ചരിത്ര സ്നേഹികളുടെ സ്വപ്ന ഭൂമിയിൽ
text_fieldsചരിത്ര പുസ്തകങ്ങളിലും സഞ്ചാര കഥകളിലും മാത്രം കേട്ടുവന്ന പറങ്കികളുടെ വീരശൂര കഥകൾ മനസ്സിൽ ഓർത്തുകൊണ്ട് ഓർലി വിമാനത്താവളത്തിലെ ലോഞ്ചിൽ ഇരിക്കുകയാണ്. പോർച്ചുഗീസ് വിമാനക്കമ്പനിയായ ടാപ്പ് എയറിന്റേതാണ് ഫ്ലൈറ്റ്. അതിരാവിലെ ഏഴു മണിക്കാണ് യാത്ര പുറപ്പെട്ടത്. കേരളവുമായി ചരിത്രപരമായി വളരെ ബന്ധമുള്ള പ്രദേശമാണ് പോർച്ചുഗൽ. പതിനഞ്ചാം നൂറ്റാണ്ടിൽ ലിസ്ബണിൽ നിന്നും ഗുഡ്ഹോപ്പ് മുനമ്പ് വഴി കോഴിക്കോട് കാപ്പാട് കാൽകുത്തിയ വാസ്കോ ഡ ഗാമയുടെ ചരിത്രവും, തുടർന്ന് നടത്തിയ കച്ചവടവും അധിനിവേശവും യുദ്ധവുമൊക്കെ ഒരു സിനിമ പോലെ മനസ്സിൽ ഓടി മറഞ്ഞു. താഴെ ലിസ്ബൺ നഗരം കാണാൻ തുടങ്ങിയിരിക്കുന്നു. വിമാനം മെല്ലെ ലാൻഡ് ചെയ്തു. യൂറോപ്യൻ യൂനിയനായതിനാൽ ഇമ്മിഗ്രേഷൻ ഒന്നുമില്ല. നേരെ പുറത്തേക്ക് നടന്നു.
യൂറോപ്പിലെ എല്ലാ വിമാനത്താവളങ്ങളെയും പോലെ ഇവിടെയും ബസും മെട്രോ ട്രെയിനുമെല്ലാം സജ്ജമാണ്. സ്റ്റേഷനിൽ പോയി വൺ ഡേ പാസ് എടുത്തു. ബാക്കി യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ചിലവ് കുറവാണ് ലിസ്ബൺ. മെട്രോ എടുത്ത് നേരെ സിറ്റി സെന്ററിലേക്ക് പിടിച്ചു. ടാഗസ് നദിയുടെ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ചേരുന്ന മട്ടിലാണ് ലിസ്ബൺ സിറ്റി. ആദ്യം പോയത് വാസ്ഗോ ഡി ഗാമയെ അടക്കം ചെയ്ത കത്തീഡ്രൽ കാണാനായിരുന്നു. ജെറോണിമുസ് മൊണാസ്റ്ററി എന്നാണ് പേര്. ധാരാളം വിനോദസഞ്ചാരികൾ ഇവിടെയുണ്ട്. ഓട്ടോറിക്ഷ ഒരു ടൂറിസ്റ്റ് വാഹനമായി ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ടുക്ക് ടുക്ക് എന്നാണ് ഇവർ വിളിക്കുന്നത്. വാസ്കോ ഡ ഗാമ മരിച്ചതും ആദ്യം അടക്കം ചെയ്തതും നമ്മുടെ കൊച്ചിയിലായിരുന്നുവെന്ന് എത്ര പേർക് അറിയാം?.
