനായ ജെന്‍സും മലയാളിയായ സജിലുമാണ് സഹയാത്രികര്‍. പുലര്‍ച്ചെ 3.30ന് വിമാനം പറന്നുയര്‍ന്നു. അല്‍പ മയക്കത്തിന് ശേഷം നോക്കുമ്പോള്‍ വിമാനം ചെങ്കടല്‍ കടന്ന് ഇരുണ്ട വന്‍കരയിലേക്ക് പ്രവേശിക്കുകയാണ്. അതൊരു വല്ലാത്ത അനൂഭൂതിയായിരുന്നു. വീണ്ടും മയക്കത്തിലായ ഞാന്‍ പൈലറ്റിന്‍െറ അറിയിപ്പ് കേട്ട് ഉണര്‍ന്നപ്പോള്‍ കാണുന്നത് പച്ചപ്പുതച്ച പ്രദേശങ്ങളും അതിനിടയിലൂടെ ചെമ്മണ്‍ പാതകളും.
രാവിലെ 11.30ന് വിമാനം ഘാനയുടെ തലസ്ഥാനമായ അക്റ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. എമിഗ്രേഷന്‍ കടക്കുന്നതിന് മുമ്പ് രണ്ട് പരിശോധകര്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയ കാര്‍ഡ് ആവശ്യപ്പെട്ടു. പ്രതിരോധ കുത്തിവെപ്പ് 10 ദിവസം മുമ്പ് എടുക്കാത്തതിനാല്‍ തിരിച്ചു പോകണമെന്നായി ഉദ്യോഗസ്ഥര്‍. കാര്യങ്ങള്‍ പിടിവിട്ടു പോവുമെല്ളോ എന്നു കരുതി.
അഴിമതിയില്‍ ഇന്ത്യക്കാരെ വെല്ലുന്നവരാണ് ഘാനക്കാര്‍ എന്ന് കേട്ടിട്ടുണ്ട്. അത് തെളിയിക്കുന്ന രീതിയിലാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. എമിഗ്രേഷന്‍ കൗണ്ടറിലിരിക്കുന്ന കാപ്പിരിക്ക് 200 ഡോളര്‍ കിട്ടിയാല്‍ കുത്തിവെപ്പും വേണ്ട, പരിശോധനയും വേണ്ട. ഡോളറില്ളെങ്കില്‍ മദ്യമായാലും മതി. ജെന്‍സിന് ഇത് ബോധിച്ചില്ല. 200 ഡോളര്‍ തന്നാല്‍ രോഗം പിടിപെടില്ലന്ന് ഉറപ്പുതരികയാണെങ്കില്‍ തരാമെന്നായി സായിപ്പ്. തര്‍ക്കിച്ചുകൊണ്ടിരുന്ന ജെന്‍സിനെ ഒടുവില്‍ വിട്ടു. എന്നേയും പുറത്തുവിട്ടു. സജില്‍ കുത്തിവെപ്പ് കാര്‍ഡ് തന്നെ എടുത്തിരുന്നില്ല. 20 ഡോളര്‍ കൊടുത്ത് കാര്‍ഡ് ശരിയാക്കി തല്‍ക്കാലം സജില്‍ തടിയൂരി. പുറത്തിറങ്ങിയപ്പോള്‍ കോഫി കാത്തിരിക്കുന്നുണ്ടായിരുന്നു.
ആഫ്രിക്കയെന്നാല്‍ പട്ടിണിയെന്നായിരുന്നു അതുവരെയുള്ള സങ്കല്‍പം. തുടര്‍യാത്രക്ക് ടൊയോട്ട ലാന്‍ഡ് ക്രൂയിസറുമായി കോഫി വന്നപ്പോള്‍ തന്നെ ആ ധാരണ നീങ്ങി. വിമാത്തവളത്തില്‍ നിന്ന് നഗരത്തിലെ ഹോട്ടലിലേക്ക് യാത്ര പുറപ്പെട്ടു. വൃത്തിയും നിറയെ മരങ്ങള്‍ നിറഞ്ഞ നാലുവരിപ്പാത. ട്രാഫിക് നിയമം പാലിക്കുന്നതില്‍ മലയാളികളേക്കാളും ഘാനക്കാര്‍ മെച്ചമാണെന്ന് തോന്നി. സിഗ്നല്‍ കാത്ത് വണ്ടിയില്‍ ഇരിക്കുമ്പോള്‍ റീ ചാര്‍ജ് കൂപ്പണ്‍ വില്‍ക്കുന്ന സ്ത്രീ കാറിനടുത്ത് വന്നു. ഇത് ഇവിടുത്തെ പതിവ് കാഴ്ചയാണെന്ന് ഡ്രൈവര്‍ പറഞ്ഞു. റീചാര്‍ജ് കൂപണ്‍ തൊട്ട് എല്ലാ സാധനങ്ങളും റോഡ് സിഗ്നലില്‍ നില്‍ക്കുമ്പോള്‍ ലഭിക്കും. സ്ത്രീകള്‍ തലയില്‍ കൊട്ട വെച്ച് നിറയെ സാധനങ്ങളുമായി പോകുന്നത് കാണുമ്പോള്‍ അദ്ഭുതം തോന്നും. എത്ര ഭംഗിയായി അവര്‍ അത് ബാലന്‍സ് ചെയ്തു നടക്കുന്നു.
