ശറമുല്‍ ശൈഖിലെ ആയിരത്തൊന്നു രാവുകള്‍
text_fieldsആയിരത്തൊന്ന് രാവുകളുടെ കഥകള്‍ പിറന്നയിടത്തേക്കുള്ള യാത്രാനുഭവം. ഹൃദയം കവരുന്ന ഭൂമിക സംഗീതം പോലെയാണ്.
ഷഹരിയാര്‍ രാജാവില്‍ ജിജ്ഞാസയുണര്‍ത്തി താനടക്കം ആയിരത്തൊന്നു പെണ്ണുങ്ങളുടെ ജീവന്‍ രക്ഷിച്ച് ഷഹര്‍സാദ പറഞ്ഞുതീര്‍ത്ത കഥകള്‍ അറബിക്കഥകളായി ക്രോഡീകരിക്കപ്പെട്ടത് ഈജിപ്ഷ്യന്‍ മണ്ണിലാണ്. ആയിരത്തൊന്നു രാവുകളെക്കുറിച്ചാലോചിക്കുമ്പോള്‍ ഈജിപ്തിന്‍െറ ഹൃദയം തുടിക്കാന്‍ കാരണമിതാണ്. ചരിത്രം വൈകാരികമായ ആ ബന്ധത്തെ അംഗീകരിച്ചതാണ്. അതുകൊണ്ടാണ് ശറമുല്‍ ശൈഖിലെ ‘അലിഫ് ലൈല വ ലൈല’ (ആയിരത്തൊന്നുരാവുകള്‍) എന്ന ശീര്‍ഷകമേന്തി തലയുയര്‍ത്തി നില്‍ക്കുന്ന ആ സാംസ്കാരിക കേന്ദ്രത്തെ കണ്ടിട്ടും അദ്ഭുതം തോന്നാതിരുന്നത്.
റിയാദ് എയര്‍പോര്‍ട്ടില്‍നിന്ന് മൂന്നുമണിക്കൂറാണ് യാത്രാസമയം. ചെങ്കടലിനപ്പുറം ആകാശത്തിന്‍െറ പടിഞ്ഞാറെ ചരിവ് ചുവപ്പണിയാന്‍ തുടങ്ങുമ്പോള്‍ വിമാനം ശറമുല്‍ ശൈഖിന് മുകളിലത്തെി. ഒബീറയെന്നറിയപ്പെടുന്ന ശറമുല്‍ ശൈഖ് അന്താരാഷ്ട്ര വിമാനത്താവളത്തിന്
പേരിനൊരു അന്താരാഷ്ട്ര പദവിയുണ്ടെങ്കിലും അത്ര മൂപ്പത്തെിയോ എന്ന് സംശയം.
താമസിക്കാന്‍ ഏര്‍പ്പാടാക്കിയ ഹോട്ടലിലേക്ക് ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്റര്‍ ദൂരമുണ്ടെന്നാണ് മനസ്സിലാക്കാനായത്. ഇരുനൂറ് പൗണ്ടാണ് ടാക്സിക്കാര്‍ ആവശ്യപ്പെടുന്നത്. കടുത്ത വിലപേശലിനൊടുവില്‍ എഴുപത്തഞ്ച് പൗണ്ടിന് ഒരാള്‍ തയാറായി. 15 മിനിറ്റിനകം ഹോട്ടലിലത്തെി.
ശറമുല്‍ ശൈഖിലെ ഫൈവ് സ്റ്റാര്‍ ബീച്ച് റിസോര്‍ട്ടായ റാഡിസണ്‍ ബ്ളൂ ഹോട്ടലില്‍ മുന്‍കൂട്ടി മുറി ബുക് ചെയ്തിരുന്നു. റിസപ്ഷനില്‍ ഓണ്‍ലൈന്‍ വഴി കിട്ടിയ സ്ളിപ് കാണിച്ച് നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ഇലക്ട്രോണിക് കാറില്‍ ഞങ്ങളെ മുറിയിലേക്ക് കൊണ്ടുപോയി.
മുറിയുടെ ചില്ലുഭിത്തിയെ മറച്ചിരുന്ന വിരി മാറ്റിയപ്പോള്‍ നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന ചെങ്കടല്‍ മുന്നില്‍. തിരമാലകള്‍ അലതല്ലുന്നു. നോക്കിനിന്നപ്പോള്‍ അവ ഞങ്ങളെ മാടിവിളിക്കുകയാണെന്ന് തോന്നി. ഉടനെ കടല്‍ത്തീരത്തേക്ക് നടന്നു. അഞ്ചു മിനിറ്റ് ദൂരം മാത്രം. സംഗീതോപകരണങ്ങളില്‍നിന്നുതിരുന്ന വാദ്യഘോഷങ്ങളും പാട്ടും ഡാന്‍സുമൊക്കെയായി ഉത്സവലഹരിയിലാണ് ബീച്ച്.
