ഒരു യൂറോപ്യൻ യാത്രാനുഭവം
text_fieldsഭാഗം 1- സ്വിറ്റ്സർലൻഡ്
ഇത്തവണത്തെ യാത്ര ദീർഘ കാലത്തെ സ്വപ്നം പൂർത്തീകരിക്കാനായിരുന്നു. ഒരു മിഡിൽക്ലാസുകാരന്റെ ഏറെ നാളത്തെ നീക്കിയിരിപ്പുകൾ ചേർത്തുള്ള യാത്ര, പത്തുദിവസത്തെ യൂറോപ്പ് യാത്ര. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, പോർട്ടുഗൽ, സ്പെയിൻ, അൻഡോറ എന്നീ ആറു രാജ്യങ്ങളിലൂടെയായിരുന്നു സഞ്ചാരം. ആറ് മാസം മുമ്പ് തന്നെ റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തുവെച്ചിരുന്നു. വളരെ കുറഞ്ഞ നിരക്കിൽ ലഭിച്ച ലുഫ്ത്താൻസ ടിക്കറ്റ് ആയിരുന്നു ബുക്ക് ചെയ്തത്. വളരെ നല്ല സർവീസും ഫുഡും ഒക്കെയായി ദുബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ട് വരെ ഏഴു മണിക്കൂർ യാത്ര.
യഥാർഥത്തിൽ നാട്ടിൽ പോകുന്നതിനേക്കാളും കുറവായിരുന്നു ടിക്കറ്റ് നിരക്ക്. ഫ്രാങ്ക്ഫർട്ടിൽ എത്തി എമിഗ്രേഷൻ കഴിഞ്ഞ് ട്രെയിനിൽ നേരെ സിറ്റി സെന്ററിലേക്ക് തിരിച്ചു. അവിടെ നിന്നാണ് സ്വിറ്റ്സർലൻഡ് ട്രെയിൻ ലഭിക്കുക. അഞ്ചു മണിക്കൂർ കഴിഞ്ഞാണ് ട്രെയിൻ. അതിനാൽതന്നെ ഫ്രാങ്ക്ഫർട്ടിൽ റൊമേർബെർഗ് എന്ന ക്ലാസിക് സിറ്റി സെന്ററിലേക്ക് നടന്നു. മനോഹരമായ കല്ല് വിരിച്ച പാതകൾക് ചുറ്റും മരം കൊണ്ട് നിർമിച്ച പുരാതന കെട്ടിടങ്ങളും ഷോപ്പുകളും ഒക്കെയായി നിയോ ക്ലാസിക്കൽ ടൗൺ സെന്റർ. നല്ല ഒരു കോഫി ഒക്കെ കുടിച്ച് കുറച്ചുനേരം അങ്ങിനെ ഇരുന്നു. അപ്പോഴേക്കും ട്രെയിൻ സമയമായി.
ട്രെയിൻ നേരെ പോകുന്നത് ബാസെൽ എന്ന സിറ്റിയിലേക്കാണ്. അവിടെ നിന്ന് നേരെ ഇന്റർലാക്കൻ. ഇന്റർസിറ്റി ട്രെയിനായതിനാൽ തന്നെ നല്ല സ്പീഡുണ്ട്. ബാസെൽ സിറ്റിക്ക് വളരെ വലിയ പ്രത്യേകതകളുണ്ട്. മൂന്ന് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ലോകത്തിലെ ഒരേയൊരു സിറ്റിയാണിത്. അടുത്ത ട്രെയിൻ രണ്ടു മണിക്കൂർ കഴിഞ്ഞാണ്. പുറത്തിറങ്ങി ഒരു സൂപ്പർമാർക്കറ്റിൽ കയറി. പൊതുവെ സ്വിറ്റ്സർലൻഡ് നല്ല ചിലവേറിയതായതിനാൽ ആദ്യമേ റസ്റ്റോറന്റുകൾ ഒഴിവാക്കണമെന്ന് മനസ്സിൽ കരുതിയിരുന്നു. കുറച്ചു ക്രോയ്സന്റും ജൂസും ഫ്രൂട്സും ഒക്കെ വാങ്ങി അടുത്തുള്ള പാർക്കിൽ പോയി. സ്പ്രിങ് സീസൺ ആയതിനാൽ നല്ല ഇളം തണുപ്പാണ്. തിരിച്ചു ബാസെൽ തന്നെ വരാനുള്ളതിനാൽ കൂടുതൽ കറങ്ങാൻ നിൽക്കാതെ നേരെ ട്രെയിൻ പിടിച്ചു.
