വെംബ്ലിയിലേക്കു വരൂ, വെള്ളച്ചാട്ടങ്ങൾ കാണാം
text_fieldsവെംബ്ലി നൂറേക്കർ വെള്ളച്ചാട്ടം
മുണ്ടക്കയം: വെംബ്ലിയിലെ വെള്ളച്ചാട്ടങ്ങള്‍ ആസ്വാദകരുടെ മനം കവരുന്നു. വെംബ്ലി-ഉറുമ്പിക്കരപാതയില് നൂറേക്കര്‍, വെള്ളപ്പാറ, പാപ്പാനി വെള്ളച്ചാട്ടങ്ങളാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 200 അടി ഉയരത്തിലുളള തട്ടുപാറകളില് നിന്ന് പാൽനിറത്തിൽ പതിക്കുന്ന വെള്ളച്ചാട്ടം കണ്ണിന് കുളിർമയാണ്.
വെംബ്ലി ഉറുമ്പിക്കരപാതയില് ആദ്യം കാണുന്നത് നൂറേക്കര്‍ വെള്ളച്ചാട്ടമാണ്. നൂറേക്കറുള്ള റബര്‍ തോട്ടത്തിനോടു ചേര്‍ന്നായതിനാലാണ് ഈ പേര്. സ്വകാര്യ റബര്തോട്ടത്തിന്റെ കൈവശമിരിക്കുന്ന പ്രദേശത്തുകൂടിവേണം വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കാൻ. വെംബ്ലി ഉറുമ്പിക്കര പാതയില്‍ പത്തുമുറിപാലം എത്തുമ്പോഴേക്കും വെള്ളച്ചാട്ടത്തിന്റെ ശബ്ദവും സൗന്ദര്യവും അറിയാൻ കഴിയും. സമീപത്തേക്ക് എത്തുമ്പോൾ മഞ്ഞുപെയ്യുംവിധം കാറ്റായി കുളിരണിയിക്കും.
അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അടുത്ത വെള്ളച്ചാട്ടം കാണാം. പോളച്ചിറ വളവില്‍നിന്ന് സ്വകാര്യ റബര്‍തോട്ടത്തിലെ ഓഫ് റോഡിലൂടെ സഞ്ചരിച്ചാല്‍ വെള്ളപ്പാറ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം. രണ്ടായിരത്തി അഞ്ഞൂറിലധികം അടി ഉയരത്തിൽ കൂറ്റന്പാറയിലൂടെ വെള്ളം ഒഴുകി താഴേക്ക് പതിക്കുകയാണ്. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. ഇരുവശങ്ങളിലും കൃഷിയിടങ്ങളും തൊട്ടടുത്ത് സര്‍ക്കാര്‍ വക തേക്കിന്കൂപ്പുമാണ്.
വെള്ളപ്പാറ വെള്ളച്ചാട്ടത്തില്‍നിന്ന് അരകിലോമീറ്ററുകള് ദൂരമേയുള്ളൂ ദൃശ്യമനോഹരമായ വടക്കേമല പാപ്പാനി വെള്ളച്ചാട്ടത്തിലേക്ക്. ആയിരത്തിലധികം അടി ഉയരത്തില്‍ നിരവധി തട്ടുപാറകളാല് തിരിവുകളായി ഒഴുകുന്ന പാപ്പാനിയെ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം ഏറെയാണ്.
മുമ്പ് വെള്ളച്ചാട്ടത്തിനു കുറുകെ കമ്പി പാലമുണ്ടായിരുന്നു. 2021ലെ പ്രളയത്തില്‍ കമ്പിപാലം ഒഴുകിപ്പോയി. രണ്ടു മലയിടുക്കുകള്‍ക്കിടയിലാണ് ഈ വെള്ളച്ചാട്ടം. ഇവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉറുമ്പിക്കര വിനോദ സഞ്ചാര കേന്ദ്രത്തിലെത്താം.
ഹൈറേഞ്ചിനു തുല്യമായ പ്രദേശം. പകല്‍സമയങ്ങളില്‍പോലും മഞ്ഞുപെയ്യുന്ന കാഴ്ചയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. തേയില-ഏല തോട്ടങ്ങളും ഓറഞ്ചുകൃഷിയും ഉറുമ്പിക്കര ഗ്രാമത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. മലയുടെ ഏറ്റവും മുകളിലായി ഇരുമലര്ച്ചി പാറയും സ്ഥിതിചെയ്യുന്നു. കെ.കെ. റോഡിനു സമാന്തരപാത കൂടിയാണ് ഉറുമ്പിക്കര. ഇവിടെനിന്ന് ഏലപ്പാറയിലേക്ക് ആറുകിലോമീറ്റര്‍ മാത്രമാണ് ദൂരം.
എത്തിച്ചേരാനുളള വഴി
മുണ്ടക്കയം ടൗണില്‍നിന്ന് മുപ്പത്തിയഞ്ചാംമൈല്‍ ബോയ്സ് വഴിയും മുണ്ടക്കയം -കൂട്ടിക്കല്‍ ചപ്പാത്ത് വഴിയും കൊക്കയാറ്റിലെത്താം. മൂന്നുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ വെംബ്ലിയിലും. അവിടെനിന്ന് ഉറുമ്പിക്കര പാതയിൽ ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാൽ ആദ്യ വെള്ളച്ചാട്ടത്തിലെത്താം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.