പൈതൃകവണ്ടിയില്‍ ഊട്ടിപ്പട്ടണത്തേക്ക്
text_fieldsകുളിര്‍മഞ്ഞു പെയ്യുന്ന മകരത്തില്‍ നീലഗിരിക്കുന്നുകള്‍ താണ്ടി ഒരടിപൊളി ഊട്ടിയാത്രക്കു വരുന്നോ? ഒരൊറ്റ എസ്.എം.എസ് അയച്ചതേയുള്ളൂ. ടീം റെഡി. അതും വിത് ഫാമിലി. അങ്ങനെയാണ് പ്രിയനഗരിയിലേക്ക് മറ്റൊരു യാത്രകൂടി സംഭവിക്കുന്നത്. ഇത്തവണ, കേള്‍ക്കാത്ത മധുരിത ഗാനം പോലെ പ്രിയതരമായ മോഹം സഫലമാവുകയാണ്. മേട്ടുപ്പാളയത്തു നിന്ന് നീലഗിരിക്കുന്നുകളുടെ ചരിവുകളിലൂടെ ടോയ് ട്രെയിനില്‍ ഊട്ടിയിലേക്ക് ഒരു കുടുംബയാത്ര. നാളേറെയായി ഈ യാത്രക്ക് ശ്രമമാരംഭിച്ചിട്ട്. ആദ്യ കടമ്പ ടിക്കറ്റ് ആണ്. ഐ.ആര്‍.സി.ടി.സി സൈറ്റില്‍ ടിക്കറ്റ് എപ്പോഴും വെയ്റ്റിങ് ലിസ്റ്റ് ആയിരിക്കും. ഇത്തവണ രണ്ടു മാസം മുമ്പേ തന്നെ ബുക്ക് ചെയ്തു. അപ്പോഴും ഒരാള്‍ വാതില്‍പ്പടിയിലാണ്. യാത്രാദിനമടുത്തപ്പോഴാണ് സീറ്റ് ഉറപ്പായത്.
കോഴിക്കോട് നിന്ന് രാവിലെ 11.15നുള്ള ട്രെയിനില്‍ കോയമ്പത്തൂരേക്ക്. നാലു മണിയോടടുത്താണ് ചെന്നൈ എക്സ്പ്രസ് കോയമ്പത്തൂര്‍ എത്തിയത്. പിന്നെ ബസില്‍ മേട്ടുപ്പാളയത്ത് എത്തുമ്പോള്‍ സന്ധ്യയായിരിക്കുന്നു. കൊച്ചു പട്ടണം. പക്ഷേ, ധാരാളം യാത്രി നിവാസുകളുണ്ട്. അധികം പണച്ചെലവില്ലാതെ മുറി കിട്ടും. വെല്‍കം ഇന്നില്‍ ഞങ്ങള്‍ മുറിയെടുത്തു. റിസപ്ഷനിസ്റ്റിനോട് അന്വേഷിച്ചപ്പോള്‍ ട്രെയിന്‍ ബ്ളോക്ക് ആണല്ളോ എന്ന് മറുപടി. ഒന്നു ഞെട്ടി. എല്ലാം വെറുതെയായോ! ബസ് സ്റ്റാന്‍റിന് അടുത്തുതന്നെയാണ് റെയില്‍വേ സ്റ്റേഷനും. അന്വേഷിച്ചുകളയാം. നേരെ വെച്ചു പിടിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ മലയാളിയാണ്. കുഴപ്പമൊന്നുമില്ല. രാവിലെ 6.45നു സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് പുള്ളിയുടെ നിര്‍ദേശം. ഓകെ പറഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ റിസപ്ഷനിസ്റ്റ് പറഞ്ഞതെന്തായിരിക്കുമെന്ന് ഒരു കണ്‍ഫ്യൂഷന്‍. ടിക്കറ്റെല്ലാം തീര്‍ന്നെന്നാവും കക്ഷി ഉദ്ദേശിച്ചിട്ടുണ്ടാവുക. ബസ് സ്റ്റാന്‍റിനടുത്തുള്ള അന്നപൂര്‍ണയില്‍ അത്യാവശ്യം നല്ല ഭക്ഷണം കിട്ടും. വില അത്ര നല്ലതല്ളെന്നേയുള്ളൂ.
