തോല്‍പ്പെട്ടിയിലേക്കൊരു ജംഗിള്‍ സഫാരി
text_fieldsഈ യാത്ര നിങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നത് കടുത്ത വേനലിലും കുളിരണിഞ്ഞുനില്‍ക്കുന്ന വയനാട്ടിലെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലേക്കാണ്. കാടും കടലും മനുഷ്യന് എത്ര കണ്ടാലും മതിവരാത്ത സംഗതികളാണ്. പ്രത്യേകിച്ച് മനസ്സ് അകാരണമായി അസ്വസ്ഥമാകുമ്പോള്‍ കാട്ടിലേക്ക് ഇറങ്ങിച്ചെന്നാല്‍ എല്ലാം ശാന്തം. ശുദ്ധവായുവും കണ്ണിന് സുഖം പകരുന്ന പച്ചപ്പും ചെറുകാട്ടരുവികളും.... കണ്ടാലും കണ്ടാലും കൗതുകം വറ്റാത്ത എന്തൊക്കെയോ കാട് ഒളിപ്പിച്ചുവെച്ചിരിക്കുന്നതായി തോന്നും. അതുകൊണ്ടുതന്നെ കാട്ടിലേക്കുള്ള ഓരോ യാത്രയും പ്രകൃതിയുടെ അനുപമ സൗന്ദര്യത്തെയും ദൃശ്യചാരുതയെയും നുകരാന്‍ അവസരമൊരുക്കുന്നു.
ഈ യാത്ര ആരംഭിക്കുന്നത് തൃശൂരില്‍നിന്നാണ്. മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കല്‍പറ്റ, മാനന്തവാടി വഴിയാണ് തോല്‍പ്പെട്ടിയിലേക്ക് പോകാന്‍ തെരഞ്ഞെടുത്തത്. ഏകദേശം 230 കി.മീ. ഉച്ചതിരിഞ്ഞ് പുറപ്പെട്ട് വൈകുന്നേരത്തോടെ അരീക്കോട് എത്തി. പട്ടണക്കാഴ്ചകള്‍ കണ്ട് മങ്ങിത്തുടങ്ങിയ കണ്ണുകളെ പെട്ടെന്നാണ് ചാലിയാറിന്‍െറ തീരങ്ങള്‍ തട്ടിയുണര്‍ത്തിയത്. കത്തുന്ന വേനലിലും ആ തെളിനീര്‍ ശേഖരം ഒരു സ്ഫടിക പാത്രംപോലെ പ്രസരിച്ചുനിന്നു. സായന്തനത്തിന്‍െറ ശാന്തതയില്‍ വിശ്രമിക്കുന്ന ഒരുപറ്റം വള്ളങ്ങള്‍ ചാലിയാറിനെ കൂടുതല്‍ മനോഹരിയാക്കുന്നു.
പട്ടണങ്ങളില്‍നിന്ന് അന്യംനിന്നുപോകുന്ന ഇത്തരം കാഴ്ച വല്ലപ്പോഴും നടത്തുന്ന യാത്രകളില്‍ മാത്രമാണ് കാണാന്‍ സാധിക്കുക. ആ മനോഹരതീരത്തെ കാമറയിലേക്ക് പകര്‍ത്തി തിരിച്ചുനടന്നു.
അരീക്കോടിലൂടെ ഒഴുകുന്ന ഈ ചാലിയാറിന്‍െറ തീരം കാഴ്ചയില്‍ മാത്രമല്ല രുചിയിലും ഒട്ടും പിന്നിലല്ല. ഇതിന്‍െറ തീരത്താണ് നാട്ടുകാരുടെ പ്രിയപ്പെട്ട താമിയ ഫലാഫില്‍ സ്റ്റാള്‍. പേരില്‍തന്നെ ഒരു പുതുമയുണ്ടല്ളോ. എന്നാല്‍, പേരില്‍ മാത്രമല്ല രുചിയുടെ കാര്യത്തിലും അങ്ങനെതന്നെയാണ്.
