തണുപ്പിന്‍െറ പിടിയില്‍, ഹിമാലയനിരകളില്‍
text_fieldsപൂര്‍ണതയുള്ള ഒരു ഛായാചിത്രംപോലെയാണ് പുലര്‍കാലവേളയിലെ യാത്രകള്‍ സമ്മാനിക്കുന്ന പുറംവാതില്‍ കാഴ്ചകള്‍....
പഞ്ചീ, നദിയാന്‍, പവന്‍ കെ ഝൊക്കേ
കുച് സര്‍ഹദ് നാ ഇനെ രോക്കേ
സര്‍ഹദ് ഇന്‍സാനോം കേലിയേ ഹേ
സോചോ തുംനെ ഒൗര്‍ മേനെ
ക്യാ പായ ഇന്‍സാന്‍ ഹോക്കേ...
(പക്ഷികള്‍ നദികള്‍ സൂര്യകിരണങ്ങള്‍ എന്നിവയെ അതിര്‍വരമ്പുകള്‍ തടയുന്നില്ല, അതിര്‍ത്തി മനുഷ്യനിര്‍മിതമാണ്, മനുഷ്യരായ നാമൊക്കെ ഇതുകൊണ്ട് എന്തു നേടി...
-റെഫ്യൂജി എന്ന ബോളിവുഡ് സിനിമക്കുവേണ്ടി ജാവേദ് അഖ്തര്‍ എഴുതിയ വരികള്‍).
ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന നേരത്താണ് ലഡാക്കില്‍ എത്തിച്ചേരുന്നത്. ലേയില്‍നിന്ന് നോക്കിയാല്‍ സിയാച്ചിന്‍ ഗ്ലേസ്യര്‍ കാണാം. അതിനുമപ്പുറം പാകിസ്താന്‍. 70 കിലോമീറ്റര്‍ മാറി മറ്റൊരു വശത്ത് ചൈന. ലേയില്‍ കൂടുതലും പട്ടാള ക്യാമ്പുകളാണ്. പിന്നെയുള്ളത് ബുദ്ധവിഹാരങ്ങള്‍. പട്ടണത്തിന്‍െറ അരികുകളില്‍ വളരെ കുറച്ചു വീടുകള്‍.
അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത കാരുവിലെ പട്ടാള ക്യാമ്പ് കൂടുതല്‍ സജീവമാക്കിയപോലെ തോന്നിച്ചു. ദേശീയപാത ഒന്നില്‍ ഇടതടവില്ലാതെ പട്ടാള ട്രക്കുകളുടെ നിരയാണ്. മലമടക്കുകളില്‍ ചൈനീസ് അതിര്‍ത്തിയിലേക്കുള്ള പാതയിലെ ഇടുങ്ങിയ പാലങ്ങള്‍ ഏതാനും ദിവസംകൊണ്ടാണ് സൈനികര്‍ വീതികൂട്ടി ബലവത്താക്കിയത്. മഞ്ഞുവീഴ്ച തുടങ്ങിയാല്‍ ലേയിലേക്കുള്ള പാത അടച്ചിടുന്നതിനാല്‍ അവശ്യസാധനങ്ങളുമായി ട്രക്കുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നു.
ഹിമാചല്‍ പ്രദേശിലെ മണാലിയില്‍നിന്ന് ലേയിലേക്ക് വരുന്നവഴിക്കുള്ള ഇടത്താവളമാണ് ജിസ്പ. ഭൂഖണ്ഡങ്ങള്‍ തമ്മിലുരസി രൂപപ്പെട്ട മലകള്‍ പച്ചപുതച്ച് പാതക്കിരുവശവും നെടുങ്ങനെ നിലകൊള്ളുന്നു. പൂര്‍ണതയുള്ള ഒരു ഛായാചിത്രംപോലെയാണ് പുലര്‍കാല വേളയിലെ യാത്രകള്‍ സമ്മാനിക്കുന്ന പുറംവാതില്‍ കാഴ്ചകള്‍. തണുപ്പുമായി താദാത്മ്യപ്പെടാന്‍ യാത്രക്കാര്‍ക്കുള്ള ആദ്യ അവസരമാണ് ജിസ്പയിലെ വാസം. ഇവിടെ രാത്രി താപനില പത്തില്‍ താഴെയാണ്. തലവേദനയും ഛര്‍ദിയും തൊലിപ്പുറത്തെ അസ്വസ്ഥതകളും ഒക്കെയായി ‘ഉയരങ്ങളിലെ അസുഖം’ ശരീരത്തെ പിടികൂടും. കുളുവിനെ ലാഹൗല്‍ സ്പിതി താഴ്വരയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് റോതങ് പാസ്. 13051 അടി ഉയരത്തിലുള്ള മലനിരയാണിത്.
