ഫുട്ബാൾ ഇതിഹാസങ്ങളുടെ മണ്ണിൽ
text_fieldsലിസ്ബണിൽ നിന്നും രാത്രി പതിനൊന്നിനാണ് മാഡ്രിഡിലേക്കുള്ള വിമാനം. യൂറോപ്പിലെ രണ്ടു ടൈം സോണിലാണ് സ്പെയിനും പോർച്ചുഗലും. ഒരു മണിക്കൂർ വ്യത്യാസമുണ്ട്. രാത്രി പന്ത്രണ്ടിന് വിമാനം മാഡ്രിഡ് എയർപോർട്ടിൽ ഇറങ്ങി. പുറത്തിറങ്ങി യൂബർ ബുക്ക് ചെയ്ത് നേരത്തെ ബുക്ക് ചെയ്ത എയർ ബി.എൻ.ബി ലക്ഷ്യമാക്കി കുതിച്ചു. എന്നെ കാത്ത് മുറി ഉടമ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നേരം വൈകിയിട്ടും അതിന്റെ മുഷിപ്പ് ഒട്ടും അവർ കാണിച്ചില്ലെന്ന് മാത്രമല്ല, എല്ലാം വേഗത്തിൽ വിശദീകരിച്ചു. നേരെ ഉറക്കത്തിലേക്ക് കടന്നു.
രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് നേരെ കറങ്ങാനിറങ്ങി. മാഡ്രിഡ് ഇത്തിരി റോയൽ ആണ്. ആദ്യ റോയൽ പാലസിലേക്ക് വെച്ചുപിടിച്ചു. 18ാം നൂറ്റാണ്ടിലെ വളരെ വിശാലമായ ഒരു കൊട്ടാരം. ഇന്നും സ്പെയിനിലെ രാജകുടുംബത്തിന്റെ ഔപചാരിക താമസ സ്ഥലമാണിത്. 13, 14 നൂറ്റാണ്ടുകളിൽ നഗരത്തിന്റെ സുരക്ഷക്കായി പണിതുയർത്തിയ വലിയ കോട്ടയാണ് പിന്നീട് കൊട്ടാരമാക്കി മാറ്റിയത്. കൊട്ടാരത്തോട് ചേർന്ന് തന്നെ വിശാലമായ ക്രിസ്ത്യൻ ദേവാലയവും മ്യൂസിയവുമുണ്ട്. കുറച്ചുനേരം അവിടെ ഇരുന്നു. മാഡ്രിഡിൽ വന്നത് തന്നെ റിയൽ മാഡ്രിഡ് ഫുട്ബാൾ സ്റ്റേഡിയം കാണാനാണ്. മാഡ്രിഡ് ഫാൻ അല്ലെങ്കിലും അവരുടെ ട്രോഫി ക്യാബിനറ്റ് എന്നും അത്ഭുതമാണ്. പതിനഞ്ചു ചാമ്പ്യൻസ് ലീഗ് ട്രോഫികളുള്ള ലോകത്തിലെ തന്നെ ഒരേയൊരു ക്ലബ്. പ്രൗഢിയോടെ മാൻഡ്രിഡിസ്റ്റ ഇന്നും തല ഉയർത്തി നിക്കുന്നു. അവിടെ ഇരുന്ന് കൊണ്ട് സ്റ്റേഡിയം ടൂർ ബുക്ക് ചെയ്തു. ശേഷം നേരെ പ്ലാസ മേയർ എന്ന ടൗൺ സ്ക്വയറിലേക്ക് വിട്ടു. 15ാം നൂറ്റാണ്ടിന്റെ പ്രൗഢി വിളിച്ചോതുന്ന ഒരു ചത്വരമാണത്. നടുവിലായി ഫിലിപ്പ് മൂന്നാമന്റെ ഒരു പ്രതിമയുണ്ട്. ആ കാലഘട്ടത്തിലെ വിശാലമായ മാർക്കറ്റ് ഇന്നും അതേപടി നില നിർത്തിയിട്ടുണ്ട്. തുടർന്ന് മെട്രോയെടുത്ത് എൽ റെറ്റിറോ പാർക്ക് ലക്ഷ്യമാക്കി നീങ്ങി. ആളുകൾ നടക്കാനും ഒഴിവു സമയം ചിലവഴിക്കാനും ഇവിടെ വരുന്നു. നഗര മധ്യത്തിലെ വിശാലമായ പാർക്ക് എന്നെ ശരിക്കും അതിശയപ്പെടുത്തി. മനോഹരമായ ശിൽപങ്ങളും ചെറു ഫൗണ്ടനുകളും, തടാകങ്ങളും ഒക്കെ ഉൾകൊള്ളുന്ന പാർക്കാണിത്. 16ാം നൂറ്റാണ്ടിൽ തന്നെ ഭരണാധികാരികൾ എത്ര ദീർഘ വീക്ഷണമുള്ളവരായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു അത്.
