ക്രൂസ് ടൂറിസത്തിന് തിരിച്ചടി; ആഡംബര കപ്പലുകളുടെ വരവ് കുറയുന്നു
text_fieldsമട്ടാഞ്ചേരി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര വിനോദ സഞ്ചാര കപ്പലുകൾ എത്തുന്ന തുറമുഖം എന്ന ഖ്യാതി കൊച്ചിയെ കൈവിട്ടിട്ടില്ലെങ്കിലും ആഗോള മേഖലയിലെ സംഭവവികാസങ്ങൾ കൊച്ചിക്ക് തിരിച്ചടിയാകുന്നു. കൊച്ചിക്ക് മാത്രമല്ല രാജ്യത്തെ അഞ്ച് പ്രധാന തുറമുഖങ്ങളിൽ കപ്പലുകളുടെ വരവ് കുറഞ്ഞത് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നു.
കോവിഡ് കാലത്ത് നേരിട്ട തിരിച്ചടിയുടെ ക്ഷീണം ഇതുവരെ ഇന്ത്യൻ തുറമുഖങ്ങൾക്ക് മറികടക്കാൻ കഴിഞ്ഞിട്ടില്ല. യുദ്ധങ്ങൾ വിതച്ച ഭീതി, യുറോപ്യൻ സാമ്പത്തിക മാന്ദ്യം എന്നിവയാണ് നിലവിൽ ആഡംബര വിനോദ കപ്പൽ സഞ്ചാര മേഖലക്ക് (ക്രൂസ് ടൂറിസം) തിരിച്ചടിയായിരിക്കുന്നത്. 2025 നവംബർ മുതൽ 2026 മെയ് വരെയുള്ള നിലവിലെ ക്രൂസ് ടുറിസം സീസൺ രാജ്യത്തെ തുറമുഖങ്ങളുടെ പ്രതീക്ഷകളെ തളർത്തുകയാണ്. കൊറോണ വരുത്തിയ വിനയിൽനിന്ന് പതുക്കെ ഉയർന്നു വരവെയാണ് യുദ്ധമടക്കം സംഭവ വികാസങ്ങൾ മൂലം യാത്രക്കാരുടെ എണ്ണത്തിൽ വന്ന ഗണ്യമായ കുറവ് ക്രൂസ് ടൂറിസത്തെ ബാധിക്കുന്നത്.
തുറമുഖത്തിന് കോടികൾ നഷ്ടം
ക്രൂസ് കപ്പലുകളുടെ വരവ് കുറയുന്നത് കൊച്ചി തുറമുഖത്തിന് കോടികളുടെ വരുമാന നഷ്ടമാണുണ്ടാക്കുന്നത്. കോവിഡ് കാലത്ത് കപ്പൽ വരവ് ഇല്ലാതായതോടെ ക്രൂസ് ടൂറിസം മേഖലയിൽമാത്രം പ്രതിവർഷം കൊച്ചി തുറമുഖത്തിന് 15 - 20 കോടിയാണ് വരുമാന നഷ്ടമുണ്ടായത്.
പ്രതിവർഷം സീസണിൽ ശരാശരി 40 ഓളം ആഡംബര വിദേശ വിനോദ സഞ്ചാര കപ്പലുകളാണ് കൊച്ചി തുറമുഖത്ത് എത്താറുള്ളത്. ചെറുതും വലുതുമായ കപ്പലുകൾ തുറമുഖത്ത് എത്തിയാൽ വാർഫേജ് നിരക്കടക്കം 40-60 ലക്ഷം രൂപ വരെയാണ് തുറമുഖത്തിന് ലഭിക്കുക. കൂടാതെ ക്ലീയറിങ്ങ്, കുടി വെള്ളം, ഭക്ഷണം, ചികിത്സ, മാലിന്യ നീക്കം തുടങ്ങി പല ഇനങ്ങളിലും വരുമാനമുണ്ട്.