ഇറക്കം തുടങ്ങുന്ന ഇടമാണ് പാസുകള്‍. ഹിമാലയത്തിലെ പിര്‍ പഞ്ചാല്‍ നിരകളില്‍ തുരങ്കം നിര്‍മിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ജിസ്പയില്‍നിന്ന് ലേയിലേക്കുള്ള ദൂരം 50 കി.മീ. കുറഞ്ഞുകിട്ടും. മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും ഭയക്കാതെ വര്‍ഷം മുഴുവന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനും സാധിക്കും.
യാത്രയില്‍ ഏറ്റവും ദുര്‍ഘടവും അപകടകരവുമായ പാസാണ് സന്‍സ്കാര്‍ റേഞ്ചിലെ ബര്‍ലാച്ച. 16040 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാതയാണ് ഹിമാചലിലെ ലാഹൗല്‍ ജില്ലയെ ജമ്മു-കശ്മീരിലെ ലേയുമായി ബന്ധിപ്പിക്കുന്നത്. ഇവിടെനിന്നുള്ള ചന്ദ്രഭാഗാ നദിയുടെ ദൃശ്യം യാത്രയുടെ ക്ളേശങ്ങള്‍ ഒഴുക്കിക്കളയും. സുര്യതാള്‍ തടാകമാണ് ഭാഗാ നദിയുടെ ഉറവിടം. ബര്‍ലാചലാ എന്ന ലഡാക്കി വാക്കിനര്‍ഥം കൊടുമുടി എന്നാണ്.
സര്‍ചുവിലെ രാവ്
കടുപ്പമേറിയ 600 കി.മീ. മലമ്പാതയില്‍ രണ്ടാമത്തെ താവളമാണ് സര്‍ചു. യാത്രികര്‍ക്കായി നിരവധി കൂടാരങ്ങള്‍ ഒരുക്കിയിരിക്കുന്നു. ലേയോട് അടുക്കുംതോറും മലനിരകളിലെ പച്ചപ്പ് അകന്നു. പ്രതികൂല കാലാവസ്ഥയില്‍ ജീവനറ്റ കുന്നുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
സര്‍ചു ക്യാമ്പിന്‍െറ ഇരുഭാഗത്തും തവിട്ടു നിറത്തിലുള്ള മലകളാണ്. അവയില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന വെള്ളമാണ് ക്യാമ്പുകളില്‍ പൈപ് വഴി എത്തിക്കുന്നത്. പക്ഷേ, സെപ്റ്റംബര്‍ ആയതോടെ ഒഴുക്ക് നിലച്ചു. ഉറവ മുഴുവന്‍ മഞ്ഞുകട്ടയായിരിക്കുന്നു. മഞ്ഞുകട്ടകള്‍ പൊട്ടിച്ചെടുത്ത് ചുമന്നു കൊണ്ടുവന്നാണ് ദൈനംദിന ആവശ്യങ്ങള്‍ കഴിയുന്നത്. മഞ്ഞുകട്ടകള്‍ വലിയ കുട്ടകത്തില്‍വെച്ച് തിളപ്പിച്ചെടുത്താണ് യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി നല്‍കുന്നത്.
ടെലിഫോണ്‍, വൈദ്യുതി എന്നിവ തീരെയില്ല. മൊബൈല്‍ നെറ്റ് വര്‍ക്കുകളും ഇവിടെ എത്തില്ല. അത്യാവശ്യം ജനറേറ്ററും വെളിച്ചത്തിന് മെഴുകുതിരിയുമാണ് ആശ്രയം. രണ്ടു പാളികളിലായി ഭദ്രമാക്കിയ തമ്പുകള്‍ ശീതക്കാറ്റില്‍ ആടിയുലയും. പാതിരാത്രി കഴിയുന്നതോടെ താപനില മൈനസ് മൂന്നിലേക്ക് താഴ്ന്നു. പ്രാണവായുവിന്‍െറ അഭാവം യാത്രക്കാരെ കുഴക്കുന്നത് ഈ നേരത്താണ്. തമ്പിനു മുകളില്‍ പ്രത്യേക താളത്തില്‍ ആലിപ്പഴം വന്നുപതിക്കും.
