തേക്കടി തടാകത്തിൽ നീന്തിക്കുളിച്ച് കടുവ; മനംനിറഞ്ഞ് സഞ്ചാരികൾ
text_fieldsതേക്കടി തടാകതീരത്ത് വിശ്രമിക്കുന്ന കടുവ
കുമളി: പെരിയാർ കടുവ സങ്കേതത്തിനു നടുവിലെ തേക്കടി തടാകത്തിൽ നീന്തിക്കുളിച്ച് കടുവ. തടാകത്തിൽ ബോട്ട് സവാരിക്കിടെ ഞായറാഴ്ച 11.30ഓടെയാണ് സഞ്ചാരികൾക്ക് കടുവയെ കാണാനായത്. തടാകത്തിലെ പാറ വളവിന് സമീപം തീരത്തോട് ചേർന്ന തടാക ഭാഗത്ത് നീന്തിക്കയറുന്ന കടുവയെ കണ്ടതോടെ സഞ്ചാരികൾക്കും മനം നിറഞ്ഞു.
തടാകത്തിലെ ജലനിരപ്പ് താഴ്ന്നതോടെ മിക്ക ജീവികളും കുടിവെള്ളം തേടി തടാകതീരത്ത് എത്തുന്നുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് തടാകതീരത്ത് പുലിയെ കണ്ടത്. ബോട്ട് സവാരിക്കിടെ തടാകതീരത്ത് പുലി, കരടി, കടുവ എന്നിവയെ കാണുന്നത് ഏറെ അപൂർവമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ആന, കാട്ടുപോത്ത് എന്നിവ കുട്ടികൾക്കൊപ്പം തടാകതീരത്ത് മേയുന്ന കാഴ്ച സഞ്ചാരികളെ സന്തോഷത്തിലാക്കിയിരുന്നു. തടാകം നീന്തിക്കടന്ന കടുവ തടാകതീരത്തെ പുല്ലിൽ വിശ്രമിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങൾ പകർത്തിയാണ് വിനോദ സഞ്ചാരികൾ ഞായറാഴ്ച തേക്കടിയിൽനിന്നും മടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

