Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightചരല്‍മൈതാനത്തെ...

ചരല്‍മൈതാനത്തെ ഇറാഖികള്‍

text_fields
bookmark_border
ചരല്‍മൈതാനത്തെ ഇറാഖികള്‍
cancel

കത്തുന്ന വെയില്‍ പതിയെ ചാഞ്ഞുതുടങ്ങിയിരുന്നു. പൊടി പടര്‍ത്തിക്കൊണ്ട് ഉഷ്ണക്കാറ്റ് അടിച്ചുവീശിക്കൊണ്ടിരുന്നു. നരച്ച ആകാശത്തിനുതാഴെ ചുട്ടു പഴുത്ത് കിടക്കുന്ന മരുഭൂമിയിലൂടെ ഞങ്ങളുടെ കാര്‍ നിരങ്ങിനീങ്ങി. പെട്ടിക്കൂടുപോലുള്ള വീടുകള്‍ക്കിടയിലൂടെയുള്ള ചരല്‍നിറഞ്ഞ വഴിയില്‍ അല്‍പം മുന്നോട്ടുപോയപ്പോള്‍ ഞങ്ങള്‍ക്ക് പിന്നിലായി കുതിച്ചത്തെിയ കാറില്‍നിന്ന് ഒരാള്‍ രൂക്ഷമായിനോക്കി. തങ്ങളുടെ ഇത്തിരിവട്ടത്തില്‍ പരിചിതമല്ലാത്ത വിദേശിമുഖങ്ങള്‍ കണ്ടതുകൊണ്ടാവണം അയാളുടെ നോട്ടം പരുക്കനായത്. പരിസരത്ത് ബഖാല (പലചരക്കുകട) നടത്തുന്ന മലയാളി സുഹൃത്തിനെ അന്വേഷിക്കുകയാണെന്ന് പറഞ്ഞതോടെ അയാള്‍ വഴി പറഞ്ഞുതന്നു. അല്‍പംകൂടി മുന്നോട്ടുപോയപ്പോള്‍ ഞങ്ങള്‍ തേടിയ സ്ഥലമത്തെി. പ്ളാസ്റ്റിക് ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരക്കടിയില്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ടുമറച്ച കൂടാരത്തിന് പുറത്തുനിന്ന മനുഷ്യന്‍ അകത്തേക്ക് ക്ഷണിച്ചു. അരണ്ട വെളിച്ചമുള്ള കടയിലേക്ക് കയറി. സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നു. ‘‘ഞാന്‍ യൂനുസ് കുഞ്ഞ്. കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവ് കുറ്റി അയ്യത്ത് വീട്ടില്‍ യൂനുസ് കുഞ്ഞ്’’. അയാള്‍ പരിചയപ്പെടുത്തി. സാധനങ്ങള്‍ എടുത്ത് മേശപ്പുറത്ത് വെക്കുന്നതിനിടയില്‍ അയാള്‍ സംസാരിച്ചുതുടങ്ങി.

17 വര്‍ഷമായി യൂനുസ് കുഞ്ഞിന്‍െറ ലോകം ഈ ചെറിയ കൂടാരമാണ്. തൊട്ടടുത്ത് ചാക്കുകൊണ്ടും പോളിത്തീന്‍ ഷീറ്റുകൊണ്ടും മറച്ച ഷെഡിലാണ് താമസം. തീനും ഉറക്കവുമൊക്കെ അവിടെ. തനിക്ക് ചുറ്റും താമസിക്കുന്ന അഭയാര്‍ഥി കുടുംബങ്ങളിലൊന്ന് ആവശ്യപ്പെട്ട സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള തിരക്കിലായിരുന്നു യൂനുസ്. പതിഞ്ഞ ശബ്ദത്തില്‍ യൂനുസ് അവിടത്തെ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി.