ആധുനിക തെര്‍മല്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍പോലും രക്ഷയില്ല. കന്നിയാത്രക്കാര്‍ക്ക് പ്രശ്നങ്ങള്‍ ഏറെയാണ്. കൊടും തണുപ്പില്‍ ശ്വാസതടസ്സം നേരിടുന്നതോടെ ശരീരം നന്നായി വിയര്‍ത്തുതുടങ്ങും. വ്യാമോഹിപ്പിക്കുന്ന ഈ അവസ്ഥയില്‍ ദേഹ കവചം മാറ്റിയാല്‍ തണുപ്പ് ഒന്നുകൂടി പിടിമുറുക്കും. ഉറക്കം അകലും. പിന്നെ സ്ഥിതിഗതികള്‍ കുഴങ്ങും. തണുത്ത വെള്ളം അല്‍പാല്‍പമായി കുടിക്കുക എന്നതാണ് അനുഭവസ്ഥര്‍ നല്‍കുന്ന പ്രതിവിധി.
നുബ്രാ താഴ്വാരത്തില്‍
പൂക്കളുടെ താഴ്വാരമാണ് നുബ്രാ. കത്തിനില്‍ക്കുന്ന സൂര്യന് കീഴെ ഉച്ച നേരത്തും അരിച്ചുകയറുന്ന തണുപ്പില്‍ വിരിയുന്ന പലജാതി പൂക്കള്‍. ലഡാക്കിന്‍െറ 125 കി.മീ. തെക്കുമാറിയാണ് നുബ്രാ. ലഡാക്ക് കാരകോറം മലനിരകളുടെ താഴ്വാരത്തിലുള്ള പ്രദേശം.
സിന്ധു നദിയുടെ പോഷകനദിയായ ഷയോക്ക് നദി പാകിസ്താനിലേക്ക് ഒഴുകുന്നത് നുബ്രയിലൂടെയാണ്. മനുഷ്യവാസം തീരെ കുറവായ മേഖലകള്‍. നീലകലര്‍ന്ന പച്ചനിറത്തിലാണ് ഷയോക്ക് നദി സിയാച്ചിനിലേക്ക് ഒഴുകുന്നത്. ഒക്ടോബര്‍ കഴിയുന്നതോടെ നദിയുടെ ഉപരിതലം വലിയൊരു മഞ്ഞുകട്ടയായി മാറും. കൂടിയ താപനിലയുള്ള അടിയൊഴുക്കിലാണ് ജലജീവികള്‍ ബാക്കിയാവുന്നത്. നദിയുടെ ഇരുകരകളിലും പച്ചപ്പിന്‍െറ അഭാവം പ്രകടമാണ്. നുബ്ര മാത്രമാണ് ഇതിന് അപവാദം. താഴ്വാരത്തോടു ചേര്‍ന്നുള്ള കുന്നില്‍നിന്ന് ഒഴുകിവരുന്ന ഉറവപോലെയാണ് പച്ചപ്പിന്‍െറ വിന്യാസം.
അതിന്‍െറ പരിസരങ്ങളില്‍ ആളനക്കം. ധാരാളം ഇക്കോ റിസോര്‍ട്ടുകള്‍. ഇവിടെ ജൈവകൃഷി നടത്തിയാണ് പച്ചക്കറി പൂര്‍ണമായും സംഭരിക്കുന്നത്. ധാരാളമായി ആപ്പിളും ആപ്രിക്കോട്ടും വിളയുന്നു. താഴ്വാരം മഞ്ഞുമൂടുന്നതോടെ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മടങ്ങും. തൊഴിലാളികള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നുള്ളവരാണ്. രാത്രിനേരങ്ങളില്‍ നക്ഷത്രങ്ങളുടെ സഞ്ചാരപഥം ചിത്രീകരിക്കാന്‍ പറ്റിയ ഇടംകൂടിയാണ് നുബ്ര. ക്ഷീരപഥവും ഇതര നക്ഷത്രങ്ങളും നുബ്രയുടെ ആകാശത്ത് സുവ്യക്തമാണ്. നുബ്രക്കടുത്തായി പാല്‍മണല്‍ക്കാടുകളും ഉണ്ട്. ഇരട്ട കൂനുള്ള ഒട്ടകങ്ങളെ ഇവിടെ സവാരിക്ക് ലഭ്യമാണ്. ബാക്ട്രിയന്‍ ഒട്ടകം എന്നാണ് ഇവ അറിയപ്പെടുന്നത്.
നിറം മാറുന്ന തടാകം
ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് നീളുന്ന പാന്‍ഗോന്‍ഗ് തടാകം സഞ്ചാരികള്‍ക്കുമുന്നില്‍ തുറന്നിടുന്ന വിസ്മയം വര്‍ണവൈവിധ്യത്തിന്‍െറതാണ്.