ഇവിടുത്തെ ഹൈലൈറ്റ് തുര്‍ക്കി അല്‍ഫഹാമും ഫലാഫിലും ആണ്. 20 വര്‍ഷം തുര്‍ക്കികളുടെ കൂടെ ജോലി ചെയ്ത അനുഭവവുമായാണ് ഉടമസ്ഥന്‍ ഈ ചെറിയ തട്ടുകട തുടങ്ങിയത്. കട ചെറുതാണെങ്കിലും ഇവിടത്തെ തുര്‍ക്കി അല്‍ഫഹാമിന്‍െറ രുചി ഇമ്മിണി വലുതാണ്. കോഴിയിറച്ചിയില്‍ തുര്‍ക്കികള്‍ ഉപയോഗിക്കുന്ന പ്രത്യേകതരം മസാലപുരട്ടി കനലില്‍ ചുട്ടെടുക്കുകയാണ്. ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പുതിയ രുചിയാണ് നാവിന് കിട്ടിയത്. എത്ര കഴിച്ചിട്ടും കൊതിക്ക് ശമനമുണ്ടായില്ല, ചിക്കന്‍െറ പല വെറൈറ്റീസും കഴിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു രുചി ആദ്യമായിട്ടാണ്. ഒരു തവണയെങ്കിലും ഇവിടത്തെ തുര്‍ക്കി അല്‍ഫഹാമിന്‍െറ രുചി അറിഞ്ഞിട്ടുള്ളവര്‍ വീണ്ടും ഈ കട തേടിവരുമെന്നതില്‍ സംശയമില്ല.
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ നമ്മുടെ പ്രിയപ്പെട്ട പപ്പുച്ചേട്ടന്‍െറ ‘താമരശ്ശേരി ചൊരം’ കയറാന്‍ തുടങ്ങി. വൃത്തിയും നിലവാരവുമുള്ള റോഡ്. അകലെ ഉറുമ്പുകള്‍ വരിവരിയായി പോകുന്നതുപോലെ വാഹനങ്ങള്‍ ചുരം കയറുന്നു. ഉയരങ്ങളില്‍ എത്തുന്നതോടെ സമതലങ്ങളില്‍ അനുഭവപ്പെട്ടിരുന്ന കഠിനമായ താപം സുഖകരമായ ഇളം കുളിരായി മാറുന്നു. റോഡിനിരുവശവുമുള്ള വൃക്ഷത്തലപ്പുകളെ ശീതക്കാറ്റ് സംഗീതസാന്ദ്രമാക്കി. കോടമഞ്ഞിന്‍െറ നേര്‍ത്ത പുകപടലം അന്തരീക്ഷത്തില്‍ അലിഞ്ഞുകിടക്കുന്നു. തൃശൂരിന്‍െറ കഠിനതപത്തില്‍നിന്ന് പുറപ്പെട്ട യാത്ര 174. കി.മീ. പിന്നിട്ട് വയനാടിന്‍െറ കല്‍പറ്റയില്‍ എത്തിനില്‍ക്കുന്നു.
ഇവിടെനിന്ന് റോഡ് രണ്ടായി പിരിയുന്നു. സുല്‍ത്താന്‍ബത്തേരിലക്കും മാനന്തവാടിക്കും. മാനന്തവാടി റോഡിലൂടെ 54 കി.മീ. പിന്നിട്ടുവേണം തോല്‍പ്പെട്ടിയില്‍ എത്താന്‍. രാത്രിയായതിനാലും തോല്‍പ്പെട്ടിയില്‍ താമസസൗകര്യങ്ങള്‍ കുറവായതിനാലും പോകുന്ന വഴി തിരുനെല്ലിയില്‍ താമസിച്ച് പുലര്‍ച്ചെ തിരുനെല്ലി ക്ഷേത്രദര്‍ശനവും കഴിഞ്ഞ് തോല്‍പ്പെട്ടിക്ക് പോകാനായിരുന്നു പ്ളാന്‍. വണ്ടി മുന്നോട്ട് നീങ്ങി. മാനന്തവാടിയും കഴിഞ്ഞ് കാട്ടിക്കുളമത്തെി. ഇതാണ് അവസാനത്തെ ടൗണ്‍. ഇനിയങ്ങോട്ട് നിബിഡ വനമാണ്. അവശ്യസാധനങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ ഇവിടെനിന്ന് കരുതുക. വഴിചോദിക്കുന്നവര്‍ എല്ലാവരും ഞങ്ങളോട് ഒരേസ്വരത്തില്‍ പറഞ്ഞൊരു കാര്യമുണ്ട്, ‘രാത്രിയായതിനാല്‍ വഴിയില്‍ ആന കാണാന്‍ സാധ്യതയുണ്ട്. പേടിക്കൊനൊന്നുമില്ല. അതൊന്നും ചെയ്യില്ല!’ യാത്രക്ക് ഒരു ത്രില്‍ വന്നത് അപ്പോഴാണ്.
