Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകോട്ടഗിരിയില്‍...

കോട്ടഗിരിയില്‍ മേഘങ്ങളെ തൊട്ട്...

text_fields
bookmark_border
കോട്ടഗിരിയില്‍ മേഘങ്ങളെ തൊട്ട്...
cancel

ഊട്ടിയിലെ സ്ഥിരം കേന്ദ്രങ്ങള്‍ ഒഴിവാക്കി ഒരു യാത്ര നടത്തിക്കളയാം എന്ന് പദ്ധതിയിട്ടാണ് മൂന്നു ബൈക്കുകളിലായി ഞങ്ങള്‍ ആറു പേര്‍ ഒരു വൈകുന്നേരം പുറപ്പെട്ടത്. ബൈക്കിലും കാറിലുമെല്ലാമായി നിരവധി തവണ ഊട്ടിപ്പട്ടണം ചുറ്റിയിരിക്കുന്നു. ഡോള്‍ഫിന്‍ നോസ്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഊട്ടി തടാകം, ഷൂട്ടിങ് പോയന്‍റ് തുടങ്ങിയ ഊട്ടിയിലെ പ്രഖ്യാപിത വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിരവധി തവണ എത്തിയിട്ടുണ്ട്. അതിനാല്‍ ഊട്ടിയുടെ സമീപത്തെ ഏതെങ്കിലും ഹില്‍ സ്റ്റേഷനായിരുന്നു ഞങ്ങളുടെ മനസ്സില്‍. കൂടെ നീലഗിരി മൗണ്ടെയ്ന്‍ റെയില്‍വേയില്‍ ഒരു യാത്രയും (തത്കാല്‍ ടിക്കറ്റ് എടുക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു). കോഴിക്കോട്ട് നിന്നും വൈകുന്നേരം അഞ്ചോടെയാണ് യാത്ര ആരംഭിച്ചത്.

താമരശേരി ചുരം കയറി കല്‍പ്പറ്റ^ദേവാല വഴി ഗൂഡല്ലൂരെത്തി. ചൂട് ചായയും വടയും കഴിച്ച് യാത്ര തുടര്‍ന്നു. കടുത്ത തണുപ്പും കോടമഞ്ഞും കാരണം പതുക്കെയാണ് ബൈക്കുകളുടെ പോക്ക്. ഊട്ടിയിലെത്തുമ്പോള്‍ രാത്രി 12 കഴിഞ്ഞിരുന്നു. ബൈക്ക് ഓടിച്ച് ചെറിയ ക്ഷീണം തോന്നി. കൂടെ കടുത്ത തണുപ്പും. ഞങ്ങള്‍ ഊട്ടി ബസ് സ്റ്റാന്‍ഡിന് മുന്നിലെത്തി. റോഡുകളെല്ലാം ഏറെക്കുറെ വിജനമായിരുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്തും റോഡരികിലും കൊടുംതണുപ്പില്‍ ആകാശം മേല്‍ക്കൂരയാക്കി കിടന്നുറങ്ങുന്ന നിരവധി ആളുകള്‍. മേട്ടുപ്പാളയത്തില്‍ നിന്ന് ഊട്ടിയിലേക്ക് രാവിലെ ഏഴിനാണ് പൈതൃക തീവണ്ടി ഓടുന്നത്. വിശ്രമിക്കാതെ ഉറക്കം കളഞ്ഞ് മേട്ടുപ്പാളയത്തേക്ക് ബൈക്ക് ഓടിക്കാനുള്ള സാഹസം വേണ്ടെന്ന് നിര്‍ദേശം ഉയര്‍ന്നു. എങ്കില്‍ ടാക്സിയില്‍ പോകാമെന്നായി. ആദ്യം തട്ടുകടയില്‍ നിന്നും ലഘു ഭക്ഷണം കഴിച്ച് ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം തപ്പി കുറേ നടന്നു. ഒടുവില്‍ ചെറി ഗ്രീനില്‍ ബൈക്ക് വെച്ച് ടാക്സി സ്റ്റാന്‍ഡിലെത്തി. ഓരോ ഡ്രൈവര്‍മാരെയും സമീപിച്ചു, എല്ലാവരും പറയുന്നത് കഴുത്തറപ്പന്‍ വാടക. ഒരു മലയാളി ഡ്രൈവറെ കണ്ടപ്പോള്‍ ഞങ്ങള്‍ വിടാതെ പിടിച്ചു. ഏറെ നേരം വിലപേശി വാടക 1000ത്തില്‍ ഒതുക്കി. അങ്ങിനെ നാലു പേര്‍ക്കിരിക്കാവുന്ന അയാളുടെ മഹീന്ദ്ര ലോഗനില്‍ ഞങ്ങള്‍ ആറു പേര്‍ കുത്തിക്കയറി; സമയം രാത്രി ഒരു മണി.