അവിടെനിന്ന് നേരെ ബേലം ടവർ കാണാൻ നടന്നു. 1500കളിൽ ലിസ്ബൺ സിറ്റിയുടെ സുരക്ഷക്കായി ഒരുക്കിയതാണ് ടവർ. എത്രയോ പ്രസിദ്ധമായ പര്യവേക്ഷകരുടെ ഓർമകൾക്ക് മുന്നിൽ ഇപ്പോഴും തല ഉയർത്തി നിൽക്കുന്ന മനോഹരമായ ഗേറ്റ് വേ എന്ന് വേണമെങ്കിൽ കരുതാം. യാത്ര പറഞ്ഞു തിരിച്ചുവരാത്ത ബിർത്തലോമിയോ ഡയസിനെ പോലെ നിരവധി പേരെ ഇന്നും കാത്തുനിൽക്കുകയാണ് ബേലം ടവർ. പോർച്ചുഗീസുകാരുടെ കടൽ മാർഗമുള്ള എല്ലാ കണ്ടുപിടുത്തങ്ങളുടെയും മൂകസാക്ഷിയായി. ശേഷം ഡിസ്കവറി മോണുമെന്റ് എത്തി. പോർച്ചുഗലിന്റെ മഹാസമുദ്ര പര്യടനകാലത്തെ പ്രമുഖ നാവികരെ സ്മരിക്കുന്ന, കപ്പലിന്റെ വില്ലിന്റെ ആകൃതിയിലുള്ള സ്മാരകത്തിന്റെ മുൻവശത്ത് ഹെന്റി ദി നാവിഗേറ്റർ ആണ്. അതിനു പിന്നിലായി 32പേരുടെ പ്രതിമകൾ. അതിൽ പ്രസിദ്ധരായ മഗല്ലൻ, ബെർത്തലോമിയോ ഡയസ്..അങ്ങിനെ പോകുന്നു പട്ടിക.
സമുദ്രത്തിൽ രാജപാത തീർത്ത് നമ്മെപ്പോലുള്ള യാത്രക്കാർക്ക് പ്രചോദനം നൽകി കടന്നുപോയവർ. അവിടെയാണ് നമ്മുടെ കോഴിക്കോട് അടയാളപ്പെടുത്തിയ ഭൂപടമുള്ളത്. പറങ്കികൾ ചെന്നെത്തി ആധിപത്യം സ്ഥാപിച്ച ലോകത്തെ പ്രസിദ്ധമായ ഇടങ്ങളുടെ പട്ടികയിൽ കോഴിക്കോടും ഗോവയും ഒക്കെ ഇടം പിടിച്ചത് തെല്ല് സങ്കടത്തോടെ ആണെങ്കിലും കുറച്ചുനേരം നോക്കി നിന്നു. നല്ല ഒരു ഫോട്ടോ എടുക്കുന്നതാണ് സോളോ ട്രിപ്പിൾ ഏറ്റവും ബുദ്ധിമുട്ടുള്ള ടാസ്ക്. ‘ഗോ പ്രൊ’ ഒക്കെ പിടിച്ചിരിക്കുന്ന ഒരാളോട് ഫോട്ടോ എടുക്കാൻ സഹായം ചോദിച്ചു.
പുള്ളി കേട്ട പാതി എഴുന്നേറ്റുവന്നു. വിശേഷങ്ങൾ അനേവഷിച്ചപ്പോഴാണ് അറിയിന്നത് ആള് നമ്മുടെ ആലപ്പുഴക്കാരനാണ്. ജോലി ലണ്ടനിലാണ്, ഡോക്ടറാണ്. ഒഴിവുസമയം കറങ്ങാൻ ഇറങ്ങിയതാണ്. കുറേ ഇരുന്നു സംസാരിച്ചു. അടുത്ത വാരം ലണ്ടനിൽ പോകാനുള്ളത് കൊണ്ട് കുറച്ചു കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. ഇൻസ്റ്റ പേജ് ഒക്കെ പരസ്പരം ഫോളോ ചെയ്ത് പിരിഞ്ഞു. ലോകം എത്ര ചെറുതാണ, മലയാളികൾ ഇല്ലാത്ത സ്ഥലമില്ല എന്നത് സത്യം തന്നെ. അടുത്തതായി കാണാനുള്ളത് പ്രസിദ്ധമായ ടാഗസ് നദിക്ക് കുറുകെയുള്ള പോന്റെ 25 ഡി എബ്രിൽ എന്ന പടുകൂറ്റന് ഇരുമ്പ് തൂക്കുപാലവും അതിന്റെ സംരക്ഷകൻ എന്ന പോലെ തല ഉയർത്തി കൈകൾ വിരിച്ചു വെച്ച യേശുവിന്റെ പ്രതിമയുമാണ്.