ഒരു ദിവസം തന്നെ മൂന്നോ നാലോ പ്രാവശ്യം തടാകത്തിന്‍െറ നിറം മാറുന്നു. കടും നീല, പച്ച, ചുവപ്പ് നിറങ്ങളില്‍ ജലാശയം കാണപ്പെടുന്നു. അകത്തേക്ക് ഒഴുകി ഒടുങ്ങുന്ന ജലാശയങ്ങളുടെ ഗണത്തിലാണ് പാന്‍ഗോന്‍ഗ്. 14,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, 134 കി.മീ. ദൈര്‍ഘ്യമുള്ള ലവണ തടാകത്തിന്‍െറ 30 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. ശിശിരകാലത്ത് തടാകം പൂര്‍ണമായും തണുത്തുറയും.
ക്രസ്റ്റസീന്‍ എന്ന നട്ടെല്ലില്ലാത്ത ചെറുജീവികള്‍ മാത്രമാണ് തടാകത്തില്‍ കാണുന്നത്.
ഹിമാലയന്‍ മലയണ്ണാന്‍
ചാന്‍ഗ് തങ് വന്യജീവി സങ്കേതത്തിലെ പ്രധാന അന്തേവാസിയാണ് ഹിമാലയന്‍ മലയണ്ണാന്‍. മഞ്ഞച്ച പുല്ലുകള്‍ മാത്രം വളരുന്ന താഴ്വാരത്തില്‍ വലിയ മാളങ്ങള്‍ ഉണ്ടാക്കിയാണ് ഇവ കഴിയുന്നത്. ഒരു പ്രദേശത്ത് പത്തോളം മാളങ്ങളിലായി മുപ്പതോളം അംഗങ്ങള്‍. പൂച്ചയോളം വലുപ്പം.
ആറുമാസത്തെ ശിശിരനിദ്രക്കുള്ള തയാറെടുപ്പില്‍ എല്ലാവരും നന്നായി കൊഴുത്തിരിക്കുന്നു. തവിട്ടു കലര്‍ന്ന മഞ്ഞ നിറമാണ് ഉടലിന്. മര്‍മോട്ട് എന്നറിയപ്പെടുന്ന ഈ ജീവികള്‍ക്ക് പക്ഷേ, അണ്ണാനെപ്പോലെ വരകളില്ല. സന്ദര്‍ശകരുമായി വളരെ പെട്ടെന്ന് ഇണങ്ങുന്നു.
ഗ്രാമീണ ജീവിതം
ഗ്രാമീണ ജീവിതത്തിന്‍െറ ശേഷിപ്പുകള്‍ ബാക്കിയാവുന്നത് മ്യൂസിയങ്ങളില്‍ മാത്രമാണ്. ലേക്കടുത്ത് ഒരു മൂന്നുനില വസതിതന്നെ അതിനായി ഒഴിച്ചിട്ടിരിക്കുന്നു. അടുക്കള, കിടപ്പുമുറി, വായനമുറി, ശൈത്യകാല അടുക്കള, വീഞ്ഞ് മുറി, ഭൂഗര്‍ഭ തൊഴുത്ത് എന്നിവ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നു.
മണ്ണും മരത്തിന്‍െറ ശിഖരങ്ങളും കൂട്ടിച്ചേര്‍ത്താണ് വീടുകളുടെ മേല്‍ക്കൂര പണിതിരുന്നത്. ഇന്നിപ്പോള്‍ മണ്ണിന്‍െറ സ്ഥാനത്ത് സിമന്‍റ് കൂട്ടാണ് ഉപയോഗിക്കുന്നത്. നദികളില്‍നിന്ന് ലഭിക്കുന്ന ചരല്‍ക്കല്ലുകളും ധാരാളമായി ഉപയോഗിക്കുന്നു. ജൈവവേലികളും ജൈവ മുള്ളുവേലികളും കാണാം.
ബുദ്ധവിഹാരങ്ങള്‍
ലേയിലെ ബുദ്ധവിഹാരങ്ങള്‍ പ്രശസ്തമാണ്. സഞ്ചാരികളുടെ വരവു കൂടിയതോടെ വിഹാരങ്ങളില്‍ ഫീസ് ഈടാക്കിത്തുടങ്ങി. കുന്നുകളുടെ ഉച്ചിയിലാണ് ഇവ സ്ഥിതിചെയ്യുന്നത്. മൂന്നോ നാലോ നിലകളുള്ള പരമ്പരാഗത കെട്ടിടങ്ങള്‍ ഇപ്പോള്‍ താഴേക്കുപതിക്കുമെന്ന് തോന്നും.
ലെമയൂരു മുതല്‍ ആല്‍ചി വരെ 15 ഓളം ബുദ്ധവിഹാരങ്ങള്‍ ഇവിടെയുണ്ട്. ആല്‍ചി ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.