സ്വിറ്റ്സർലൻഡ് ഭൂമിയിലെ സ്വർഗം
2023ൽ സ്വിറ്റ്സർലൻഡ് സന്ദർശിച്ചപ്പോൾ മഞ്ഞുപുതച്ച കാഴ്ച്ചകളായിരുന്നു. എന്നാൽ ഇത്തവണ കുറച്ചുകൂടി മനോഹാരിയാണ്. ഇവിടെ ട്രെയിൻ യാത്ര അതിമനോഹരമാണ്. പച്ചപുതച്ച പുൽമേടുകളും തോടുകളും തടാകങ്ങളും മണി കെട്ടിയ പശുക്കളും എല്ലാം കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ തന്നെ. അങ്ങിനെ ട്രെയിൻ സ്പീസ് എന്ന സിറ്റിയിൽ എത്തി. ഇവിടം മുതൽ ബസ് യാത്രയാണ്. റെയിൽവെ ട്രാക്ക് മോഡിഫിക്കേഷൻ വർക്ക് നടക്കുകയാണ്. സ്പീസ് മനോഹരമായ ഒരു സിറ്റി ആണ്. തിരിച്ചു വരുമ്പോൾ കറങ്ങാനാണ് പ്ലാൻ. അങ്ങനെ ഇന്റർലേക്കനിൽ എത്തി. നേരത്തെ ബുക്ക് ചെയ്തുവെച്ച ഹോസ്റ്റലുകൾ തന്നെ ആയിരുന്നു ബജറ്റ് ഓപ്ഷൻ.
ഇന്റർലേക്കനിൽ ഹോസ്റ്റലിൽ നിന്ന് ഗസ്റ്റ് കാർഡ് കിട്ടും. സിറ്റിയിൽ എവിടെ വേണേലും ഫ്രീയായി യാത്ര ചെയ്യാം. തുൻ, ബ്രിയൻസ് എന്നീ മനോഹരമായ രണ്ടു തടാകങ്ങളുടെ നടുവിൽ ആണ് ഇന്റർലേക്കൻ. ബജറ്റ് ട്രാവലായതിനാൽ ടൂറിസ്റ്റ് ട്രാപ്പുകൾ എല്ലാം ഒഴിവാക്കിയായിരുന്നുയാത്ര. ഹോസ്റ്റലിൽ ചെന്ന് ഫ്രഷായി പുറത്തു ഇറങ്ങി ഫുഡ് കഴിച്ചു കുറച്ചു നേരം പാരച്യൂട് വലിയ ഗ്രൗണ്ടിൽ വന്നിറങ്ങുന്നത് നോക്കിയിരുന്നു. ഷാരൂഖ് ഖാന്റെ ദിൽവാലെ ദുൽഹനിയ സോങ് മനസ്സിലേക്ക് വന്നു. യാഷ് രാജ് ചോപ്രയാണല്ലോ ഈ നഗരത്തെ ഇത്രയും പ്രശസ്തമാക്കിയത്. അങ്ങിനെ ഓരോന്ന് ആലോചിച്ചിരുന്ന് നേരം പോയി, ശേഷം നേരെ ഉറക്കത്തിലേക്ക്..