ചീവിടുകളുടെ ശബ്ദത്തിന്‍െറ അകമ്പടിയോടെ കനത്ത ഇരുട്ടില്‍ കാട്ടിലൂടെ 22 കി.മീ. വണ്ടി താണ്ടി. മൂന്നു സ്ഥലങ്ങളില്‍ റോഡരികില്‍ ആനകള്‍ ഉണ്ടായിരുന്നു, അവയൊന്നും ഉപദ്രവകാരികളായിരുന്നില്ല. കാറിന്‍െറ വെളിച്ചത്തിനു മുന്നില്‍ അവ വഴിമാറിത്തന്നു. ഒടുവില്‍ രാത്രിയുടെ ഇളംകുളിരില്‍ ഞങ്ങള്‍ തിരുനെല്ലിയിലെ ഗവ. ഗസ്റ്റ്ഹൗസില്‍ തലചായ്ച്ചു.
യാത്രകളിലെന്നും പുതുമകള്‍ സമ്മാനിച്ചിട്ടുള്ളത് ഓരോ സ്ഥലങ്ങളിലെയും പുലരികളാണ്. മനസ്സില്‍ അന്നുവരെ സൂക്ഷിച്ചുവെച്ചിരുന്ന പുലരികളെ ആകെ പറിച്ചെറിയുന്ന തരത്തിലുള്ളതായിരുന്നു തിരുനെല്ലിയിലെ പ്രഭാതം. എവിടെ നോക്കിയാലും ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന വന്‍ മരങ്ങള്‍. വൃക്ഷങ്ങള്‍ക്കിടയില്‍ തങ്ങിനില്‍ക്കുന്ന മൂടല്‍മഞ്ഞ് പ്രഭാത രശ്മികളുടെ വ്യാപനത്തില്‍ അപ്രത്യക്ഷമാകാന്‍ മടിക്കുന്നതും കിളികളുടെ കരച്ചിലും കാറ്റിന്‍െറ ഇരമ്പവുമെല്ലാം തൊട്ടും കേട്ടും അറിയാവുന്ന നേരനുഭവങ്ങളായിരുന്നു. കാടിന് നടുവില്‍ ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് പ്രശസ്തമായ തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല എന്നിവയാല്‍ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം പിതൃദര്‍പ്പണത്തിന് പേരുകേട്ടതാണ്. ക്ഷേത്രത്തിനു പുറകിലെ പടിക്കെട്ടുകള്‍ നമ്മെക്കൊണ്ട് എത്തിക്കുന്നത് ഒരു തീര്‍ഥക്കുളത്തിലാണ്, പഞ്ചതീര്‍ഥക്കുളം.
ബ്രഹ്മഗിരിയില്‍നിന്ന് ഉദ്ഭവിക്കുന്ന അഞ്ച് ഉറവകളില്‍നിന്ന് വരുന്ന ജലം ഒരുമിക്കുന്നതിനാലാണ് ഈ പേര്. ആമ്പലുകളും മീനുകളുംകൊണ്ട് നിറഞ്ഞുനില്‍ക്കുന്ന കുളം സമീപമുള്ള മരങ്ങള്‍ക്ക് മുഖം നോക്കാന്‍ ഒരു കണ്ണാടി എന്നു വേണമെങ്കിലും പറയാം. ഈ കാഴ്ചകളൊക്കെ കണ്ട് മനസ്സിലെന്നും സൂക്ഷിച്ചുവെക്കാന്‍ ഒരു പുതിയ പുലരികൂടി കിട്ടിയ സന്തോഷത്തില്‍ അവിടെനിന്ന് തോല്‍പ്പെട്ടിയിലേക്ക് യാത്ര തിരിച്ചു.
