Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകൂമന്‍കാവില്‍...

കൂമന്‍കാവില്‍ ബസ്സിറങ്ങുമ്പോള്‍

text_fields
bookmark_border
കൂമന്‍കാവില്‍ ബസ്സിറങ്ങുമ്പോള്‍
cancel

നോവല്‍ വായിച്ചതിന്‍െറ ഓര്‍മ്മകളുമായി നിങ്ങള്‍ തസ്രാക്കിലേക്ക് വണ്ടി കയറരുത്. അത് നിങ്ങള്‍ക്ക് അപരിചിതമായി തോന്നില്ല. മലയാളത്തിലെ ഏക ലിറ്ററേച്ചര്‍ ടൂറിസം ഗ്രാമം സന്ദര്‍ശിപ്പപ്പോഴുണ്ടായ വികാരങ്ങള്‍ പങ്കുവെക്കയാണ് ലേഖകന്‍. ഷേക്സിപിയറുടെയും ഷെല്ലിയുടെയും കീറ്റ്സിന്‍െറയുമൊക്കെ ഗ്രാമങ്ങളും ശവകൂടിരങ്ങളും ഇന്ന് അന്നാട്ടുകാര്‍ക്ക് വലിയതോതില്‍ ടൂറിസം വളര്‍ച്ചയും വികസനവുമുണ്ടാക്കിത്തരുന്ന സാധ്യതകളാവുമ്പോള്‍ നാം തസ്റാക്കിനോട് ചെയ്യേണ്ടതെന്താണ്....?

കിഴക്കുപോകുന്നവര്‍
ഖസാക്ക്. ആ വാക്കുകേള്‍ക്കുമ്പോള്‍തന്നെ ചുരംകടന്നത്തെുന്ന പാലക്കാടന്‍ കാറ്റിന്‍െറ പ്രളയസ്വരത്തിന്‍െറ ഇരമ്പല്‍ മസ്തിഷ്ക്കത്തിലൂടെ കടന്നുപോവുന്ന ഒരു കാലമുണ്ടായിരുന്നു ഞങ്ങളുടെ തലമുറക്ക്. പനമ്പട്ടകളില്‍ കാറ്റുപിടിക്കുന്നതും, വയല്‍വരമ്പുകളില്‍ മഴയുടെ സുരതാവേഗമടങ്ങുന്നതും, പുനര്‍ജ്ജനിയുടെ കഥകളുമായി തുമ്പികള്‍ എത്തുന്നതും, ഉച്ചവെയിലില്‍ സ്വച്ഛതയാര്‍ന്ന വാറ്റുചാരായത്തിന്‍െറ ഗന്ധമുയരുന്നതുമെല്ലാം ആ ഒരൊറ്റവാക്കില്‍നിന്ന് അനുഭവിച്ചറിയാമായിരുന്നു. ഒ.വി വിജയന്‍െറ കരിസ്മാറ്റിക്ക് അക്ഷരങ്ങള്‍ക്കു അത്രമേല്‍ സ്വാധീന ശക്തിയുണ്ടായിരുന്നു ഞങ്ങളുടെ തലമുറമേല്‍. ഖസാക്കിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ 80കളിലെ കാമ്പസുകളിലെപ്പോലെ തന്നെ ആ മാന്ത്രിക ഗ്രാമം പ്രസരിപ്പിക്കുന്ന വൈദ്യുത കാന്തിക തരംഗങ്ങളാല്‍ ഉത്തേജിതമാവുകയായിരുന്നു തൊണ്ണൂറുകളിലെ തുടക്കത്തിലെ കലാലലയങ്ങളും. വായിച്ചുവായിച്ച് ‘ഖസാക്കിന്‍െറ ഇതിഹാസത്തിലെ’ പകുതിയോളം മനപാഠമായവര്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. രവിയുടെ ‘അസ്തിത്വപരമായ അന്താളിപ്പും’ ആത്മസംഘര്‍ഷങ്ങളും ആവാഹിച്ചെന്നോണം അര്‍ശസ്സ് രോഗികളുടെ മുഖഭാവമുമായി സദാ വിഷാദവുമായി നടക്കുന്നവരും അക്കാലത്ത് നിരവധി. ഖസാക്കിലെ വരികള്‍ അനുകരിച്ചുകൊണ്ട് ഞങ്ങള്‍ കത്തുകളും എന്തിന് പ്രണയലേഖനംപോലും എഴുതി. (‘മന്ദാരത്തിന്‍െറ ഇലകള്‍കൊണ്ട്തുന്നിയ പുനര്‍ജനിയുടെ കൂടുവിട്ട് നീ വരുമോ’ എന്നായിരുന്നു ഒരു സ്നേഹിതന്‍ തന്‍െറ പ്രണയിനിയോട് ഒളിച്ചോടാന്‍ ക്ഷണിച്ചുകൊണ്ട് കാവ്യാത്മകമായി കാച്ചിയത്!)
ഇന്ന് ന്യൂ ജനറേഷന്‍ പിള്ളാരുടെ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവല്‍ ‘തീര്‍ഥയാത്രപോലെ’, കാമ്പസുകളില്‍ അന്ന് സാഹിത്യ സാഹസികരുടെ തസ്രാക്ക് തീര്‍ഥാടനവും തുടങ്ങിയിരുന്നു. ശബരിമലക്കും കുടജാദ്രിക്കും മലകയറിപ്പോയി ദര്‍ശനപുണ്യം നേടി തരിച്ചത്തെിയവര്‍ പറയുന്ന കഥകള്‍പോലെ, ഖസാക്കിന്‍െറ മൂലഗ്രാമമായ പാലക്കാട്ടെ തസ്രാക്ക് കണ്ട് അവര്‍ മനക്കോട്ട നിറച്ചു.
അന്നൊന്നും തസ്രാക്കിലേക്ക് പോകാനൊത്തില്ല. ഒന്നും രണ്ടുമല്ല കൊല്ലം 25 കഴിഞ്ഞിട്ടാണ്, ചെതലിമലയുടെ കാന്തക്കല്ലുകള്‍ അങ്ങോട്ട് പിടിച്ചുവലിച്ചത്.

