മൂന്നാർ വിളിക്കുന്നു, വരയാടുകളെ കാണാൻ
text_fieldsമൂന്നാർ രാജമലയിലെ വരയാടുകൾ
അടിമാലി: വരയാടുകളുടെ പ്രജനനകാലത്തെ തുടർന്ന് രണ്ടു മാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നിന് തുറക്കും. ടൂറിസം സോണായ രാജമലയിൽ അന്നുമുതൽ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കും. ഈ സീസണിൽ ഇതുവരെ നൂറിലധികം വരയാടിൻ കുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രിൽ 20നു ശേഷം ഇത്തവണത്തെ വരയാട് സെൻസസ് നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വരയാടുകളുടെ പ്രജനന കാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31 വരെയാണ് ദേശീയ ഉദ്യാനം അടച്ചിട്ടിരുന്നത്. 900 ഓളം വരയാടുകളാണ് ഇവിടെ ഉള്ളത്. കേരളത്തിൽ വരയാടുകളെ സംരക്ഷിക്കുന്ന ഏക കേന്ദ്രമാണ് ഇവിടം. ഇതിന് പുറമെ ചൊക്രാമുടി, അടിമാലി പഞ്ചായത്തിലെ വരയാറ്റിൻ മുടി, കുതിരകുത്തി മല എന്നിവിടങ്ങളിലും ധാരാളം വരയാടുകൾ ഉണ്ടെങ്കിലും സംരക്ഷിക്കപ്പെടുന്നില്ല. ഇത് കാരണം ഇവയുടെ എണ്ണവും കൃത്യമല്ല. രാജമലയിൽ പ്രജനനകാലത്തിന് ശേഷം ഇവയുടെ വ്യക്തമായ കണക്ക് ശേഖരണവും ഏല്ലാ വർഷവും നടത്താറുണ്ട്.
പ്രജനന കാലത്ത് രാജമലയിലേക്ക് സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിരുന്നു. രാജമലയിൽ പ്രവേശനം അനുവദിച്ചതോടെ മൂന്നാറിലേക്ക് സന്ദർശക തിരക്ക് തന്നെ ഉണ്ടാകും. മൂന്നാറിൽ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ് വരയാട്. അടുത്ത് നിന്ന് വരയാടുകളെ കാണാമെന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാമെന്നതും തന്നെയാണ് വലിയ പ്രത്യേഗത. സഞ്ചാരികൾക്കായി കൂടുതൽ സൗകര്യവും ഒരുക്കിയാണ് വനം വകുപ്പ് പുതിയ സീസണെ വരവേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