അര്‍ധരാത്രിയിലെ ആ കാര്‍ യാത്ര ഒരു അനുഭവമായിരുന്നു. പാതക്ക് ഇരുവശവും കറുത്ത മരങ്ങളും ഇരുട്ടും. ഉള്‍വനത്തിലൂടെ സഞ്ചരിക്കുന്ന പോലെ. ഞങ്ങളുടെ കാറിന്‍െറ ശബ്ദം മാത്രം. അതുകൊണ്ടായിരിക്കണം, ഡ്രൈവര്‍ സ്വയം പരിചയപ്പെടുത്തി. പാലക്കാട്^കോയമ്പത്തൂര്‍ അതിര്‍ത്തിയിലാണ് അയാളുടെ വീട്. അയാള്‍ ഓരോ തമാശകള്‍ പൊട്ടിക്കാനാരംഭിച്ചതോടെ ഞങ്ങളും ഉണര്‍ന്നു. ബഹളമുണ്ടാക്കി കൂക്കി വിളിച്ചു. മേട്ടുപ്പാളയത്തെത്തുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണി. ഒരു ഡോര്‍മെട്രിക്ക് മുമ്പില്‍ ഞങ്ങളിറങ്ങി. കുളിച്ച് വേഷം മാറാനുള്ള സയമേ ഉണ്ടായിരുന്നുള്ളൂ. തത്കാല്‍ ടിക്കറ്റിന് പുലര്‍ച്ചെ നാലിന് സ്റ്റേഷനിലെത്തി വരി നില്‍ക്കണം. കൃത്യ സമയത്തു തന്നെ ഞങ്ങള്‍ സ്റ്റേഷനിലെത്തി, നല്ല തിരക്ക്. ടിക്കറ്റ് കിട്ടാത്തവര്‍, ടിക്കറ്റിനായി കാലുപിടിക്കുന്നവര്‍. ടി.ടി.ആര്‍ മലയാളിയാണ്. ഈ പൈതൃക തീവണ്ടിയില്‍ യാത്ര ചെയ്ത അനുഭവമുള്ളവരായിരിക്കും മിക്കവരും. അതിനാല്‍ നീലഗിരി ക്വീനിലെ യാത്ര ഇവിടെ പ്രത്യേകം വിവരിക്കുന്നില്ല.

ഉച്ചക്ക് ഒന്നോടെ ആ ചെറിയ തീവണ്ടി ഊട്ടിയില്‍ കിതച്ചെത്തി. വിശാലമായി ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ഊട്ടിക്ക് സമീപം ഏത് ഹില്‍സ്റ്റേഷനിലേക്ക് പോകണമെന്ന ആലോചന തുടങ്ങിയത്. തലേന്ന് പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ എടുക്കാന്‍ പോകുമ്പോഴാണ് കോട്ടഗിരിയിലേക്കുള്ള അടയാളപ്പലക കണ്ടത്. കോട്ടഗിരിയെക്കുറിച്ച് ഉടന്‍ ഗൂഗിള്‍ ചെയ്ത് വിവരങ്ങള്‍ തേടി. യാത്ര അങ്ങോട്ട് തന്നെയാകട്ടെ എന്ന് നിശ്ചയിച്ചു. നിലവാരമുള്ള ഊട്ടി^കോട്ടഗിരി റോഡിലൂടെ ഞങ്ങളുടെ ബൈക്കുകള്‍ പാഞ്ഞു.

ചെറിയ ചാറ്റല്‍ മഴ അകമ്പടി വന്നത് യാത്രക്ക് വല്ലാത്തൊരു ഫീല്‍ നല്‍കി. കാഴ്ചകള്‍ ആസ്വദിച്ച് തോന്നിയിടത്തെല്ലാം നിര്‍ത്തി ഫോട്ടോ എടുത്തു, ആര്‍ത്തു വിളിച്ചു.... കാരറ്റ് തോട്ടങ്ങള്‍ക്ക് നടുവിലൂടെ, വഴിയരികിലെ സ്കൂള്‍ കുട്ടികളോട് കുശലം ചോദിച്ച് അങ്ങിനെയങ്ങിനെ.... വൈകുന്നേരം 4.30ഓടെയാണ് കോട്ടഗിരിയിലെത്തിയത്.