മാടിവിളിക്കുന്ന മക്ക്വോണ്ട
‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലൂടെ’ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് സൃഷ്ടിച്ച മക്ക്വോണ്ടയെന്ന സാങ്കല്‍പ്പിക നഗരത്തിന് തുല്യസ്ഥാനമാണ് മലയാളി വയനക്കാരുടെ മനസ്സില്‍ തസ്രാക്കിനുമുള്ളത്. വിചിത്രവും വിലക്ഷണവും സ്നേഹാര്‍ദ്രവുമായ ഒരു പാട് കഥാപാത്രങ്ങളുടെ ഉര്‍വ്വര ഭൂമി. എന്നെങ്കിലും തസ്രാക്കിലേക്കൊന്നു പോകണമെന്ന കോളജ് കാലത്ത് തുടങ്ങിയ പൂതി പൂര്‍ത്തിയാവുന്നത് ഈ ജനുവരിയില്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനായി പാലക്കാട്ട് എത്തിയപ്പോഴായിരുന്നു. പാലക്കാട് നഗരത്തില്‍നിന്ന് വെറും അരമണിക്കൂര്‍ ദൂരം. യാക്കരപാലം കടന്നാല്‍ ആരോടുചോദിച്ചാലും വഴിപറഞ്ഞുതരുമെന്ന് കേട്ടാണ് ഞങ്ങള്‍ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ യാത്രതിരിച്ചത്. ഒപ്പം ഒ.വി വിജയന്‍ സ്മാരകസമിതിയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും പ്രചോദനമായി. ഖസാക്കിലെ ഞാറ്റുപുരയും, അറബിക്കുളവുമെല്ലാം സംരക്ഷിക്കുന്നുണ്ടെന്നും നോവലിലെ വിവിധ കഥാപാത്രങ്ങളുടെ പ്രതിമകള്‍ സ്ഥാപിക്കുന്ന രീതിയിലുള്ള വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും വാര്‍ത്തവന്നിരുന്നു.