പാർക്കിനോട് ചേർന്ന് തന്നെ ആണ് അൽകാല ഗേറ്റ്. പുരാതന കാലത്തെ നഗര കവാടങ്ങളായിരുന്നു ഇവയെല്ലാം. 17ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ ആർക്കിടെക്ട സബോട്ടിനി പണിത കവാടം മാഡ്രിഡ് എന്ന രാജകീയ തലസ്ഥാനത്തേക്ക് സ്വാഗതം ചെയ്ത് ഇന്നും തലയുയർത്തി നില്കുന്നു. കുറച്ച് ഫോട്ടോകൾ ഒക്കെയെടുത്ത് ഫുഡ് കഴിക്കാൻ അടുത്തുള്ള ഒരു റസ്റ്ററന്റിൽ കയറി. ശേഷം നേരെ റൂമിലേക്ക് തിരിച്ചു. രാവിലെ എഴന്നേറ്റ് ബസെടുത്ത് സാന്റിയാഗോ ബെർണാബു ചെന്ന് ഇറങ്ങി. ടി.വി സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള സാക്ഷാൽ ആൽഫ്രഡോ സ്റ്റെഫനോ മുതൽ ക്രിസ്ത്യാനോ റൊണാൾഡോ, ബെക്കാം, സിദാൻ, ഫിഗോ അങ്ങിനെ ലൂക്ക മോഡ്രിച്ചിൽ വരെ എത്തി നിൽക്കുന്ന റോയൽ റിയൽ മാഡ്രിഡ് ഹോം. സ്റ്റേഡിയം ടൂർ ട്രോഫി ക്യാബിനിൽ എത്തുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന 15 ചാമ്പ്യൻസ് ലീഗ് ട്രോഫികൾ നമ്മെ വരവേൽക്കും. അവിടെ കണ്ടുമുട്ടിയ മലയാളിയൊക്കൊണ്ട് കുറേ ചിത്രങ്ങൾ എടുപ്പിച്ചു. പിന്നെ സ്റ്റേഡിയം കാണാനിറങ്ങി. സ്റ്റേഡിയം ഒരു എനജിനീയറിങ് അൽഭുതം തന്നെയാണ്. 85,000 ആളുകളെ ഉൾക്കൊള്ളാവുന്ന വലിയ സ്റ്റേഡിയം. ഒരു ഫുട്ബാൾ ആരാധകന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാകും ഒരു എൽ ക്ലാസികോ നേരിട്ട് കാണുകയെന്നത്. എപ്പോഴെങ്കിലും ആ ആഗ്രഹവും പൂർത്തിയാക്കണമെന്ന് പറഞ്ഞ് വിടവാങ്ങി.
