കാട്ടിനുള്ളിലെ ബംഗ്ലാവ്
text_fieldsമണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ശിരുവാണി ഡാമിലെ വനത്തിനുള്ളിലാണ് വൈദ്യുതിയും മൊബൈൽ റെയ്ഞ്ചുമില്ലാത്ത പട്ടിയാർ ബംഗ്ലാവ്. ബ്രിട്ടീഷുകാർ പണിത ഈ ബംഗ്ലാവിന് 150 വർഷത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു. ശിരുവാണി ഡാം വരെ സാധാരണ എല്ലാവർക്കും പ്രവേശനം അനുവദിക്കുമെങ്കിലും പട്ടിയാറിലേക്കുള്ള സന്ദർശനത്തിനും താമസത്തിനും മണ്ണാർക്കാട് ഫോറസ്റ്റ് ഓഫിസറുടെ സ്പെഷൽ പെർമിഷൻ വേണം; പ്രത്യേകിച്ച് അവിടെ സ്റ്റേ ചെയ്യാൻ.
നമ്മൾ മുൻകൂട്ടി തീരുമാനിക്കുന്ന ദിവസം പട്ടിയാർ ബംഗ്ലാവിലെ താമസം നടക്കില്ല. മണ്ണാർക്കാട് ഫോറസ്റ്റ് ഓഫിസിൽനിന്ന് അനുവാദം കിട്ടിയാൽ ഡിവിഷൻ ഓഫിസർ അനുവദിച്ച് തരുന്ന തീയതിയിൽ മാത്രമേ താമസസൗകര്യം ലഭിക്കുകയുള്ളൂ. വാഹന നമ്പർ ഉൾപ്പെടെ കൊടുത്തുവേണം പെർമിഷനെടുക്കാൻ. പെർമിഷനെടുത്ത നമ്പർ ശരിയാണെങ്കിൽ മാത്രമേ ഫോറസ്റ്റ് ജീവനക്കാർ ചെക്ക്പോസ്റ്റിൽ നിന്ന് വാഹനം കടത്തിവിടുകയുള്ളൂ.
ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ടുന്നതും താമസിക്കേണ്ടതുമായ സ്ഥലമാണിത്. കൊടുംവനത്തിനുള്ളിൽ മൂന്ന് മുറിയും കിച്ചനും ഒരു ഫോറസ്റ്റ് വാച്ചറും നമ്മളും മാത്രം. ബംഗ്ലാവിന് മുന്നിലെ കാഴ്ചകൾ അതിമനോഹരമാണ്; വെള്ളച്ചാട്ടങ്ങളും ഡാമിൽ വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങളും... ബംഗ്ലാവിന് ചുറ്റും കിടങ്ങുണ്ട്; വന്യമൃഗങ്ങൾ കയറാതിരിക്കാൻ.
ശിരുവാണി ഡാമിലെ റിസർവോയറിന്റെ തീരത്ത് പ്രകൃതിയുടെ മടിത്തട്ടിലാണ്, കറക്ട് പറഞ്ഞാൽ ഡാമിൽനിന്ന് കോയമ്പത്തൂർ ടൗണിലേക്കുള്ള വെള്ളം കൊണ്ടുപോകുന്ന പമ്പ് ഹൗസിന് തൊട്ടരികെയാണ് ഈ ബംഗ്ലാവ്. ഈ പമ്പ്ഹൗസ് ഒരു ഭീകരകാഴ്ചയാണ് കേട്ടോ...വെറും ഭീകരമല്ല അതിഭീകരം😡. കോയമ്പത്തൂർ ടൗണിലെ വെള്ളക്ഷാമം പരിഹരിക്കാൻ കേരള തമിഴ്നാട് സംയുക്ത കരാർപ്രകാരമാണ് ശിരുവാണി ഡാം നിർമിച്ചത്. ഇതിനും നൂറ് വർഷത്തോളം മുന്നേ ഒരു ഗതാഗത സംവിദാനവുമില്ലാതിരുന്ന കാലത്ത് വനത്തിനുള്ളിൽ ഇങ്ങനെയൊരു മനോഹരസൗധം പണിതെടുത്തെന്നുള്ളത് അദ്ഭുതം തന്നെയാണ്.
ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങിക്കൊണ്ട് വേണം ബംഗ്ലാവിലേക്കുള്ള യാത്ര ആരംഭിക്കാൻ. ഫോറസ്റ്റിലെ ഒരു വാർഡൻ അവിടെയുണ്ടാവും. പാചകമെല്ലാം കക്ഷി നോക്കിക്കോളും. കക്ഷിയുടെ സഹായത്തോടെ കേരള ബോർഡർ വരെ ട്രക്കിങ് നടത്തുകയുമാവാം. വനത്തിനുള്ളിലെ ചെറു ജലസ്രോതസ്സുകളിൽനിന്ന് ഓസുവഴിയാണ് വെള്ള ശേഖരം. സോളാറിന്റെ സഹായത്താൽ രാത്രി കുറച്ച് നേരം പ്രകാശം കിട്ടിയാൽ ഭാഗ്യം...☺

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.