രാവിലെ 7.10 ന് ആണ് ട്രെയിന്‍ പുറപ്പെടുന്നത്. തലേന്നു തന്നെ മേട്ടുപ്പാളയത്തു വന്ന് താമസിക്കുന്നതാണ് നല്ലത്. ആറരക്കു തന്നെ പരിവാര സമേതം സ്റ്റേഷനിലത്തെിയപ്പോള്‍ ഞങ്ങളെ കൊണ്ടു പോകേണ്ട ട്രെയിന്‍ ട്രാക്കില്‍ റെഡിയാണ്. പ്ളാറ്റ്ഫോമില്‍ സാമാന്യം തിരക്കുണ്ട്. ഊട്ടിയില്‍ താമസമാക്കിയ പാലക്കാട്ടുകാരന്‍ ടി.ടി.ആര്‍ ചന്ദ്രന്‍ യാത്രക്കാര്‍ക്ക് സീറ്റ് ശരിയാക്കുന്ന തിരക്കിലാണ്. ആകെ മൂന്ന് ബോഗികളേയുള്ളൂ ഈ കുഞ്ഞ് ട്രെയിനിനെന്നത് അതിശയമായി. ആകെ 140 പേര്‍ക്കിരിക്കാം. ഫസ്റ്റ് ക്ളാസെന്നു പറയാന്‍ 16 സീറ്റു മാത്രം. വെറുതെയല്ല എപ്പോഴും ഈ ട്രെയിനില്‍ ടിക്കറ്റ് ക്ഷാമം അനുഭവപ്പെടുന്നത്. 15 രൂപയാണ് ഓര്‍ഡിനറി ടിക്കറ്റിന്. റിസര്‍വേഷന്‍ ചാര്‍ജ് അടക്കം 30 രൂപ വരും. ഫസ്റ്റ ക്ളാസിന് 185 രൂപ. കാശ് തിരികെ കിട്ടാത്തതുകൊണ്ട് പലരും യാത്ര മാറ്റിവെച്ചാലും ടിക്കറ്റ് കാന്‍സല്‍ ചെയ്യില്ല. അതുകൊണ്ട് സീറ്റിനെ കുറിച്ച് വലിയ ധാരണ കിട്ടില്ല. വണ്ടി പുറപ്പെടുമ്പോള്‍ ഒഴിവുണ്ടെങ്കില്‍ വെയിറ്റിങ്ങുകാര്‍ക്കും യാത്ര തരപ്പെടുത്താം.
സീസണായതു കൊണ്ട് സ്റ്റേഷനില്‍ നല്ല തിരക്കാണ്. ടി.ടി.ആര്‍ ഞങ്ങള്‍ക്ക് ഒരു ബോഗിയില്‍ തന്നെ സീറ്റ് അഡ്ജസ്റ്റ് ചെയ്തു തന്നു. സീറ്റു ലഭിക്കാതെ നിരാശരായവരേയും സ്റ്റേഷനില്‍ നിര്‍ത്തി ഞങ്ങള്‍ ഊട്ടിയാത്ര ആരംഭിച്ചു.
46 കിലോമീറ്ററേയുള്ളൂ യാത്രാദൂരം. പക്ഷേ, താണ്ടിയത്തൊന്‍ അഞ്ചു മണിക്കൂറോളമെടുക്കും. 10 കിലോമീറ്റര്‍ വേഗതയിലാണ് സ്വിസ് നിര്‍മിത ആവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടൂറിസ്റ്റ് ട്രെയിനിന്‍െറ സഞ്ചാരം.
ലോകത്തിലെ തന്നെ അപൂര്‍വസഞ്ചാരാനുഭവമാണ് ആസ്വദിച്ചുകൊണ്ടിരിക്കുന്നതെന്ന ചിന്ത ഏറെ ആവേശം നല്‍കി. 2005ല്‍ യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചതാണ് ഈ ടൂറിസ്റ്റ് ട്രെയിന്‍. പിന്നെ പൈതൃകസംരക്ഷണത്തിനു വേണ്ടി നവീകരണങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് (കൃത്യം കണക്ക് 1899ല്‍)സഞ്ചാരം തുടങ്ങിയ ഈ വണ്ടിമുത്തച്ഛന്‍ ആവിയന്ത്രത്തിന്‍െറ ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ട്രാക്കിനു നടുവില്‍ പല്‍ച്ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതുപോലൊരു യാത്രാ സൗകര്യം നമ്മുടെ രാജ്യത്ത് ഷിംലയില്‍ മാത്രമാണുള്ളത്.