ലോങ്വുഡ് കാടുകള്‍ നിറഞ്ഞ കോട്ടഗിരി പട്ടണം. വിനോദ സഞ്ചാരികളുടെ ബഹളം കുറവായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 1793 മീറ്റര്‍ ഉയരത്തിലാണ്, അതായത് ഊട്ടിയിലേതിന് സമാനമായ കാലവസ്ഥ. എല്ലാ വിവരങ്ങളും ഗൂഗിള്‍ അമ്മാവന്‍ പറഞ്ഞുതന്നിരുന്നെങ്കിലും റോഡരികില്‍ കൂനിക്കൂടി ഇരിക്കുന്ന മധ്യവയസ്കനോട് സ്ഥലത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വെറുതെ അന്വേഷിച്ചു. കോടനാട് വ്യൂ പോയന്‍റാണ് പ്രധാന ആകര്‍ഷണം. ഞങ്ങള്‍ അങ്ങോട്ട് വെച്ചടിച്ചു. കോട്ടഗിരിയില്‍ നിന്നും 19 കി.മീ. താണ്ടിയാണ് വ്യൂ പോയന്‍റിലെത്തിയത്.
വലിയ ഒരു മരത്തിന്‍െറ ചുവട്ടിലാണ് പാര്‍ക്കിങ് ഏരിയ. ബൈക്കുകള്‍ അവിടെ വെച്ച് മുകളിലേക്കുള്ള പടികള്‍ കയറി. ഏറ്റവും ഉയരത്തില്‍ നിരന്ന പാറക്കൂട്ടങ്ങളാണ്. പാറക്കൂട്ടങ്ങള്‍ തുടങ്ങുന്നിടത്ത് ചെറിയ ഉയരത്തില്‍ കെട്ടിപ്പൊക്കിയ സിമന്‍റ് തേച്ച കൈവരികളുള്ള ഒരു പ്രതലത്തില്‍ ആളുകള്‍ കയറി നില്‍ക്കുന്നു.

വ്യൂ പോയന്‍റ് എത്തിക്കഴിഞ്ഞു. ഞങ്ങള്‍ അവിടെ കയറാതെ പാറക്കൂട്ടങ്ങളിലേക്കിറങ്ങിച്ചെന്നു. പാറക്കൂട്ടങ്ങള്‍ തീരുന്നിടത്ത് സുരക്ഷാ വേലി കെട്ടിയിരിക്കുന്നു. അഗാധമായ കൊക്കയിലേക്ക് എത്തിനോക്കി, മേഘപടലങ്ങളാല്‍ താഴ്ഭാഗം കാണാനായില്ല. ഞങ്ങളുടെ മുമ്പിലും മുകളിലും താഴെയും മേഘങ്ങളുടെ പാല്‍ക്കടല്‍.....

ആത്മാക്കളെ ആ പാല്‍ക്കടലിലേക്ക് വലിച്ചടുപ്പിക്കാനെന്ന പോലെ ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. പെട്ടെന്ന് മുമ്പിലെ മേഘങ്ങള്‍ അകന്ന് മാറി, അകലെ മൈസൂര്‍ മലകളുടെ മനോഹര ദൃശ്യം തെളിഞ്ഞു. വീണ്ടും മേഘങ്ങള്‍ വന്ന്മൂടി, ഞങ്ങള്‍ അവയെ തൊട്ടു.

അസഹനീയമായ മൂകതായായിരുന്നു വ്യൂപോയന്‍റില്‍. ആളുകള്‍ കുറവ്, മറ്റു ശബ്ദങ്ങളൊന്നുമില്ല. പ്രകൃതിയുടെ ഭാവമാറ്റം കണ്ട് ഏറെ നേരം, ഇരുട്ടുവോളം ഞങ്ങള്‍ അവിടെ നിന്നു. ചിത്രങ്ങള്‍ എടുത്തു. ഹെഡ് ലൈറ്റുകള്‍ മിന്നിച്ച് വളരെ ശ്രദ്ധിയോടെയാണ് ഞങ്ങളുടെ ബൈക്കുകള്‍ ചുരങ്ങളിറങ്ങിയത്. കനത്ത് പെയ്യാന്‍ അകലെനിന്നും കാര്‍മേഘങ്ങള്‍ ഒഴുകിവരുന്നത് കണ്ടു.

കനത്ത കോടമഞ്ഞു കാരണം തൊട്ടുമുമ്പിലെത്തുമ്പോള്‍ മാത്രമാണ് വഴിതെളിയുന്നത്. വേഗത പരമാവധി കുറച്ച് ശ്രദ്ധയോടെ ബൈക്ക് ഓടിക്കുമ്പോഴും, കോട്ടഗിരിയിലെ മേഘങ്ങള്‍ കട്ടപിടിച്ച മൂകതയില്‍ ഹൃദയത്തില്‍ തങ്ങിനില്‍ക്കുകയായിരുന്നു.

about Kotagiri

കോട്ടഗിരി (നീലഗിരി ജില്ല, തമിഴ്നാട്)
ജോണ്‍ സുള്ളിവന്‍ ബംഗ്ളാവ് (15 കി.മീ.), രംഗസ്വാമി കൊടുമുടി, നെഹ്റു പാര്‍ക്ക്, അറവേനു ഗ്രാമം തുടങ്ങിയവയാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
ഊട്ടി > കോട്ടഗിരി 30 കി.മീ.
ഊട്ടി > മേട്ടുപ്പാളയം 53 കി.മീ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story