പ്രീമിയം സീറ്റെണ്ണം കൂട്ടാൻ എയർ ഇന്ത്യ; രൂപയുടെ മൂല്യമിടിഞ്ഞത് പ്രവർത്തനച്ചെലവ് കൂട്ടി
text_fieldsന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് സീറ്റുകളുടെ എണ്ണം കൂട്ടി മികച്ച വളർച്ചയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് എയർ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യൽ ഓഫിസർ നിപുൺ അഗർവാൾ. കണക്റ്റിങ് വിമാനങ്ങളുടെ പ്രയോജനം കാര്യക്ഷമമാക്കാനായി വിമാനസമയം പുനഃക്രമീകരിക്കും.
വിമാനത്താവളങ്ങളിലെ മികച്ച അനുഭവം, വിമാനത്തിൽ മികച്ച നിലവാരമുള്ള ഭക്ഷണം എന്നിവയൊക്കെ ഉറപ്പാക്കിയാണ് വികസനം. രൂപയുടെ വിലയിടിവ് എയർ ഇന്ത്യക്ക് വൻതിരിച്ചടിയാണെന്ന് അഗർവാൾ പറഞ്ഞു. ചെലവിനെയും ലാഭത്തെയും ഇത് സാരമായി ബാധിക്കുന്നു. ശമ്പളം ഒഴികെ, ചെലവുകളിൽ ഏറിയ പങ്കും ഡോളറിലാണ്. പ്രവർത്തനച്ചെലവ് കൂടാൻ രൂപയുടെ വിലയിടിവ് കാരണമായി.
വിദേശ കറൻസികളിൽ ടിക്കറ്റ് നിരക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് കൂടുതൽ നിരക്ക് ഈടാക്കാൻ എയർലൈന് ചില സ്വാഭാവിക സംരക്ഷണമുണ്ട്. രൂപയുടെ ഇടിവ് വ്യവസായത്തിനും എയർ ഇന്ത്യക്കും വെല്ലുവിളിയാണ്. കാര്യക്ഷമത മെച്ചപ്പെടുത്തിയും മറ്റ് നടപടികളെടുത്തും ഈ സാഹചര്യത്തെ നേരിടണം. എയർ ഇന്ത്യ ഗ്രൂപ് അന്താരാഷ്ട്രതലത്തിൽ 313 സർവിസുകൾ ഉൾപ്പെടെ 1,168 പ്രതിദിന വിമാന സർവിസ് നടത്തുന്നുണ്ട്. വിദേശ വിമാനങ്ങളിൽ 244 എണ്ണം ഹ്രസ്വദൂരവും 69 എണ്ണം ദീർഘദൂരവുമാണ്. -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.