രണ്ട് നിലകളുള്ള ചുവന്ന നിറത്തിലുള്ള മനോഹരമായ പാലം വടക്ക് ലിസ്ബൺ നഗരത്തെയും തെക്ക് അല്മാഡ നഗരത്തെയും ബന്ധിപ്പിക്കുന്നു. മുകളിൽ റോഡും താഴെ റെയിൽവേയും. അമേരിക്കയിലെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് പോലെ തന്നെ. ബ്രസീലിലെ റിയോയിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയോട് സാമ്യമുള്ളതാണ് അൽമാഡ കുന്നിൻമുകളിലെ സെന്ററിയോ ഡേ ക്രിസ്റ്റോ റെയ് എന്ന പേരിൽ അറിയപ്പെടുന്ന ലിസ്ബണിലെ ഈ പ്രതിമ. കുറെ നടന്നത് കൊണ്ടാകും നല്ല വിശപ്പ്. റോഡ് സൈഡിലെ ഫ്രഷ് ജ്യൂസ് കടയിൽ നിന്നും നല്ല പൈനാപ്പിൾ ജ്യൂസ് കുടിച്ചു.
ഐറ്റം കൊള്ളാം, നാട്ടിൽ നിന്ന് കുടിച്ച ഫീൽ ഒക്കെയുണ്ട്. ശേഷം ട്രാമിൽ കയറി നേരെ സിറ്റി സെന്ററിലോട്ട് തിരിച്ചു. ഒരു കോഫി കുടിക്കണം, പിന്നെ എന്തേലും കഴിക്കണം. നേരെ അടുത്തുള്ള കടയിൽ കയറി. പോർട്ട് സിറ്റി ആയതുകൊണ്ട് നിറയെ മൽസ്യ വിഭവങ്ങൾ ഉണ്ട് ലിസ്ബണിൽ. നമ്മുടെ നാട്ടിലെ മത്തി ഒക്കെ ഇവിടെ അൽപം മോഡേൺ ആണ്. ഒരു ഫിഷ് ഞാനും ട്രൈ ചെയ്തു. എനിക്ക് അത്ര ഇഷ്ടമായില്ല. അതിന്റെ ഒരു ടേസ്റ്റ് പോകാൻ പിന്നെ പിസ്താഷിയോ ക്രോയ്സൻറ് തിന്നേണ്ടി വന്നു. ഇതൊക്കെ നമ്മൾ പ്രതീക്ഷിക്കുന്നതാണല്ലോ. അതിനാൽ വലിയ പ്രശ്നമില്ല.
സെന്റർ സ്ക്വയർ ഉണർന്നു വരുന്നുണ്ട്. പാട്ടും ഡാൻസും മാജിക്കും ഒക്കെ താളം പിടിക്കുന്നുണ്ട്. ആളുകളെല്ലാം സൂര്യാസ്തമയത്തെ വരവേൽക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത്. കുറച്ചു വീഡിയോയും ഫോട്ടോസും ഒക്കെ എടുത്ത് ഞാൻ പ്രസിദ്ധമായ ട്രാം 28 കയറി. ലിസ്ബൺ സിറ്റിയുടെ മുകളിലേക്ക് ഊടു വഴികളിലൂടെ ട്രാം പോകുന്നതും വരുന്നതും ഒരു സിനിമാറ്റിക് ഫ്രെയിം പോലെ മനോഹരമാണ്. എനിക്ക് തിരിച്ചു എയർപോർട്ടിലേക്ക് പോകാൻ സമയമായിരിക്കുന്നു.
യാത്രകൾ ഇഷ്ടപ്പെടുന്ന ചരിത്ര സ്നേഹികൾക്ക് സ്വപ്ന ഭൂമിയാണ് ഇവിടം. കപ്പൽ പടയിലൂടെ മധ്യ കാലഘട്ടത്തിൽ ഇത്രയും പ്രബലമായ ഒരു പ്രദേശമാകാൻ പോർച്ചുഗലിന് സാധിച്ചു എന്നത് അതിന്റെ വലിപ്പം കാണിച്ചു തരുന്നുണ്ട്. ആ സ്മരണകൾ ഇന്നും ഈ പ്രദേശത്തെ പ്രൗഢമാക്കുന്നുണ്ട്. ഒരുപാട് നല്ല ഓർമകളുമായി അടുത്ത വിമാനം കാത്തിരുന്നു… (തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.