600 മുതൽ 2800 വരെ യാത്രക്കാരും ശരാശരി 1200 ഓളം കപ്പൽ ജീവനക്കാരുമാണ് കപ്പലുകളിലെത്തുക. ഒരു സീസണിൽ അരലക്ഷത്തിലെറെ ക്രൂയീസ് സഞ്ചാരികളെത്തും. ഒരു വിനോദസഞ്ചാരി ശരാശരി 800- 1000 ഡോളർ വരെ ചെലവഴിക്കുമെന്നാണ് കണക്ക്. കൂടാതെ സഞ്ചാരികൾക്ക് വാഹനയാത്രാ സൗകര്യത്തിലൂടെ ടാക്സിക്കാർക്കും തെരുവോരങ്ങളിൽ കച്ചവടം ചെയുന്നവർക്ക് വരെയും വരുമാനം ലഭിക്കുന്നു.
സീസണിലെ ആദ്യ കപ്പൽ 18ന്
ക്രൂസ് സീസണ് തുടക്കം കുറിച്ച് കൊച്ചി തുറമുഖത്ത് നവംബർ 18ന് ആദ്യ ആഡംബര കപ്പൽ എത്തും. 2026 മെയ് വരെയുള്ള സീസണിൽ കൊച്ചിയിൽ 16 കപ്പലുകളാണ് ഇതുവരെ ചാർട്ട് ചെയ്തിട്ടുള്ളത്.
ഒന്നര പതിറ്റാണ്ടിനിടെ ഇത്രയും കുറഞ്ഞ കപ്പലുകളെത്തുന്നത് ആദ്യമാണെണന്നാണ് ക്രൂസ് കപ്പൽ എജൻസികൾ പറയുന്നത്. 2019 ൽ 51 ആഡംബര വിനോദ സഞ്ചാര കപ്പലുകൾ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. ക്രൂസ് ടൂറിസത്തിൽ പ്രതീക്ഷയർപ്പിച്ചാണ് ആഡംബര കപ്പലുകൾക്കും സഞ്ചാരികൾക്കും മികച്ച സേവനവും ആധുനിക സൗകര്യവുമായി പുതിയ ക്രൂസ് ടെർമിനൽ കൊച്ചി തുറമുഖ അതോറിറ്റി സജ്ജീകരിച്ചത്. വൻ നിരക്ക് ഇളവുകളും സഞ്ചാരികൾക്ക് നൽകുന്നുണ്ട് . ഇന്ത്യയിലെ തുറമുഖങ്ങളിൽ ആദ്യ മെഗാ ക്രൂസ് ടെർമിനൽ എന്ന പദ്ധതിയും കൊച്ചി തുറമുഖത്ത് ഉയരാൻ നടപടികൾ പുരോഗമിക്കുന്നുണ്ട്. വെല്ലിംഗ് ടൺ ഐലൻ്റിലെ നിലവിലെ ക്രൂസ് ടെർമിനലിനോട് ചേർന്ന് 20 ഏക്കറിലാണ് മെഗാ ക്രൂസ് ടെർമിനൽ വരുന്നത്. അഞ്ച് സ്റ്റാർ ഹോട്ടലും ഷോപ്പിംഗ് മാളും ഉൾപ്പെടെ ആയിരിക്കും കൊച്ചിയിൽ കപ്പൽ ഇറങ്ങുന്നവർക്കായി ക്രൂസ് ടെർമിനലിൽ ഒരുക്കുന്നത് .
ക്യൂൻ മേരിയും ഇല്ല
ഓരോ വർഷവും കൊച്ചിക്കാരുടെ മനം കവരുന്ന ആഡംബര കപ്പലുകളിൽ ഒന്നാണ് ക്യൂൻ മേരി. എന്നാൽ ഇക്കുറി കപ്പൽ കൊച്ചിയിൽ എത്തില്ല. വൻകിട കപ്പൽ സർവീസുകൾ പലതും കൊച്ചിയിലേക്കില്ല. സാമ്പത്തിക മാന്ദ്യം മൂലം യാത്രക്കാരുടെ കുറവ് കണക്കിലെടുത്ത് കപ്പൽ കമ്പനികൾ സർവീസ് ഷെഡ്യൂളുകൾ വെട്ടി ചുരുക്കിയതായും പറയുന്നു. അതേസമയം, മുംബൈ- കൊച്ചി- ലക്ഷദ്വീപ് - ഗോവ ടുറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര ടുറിസം ഉല്ലാസ കപ്പലുകളും കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