നേരത്തെ ബുക്ക് ചെയ്തതിനാല്‍ റൂം റെഡിയായിരുന്നു. എല്ലാ ഹോട്ടലിലും ഇന്ത്യന്‍ ഭക്ഷണം ലഭ്യം. ഘാനയുടെ തലസ്ഥാന നഗരിയായ അക്രയിലൂം ഇന്ത്യക്കാരുടെ സാന്നിധ്യം ഏറെ. 25ഓളം മലയാളി കുടുംബങ്ങള്‍ അക്റയില്‍ താമസിക്കുന്നുണ്ടായിരുന്നു. ഏറെ പേരും ബിസിനസുകാര്‍.
അന്ന് ഈസ്റ്റര്‍ ദിനമായിരുന്നു. രാത്രി റോഡിനിരുവശവും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആളുകള്‍ നൃത്തം വെക്കുന്നത് കാണാനായി. പരമ്പരാഗത ആഫ്രിക്കന്‍ രീതിയില്‍ ചടുലമായ ചുവടുവെപ്പുകള്‍. നൃത്തം ആഫ്രിക്കന്‍ ജീവിതത്തിന്‍െറ ഭാഗമാണ്. അവിടെ മത, ഗോത്ര വ്യത്യാസമില്ല.
പ്രമുഖ ജര്‍മന്‍ കമ്പനിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയായിരുന്നു എന്‍െറ സന്ദര്‍ശന ലക്ഷ്യം. ആദ്യ ദിനം അക്റ പോളിടെക്നിക്കിലായിരുന്നു ഇന്‍റര്‍വ്യു ഹാള്‍. മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി എല്ലാവരും രാവിലെ 9.00 മണിക്കു തനെ ഇന്‍റര്‍വ്യുവിന് ഹാജരായിരുന്നു. ഗോത്ര ജീവിതമാണ് ആഫ്രിക്കയുടെ മുഖമുദ്ര. സംഘര്‍ഷങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇടയാക്കുന്നതും ഗോത്രവര്‍ഗ പോരാണ്. ഗോത്രങ്ങളെ തിരിച്ചറിയാന്‍ മുഖങ്ങളിലോ കൈകളിലോ ചെറുപ്പത്തില്‍ തന്നെ ഓരോ ഗ്രോത്രത്തിന്‍െറയും അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ദീര്‍ഘകാലം ഇംഗ്ളീഷ് കോളനിയായിരുന്നതിനാല്‍ എല്ലാവരും വളരെ നന്നായി ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യുന്നു. ആകാരം കൊണ്ട് ശക്തരാണെങ്കിലും പൊതുവെ സമാധാന പ്രിയരും വളരെ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നവരുമായിരുന്നു അധികവും.