പതിനാറു കി.മീ. ആണ് തിരുനെല്ലിയില്‍നിന്ന് തോല്‍പ്പെട്ടിയിലേക്കുള്ള ദൂരം. തുഷാരകണങ്ങള്‍ പൊഴിയുന്ന വന്‍ മരങ്ങള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ എത്തിനോക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. രാത്രി കണ്ട ആനകള്‍ക്കു പകരം റോഡരികില്‍ ആനപ്പിണ്ഡങ്ങള്‍ മാത്രം. എത്ര ആസ്വദിച്ചിട്ടും മതിവരാത്ത ആ കാടിന്‍െറ ഗന്ധത്തിലൂടെ 30 മിനിറ്റ് പിന്നിട്ടപ്പോള്‍ തോല്‍പ്പെട്ടി വന്യജീവി സങ്കേതമായി.
ജംഗിള്‍ സഫാരിക്കുള്ള ഫീസടച്ച് ഗൈഡുമായി ഫോറസ്റ്റിന്‍െറ ജീപ്പില്‍ സഫാരി ആരംഭിച്ചു. ആന, കടുവ, കാട്ടുപോത്ത്, പുലി, മലയണ്ണാന്‍, മയില്‍, ഹനുമാന്‍ കുരങ്ങ്, കരടി, കരിമ്പുലി തുടങ്ങിയവയെക്കൊണ്ട് സമൃദ്ധമാണ് വയനാട് വന്യജീവി സങ്കേതം. ഏറ്റവും കൂടുതല്‍ കടുവകളുള്ള തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ വനമായി മാറിക്കഴിഞ്ഞിരിക്കുകയാണിത്. അവസാനത്തെ സെന്‍സെക്സ് പ്രകാരം 77 കടുവകളുണ്ടെന്നാണ് കണ്ടത്തെിയിരിക്കുന്നത്.
വനത്തിനുള്ളിലൂടെ ഒരു മണിക്കൂര്‍ 20 മിനിറ്റാണ് ജംഗിള്‍ സഫാരിയുടെ ദൈര്‍ഘ്യം. ബ്രിട്ടീഷുകാര്‍ തേക്ക് മുറിച്ചുകടത്താന്‍ വെട്ടിയൊരുക്കിയ പാതയാണ് ഫോറസ്റ്റ് ഡിപാര്‍ട്മെന്‍റ് ജംഗിള്‍ സഫാരിക്കായി ഉപയോഗിക്കുന്നത്. പോകുന്ന വഴിയില്‍ ചെറിയ പാലങ്ങള്‍. അവയിലെല്ലാം 1965 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ഭുതങ്ങളുടെ ഒരായിരം ചെപ്പുകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കാട്ടിലൂടെ ജീപ്പ് കുണുങ്ങിക്കുണുങ്ങി മുന്നോട്ട് പൊകവെ പെട്ടെന്ന് ആ കാഴ്ച കണ്ടു. അധികം അകലെയല്ലാതെ ചെറു ജലാശയം. ചുറ്റും പടര്‍ന്നുകിടക്കുന്ന കറുകനാമ്പുകള്‍. അവക്കിടയിലൂടെ തലയിളക്കി തന്‍േറടം കാട്ടി ഓടിവരുന്ന ഒരുകൂട്ടം മാനുകള്‍. കൊമ്പുകളില്ലാത്ത പെണ്‍മാനുകള്‍ മിഴിയിണകള്‍ നീട്ടിനോക്കുന്നുണ്ടെങ്കിലും ആണ്‍മാനുകള്‍ക്കാണ് ചന്തം. മാന്‍കൂട്ടത്തിന്‍െറ കാഴ്ച കണ്ടുനില്‍ക്കെവെയാണ് മറുവശത്ത് പ്ടക്, പ്ടക് എന്ന ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയത്. രണ്ട് മാനുകള്‍ അവയുടെ കൊമ്പുകള്‍കൊണ്ട് പരസ്പരം വാള്‍പ്പയറ്റ് നടത്തുകയാണ്. ആദ്യം ചുവടുകള്‍വെച്ച് മുന്നോട്ടടുക്കും അതിനുശേഷം ഒറ്റയിടിയാണ്. പെണ്‍മാനുകള്‍ക്കുവേണ്ടിയുള്ള പ്രേമവായ്പിന്‍െറ ഭാഗമാണിത്. അവസാനം പോരില്‍ ജയിക്കുന്ന മാന്‍ ബാക്കി പെണ്‍മാനുകള്‍ക്കൊപ്പം മുട്ടിയുരുമ്മി നടക്കുന്നു.
