പുറംലോകവുമായുള്ള നെറ്റ് വർക്ക് ബന്ധം വിച്ഛേദിച്ചുള്ള ദുബൈയിലെ ബിസിനസ്സുകാരുടെ യാത്രാനുഭവം
text_fieldsലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽപ്പാതയായ ട്രാൻസ് - സൈബീരിയൻ പാതയിലൂടെ മോസ്കോ മുതൽ വ്ലാഡിവോസ്റ്റോക്ക് വരെ മൂന്നര ദിവസം നീണ്ട ട്രെയിൻ യാത്ര. സഞ്ചാര പ്രേമികളെ സംബന്ധിച്ച് എന്നുമെന്നും ഓർക്കാവുന്ന അപൂർവമായ അനുഭവം. ആരേയും കൊതിപ്പിക്കുന്ന മനോഹരമായ ആ യാത്ര നടത്തിയത് ദുബൈയിലെ പ്രശസ്തമായ ദുബൈ ബി സ്കൂൾ ആദ്യ ബാച്ചിന്റെ കൺസോഷ്യമായ ഇക്വിറ്റോറിയ ഗ്ലോബൽ അംഗങ്ങളാണ്. സ്കൂളിന്റെ വാർഷിക അവധിയാത്രയാണ് ജീവിതത്തിൽ മറക്കാനാവാത്ത സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ റഷ്യയിലൂടെയുള്ള ഈ അപൂർവ സഞ്ചാരത്തിന്റെ വിശേഷങ്ങളിലേക്ക്...
പതിനായിരങ്ങൾക്ക് ജോലി നൽകുന്ന അൻപതിലേറെ കമ്പനികളുടെ അധിപൻമാരാണ് മൊബൈൽ നെറ്റ്വർക്കില്ലാത്ത, പുറംലോകവുമായി ബന്ധം പൂർണ്ണമായും വിച്ഛേദിച്ചുള്ള, മൈനസ് പതിനഞ്ച് വരെ താപനിലയും കനത്ത മഞ്ഞുവീഴ്ചയുമുള്ള വൈരുദ്ധ്യമായ കാലാവസ്ഥയിലൂടെ വ്ലാഡിവോസ്റ്റോക്ക് ലക്ഷ്യമാക്കി യാത്ര തിരിച്ചത്. ഇത് ഇക്വിറ്റോറിയ ഗ്ലോബലിന്റെ മൂന്നാമത്തെ വിനോദവും, ബിസിനസ്സും അടങ്ങുന്ന യാത്രയും, ഏഴാമത്തെ രാജ്യ സന്ദർശനവുമാണ്.
യാത്രയുടെ പ്രധാന ഹൈലൈറ്റായ ട്രാൻസ് സൈബീരിയൻ റൂട്ടിലൂടെ പ്രശസ്തമായ ഇർകുട്സ് നഗരത്തിലെത്തിയാണ് സംഘമെത്തിയത്. അവിടെ ഭൂമിയിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും ആഴമുള്ളതുമായ (പരമാവധി 1,741 മീറ്റർ ആഴം) തടാകമായ ലേക്ക് ബൈക്കൽ സന്ദർശിച്ചു. ഭൂമിയിലെ ശുദ്ധജലത്തിന്റെ 20 ശതമാനം സംഭരണ ശേഷി എന്ന സവിശേഷതകളാൽ ലോക പ്രകൃതിചരിത്രത്തിൽ അപൂർവ സ്ഥാനം നേടിയ തടാകം ‘പേൾ ഓഫ് സൈബീരിയ’ എന്നറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ ഭംഗിയും അത്ഭുതങ്ങളും വിസ്മയിപ്പിക്കുന്നതായിരുന്നു. പിന്നീട് ലേക്ക് ബൈക്കലിലെ ഏറ്റവും വലിയ ദ്വീപായ ഒൽഖോൺ ഐലൻഡിലെ കാഴ്ചകളിലേക്ക്. അത്ഭുതവും ആശ്ചര്യവും നിറഞ്ഞ കാഴ്ചകളുടെ പറുദീസയായിരുന്നു അവിടെ. ശൈത്യവും പ്രകൃതിയും ചേർന്നൊരു അസാധാരണ അനുഭവമായി അത് മാറി. ശേഷം റഷ്യയിലെ സംരംഭകരുമായും ‘അമ്മ’ എന്ന സംഘടനയുമായും റഷ്യയിലെ മെഡിക്കൽ വിദ്യാർഥികളുമായും കൂടിക്കാഴ്ച നടത്താനും അവസരം ലഭിച്ചു. പത്ത് ദിവസങ്ങളിലായി നിറഞ്ഞ സാഹസികതയോടെ മുന്നേറിയ ഈ യാത്ര, എല്ലാ അംഗങ്ങൾക്കും മറക്കാനാകാത്ത ഓർമകളാണ് സമ്മാനിച്ചത്.
ഫോറം ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ സിദ്ദീഖ് ചെയർമാനായും നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ സി.ഇ.ഒ ആയും ബിസ്കൂൾ അക്കാദമിക് ഡീൻ ഫൈസൽ പി സെയ്ദ് മുഖ്യരക്ഷാധികാരിയുമായുള്ള മുപ്പതോളം വരുന്ന ബിസിനസ്സുകാരുടെ കൂട്ടായ്മയാണ് ഇക്വിറ്റോറിയ ഗ്ലോബൽ. ബോർഡ് അംഗങ്ങളായ അയ്യൂബ് കല്ലട, മുഹമ്മദ് മുബീർ, ഹാരിസ് ബിസ്മി, ഫാസിൽ ക്ലാസിക് ഗോൾഡ്, ഉസ്മാൻ ജാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ ബിസിനസ്സ് ചെയ്യുന്ന നിരവധിപേർ യാത്രാ സംഘത്തിലുണ്ടായിരുന്നു. അബൂദബിയിലെ പ്രശസ്ത ഫുഡ് ആൻഡ് ട്രാവൽ ഇൻഫ്ലുവൻസറായ ഷെയിന്റെ ഉടമസ്ഥതയിലുള്ള ലൈക ഹോളിഡെയ്സാണ് ഈ വ്യത്യസ്ത യാത്രക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