1956ല്‍ സഹോദരി ഒ.വി ശാന്തക്ക് പാലക്കാട്ടെ തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തില്‍ ജോലികിട്ടിയപ്പോള്‍, കുടുംബത്തോടൊപ്പം താമസിക്കാനത്തെിയതായിരുന്നു ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട് വിഷാദഭരിതനായ ഒ.വി വിജയന്‍.അത് ഈ നാടിനെ ഇതിഹാസ ഭൂമികയാക്കി. അത്യുല്‍സാഹത്തോടെയുള്ള യാത്രയില്‍ അല്‍പം കഴിഞ്ഞതോടെ വഴി തെറ്റി. പാലക്കാട്ടുകാരില്‍ പലര്‍ക്കും നോവലിനെക്കുറിച്ചോ തസ്രാക്കിന്‍െറ പ്രാധാന്യത്തെക്കുറിച്ചോ ഇപ്പോഴും അറിയില്ളെന്നും വ്യക്തമായി. രണ്ടു തവണ വഴിതെറ്റിയ ഞങ്ങള്‍ ഒടുവില്‍ രവി ബസിറങ്ങുകയും ബസ്കാത്ത് കിടക്കുകയുംചെയ്ത കൂമന്‍കാവ് അങ്ങാടിയുടെ മൂലരൂപമായ തണ്ണീര്‍പന്തലിലത്തെി. കൂമന്‍കാവില്‍ ബസിറങ്ങുമ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നാത്തതുപോലെ തണ്ണീര്‍പ്പന്തല്‍ ഞങ്ങള്‍ക്കും അപരിചിതമായി തോന്നിയില്ല.
ഏതൊരുപാലക്കാടന്‍ ഗ്രാമത്തെയും പോലെ വികസ്വരമായ ഒരു നാല്‍ക്കവല. നോവലിലെ കൂമന്‍കാവുമായി അതിന് യാതൊരു സാമ്യവും തോന്നിയില്ല. മനസ് കൂമന്‍കാവിലെ അരയാലിലകളില്‍ കാറ്റുവീശുന്നതും, സര്‍ബത്തുകടയേയും, നരകപടത്തെയും നിരാശയോടെ തിരഞ്ഞു. (കുറച്ചുകാലം മുമ്പ് കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ഒരു സുഹൃത്തിന്‍െറ വിവാഹത്തിനുപോയപ്പോള്‍ കൂമന്‍കാവുപോലെ മാടക്കടയും, കുഷ്ഠം പിടിച്ച വേരുകള്‍ നിറഞ്ഞ ആലുകളുമുള്ള ഒരു നാല്‍ക്കവല കണ്ടിരുന്നു).

രവിയുടെ കാല്‍പ്പാടുകളിലുടെ
മനോഹരമായി കല്ലുകള്‍ കൊത്തിവെച്ച ഒരു വലിയ സ്മാകശിലയാണ് തസ്രാക്കിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുക. ഇവിടെയും ഒ.വി വിജയന്‍െറ ഒരു ചിത്രംപോലുമില്ല. പകരം ഏതോഒരു സ്വകാര്യ കാഥികന്‍െറ ആശംസയും, കഥാപ്രസംഗം ബുക്കുചെയ്യേണ്ടവര്‍ ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പറും കാണാം. (ഞങ്ങള്‍ക്ക് കൂട്ടിന് വന്ന പാലക്കാട് നഗരവാസിയായ സുഹൃത്ത്, അടയാളമായി ഓര്‍ത്തുവെച്ചത് ഈ ശിലകളായിരുന്നു. വഴികാണാഞ്ഞപ്പോള്‍ അയാള്‍ ’വിജയന്‍െറ കല്ലുകണ്ടില്ലല്ളോ’ എന്ന് പറയുന്നത് കേട്ടു)
രവി നടന്നുപോയ കനാലിനരികിലൂടെ വണ്ടി ചലിച്ചു.

