വീണ്ടും ഒരു ഖരീഫ്; സലാലയിൽ ഇനി ഉത്സവകാലം...
text_fieldsഖരീഫ് സീസണിൽ സലാലയലിൽനിന്നുള്ള കാഴ്ച - ഷാജിദ് കമൂന
സലാല: ഖരീഫ് അഥവാ മൺസൂൺകാല മഴക്ക് തുടക്കമായി. ദോഫാർ പർവതനിരകളിലൂടെ ഒഴുകിയെത്തിയ കോടമഞ്ഞ് ചെറുചാറ്റൽ മഴയായി സലാലയുടെ താഴ്വാരങ്ങളിലും പെയ്തു തുടങ്ങി... കഴിഞ്ഞുപോയ കടുത്ത വേനലിൽ കരിഞ്ഞുണങ്ങിയ മലയോരങ്ങളും കുന്നുകളും ജലധാരകളും ജീവൻവെച്ച് തുടങ്ങിയിരിക്കുന്നു.
ദോഫാറിലെ മൊട്ടക്കുന്നുകളെല്ലാം ഇനി ഹരിതവർണ മണിഞ്ഞ് മൂന്നാറിനെക്കാൾ സുന്ദരമാകും. മരങ്ങളിലും സസ്യങ്ങളിലും പുതുനാമ്പുകൾ തളിരിടും. ദോഫാറിലെ മേഘവനങ്ങൾ അഥവാ ക്ലൗഡ് ഫോറസ്റ്റ് ഖരീഫ് കാലത്തെ അത്യാകർഷക കഴ്ചാനുഭവമായിരിക്കും. ഒട്ടനേകം അരുവികളും ചെറുവെള്ളച്ചാട്ടങ്ങളും കൊണ്ട് സമ്പന്നമാണ് ദോഫോർ. ഖരീഫ് കാലത്ത് രൂപപ്പെടുന്നവയാണ് ഇവയിലേറെയും.
ഖരീഫ് ഫെസ്റ്റിവൽ നടക്കുന്ന വേദികളും തയാറായിക്കഴിഞ്ഞു. വിവിധ ഇടങ്ങളിൽ ഫെസ്റ്റിവൽ അനുബന്ധ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും പ്രധാനവേദി സലാല എയർപോർട്ടിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഇത്തീൻ സ്ക്വയറാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ വ്യത്യസ്ത കലാപ്രകടനങ്ങൾക്ക് ഇവിടം വേദിയാകും. വേനൽ മാറി മഴ തുടങ്ങിയതോടെ സലാലയിലെ സ്വദേശികളും പ്രവാസികളുമായ മനുഷ്യരുടെ മനസ്സുകളിലും പുതുസന്തോഷം തളിരിട്ടുതുടങ്ങി.
കച്ചവടക്കാരും കെട്ടിടങ്ങളും വാഹനങ്ങളും വാടകക്ക് നൽകുന്നവരും ഭക്ഷണ വിൽപനശാലകളും ഏറെ പ്രതീക്ഷയോടെയാണ് ഖരീഫിനെ വരവേൽക്കുന്നത്. ഒമാന്റെ ഇതര പ്രദേശങ്ങളിൽനിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികളുടെ വരവ് തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ധാരാളം സന്ദർശകർ സലാലയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.