ജീവിതത്തില്‍ ആദ്യമായി കണ്ട ഈ കാഴ്ചകളൊക്കെ കാമറയില്‍ പകര്‍ത്തി മുന്നോട്ടുനീങ്ങിയപ്പോള്‍ കണ്ടത് ഒരുകൂട്ടം ഹനുമാന്‍ കുരങ്ങുകളെയാണ്. ശരീരം മുഴുവന്‍ വെളുത്ത രോമങ്ങളും കറുത്ത മുഖവുമായുള്ള ഹനുമാന്‍ കുരങ്ങളുകളുടെ അഭ്യാസങ്ങള്‍ മരക്കൊമ്പുകളില്‍ തകര്‍ക്കുകയാണ്.
അവസാനം ഒരു മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനിന്ന ഞങ്ങളുടെ ഗൈഡ് രാജേഷുമായുള്ള യാത്രക്കൊടുവില്‍ മനസ്സിലേക്ക് ഓടിവന്നത് പ്രശസ്ത വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറായ എന്‍.എ. നസീറിന്‍െറ വാക്കുകളാണ്. ‘വിദഗ്ധരായ ഗൈഡുകളുടെ കൂടെ യാത്ര ചെയ്താല്‍ മാത്രമേ അവരില്‍നിന്ന് കാടിനെക്കുറിച്ചുള്ള ധാരാളം അറിവുകള്‍ നേടാനാകൂ’. ഇവിടെ ഞങ്ങളുടെ ഗൈഡായ രാജേഷിന്‍െറ മൊബൈല്‍ റിങ് ചെയ്താല്‍ അത് അയാള്‍ക്കു മാത്രമേ അറിയാന്‍ കഴിയൂ. കാരണം ആ കാടിന്‍െറ ശാന്തതക്ക് ഒട്ടും കളങ്കം വരാത്തവിധം ഏതോ പക്ഷിയുടെ ശബ്ദമാണ് റിങ്ട്യൂണറായി ഇട്ടിരിക്കുന്നത്. അദ്ദേഹത്തെ പോലയുള്ള ഉദ്യോഗസ്ഥര്‍ ഇന്നത്തെ തലമുറക്ക് ഒരു മാതൃകയാകട്ടെയെന്ന് നമുക്ക് ആഗ്രഹിക്കാം.
എത്തിച്ചേരാന്‍
from Trissur -Tholpetty -228 k.m.
Ernakulam -Tholpetty -297 k.m.
Calicut -Tholpetty -122 k.m.
Kannur -Tholpetty -118 k.m.
Malpuram -Tholpetty -145 k.m.
സമയം 7 a.m -10 a.m, 3 p.m -5 p.m.
പ്രവേശന ഫീസ് -50 (ഒരു വണ്ടിക്ക്)
ജംഗിള്‍ സഫാരി -500
Still camera -25, Video camera -150
Parking fees -10
താമസം
Thirunelly
Guest house -0493 521005
K.T.D.C -0493 5210475
Agraharam -0493 5210265
കൂടുതല്‍ വിവരങ്ങള്‍: wayanadsanctuary.org

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.