ആവി തുപ്പി, പതിയെ, മരങ്ങള്‍ക്കിടയിലൂടെ പൈതൃക വണ്ടി യാത്ര തുടര്‍ന്നു. സുഖദമായ ആ പുലര്‍ക്കാലം ഹൃദ്യമായ യാത്രാനുഭവം ഒളിപ്പിച്ചുവെച്ചാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. പതിയെപ്പതിയെ വഴികള്‍ പിന്നിടുമ്പോള്‍ അവയെല്ലാം ഇതളിട്ടു വന്നു. എല്ലാവരും ത്രില്ലടിച്ചിരിക്കുന്നു. ജാലകക്കാഴ്ചകള്‍ ഒപ്പിയെടുക്കുന്ന തിരക്കിലാണ് വിദേശികളടക്കം മിക്കവരും. ഭവാനിപ്പുഴയോട് സലാം പറഞ്ഞ് വണ്ടി ചെറു കയറ്റങ്ങളിലേക്ക് പാഞ്ഞുതുടങ്ങി. എഞ്ചിന്‍ പിന്നില്‍ നിന്ന് ഞങ്ങളെ തള്ളിക്കയറ്റുകയാണ്. കുറച്ചു ദൂരം പിന്നിട്ട് കല്ലാറില്‍ വണ്ടി നിന്നു. ഇവിടം വാട്ടര്‍ സ്റ്റേഷനാണ്. എഞ്ചിനില്‍ വെള്ളം നിറക്കുന്ന നേരം എല്ലാവരും പുറത്തിറങ്ങി പടമെടുപ്പ് തുടങ്ങി.
യാത്ര തുടര്‍ന്നു. മരങ്ങള്‍ കടന്ന് പാലങ്ങളിലേക്ക്. പിന്നെ വളവു തിരഞ്ഞത്തെുമ്പോള്‍ കാത്തിരിക്കുന്നത് തുരങ്കങ്ങളുടെ കൂരിരുട്ടാണ്. ട്രെയിന്‍ ടണലുകളുടെ ഇരുള്‍വഴികളിലേക്ക് കയറിച്ചെല്ലുമ്പോഴെല്ലാം ആഹ്ളാദാരവങ്ങളുടെ സ്വരവിന്യാസങ്ങള്‍ ബോഗികളെ മുഖരിതമാക്കും.
കാടും മേടും താണ്ടി മലനിരകള്‍ക്കു ചാരെ തേയിലത്തോപ്പുകളിലൂടെയുള്ള ഈ യാത്ര അറിഞ്ഞനുഭവിക്കേണ്ടതാണ്. 16 തുരങ്കങ്ങളും നൂറുകണക്കിനു പാലങ്ങളും യാത്രാപഥത്തില്‍ കാത്തിരിപ്പുണ്ട്. വഴിയിലുടനീളം നീരരുവികള്‍ ചാലിട്ടൊഴുകുന്നു. പല കിടങ്ങുകളുടെയും അഗാധത ഇലച്ചാര്‍ത്തുകള്‍ ഭംഗിയായി മറച്ചിടുന്നുണ്ട്. സൂക്ഷിച്ച് നോക്കുമ്പോള്‍ നമ്മളറിയാതെ ഒരു തണുപ്പ് അരിച്ചുകയറും. നൂറ്റാണ്ടിന്‍െറ പാകതയുള്ള ഈ ട്രെയിനില്‍ വിശ്വസിച്ച് നമുക്ക് യാത്ര തുടരാം.