ശാന്തനഗരം
ശറമുല്‍ ശൈഖിന് ശാന്തിയുടെ നഗരം എന്നൊരു വിളിപ്പേരുണ്ട്. മുല്ലപ്പൂ വിപ്ളവത്തിലും തുടര്‍ന്നുനടന്ന രക്തരൂഷിത ജനാധിപത്യ വിരുദ്ധ കലാപങ്ങളിലും ഞാനൊന്നും അറിഞ്ഞില്ളേ എന്ന് അനങ്ങാപാറ നയം സ്വീകരിച്ച ഈജിപ്ഷ്യന്‍ നഗരം. ഭരണാധികാരികളുടെ ഒഴിവുകാല വസതികള്‍ ഇവിടെയാണ്. കൈറോ കത്തുമ്പോള്‍ ഹുസ്നി മുബാറക് മുങ്ങാന്‍ കൊതിച്ചതും ഈ സുഖസുന്ദര വിനോദ സഞ്ചാര കേന്ദ്രത്തിലേക്കായിരുന്നു. ഇവിടെ അദ്ദേഹത്തിനും ഒഴിവുകാല വസതിയുണ്ടായിരുന്നു.
നഗരത്തെ അറിയുക, അതിന്‍െറ സംസ്കൃതിയെ തൊട്ടറിയുക എന്ന ലക്ഷ്യത്തോടെ രാവിലെതന്നെ ഇറങ്ങി. ടൂറിസ്റ്റ് ഗൈഡ് ഓഫിസ് എന്ന് ബോര്‍ഡ് പതിച്ച് വഴിയരികില്‍ കണ്ട ഓഫിസിലേക്ക് കയറിച്ചെന്നു. 350 പൗണ്ടിന് നഗരം മുഴുവന്‍ ചുറ്റിക്കാണിക്കാമെന്ന് കരാറിലത്തെി ഒരു ഡ്രൈവറെ ഏര്‍പ്പാടാക്കി തന്നു. ഞൊടിയിടയില്‍ ഡ്രൈവറും കാറുമത്തെി. അഹ്മദ് മുഹമ്മദ് അല എന്നാണ് ഡ്രൈവറുടെ പേര്. യാത്ര തുടങ്ങി പത്തു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വഴിയരികില്‍ കാറൊതുക്കി ഒരു വലിയ കാഴ്ചയിലേക്ക് അയാള്‍ ഞങ്ങളെ ക്ഷണിച്ചു. മുസ്തഫ മസ്ജിദ് എന്നറിയപ്പെടുന്ന നഗരഹൃദയത്തില്‍ അംബരചുംബിയായി നില്‍ക്കുന്ന 72 മീറ്റര്‍ ഉയരമുള്ള മിനാരമുള്ള പള്ളി.
2008ല്‍ ഒരു ബില്യന്‍ ഈജിപ്ഷ്യന്‍ പൗണ്ട് ചെലവിട്ട് നിര്‍മിച്ചതാണ് ഈ കണ്ടംപററി മോഡല്‍ മസ്ജിദ്. അകത്തും പുറത്തും പഴമ അനുഭവപ്പെടുത്തുന്ന രൂപകല്‍പനകളില്‍ ചേതോഹരമായ ഒരു സൗധം. പള്ളിയില്‍ കയറി പ്രാര്‍ഥിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.
പ്രാചീന ചന്ത
എടുപ്പിലും ഭാവത്തിലും നന്നേ പ്രാചീനത വിളിച്ചോതുന്ന നഗരത്തിലെ ഏറ്റവും പ്രശസ്തമായ കമ്പോളമാണ് അത്. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ, ആ ചന്തയില്‍ ലഭിക്കാത്തതായി ഒന്നുമില്ല. പഴക്കം തോന്നിക്കുന്ന കെട്ടിടങ്ങള്‍പോലെതന്നെ പഴമയുടെ തനിമയാര്‍ന്ന രൂപകല്‍പനയില്‍ നിര്‍മിച്ച പുതിയ കെട്ടിടങ്ങളുമായി സൂഖുല്‍ ഖദീം ഒട്ടൊരു ഗൃഹാതുരത സമ്മാനിക്കുന്നു.
അറബികള്‍ ‘മിസിര്‍’ എന്നു വിളിക്കുന്ന ഈജിപ്തിലെ ജനജീവിതത്തിന്‍െറയും പാരമ്പര്യത്തിന്‍േറയും ഭക്ഷണം, വസ്ത്രം, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയുടെയും ശേഷിപ്പുകളും മാതൃകകളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എല്ലാം ഹൃദ്യമായ അനുഭവംതന്നെ. സൂഖിലത്തെുന്നവരെല്ലാം ധാരാളം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നുണ്ട്. നല്ല ആള്‍ത്തിരക്കുമുണ്ട്. നഗരം എകദേശം കണ്ട് ഞങ്ങള്‍ രാത്രി ഒമ്പതിന് മുമ്പ് ഹോട്ടലിലേക്ക് മടങ്ങി.