സ്വര്‍ണ, രത്ന ഖനികളാണ് രാജ്യത്തിന്‍െറ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്ന്. കൂടാതെ പെട്രോളും പ്രകൃതി വാതകവും. ലോകത്ത് ഏറ്റവും കൂടുതല്‍ കൊക്കോ കൃഷി ചെയ്യുന്നത് ഇവിടെയാണ്. നഗരത്തില്‍ നിന്നും ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചാല്‍ ഏക്കറു കണക്കിന് കൊക്കോ കൃഷി കാണാം. നമ്മുടെ നാട്ടിലെ പോലെ വാഴകൃഷിയും കാണാന്‍ സാധിച്ചു. ഒപ്പം നമ്മുടെ നാടന്‍ കപ്പ, മാങ്ങ, തണ്ണി മത്തന്‍ കൃഷിയും വളരെയധികം കാണാം. മീന്‍ ഘാനക്കാരുടെ പ്രധാന വിഭവമാണ്. ഗ്രാമങ്ങളിലേക്ക് ചെല്ലുന്തോറും ചെമ്മണ്‍ പാതകളും ഉയര്‍ന്ന പുല്ലുകളോടും കൂടിയ നിരപ്പായ സ്ഥലങ്ങളും. ഫുട്ബാളാണ് പ്രധാന വിനോദം. അത് കാരണം ധാരാളം ചെറിയ ചെറിയ ഗ്രൗണ്ടുകള്‍ എങ്ങുമുണ്ട്. എല്ലാ സ്ഥലങ്ങളിലും ഫുട്ബാള്‍ വില്‍ക്കാനുമുണ്ടായിരുന്നു.
ഭൂപടത്തില്‍ മാത്രം കണ്ടിട്ടുള്ള അറ്റ്ലാന്‍റിക് മഹാ സമൂദ്രം നേരില്‍ കണ്ടപ്പോള്‍ വല്ലാത്തൊരു അനൂഭൂതിയായിരുന്നു. പക്ഷേ ബിയര്‍ കുപ്പികളാലും മറ്റു മാലിന്യങ്ങളാലും അറ്റ്ലാന്‍ഡിക് തീരം മലിനമായി കിടക്കുന്നു. ബീച്ചിന്‍െറ സൗന്ദര്യം സംരക്ഷിക്കാന്‍ നാട്ടുകാര്‍ക്കും സര്‍ക്കാരിനും താല്‍പര്യമില്ളെന്നു തോന്നി.
ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ചുട്ടു തിന്നാനായി മുയലുകളെ ആളുകള്‍ വാങ്ങിപ്പോകുന്നത് കാണാമായിരുന്നു. ചുട്ടു തിന്നുക ഇവിടെ ഇപ്പോഴും തുടരുന്ന ഭക്ഷണ രീതിയാണ്. റോഡരികില്‍ ആളുകള്‍ പഴം ചുട്ടത് വാങ്ങി കഴിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
ക്രിസ്തുമത വിശ്വാസക്കരാണ് ഭൂരിപക്ഷവും, പിന്നെ മുസ്ലിംകള്‍. തുര്‍ക്കി സര്‍ക്കാറിന്‍െറ സഹായത്തോടെ വലിയ ഒരു മുസ്ലിം പള്ളിയുടെ നിര്‍മാണം നടക്കുന്നത് കണ്ടു. മോഷണം സര്‍വസാധാരണമാണെന്ന് യാത്രക്കിടെ കോഫി പറഞ്ഞു. അതിന്‍െറ അടയാളമായി വീടുകളുടെ ചുറ്റും കമ്പിവേലികള്‍ കണ്ടു. ഹോട്ടലുകളിലാണെങ്കില്‍ വൈദ്യുതീകരിച്ച വേലികളുമുണ്ട്. വീടിന്‍െറ മേല്‍ക്കുരകളെല്ലാം ലോഹം കൊണ്ടുള്ളവ. വീടു നിര്‍മാണത്തില്‍ വലിയ ആഡംബരം ദൃശ്യമായില്ല. കറുപ്പും വെളുപ്പും നിറത്തിലെ കാക്കകളാണ് ഘാന നല്‍കിയ അതിശയകരമായ കാഴ്ച. കഴുത്തിലാണ് വെളുത്ത നിറം. ആകാരത്തിലും കാക്കകള്‍ക്ക് വലിപ്പമേറെയുണ്ട്.
നാല് ദിവസത്തിന് ശേഷമായിരുന്നു മടക്കയാത്ര. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ പഴയ അനുഭവം പുതുക്കാനെന്നപോലെ കൈക്കൂലി ആവശ്യപ്പെട്ടു. അഴിമതിയില്‍ ഈ ആഫ്രിക്കന്‍ രാജ്യം ഏതൊരു ഏഷ്യന്‍ രാജ്യത്തേയും പിന്നിലാക്കുമെന്ന ബോധ്യമാണ് ദുബൈയിലേക്ക് മടങ്ങുമ്പോള്‍ ബാക്കിയുണ്ടായിരുന്നത്. ഒപ്പം കോഫിയെ പോലെ സൗമ്യനായ സുഹൃത്തിനെ പോലുള്ളവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.