ഹില്‍ഗ്രോവ്, കൂനൂര്‍, വെല്ലിങ്ടണ്‍, അറവന്‍കാട്, ലവ്ഡേല്‍ തുടങ്ങി നിരവധി ചെറു സ്റ്റേഷനുകളുണ്ട് ഈ പാതയില്‍. മിക്കതും വാട്ടര്‍ സ്റ്റേഷനുകളാണ്. 18 കിലോമീറ്റര്‍ അകലെ ഹില്‍ഗ്രോവ് സ്റ്റേഷനില്‍ നല്ല ചുടു ചായയും സ്നാക്സും കിട്ടും. പങ്കുപറ്റാന്‍ വാനരക്കൂട്ടവും നമുക്ക് ചുറ്റുമുണ്ടാകും. വെറും വയറ്റില്‍ തുടങ്ങിയ യാത്രയല്ളേ, കാര്യമായെന്തെങ്കിലും കഴിക്കാമെന്നു വെച്ചാല്‍ വഴിയില്ല. അതുകൊണ്ട് ഭക്ഷണം കൂടെ കരുതുന്നത് നല്ലതാണ്.
ആഞ്ഞുതുഴയുന്ന വൃദ്ധനായ തുഴക്കാരനെപോലെ ആവി എഞ്ചിന്‍ ഞങ്ങളെയും കൊണ്ട് മലകയറിക്കൊണ്ടിരുന്നു. കയറ്റങ്ങള്‍ താണ്ടി പ്രധാന സ്റ്റേഷനായ കൂനൂരിലത്തെുമ്പോള്‍ സമയം പത്തു മണി. അത്യാവശ്യ സൗകര്യങ്ങളുള്ള ഇവിടെ 40 മിനിറ്റ് സമയമുണ്ട്. കൂനൂരില്‍ വെച്ച് നമ്മുടെ വണ്ടി ആവി എഞ്ചിനോട് വിട പറയും. ഇനി യാത്ര ഡീസല്‍ എഞ്ചിനില്‍ യൂകാലിപ്റ്റസ് മരങ്ങള്‍ക്കിടയിലൂടെ. ട്രാക്കില്‍ പല്‍ച്ചക്രം കാണാനില്ല. യാത്രക്ക് ഗതിവേഗം വന്നിരിക്കുന്നു. രണ്ടു ബോഗികള്‍ അധികം ചേര്‍ത്ത് കൂടുതല്‍ പേരുമായി ട്രെയിന്‍ ഉദഗമണ്ഡലത്തത്തെുമ്പോള്‍ സമയം 12 മണി. സ്റ്റേഷനില്‍ ആളുകള്‍ ക്യൂവിലാണ്. തിരിച്ചുള്ള വണ്ടി പിടിക്കാനാണ്. 2 മണിക്ക് പുറപ്പെടുന്ന വണ്ടി 5.45 ആവും മേട്ടുപ്പാളയത്തത്തൊന്‍. ഇറക്കമായതുകൊണ്ട് കുറച്ച് സമയലാഭമുണ്ട്.
സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വിശപ്പിന്‍െറ വിളി ശക്തമായിരുന്നു. ഊട്ടിയിലെ ചുറ്റലിനും മടക്കയാത്രക്കും വേണ്ട ട്രാവലര്‍ ഏര്‍പ്പാടാക്കി നേരെ മലയാളി ഹോട്ടലിലത്തെി. അവരുടെ അറവിനു തലവെച്ചു കൊടുത്ത ശേഷം ഗാഡനിലേക്കിറങ്ങി. രാത്രി എട്ടു മണിക്കാണ് കോയമ്പത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍. വൈകുന്നേരം തന്നെ ഊട്ടി നഗരിയോട് സലാം പറഞ്ഞു; വീണ്ടും കാണാമെന്ന ഉറപ്പോടെ.
travel info: മേട്ടുപ്പാളയത്തു നിന്ന് രാവിലെ 7.10നു ട്രെയിന്‍ പുറപ്പെടും. 46 കിലോമീറ്റര്‍ ആണ് ദൂരം. ഉച്ചക്ക് 12 മണിക്ക് ഊട്ടിയിലത്തെും. തിരിച്ച് ഊട്ടിയില്‍ നിന്ന് രണ്ടു മണിക്ക് പുറപ്പെട്ട് 5.45ന് മേട്ടുപ്പാളയത്തത്തെും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.