ബാഴ്സിലോണയിലേക്ക് അവലോ എന്ന ട്രെക്നാണ് ബുക്ക് ചെയ്തത്. നിശാ പാർട്ടിക്ക് ലോക പ്രശസ്തമാണ് ബാഴ്സിലോണ. പഴയ സ്പാനിഷ് ചരിത്രത്തിൽ കാറ്റാലന്മാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. മെസ്സി ഫുട്ബാളിൽ പഠിച്ചു വളർന്നത് ഇവിടെയാണ്. ഒരു മെസ്സി ഫാൻ എന്ന പോലെ തന്നെ ഒരു ബാർസിലോണ ഫാൻ കൂടിയാണ് ഞാൻ. ബാഴ്സലോണയിൽ ഹോട്ടലിന് നല്ല റേറ്റ് ആയതിനാൽ ഹോസ്റ്റലാണ് ബുക്ക് ചെയ്തത്. റെയിൽവെ സ്റ്റേഷനിൽ നിന്നും 10 മിനിറ്റ് നടക്കണം. ഹോസ്റ്റൽ ചെക്ഇൻ ചെയ്തു. ആറു ബെഡുള്ള ഹോസ്റ്റൽ റൂം. കൂടെ രണ്ടുപേർ മാത്രമേയുള്ളൂ. വലിയ തിരക്കൊന്നുമില്ല. ലണ്ടനിൽ നിന്നും വന്ന രണ്ടു സുഹൃത്തുക്കളാണ്. അടിച്ചു പൊളിക്കാൻ വന്നത് തന്നെ. രാവിലെ മുഴുവൻ ഉറക്കം. രാത്രി മുഴുവൻ പാർട്ടി മൂട്. അവർ അടിപൊളി ആണ്. കൗമാരത്തിന്റെ എല്ലാ ചുറുചുറുക്കുമുണ്ട്. കുറെ സംസാരിച്ചു. ഡിന്നറിന് ക്ഷണിച്ചെങ്കിലും എനിക്ക് വേറെ പ്ലാൻ ഉണ്ടായിരുന്നതിനാൽ സന്തോഷത്തോടെ നിരസിച്ചു. ബാർസിലോണ നഗരത്തിന്റെ സ്ഥാപകൻ ഹെർക്കുലീസ് ആണെന്നാണ് ഐതിഹ്യം.1899ൽ സ്ഥാപിതമായ ലോക പ്രശസ്ത ഫുട്ബാൾ ക്ലബ് ആണ് എഫ്.സി ബാഴ്സിലോണ. ക്യാമ്പ് നൗ ആണ് അവരുടെ സ്റ്റേഡിയം. ഇവിടുത്തുകാർക്ക് ഒരു വികാരമാണ് ക്ലബ്. സ്റ്റേഡിയം ടൂർ ഒക്കെ വളരെ സമയമെടുത്തു കണ്ടു. മെസ്സിയുടെ ബാലൻ ഡയോർ ട്രോഫികളും, ലാലീഗ ട്രോഫികളും ഒക്കെ കണ്ടു. സുഹൃത്തുക്കൾക്കും അനുജനും സുവനീർ ഒക്കെ വാങ്ങി പുറത്തിറങ്ങി. നേരെ മെട്രോ എടുത്ത് ബാഴ്സലോണയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് നീങ്ങി. ലോകത്തിലെ ഏറ്റവും വലിയ ഇന്നും പണിതീരാത്ത കത്തോലിക്ക ദേവാലയമണത് ‘സാഗ്രദാ ഫാമിലിയ’. അതി മനോഹരമായ ആർക്കിടെക്ചർ. കാഴ്ചകൾ കണ്ട് ഭക്ഷണം കഴിച്ച് കുറച്ചു നേരം അങ്ങിനെ ഇരുന്നു. കാറ്റാലൻ ആർക്കിടെക്ട അന്റോണിയോ ഗൗഡിയുടെ മനോഹരങ്ങളായ കലാ വിരുതുകളാണ് സാഗ്രദാ ഫാമിലിയ അടക്കമുള്ളത്. ബാഴ്സിലോണ നഗരത്തിന്റെ നടുവിലായുള്ള ഡാൻസിങ് ഹൗസ്(കാസ ബാസ്റ്റില്ലോ) ഒക്കെ വളരെ മനോഹരമാണ്. മാർബിൾ പീസുകൾ കൊണ്ടൊരു മായാജാലമാണ് പാർക്കിൽ ഒരുക്കിയത്. ശേഷം ബാഴ്സലോണയുടെ ആകാശക്കാഴ്ച കാണാൻ മോന്റജൂറിക് കുന്നിന്റെ മുകളിലേക്ക് ഫ്യൂണികുലാർ ട്രെയിനിൽ പോയി. മനോഹരമായ ബാഴ്സിലോണ സിറ്റിയുടെ ഗംഭീര കാഴ്ചയായിരുന്നു അത്. ഗൂഗിൾ മാപ് എടുത്ത് നോക്കിയപ്പോഴാണ് ബാഴ്സലോണയുടെ ഇപ്പോഴത്തെ ഹോം ഗ്രൗണ്ട് ആയ ഒളിമ്പിക് സ്റ്റേഡിയം അടുത്താണെന്ന് മനസ്സിലായത്. ഗ്രൗണ്ടിൽ കയറി കാണാൻ ഫീസ് ഒന്നും വേണ്ട. 1992ൽ ഒളിമ്പിക്സ് അരങ്ങേറിയത് ഇവിടെയായിരുന്നു. നാല് ദിവസം കഴിഞ്ഞാൽ ബാഴ്സിലോണ-റയൽ മാഡ്രിഡ് എൽ ക്ലാസിക്കോ മാച്ചുണ്ട് ഈ സ്റ്റേഡിയത്തിൽ. എൽ ക്ലാസിക്കോ സ്റ്റേഡിയത്തിൽ ഇരുന്ന് കാണാനുള്ള ആഗ്രഹത്തെ ഉള്ളിൽ ഒളിപ്പിച്ചു മെല്ലെ നടന്നു.
നാളെ ഒരു ദിവസം മുഴുവൻ ഫ്രീയാണ്. യൂറോപ്യൻ യൂണിയനിൽ പെടാത്ത കുഞ്ഞൻ രാജ്യമായ അൻഡോറ പോകാമെന്ന് തീരുമാനിച്ചു. പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് അൻഡോറ. സ്പെയിനിനും ഫ്രാൻസിനും ഇടയിലായാണ് ഈ രാജ്യത്തിന്റെ സ്ഥാനം. യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യമാണ് അൻഡോറ. യൂറോപ്യൻ യൂണിയനിൽ അംഗമല്ലെങ്കിലും, യൂറോ ആണ് പ്രധാന നാണയം. 1993ൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി. ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം അൻഡോറക്കാണ്. ഷെങ്കൻ വിസയുള്ളവർക്ക് അൻഡോറ സന്ദർശിക്കാം. അതിർത്തിയിൽ പൊലീസ് പരിശോധനയൊക്കെയുണ്ട്. നികുതി പൊതുവെ കുറവായതു കൊണ്ട് തന്നെ സാധനകൾക് വില കുറവാണ്. ബസ് ഇറങ്ങിയപ്പോൾ നല്ല മഴയായിരുന്നു. ഓടി ഒരു ഷോപ്പിൽ കയറി കോഫിയും ലൈറ്റ് ഫുഡും ഒക്കെ കഴിച്ചപ്പോയെക്കും മഴ മാറി.
തലസ്ഥാനമായ ല വെല്ല സിറ്റിക്ക് നടുവിലൂടെ ചെറിയ ഒരു നദി ഒഴുകുന്നുണ്ട്. ടൂറിസ്റ്റുകളെ സീസണിൽ കാത്തിരിക്കുന്ന സ്കി റിസോർട്ടുകളുടെ പറുദീസയാണ് ല വെല്ല. ഒരുപാട് ഒന്നും കാണാനില്ലെങ്കിലും, ഉള്ളതെല്ലാം നല്ല വൃത്തിയിലും അച്ചടക്കത്തിലും ഒരുക്കിയിരിക്കുന്നു. തിരിച്ചു പോകാനുള്ള ബസ് കയറി ഇരിക്കുമ്പോ രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഒരാൾ കൂടെ വന്നതിന്റെ സന്തോഷമായിരുന്നു. നാളെ ബാഴ്സലോണയോട് വിട പറയണം. യു.കെയാണ് അടുത്തത്. സുഹൃത്ത് രാജിനാഥ് അവിടെ എത്തിയിട്ടുണ്ട്. ഇനിയുള്ള യാത്രകളിൽ അവനും കൂടെയുണ്ടാകും... (തുടരും).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.