നൈറ്റ് ഹിൽ ട്രക്കിങ്ങിന് അനുമതിയുള്ള ഏക ഇടം; ചീങ്ങേരി മലയിലേക്ക് കെ.എസ്.ആർ.ടി.സിയിൽ യാത്ര പോകാം
text_fieldsചീങ്ങേരി മലയിൽ നിന്നുള്ള കാഴ്ച
കൽപറ്റ: വയനാടിന്റെ സൗന്ദര്യക്കാഴ്ചകൾ, ഒടുവിൽ കിടിലൻ സാഹസിക മലകയറ്റം. സഞ്ചാരികൾക്ക് ആവേശയാത്ര ഒരുക്കി വിസ്മയിപ്പിക്കുകയാണ് കെ.എസ്.ആർ.ടി.സി. കേരളത്തിൽ നൈറ്റ് ഹിൽ ട്രക്കിങിന് നിയമാനുസൃത അനുമതിയുള്ള ചീങ്ങേരി ഹിൽസിലേക്കാണ് ദിവസവും കെ.എസ്.ആർ.ടി.സി വയനാട് ബജറ്റ് ടൂറിസം സെൽ യാത്രയൊരുക്കുന്നത്.
സൂപ്പർഫാസ്റ്റ് ബസാണ് ഒരുക്കിയിരിക്കുന്നത്. 3460 അടി ഉയരമുള്ള മലയിലേക്ക് കയറി രാത്രിസൗന്ദര്യം ആസ്വദിക്കാമെന്നതാണ് പ്രധാന പ്രത്യേകത. മലമുകളിൽനിന്ന് സൂര്യാസ്തമയ ദൃശ്യങ്ങളും വയനാടിന്റെ 360 ഡിഗ്രിയിലുള്ള രാത്രിക്കാഴ്ചകളും കാണാം. ഇനി കാത്തിരിക്കേണ്ട ബുക്കിങ്ങിനും വിവരങ്ങൾക്കും 7907305828 എന്ന നമ്പറിൽ ബന്ധപ്പെടാം. രാവിലെയോടെ വയനാടിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിച്ചു തുടങ്ങുന്ന യാത്ര സാഹസിക മലകയറ്റവും കഴിഞ്ഞാണ് തിരിച്ചുവരുക. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞയാഴ്ച സഞ്ചാരികളെയും വഹിച്ച് യാത്ര കെ.എസ്.ആർ.ടി.സി ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് കെ.എസ്.ആർ.ടി.സി നൈറ്റ് ഹിൽ ട്രക്കിങ് ഒരുക്കുന്നത് എന്നതാണ് പ്രധാനം. വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി (ഡി.ടി.പി.സി) സഹകരിച്ചാണ് നൈറ്റ് ഹിൽ ട്രക്കിങ് ഒരുക്കുന്നത്.
സുൽത്താൻ ബത്തേരി, കൽപറ്റ ഡിപ്പോകളിൽനിന്ന് വൈകീട്ട് നാലിനാണ് യാത്ര തുടങ്ങുക. ആദ്യം നെല്ലാറച്ചാല്‍ വ്യൂ പോയിന്റിലേക്കാണ് പോകുക. ഇവിടെവെച്ച് യാത്രക്കാർക്ക് ട്രക്കിങ്ങിനെക്കുറിച്ച് വിശദീകരണം നൽകും. 10 പേര് വീതമുള്ള ഗ്രൂപ്പുകളായി തിരിക്കും. 5.30ഓടെ സ്ഥലത്തെത്തി ഗൈഡുകളുടെ സഹായത്തോടെ മല കയറാന്‍ തുടങ്ങും. 6.30ഓടെ പ്രധാന പാറയുടെ അടിയിലെ വിശാലമായ സ്ഥലത്തെത്തും. ഇവിടെനിന്ന് കാരാപ്പുഴ ഡാമിന്റെയും മലനിരകളുടെയും മഴക്കാടുകളുടെയും പനോരമിക് കാഴ്ചകൾ ആസ്വദിക്കാം. തുടർന്ന് മലയുടെ ഏറ്റവും ഉയർന്ന ഭാഗത്തേക്ക് പോകും. ഗൈഡിന്റെ സഹായത്തോടെ ആവശ്യമായ തയാറെടുപ്പുകളോടെ ആയിരിക്കും ഇവിടേക്ക് പോകുക. ഇവിടെനിന്ന് മനോഹരമായ രാത്രിക്കാഴ്ചകൾ കാണാം.
രാത്രി എട്ടോടെ മലയുടെ അടിവാരത്തിലെത്തി മടങ്ങുംവിധത്തിലാണ് യാത്ര. യാത്രക്കായുള്ള ബസ് രൂപകൽപന ചെയ്തത് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റിയാണ്. കഴിഞ്ഞ ദിവസം കൽപറ്റയിലെ ഫെസ്റ്റ് ഗ്രൗണ്ടിൽ സമിതി ജില്ല പ്രസിഡന്റ് ജോജിൻ ടി. ജോയിയും കെ.എസ്.ആർ.ടി.സി അസി. ട്രാൻസ്പോർട്ട് ഓഫിസർ പി.കെ. പ്രശോഭും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാ ദിവസവും സഞ്ചാരികളുടെ നല്ല തിരക്കുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.