ചെങ്കടല്‍ നൃത്തംവെച്ച രാവ്
അത്താഴത്തിനിടയില്‍തന്നെ കടല്‍ത്തീരത്തുനിന്നൊഴുകിവന്ന സംഗീതം ഞങ്ങളെ പ്രചോദിപ്പിച്ചിരുന്നു. അത്താഴം കഴിഞ്ഞതും വേഗം കടല്‍ത്തീരത്തേക്ക് ഓടി. ആളുകള്‍ ആഘോഷത്തിമിര്‍പ്പിലാണ്. സംഗീതത്തിനൊത്ത് ചെങ്കടല്‍ തന്‍െറ ഓളങ്ങളിളക്കി നൃത്തമാടുകയാണോ എന്ന് തോന്നിപ്പോയി. ഭൂമിയിലെ ഏറ്റവും ചൂടുള്ള ഭാഗത്താണ് ചെങ്കടല്‍ കിടക്കുന്നത്. ഇരുകരകളിലും കൊടിയ മരുഭൂമി. വെള്ളത്തിനാകട്ടെ മറ്റേതൊരു കടലിലേതിനെക്കാളും ഉപ്പുരസം കൂടുതലും. കൊടിയ ചൂടും കടുത്ത ഉപ്പുരസവുമായി തികച്ചും പ്രതികൂല ഭാവമുള്ള ആ കടല്‍ പക്ഷേ, ഒരു പകല്‍കൊണ്ട് ഞങ്ങള്‍ക്കു തന്നത് ഹൃദ്യമായ അനുഭവം.
നമാബ എന്ന സ്ഥലത്താണ് ബോട്ടുകള്‍ കരക്കടുക്കുന്നത്. രാവിലെ ഒമ്പതിനുതന്നെ ഞങ്ങളുടെ ബോട്ട് യാത്ര തുടങ്ങി. ‘ലിയൂണ’ എന്നായിരുന്നു ബോട്ടിന്‍െറ പേര്. 50ഓളം പേരുണ്ട് യാത്രക്കാരായി.
ഇതുപോലെ നിരവധി ബോട്ടുകള്‍ നമാബയിലെ ബോട്ട് ജെട്ടിയിലുണ്ടായിരുന്നു. ധാരാളം വിനോദസഞ്ചാരികള്‍ കടല്‍യാത്രക്കായി അവിടെ കാത്തുനില്‍ക്കുന്നുമുണ്ടായിരുന്നു.
രണ്ടാം നിലയില്‍ ഡ്രൈവറുടെ കാബിനിനോട് ചേര്‍ന്നാണ് ഞങ്ങള്‍ ഇരിപ്പിടം ഉറപ്പിച്ചത്. 50 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ബോട്ട് തീരത്തടുപ്പിച്ചു. കുളിക്കാനും നീന്താനും ഡൈവ് ചെയ്യാനുമൊക്കെയുള്ള സ്ഥലമാണിതെന്ന് ബോട്ടിലെ ഗൈഡ് നിര്‍ദേശം നല്‍കി. കേട്ടപാടെ പലരും കടലിലേക്ക് ചാടി. ഏതാണ്ട് 30 അടി ആഴമുള്ളിടത്താണ് ബോട്ട് നിര്‍ത്തിയിരിക്കുന്നത്. ഞാനും ചാടി. അതൊരു വല്ലാത്ത അനുഭവമായിരുന്നു.
അതിമനോഹര കാഴ്ച കടലിനടിയില്‍. നെത്തോലി മുതല്‍ ഡോള്‍ഫിന്‍ വരെ സ്ഫടിക ജലക്കാഴ്ചകളായി തൊട്ടുരുമ്മുന്നു. ഒരു അക്വോറിയത്തിനുള്ളില്‍ കടന്നപോലെ. കടലിനടിയിലെ ആ വിസ്മയക്കാഴ്ചകളും ജലസ്പര്‍ശവും മനസ്സിനെയും ശരീരത്തേയും ഒന്ന് തണുപ്പിച്ചു.