പിറ്റേദിവസം ബ്രേക്ക് ഫാസ്റ്റ് കഴിച്ച് നേരെ ട്രെയിൻ പിടിച്ച് ഗ്രിൻഡൽ വാൾഡിലേക്ക് പുറപ്പെട്ടു. അതിസുന്ദരമായ വെള്ളച്ചാട്ടങ്ങളും കുന്നിൻ മേടുകളും കടന്നു ട്രെയിൻ സ്റ്റേഷനിൽ എത്തി. സുന്ദരമായ ആൽപ്സ് ബേസ് ടൗൺഷിപ്പ് ആണ് ഗ്രിൻഡൽ വാൾഡ്. കാമറ കണ്ണുകൾക്ക് ഒപ്പിയെടുക്കാൻ പറ്റാത്ത അത്രയും മനോഹരമാണ് കാഴ്ചകൾ. ആൽപ്സിലെക്ക് ആളുകളുമായി പോകുന്ന ഗൊണ്ടോലകൾ ഒരു വശത്തും, ചിത്രകാരന്റെ ഭാവനയിൽ എന്ന പോലെ മനോഹരമായ ലാൻഡ്സ്കേപ്പ് മറുവശത്തും കണ്ടുകൊണ്ട് കുറച്ചുനേരം അങ്ങിനെ ഇരുന്നു.
മനോഹരമായ വീടുകളും പുൽമേടുകളും ആൽപ്സ് മഞ്ഞു പുതച്ചു ഇരിക്കുന്നതും കണ്ടു കുറെ നേരം പോയതറിഞ്ഞില്ല. ട്രെയിൻ പിടിച്ച് തിരിച്ച് ഇന്റർലേക്കനിലേക്ക് മടങ്ങി. ട്രെയിനുകൾ നിരപ്പായ സ്ഥലങ്ങളിൽ ഇലക്ട്രിക്ക് ലൈനിലും കുന്നിൻ മുകളിൽ റാക് ആൻഡ് പീനിയൻ സിസ്റ്റത്തിലുമാണ് ഓടുന്നത്. നമ്മുടെ നാട്ടിലെ ഊട്ടി ടോയ് ട്രെയിൻ പോലെയാണിത്. ടൂറിസ്റ്റുകളിൽ കൂടുതലും ഇന്ത്യക്കാരും ചൈനക്കാരും തന്നെയായിരുന്നു.
തുൻ തടാകക്കാഴ്ചകളും ജുങ്ഫ്രു ഗേറ്റ് വേയും
ഇന്റർലേക്കനിൽ നിന്നും ബീറ്റൻബെർഗിലേക്ക് ബസ് കയറി. ഗസ്റ്റ് കാർഡ് ഉള്ളതിനാൽ സൗജന്യമാണ് യാത്ര. ബീറ്റൻബെർഗിൽ നിന്നും തുൻ തടാകത്തിന്റെ കാഴ്ച മനോഹരമാണ്. ചെറിയ ചാറ്റൽ മഴയും കോടയും ഒക്കെ യാത്രയെ ആശിർവദിക്കുന്നുണ്ടായിരുന്നു. വാക്കിനാലും ഫോട്ടോയിലൂടെയും വർണിക്കാൻ ആകാത്ത തരത്തിൽ ഒരു മാജിക്കൽ വേൾഡ് ആണ് ഇന്റർലേക്കനും ബീറ്റൻബെർഗുമെല്ലാം. ശേഷം തിരിച്ചു ഹോസ്റ്റലിലേക്ക് മടങ്ങി.
നാളത്തെ സ്റ്റേ ബുക്ക് ചെയ്തിരിക്കുന്നത് ലൂട്ടർബ്രുണൻ എന്ന സ്ഥലത്താണ്. രാവിലെ ബ്രേക്ഫാസ്റ്റ് എല്ലാം കഴിച്ച് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ടിക്കറ്റ് എടുത്ത് ലൂട്ടർബ്രുണൻ ട്രെയിനിൽ കയറി ഇരുന്നു. ഗ്രിൻഡൽ വേൾഡ് പോലെ തന്നെ മനോഹരമാണ് ഇവിടം. ജുങ്ഫ്രു(ആൽപ്സ് ടോപ് സ്റ്റേഷൻ) ഗേറ്റ് വേ എന്നാണ് ലോട്ടർബ്രുണൻ അറിയപ്പെടുന്നത്. 72 സുന്ദരമായ വെള്ളച്ചാട്ടങ്ങൾ കൊണ്ട് സുന്ദരമായ താഴ്വാരമാണിത്. ഹോസ്റ്റലിൽ റൂമിന്റെ ജനൽ തുറന്നപ്പോ ശരിക്കും ഞെട്ടി.