സഫ്ടിക സമാനമായ തെളിഞ്ഞവെള്ളം. കാളിന്ദിപോലെ ഒഴുകുന്ന കോഴിക്കോട്ടെ കനോലി കനാല്‍ കണ്ടുശീലിച്ച ഞങ്ങള്‍ക്ക് അത് ആശ്വാസമായി. വീണ്ടും വഴിതെറ്റി. തിരിവുകളില്‍ ഒരു സൈന്‍ബോര്‍ഡ് പോലും ഇവിടെയില്ല. ചോദിച്ച്, ചോദിച്ച് നീങ്ങുമ്പോള്‍ ഒരുകാര്യം വ്യക്തമായി. 1956ല്‍ വിജയന്‍ നടന്നുവന്ന വഴിയില്‍ ഏറെയൊന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചിട്ടില്ല. കുണ്ടും കുഴിയും നിറഞ്ഞറോഡില്‍ ചാഞ്ഞു ചരിഞ്ഞും, വീഗാലാന്‍ഡിലെ ഒരു റൈഡില്‍ കാശുകൊടുത്ത് കയറി നാം വാങ്ങുന്ന വയറുകാളിച്ചയുടെ സുഖം സൗജന്യമായിഅനുഭവിക്കാം!
രവിയുടെ ഞാറ്റുപുര കണ്ടപ്പോള്‍ മനസൊന്നുപിടച്ചു. ഇടിഞ്ഞുവീഴാറായ ആ പഴഞ്ചന്‍ കെട്ടിടത്തെ പുരാവസ്തു വിദഗ്ധരുടെ ശ്രദ്ധയോടെ എല്ലാവരും പരിശോധിക്കുന്നു.

പലരുടെയും കണ്ണില്‍ ആരാധാനാലയത്തോടുതോന്നുന്ന വിശുദ്ധി. വീടുകളെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ വലുതായിപ്പോയതുകൊണ്ടാവണം ഒരു കുടുംബം ഏങ്ങനെ ഇതില്‍ ജീവിക്കുമെന്നാണ് തോന്നിയത്. (വിജയനും കുടുംബവും വാടകക്ക് കഴിഞ്ഞത് ഇവിടെയാണ്.) ഒരു വശം തുറക്കാവുന്ന വാതിലിലൂടെ അകത്തുകടക്കയും ആവാം. പക്ഷേ അധികൃതരുടെ ചില സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അബദ്ധമാണെന്ന് പറയാതെവയ്യ. ഞാറ്റുപുരയുടെ മുറ്റത്തിന്‍െറ ഒരു വശം ഇന്‍റര്‍ലോക്ക് ചെയ്തിരക്കയാണ്. പഴമതേടിയത്തെുന്നവര്‍ക്ക് പുതുമ നല്‍കി അധികൃതരുടെ വിസ്മയം.

ഓര്‍മകള്‍ നീരാടിയ അറബിക്കുളം!
തൊട്ടടുത്തെ അറബിക്കുളവും ഖസാക്ക് കത്തിച്ചുവിട്ട മാനസിക വ്യാപാരങ്ങള്‍വെച്ചുനോക്കുമ്പോള്‍ വലിയ നിരാശയാണ് സമ്മാനിച്ചത്. പായലുപിടിച്ച് നാശോന്‍മുഖമായിത്തീര്‍ന്ന ഒരു സാധാരണകുളം. അത് സരക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിന്‍െറ സൂചനയൊന്നും ഇവിടെ കണ്ടില്ല. അറബിക്കുളവും അതിനുചേര്‍ന്നു കിടക്കുന്ന പള്ളിയും കണ്ടപ്പോള്‍ അള്ളാപ്പിച്ച മൊല്ലാക്കയെും, നൈജാമലിയെയും, ഓര്‍മ്മ വന്നു. എവിടെനിന്നോ ഒഴുകി വരുന്ന ഒരു ചന്ദനത്തിരിയുടെ ഗന്ധം കിട്ടാനായി മൂക്കുപിടച്ചു. കുഞ്ഞാമിനയെപ്പോലെ പട്ടു തട്ടുമിട്ട രണ്ടു കുരുന്നകള്‍ പള്ളിക്കുമുന്നിലൂടെ ഓടിപ്പോയപ്പോള്‍ മനസ് കുളിര്‍ത്തു.