മൂസാ നബിയുടെ കുളിപ്പുര
ശറമുല്‍ ശൈഖില്‍നിന്നും 120 കിലോമീറ്റര്‍ അകലെ ദക്ഷിണ സിനായി പ്രവിശ്യയുടെ തലസ്ഥാനമായ ‘അല്‍തൂറി’ലേക്കുള്ള യാത്രയായിരുന്നു അടുത്ത ദിവസം. വളരെ മനോഹരമായ ഒരു യാത്ര. സിനായി പര്‍വതം കീറിമുറിച്ച് നിര്‍മിച്ച റോഡ്. ഒരു വശത്ത് അകാശം മറച്ച് സിനായി പര്‍വതനിരകളും മറുഭാഗത്ത് ആകാശത്തിന്‍െറ ചക്രവാളംവരെ വെളിവാക്കി ചെങ്കടലും. ഒരു മണിക്കൂര്‍ ദൂരം പിന്നിട്ടപ്പോള്‍ MOSES POOL എന്ന് ഇംഗ്ളീഷില്‍ ആലേഖനം ചെയ്ത ബോര്‍ഡ് കണ്ടു.
ഹമാം മൂസ എന്നാണ് അറബികള്‍ പറയുന്നത്. അഥവാ മൂസ പ്രവാചകന്‍െറ കുളിപ്പുര.
വിജനമായ പ്രദേശം. 10 മിനിറ്റ് നടന്നപ്പോള്‍ ഒരു തോട്ടം കണ്ടു. അതിനുള്ളിലാണ് കുളം. അവിടെയാണ് മൂസ നബി കുളിച്ചിരുന്നത് എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. നല്ല തെളിഞ്ഞ വെള്ളം. സമീപം മറ്റൊരു ചെറിയ കുളംകൂടി കണ്ടു. തോട്ടത്തിന്‍െറ നടത്തിപ്പുകാരനായ മുഹ്സിന്‍ അല്‍തന്‍താവി കാര്യങ്ങള്‍ വിശദീകരിച്ചു. മൂസ നബിയും കൂട്ടരും കുടിവെള്ളം ശേഖരിച്ചിരുന്നത് ഈ കുളത്തില്‍നിന്നാണെന്നും ഇപ്പോള്‍ ഇത് ഉപയോഗശൂന്യമായി കിടക്കുകയാണെന്നും അയാള്‍ പറഞ്ഞു.
എന്നാല്‍, ചിലര്‍ ഈ വെള്ളത്തിന് ത്വഗ്രോഗങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നു. അങ്ങനെ ‘ഒൗഷധം’ തേടി വരുന്നവരുമുണ്ടെന്നും അവര്‍ വെള്ളംകോരി കുളിക്കുകയും രോഗം ബാധിച്ച ഭാഗത്ത് പുരട്ടുകയും കുടിക്കുകയും ചെയ്യാറുണ്ടെന്നും മുഹ്സിന്‍ അല്‍തന്‍താവി പറഞ്ഞു.
അലിഫ് ലൈല വ ലൈല
അവസാന ദിവസമാണ് അലിഫ് ലൈല വ ലൈലയില്‍ പ്രവേശിച്ചത്. നഗരഹൃദയത്തിലെ കലാസാംസ്കാരിക പ്രദര്‍ശന ശാല.
ഒത്ത നടുക്കൊരു ഒരു കൂറ്റന്‍ വേദിയുണ്ട്. നഗരിയില്‍ ഏതുഭാഗത്തുനിന്നും പരിപാടികള്‍ വീക്ഷിക്കാന്‍ കഴിയുന്ന സംവിധാനം. രാത്രി ഒമ്പതു മണിക്കാണ് നഗരി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുക. 30പൗണ്ടാണ് പ്രവേശ ഫീസ്. പരമ്പരാഗത കലാസാംസ്കാരിക മഹിമകള്‍ വിളിച്ചോതുന്ന തനത് കലാപ്രകടനങ്ങളുടെ ഇടമുറിയാത്ത പ്രദര്‍ശനമാണ് ആ വേദിയില്‍ അരങ്ങേറുന്നത്. പലതരം നൃത്തനൃത്യങ്ങള്‍, സംഗീത കച്ചേരികള്‍. രാവിനെ ഉറങ്ങാന്‍ അനുവദിക്കാതെ ഇടതടവില്ലാത്ത ഘോഷങ്ങള്‍.
ഷഹരിയാര്‍ രാജാവിനെ ഉറക്കാതെ, അനങ്ങാന്‍ വിടാതെ പിടിച്ചിരുത്തി കഥപറഞ്ഞ ഷഹര്‍സാദയെന്ന മിടുക്കിയെപോലെയായിരുന്നു ആ പ്രദര്‍ശനനഗരിയും. എന്നാല്‍, ഈജിപ്തിന്‍െറ സാംസ്കാരിക മഹിമക്ക് കളങ്കമേല്‍പിക്കുന്ന അല്‍പവസ്ത്രധാരിണികളായ നര്‍ത്തകിമാരുടെ ബെല്ലി ഡാന്‍സ് എന്ന ആഭാസ നൃത്തചുവടുകളും ഇടക്കി മിന്നിമറഞ്ഞപ്പോള്‍ അതിമധുരത്തില്‍ കല്ലുകടിച്ചപോലൊരു അനുഭവം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.