മനോഹരമായ വെള്ളച്ചാട്ടത്തിനു മുന്നിലൂടെ പച്ചവിരിച്ച പുൽമേടിന് നടുവിലൂടെ കുഞ്ഞൻ ട്രെയിൻ പിച്ചവെച്ചു കയറി പോകുന്നത് വർണിക്കാവുന്നതിലും അപ്പുറമാണ്. ഒട്ടും സമയം പാഴാക്കാതെ നേരെ ബാഗ് ലോക്കറിൽ വെച്ചിറങ്ങി. പള്ളി മണികളുടെ മുഴക്കം എന്നെ വരവേൽക്കുന്നത് പോലെയാണ് തോന്നിയത്. വലിയ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു. മനോഹരമായ തോടുകളും, പിന്നിലെ വെള്ളച്ചാട്ടവും ഒരു മാസ്മരിക കാഴ്ചയാണ്. ബസിൽ മുറൻ വരെ പോയി. ഒന്നിടവിട്ട വെള്ളച്ചാട്ടങ്ങളും എല്ലാത്തിനേയും അനുഗ്രഹിച്ച് മഞ്ഞ്പുതച്ച് ആൽപ്സും.
പിറ്റേന്ന് രാവിലെ ട്രെയിൻ എടുത്ത് നേരെ വെങ്കൻ വച്ചുപിടിച്ചു. വെങ്കൻ ലൂട്ടർബ്രൂണന് മുകളിലായതിനാൽ താഴ്വാരത്തിന്റെ പൂർണ ഭംഗി ട്രെയിൻ യാത്രയിൽ കിട്ടും. പിക്ചർ പെർഫെക്റ്റ് എന്നൊക്കെ പറയുന്നതുപോലെ ഒരിടമാണിത്. ഹെലികോപ്റേറ്ററിൽ താഴെ ഇന്റർലേക്കനിൽ നിന്നും ജുങ്ഫ്രു ടോപ്പിലേക്ക് ടൂറിസ്റ്റുകളെ കൊണ്ട് പോകുന്ന കാഴ്ച മനോഹരമാണ്. കുറെനേരം അങ്ങിനെ ഇരുന്നു. അവിടെയുള്ള ആളുകളെ കൊണ്ട് ഫോട്ടോ എടുപ്പിച്ചു. മനസില്ലാ മനസ്സോടെ തിരിച്ചിറങ്ങി. ഹോസ്റ്റലിൽ നിന്നും ഇറങ്ങി നേരെ ഇന്റർലേക്കനിലേക്കും അവിടുന്ന് സ്പീസിലേക്കും പോയി.
സ്പീസ് എത്തിയപ്പോയേക്കും ക്ഷീണിച്ചിരുന്നു. ഫുഡ് അന്വേഷിച്ചു നടന്നപ്പോഴാണ് സൺഡേ ഹോളിഡേയാണെന്ന് അറിയുന്നത്. റെയിൽവെ സ്റ്റേഷനിലെ ഷോപ്പിൽ നിന്നും കുറച്ചു ജ്യൂസും പാലും ഒക്കെ കഴിച്ചു. അല്പം വിശ്രമിച്ചതിന് ശേഷം നേരെ തുൻ തടാകം ലക്ഷ്യമാക്കി നടന്നു. അടുത്ത ട്രെയിനിൽ പാരീസ് ലക്ഷ്യമാക്കി പോകണമല്ലോ എന്നാലോചിച് കുറെ നേരം അങ്ങിനെ ഇരുന്നു. ഇനിയും വരണം... (തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.