അവിടെ നില്‍ക്കുമ്പോള്‍ വീണ്ടും കോളജ് കാലത്തിലേക്ക് മനസ്സോടി. 70കള്‍ക്കളൂടെ യുവത്വത്തിന് വേണുനാഗവള്ളിയുടെ ഛായയാണെന്ന് പറയുന്നതുപോലെ, 80തുകളില്‍ അത് നടന്‍ അശോകന്‍െറ നായകസങ്കല്‍പ്പത്തിന് ഒരിക്കലും ചേരാത്ത മുഖമായിരുന്നു. 90കളുടെ തുടക്കത്തിലെ കാമ്പസുകള്‍ക്കും ആ വിഷാദഛായയില്‍നിന്ന് മോചനമുണ്ടായില്ല. ഖസാക്ക് വായിച്ച് മനോരാജ്യം കാണുമ്പോള്‍ മനസ്സില്‍ രവിയായി കയറിവരാറുള്ളത്, പെരുവഴിയമ്പലത്തിലൂടെ പത്മരാജന്‍ പരിചയപ്പെടുത്തിയ അനാഗരികമായ ആ മെലിഞ്ഞ രൂപമായിരുന്നു.
ഞങ്ങളൂടെ ‘മനോരാജ്യ കാസ്റ്റിങില്‍’, നീല ഞരമ്പോടിയ കൈത്തണ്ടയുമായി ഖസാക്കില്‍ ഒരു യാഗാശ്വംപോലെ നടന്ന മൈമൂനയായി കണ്ടത് നടി സുമലതയെയായിരുന്നു. പത്മരാജന്‍െറ ‘തൂവാനത്തുമ്പികള്‍’ കണ്ടിറങ്ങിയ ഒരോ ചെറുപ്പക്കാരനും മറക്കാനാവത്തതാണ് ആ മുഖം. (ഇന്ന് വീണ്ടും കാണുമ്പോള്‍ ആ സിനിമ ഉയര്‍ത്തിവിടുന്ന ദലിത് വിരുദ്ധയതും സ്ത്രീവുരുദ്ധതയും അന്ന് ആരും ശ്രദ്ധിച്ചില്ലല്ളോ എന്നോര്‍ത്താണ് അമ്പരന്നുപോകാറുള്ളത്.) ഖസാക്കിന്‍െറ ഇതിഹാസം വായിച്ചുറങ്ങിപ്പോയ ഒരു വേനല്‍പ്പൂട്ടുകാലത്ത് മൈമൂനയായ സുമലത അറബിക്കുളത്തില്‍ നീരാടുന്നത് സ്വപ്നകണ്ടത് വീണ്ടും അയവിറക്കി.ഒപ്പം ഈ കുളം വല്ലാതെ ചെറുതായിപ്പോയല്ളോ എന്ന ഇഛാഭംഗവും.
തൊട്ടടുത്ത് ഏകാധ്യപക വിദ്യാലയം നിന്ന സ്ലത്ത് ഇന്ന് ഷീറ്റിട്ട ഒരു വീടാണ്. എന്തിനാണ് ആളുകകള്‍ ഭയഭക്തിയോടെ ഇങ്ങോട്ട് തുറിച്ചുനോക്കുന്നതെന്നറിയാതെ ഈ വീട്ടുകാര്‍ ഉള്‍വലിയുന്നതുപോലെ തോന്നി.

കരിമ്പനകളും തുമ്പികളുമെവിടെ?

എന്നാല്‍ ഏതൊരു കേരളീയ ഗ്രാമത്തിലെയും പോലെ പ്രകൃതി നശീകരണത്തിന്‍െറ കാര്യത്തില്‍ തസ്രാക്കും ഒട്ടും മോശമല്ല. കുന്നിടിച്ചിലും വയല്‍നികത്തലും ഇവിടെയും തകൃതിയാണ്. പാലക്കാട് ജില്ലയില്‍ മൊത്തത്തിലെന്നപോലെ കരിമ്പനകള്‍ തസ്രാക്കിലും വംശനാശ ഭീഷണി നേരിടുകയാണ്. ‘അണ്‍ ഇക്കണോമിക്ക്’ ആയ കരിമ്പന വെട്ടി തടിയാക്കല്‍ ഇവിടങ്ങളില്‍ വ്യാപകമാവുകയാണ്. കരിമ്പക്ക് കാറ്റുപിടിക്കുന്നതുകാണാന്‍ കാത്തിരുന്നവര്‍ ഇവിടെ കരിമ്പനകള്‍ തന്നെ ഇല്ളെന്നു കണ്ട് അമ്പരുന്നു. തൊട്ടടുത്ത ചതുപ്പുനിലംപോലുള്ള വയലില്‍ ഉള്ളോട്ട് നടന്നാലെ ഒന്നു രണ്ട് കരിമ്പനകള്‍ കാണാനാവൂ. (സ്കൂള്‍ കലോല്‍സ കഥാമല്‍സരാര്‍ഥികളെ തസ്രാക്കില്‍ കൊണ്ടുവന്ന് പടംമെടുപ്പിച്ചപ്പോഴും ഇതേ പ്രശ്നമുണ്ടായി. കരിമ്പനകളില്ലാത്ത തസ്രാക്ക് കണ്ട് ന്യൂസ് ഡെസ്ക്കിലെ സബ് എഡിറ്റര്‍മാര്‍ അമ്പരന്നു. പിന്നെ കമ്പ്യൂട്ടര്‍ സഹായത്തോടെ കരിമ്പന സൂപ്പര്‍ ഇമ്പോസ് ചെയ്ത് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു മിക്ക പത്രങ്ങളും!) അപ്പുക്കിളിക്കൊപ്പം ഓര്‍മ്മയില്‍വരുന്ന തുമ്പികളും ഇവിടെ വംശനാശം വന്നുകഴിഞ്ഞു. ഏതൊരു ഉത്തരാധുനിക കേരളീയ ഗ്രാമത്തിലുമെന്നപോലെ.

