ആമപ്പാറ; മലമുകളിലെ വിസ്മയക്കാഴ്ച
text_fieldsആമപ്പാറയില്നിന്നുള്ള ദൃശ്യം
നെടുങ്കണ്ടം: മലമുകളില്‍ വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ആമപ്പാറ സഞ്ചാരികളെ മാടിവിളിക്കുന്നു. കേരള-തമിഴ്നാട് അതിര്‍ത്തി മേഖലയായ ആമപ്പാറയിലെത്തിയാല് കണ്ണിന് കുളിര്മയേകുന്ന വിശേഷങ്ങള്‍ ഏറെയാണ്.
ഇടുക്കിയിലെ ഏറ്റവും മനോഹരമായ ട്രക്കിങ് പോയന്റായ രാമക്കല്‍മേട് ആമപ്പാറയുടെ വിശേഷം പറഞ്ഞറിയിക്കാനാവാത്തതാണ്. സഹ്യന്റെ അവിസ്മരണീയ കാഴ്ചകള്‍ ആസ്വദിച്ചുള്ള യാത്ര സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മനോഹര നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. സഞ്ചാരികളുടെ മനസ്സില്‍നിന്ന് ഒരിക്കലും മായ്ക്കാനാവാത്തതാണ് ഇവിടേക്കുള്ള ജീപ്പ് സഫാരിയും ട്രക്കിങ്ങും. ആമയോട് സാദൃശ്യമുള്ള പാറയില്‍നിന്നാണ് ആമപ്പാറ എന്ന പേര് മലനിരകള്‍ക്ക് ലഭ്യമായത്. അതുകൊണ്ടുതന്നെ . കൂറ്റന്‍ ആമയുടെ ഒരു പ്രതിമയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാറകള്‍ക്കിടയിലൂടെ സാഹസികമായി സഞ്ചാരികള്‍ക്ക് മറുപുറം കടക്കാം. രാമക്കല്‍മേട്ടില്‍ എത്തുന്ന സഞ്ചാരികള്‍ ഗ്രാമീണ പാതയിലൂടെ ജീപ്പിലാണ് ആമപ്പാറയിലെത്തുക. നടന്ന് മലകയറുന്നവരുമുണ്ട്.
മലമുകളില്‍ എത്തിയാല്‍, തമിഴ്നാട് അതിര്‍ത്തി മേഖലകളിലേക്ക് ട്രക്കിങ്, സഹ്യപര്‍വത നിരയിലെ കാര്‍ഷിക സമൃദ്ധിയുടെ വിശാലമായ കാഴ്ച ഇവിടെ നിന്ന് ലഭ്യമാകും. ഒപ്പം രാമക്കല്ലും കാറ്റാടിപ്പാടങ്ങളും സോളാര്‍ പാടവുമെല്ലാം ആസ്വദിക്കാം. വര്‍ഷം മുഴുവന്‍ ശക്തമായ കാറ്റ് ലഭിക്കുന്നതും സൂര്യപ്രകാശം ശക്തമായി ലഭിക്കുന്നതുമായ വിശാലമായ പുല്‍മേടുകളോട് കൂടിയ സ്ഥലമാണ് ആമപ്പാറ. നൂറുകണക്കിന് സഞ്ചാരികളാണ് ദിനേന ആമപ്പാറയില്‍ എത്തിച്ചേരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.