ഹഫറുല്‍ ബാത്തിന്‍ നഗരത്തില്‍നിന്ന് അഞ്ചോ ആറോ കി.മീ. മാറി ഹൈവേക്ക് സമീപമുള്ള മരുഭൂമിയില്‍ പരന്നുകിടക്കുന്ന ചേരിപ്രദേശം കാണാം. പ്രധാന റോഡില്‍ നിന്ന് മാറി വിശാലമായ ചരല്‍മൈതാനത്തേക്ക് ഇറങ്ങിയാല്‍ എത്തുന്നത് ‘ഇറാഖി’ലാണ്. അതായത് സൗദി അറേബ്യയിലുള്ള ഇറാഖ് അഭയാര്‍ഥി ക്യാമ്പില്‍. അവിടെ കഴിയുന്ന ഇറാഖികളുടെ കൂടെ അവരിലൊരാളായി യൂനുസ് കട നടത്തി ജീവിക്കുന്നു. യൂനുസുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് വഴി ഉറപ്പുവരുത്തിയതിനുശേഷമാണ് അവിടെ എത്തിപ്പെടാന്‍ കഴിഞ്ഞത്.

കടക്ക് പുറത്തിറങ്ങി നോക്കിയാല്‍ ജിപ്സം ബോര്‍ഡിലും കാര്‍ഡ്ബോര്‍ഡിലും പണിത ചുവരുകളുള്ള അഭയാര്‍ഥി വീടുകള്‍ കാണാം. ഇറാഖി കുടുംബങ്ങള്‍ താമസിക്കുന്ന വീടാണതെന്ന് യൂനുസ് പറഞ്ഞപ്പോഴാണ് മനസ്സിലായത്. കഷ്ടിച്ച് ഏഴടി പൊക്കത്തിലുള്ള പെട്ടിക്കൂടുകള്‍. സെറ്റില്‍മെന്‍റ് ഏരിയ ആയതുകൊണ്ട് ഉയരം കൂടിയ കെട്ടിടങ്ങളോ, കോണ്‍ക്രീറ്റ് വീടുകളോ പണിയാന്‍ അനുവാദമില്ല. 30 വര്‍ഷത്തിലധികമായി ഈ കൂടാരങ്ങളില്‍ ഇറാഖികള്‍ താമസിക്കുന്നു. രാഷ്ട്രീയ അസ്ഥിരതയും യുദ്ധവും ആഭ്യന്തര പ്രശ്നവുമൊക്കെ കാരണമായി ഇറാഖില്‍ ജീവിതം ദുസ്സഹമായതിനെതുടര്‍ന്ന് കൂടും കുടുംബവുംവിട്ട് അതിര്‍ത്തി കടന്നവരാണവര്‍. സൗദി ഭരണകൂടത്തിന്‍െറ കാരുണ്യത്തില്‍ കഴിയുന്നവര്‍. 600ഓളം കുടുംബങ്ങളാണ് ക്യാമ്പിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴത് 120 ആയി ചുരുങ്ങിയിരിക്കുന്നു. ഇവിടെയുണ്ടായിരുന്നവരില്‍ പലര്‍ക്കും സൗദി ഭരണകൂടം പൗരത്വം കൊടുത്തതിനെതുടര്‍ന്നാണ് കുടുംബങ്ങളുടെ എണ്ണംകുറഞ്ഞത്.

ക്രിമിനല്‍ കേസുകളിലൊന്നുംപെടാതെ മാന്യമായി ജീവിക്കുന്നവര്‍ക്കാണ് പലപ്പോഴായി പൗരത്വം ലഭിച്ചത്. പൗരത്വം കിട്ടിയില്ളെങ്കിലും ഇറാഖിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ഒരുക്കമല്ല. പലര്‍ക്കും ജന്മ നാട്ടില്‍ വേരുകളില്ല എന്നതാണ് പ്രധാനകാരണം. മാതൃരാജ്യത്തേക്കാള്‍ സുഖവും സമാധാനവും ഇവിടെ കിട്ടുന്നുണ്ടെന്നതാണ് മറ്റൊരു കാരണം. ക്യാമ്പില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ക്ക് അവരുടെ ലോകം ഇതാണ്. നാടും വീടുമെല്ലാം ഈ ചരല്‍ മൈതാനമാണ്. കൊടുംചൂടിലും ഇത്ര ചെറിയ കൂടാരത്തില്‍ അഞ്ചും ആറും അംഗങ്ങളടങ്ങിയ കുടുംബവുമായി അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു. മക്കള്‍ വിവാഹിതരാവുമ്പോള്‍ അവര്‍ക്ക് കഴിയാന്‍ കൂടാരത്തോട് ചേര്‍ന്ന് മറ്റൊരു മുറിയുണ്ടാക്കുന്നു. അങ്ങനെ അഞ്ചും ആറും മുറികളിലായി പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും കഴിയുന്നു. കുഞ്ഞുകുഞ്ഞു മുറികളില്‍ ഓരോ കുടുംബവും ഒതുങ്ങിക്കൂടുന്നു. ഇടുങ്ങിയ ജീവിതത്തില്‍ അവര്‍ അസ്വസ്ഥരാണെന്ന് ധരിച്ചാല്‍ നമുക്ക് തെറ്റി. മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി മരുഭൂജീവിതം അവരാസ്വദിക്കുന്നു.

ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. ജനറേറ്റര്‍ മുറിയില്‍നിന്ന് കേബ്ള്‍ വഴിയാണ് വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. പാകിസ്താനികളാണ് അതിന്‍െറ ചുമതല വഹിക്കുന്നത്. നേരത്തേ ഇത് മലയാളികളാണ് ചെയ്തുകൊണ്ടിരുന്നത്. വീടുകളില്‍നിന്ന് ഒരുമാസം 400 റിയാലാണ് വൈദ്യുതി ചാര്‍ജായി ഈടാക്കുന്നത്.
കുട്ടികളുടെ എണ്ണംകൂടിയതോടെ സൗദി അധികൃതര്‍ അവര്‍ക്ക് പഠിക്കാനായി സ്കൂള്‍ നിര്‍മിച്ചു കൊടുത്തിട്ടുണ്ട്. പ്രാര്‍ഥനക്കായി പള്ളിയുമുണ്ട്.
ചിലര്‍ ട്രക്ക് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നു. ഈന്തപ്പഴ കച്ചവടം ചെയ്യുന്നവരുമുണ്ട്. ദിവസങ്ങള്‍ നീളുന്ന യാത്രയുടെ ഇടവേളകളിലാണ് ഗൃഹനാഥന്മാര്‍ കുടുംബങ്ങളില്‍ തിരിച്ചത്തെുന്നത്.

യൂനൂസിന്‍െറ കടയില്‍ എത്തുന്നവര്‍ അവര്‍ക്കുവേണ്ട സാധനങ്ങള്‍ എടുത്ത് പണം മേശപ്പുറത്തുവെച്ച് പോകുന്നു. എല്ലാം സുതാര്യമാണ്. അവരുടെ സ്വന്തമാണ് യൂനുസിന്‍െറ ബഖാല. ചുരുക്കം ചിലര്‍ കുശലാന്വേഷണങ്ങള്‍ക്ക് തയാറായി. കൂടുതല്‍ സംസാരിക്കാന്‍ അവര്‍ താല്‍പര്യം കാണിച്ചില്ല. പക്ഷേ, ഒരു കാര്യം തറപ്പിച്ചുപറയാം. അവരിലാരുടെയും മുഖങ്ങളില്‍ അഭയാര്‍ഥികളുടെ വേവലാതികള്‍ കാണാനാവില്ല. അവര്‍ക്ക് നിങ്ങളോട് പറയാന്‍ സങ്കടങ്ങളില്‍ കുതിര്‍ന്ന കഥകളില്ല. കിട്ടിയ ജീവിതം ആഘോഷിക്കുന്നു അവര്‍. കാരണം, അവരുടെ മാതൃരാജ്യമായ ഇറാഖിനേക്കാള്‍ സുരക്ഷിതത്വവും സമാധാനവും അതിര്‍ത്തിക്കിപ്പുറത്തെ ചരല്‍മൈതാനത്ത് ഇറാഖികള്‍ അനുഭവിക്കുന്നു. തങ്ങളുടെ മുന്‍ഗാമികളെപ്പോലെ സൗദി പൗരത്വം കിട്ടുന്നതും സ്വപ്നംകണ്ട് ഓരോ ഉഷ്ണദിനങ്ങളിലും അവര്‍ കിടന്നുറങ്ങുന്നു. പുതിയ പ്രഭാതത്തിലേക്ക് മിഴിതുറക്കാന്‍...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story