നാട്ടുകാരിലാവട്ടെ വല്ലാത്തൊരു നിസ്സംഗതയാണ് കണ്ടത്്. ഈ താല്‍പ്പര്യക്കുറവിന്‍െറ കാരണവും പിന്നീടൊരു പത്ര പ്രവര്‍ത്തകന്‍ പറഞ്ഞാണ് അറിയുന്നത്. ഇന്നും കുറ്റിയറ്റുപോയിട്ടല്ലാത്ത ബുദ്ധിജീവി ജാടക്കാരയാ ചിലര്‍ വന്ന് ഞാറ്റുപരുരയിലും പരിസരത്തുമിരുന്ന് മദ്യപാനവും ‘ഖസാക്ക് പാരായണവും’ മൊക്കെ നടത്തിയതിന്‍െറ കൈപ്പേറിയ അനുഭവങ്ങള്‍ അവരില്‍ പലര്‍ക്കുമുണ്ടത്രേ. അധികൃതര്‍ ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആദ്യം വിശ്വാസത്തിലെടുക്കേണ്ടത് നാട്ടുകാരെയാണ്. (അതേസമയം കുപ്പുവച്ചന്‍െറ പൗത്രനാണ്, അള്ളാപ്പിച്ചമൊല്ലാക്കയുടെ അളിയനാണ് എന്നൊക്കെപ്പറഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യാജന്‍മാരും ഈ ഭാഗത്തുണ്ടത്രേ!) ഒരു നോവലിലെ കഥാപാത്രങ്ങളുടെപേരില്‍ അറിയപ്പെടുന്ന മലയാളത്തിലെ ഏക ലിറ്ററേച്ചര്‍ ടൂറിസം ഗ്രാമത്തെ മികവോടെ സംരക്ഷിക്കാനുള്ള ഭാവനാപൂര്‍വമായ പദ്ധതികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

അവസാനത്തെ കടപ്പുറത്ത് , അവസാനത്തെ തിരകാത്തുനല്‍ക്കുമ്പോള്‍ മനസ്സില്‍ ഓര്‍മ്മകളരുതെന്ന് സ്വയം ബോധ്യപ്പെടുത്തുന്ന ഖസാക്കിലെ രവിയെപ്പോലെ ഒരു ബോധ്യപ്പെടല്‍ തസ്രാക്ക് സന്ദര്‍ശിച്ചുമടങ്ങുന്ന ഓരോരുത്തര്‍ക്കും തോന്നാം. നോവല്‍ വായിച്ച് സ്വപ്നങ്ങുടെ തിരതല്ലലുമായി നിങ്ങള്‍ ഇങ്ങോട്ടുവന്നാല്‍ കടുത്ത നിരാശയായിരക്കും ഫലം. തെറ്റ് ഏന്‍േറതുതന്നെയാണ്. പ്രിയദര്‍ശന്‍ സിനിമ കണ്ട് ഊട്ടിയുടെ സൗന്ദര്യമാസ്വദിക്കാന്‍പോയല്‍ എങ്ങനെയിരിക്കും?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story