സഞ്ചാരികളുടെ ഇഷ്ട ഹബ്ബായി പതിമൂന്നാം മൈൽ
text_fieldsപതിമൂന്നാം മൈലിലെ ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശം
തരിയോട്: വയനാട്ടിൽ മൺസൂൺ സീസൺ ആരംഭിച്ചതോടെ പ്രകൃതി ഭംഗി നേരിട്ട് കണ്ട് ആസ്വദിക്കാൻ എത്തുന്നവരുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് പതിമൂന്നാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം പരിസരം. ജില്ലക്ക് പുറമെ ദൂരസ്ഥലങ്ങളിൽ നിന്നു പോലും ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
പടിഞ്ഞാറത്തറ മഞ്ഞുറ റൂട്ടിൽ ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങൾ കാണാവുന്ന തരത്തിലുള്ള പ്രദേശത്താണ് പതിമൂന്നാം മൈൽ ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. വൈത്തിരി തരുവണ റോഡ് നിർമാണ പദ്ധതിയുടെ ഭാഗമായാണ് അടുത്തിടെ ഈ റൂട്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചു നൽകിയത്. നിലവിൽ പടിഞ്ഞാറത്തറ മഞ്ഞൂറ വഴി കൽപറ്റയിലേക്ക് ഇത് വഴി ബസ് സർവിസ് നടത്തുന്നുണ്ട്. പതിമൂന്നാം മൈൽ ബസ് സ്റ്റോപ്പിൽ വന്നാൽ ദൂരെ ദിക്കിൽ സ്ഥിതി ചെയ്യുന്ന കുന്നുകളും മലകളും ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശങ്ങൾ മുഴുവനായി കണ്ട് ആസ്വദിക്കാം.
കഴിഞ്ഞദിവസം ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ വെള്ളം ഉയർന്നതും ഒഴുകി നടക്കുന്ന കോടമഞ്ഞുകളും കുളിർമയേകുന്ന കാഴ്ചയാണ്. ഡാമിലേക്ക് ഇറങ്ങുന്നതിന് നിയന്ത്രണം ഉള്ളതിനാൽ നിരവധി സഞ്ചാരികൾ ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ച് വിഡിയോ ചിത്രീകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നത്. മുമ്പ് ജനവാസ മേഖലയായിരുന്ന ഡാമിന്റെ വൃത്തി പ്രദേശങ്ങളിൽ 1979 ലാണ് ആദ്യ അണക്കെട്ട് പണിതീർന്നത്.
ബാണാസുര സാഗർ പദ്ധതിയുടെ ഭാഗമായി ഒരു ചെറിയ കനാലും അണക്കെട്ടും ആണ് തുടക്കം കുറിച്ചത്. ഇവിടെ നിന്നും കോഴിക്കോട് കക്കയം അണക്കെട്ടിലേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനായി ജലം എത്തിക്കുന്നുണ്ട്. ജലസേചനത്തിനു ഉപയോഗിക്കുന്നതോടൊപ്പം ടൂറിസം കേന്ദ്രമായും ബാണാസുര സാഗർ മാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.