സൈക്കിൾ ഡയറീസ് @ അഹ്മദാബാദ്
text_fieldsഗുജറാത്തിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന അഹ്മദാബാദ്. ചരിത്രവും സംസ്കാരവും ആധുനികതയും അതിമനോഹരമായി കൂടിക്കലരുന്ന നഗരം. പുരി അഹ്മദാബാദ് എക്സ്പ്രസ് രാവിലെ ആറുമണിയോടെ അഹ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.
റെയിൽവേ പാർസൽ ഓഫിസിൽനിന്ന് സൈക്കിൾ ലഭിക്കാൻ ഇനിയും മൂന്നു മണിക്കൂർ ഉള്ളതിനാൽ ജുമാമസ്ജിദ് നടന്നുപോയി കാണാമെന്ന് തീരുമാനിച്ചു. അഹ്മദാബാദ് നഗരത്തിൽ പലയിടങ്ങളിലായി ചുവന്ന കല്ലുകൾകൊണ്ട് നിർമിച്ച 12 കവാടങ്ങളുണ്ട്. ബ്രിട്ടീഷുകാർ നിർമിച്ച പാഞ്ച് കൂവ കവാടവും കടന്ന് ചായക്കടകൾ മാത്രം തുറന്നിരിക്കുന്ന, ഉറക്കച്ചടവ് മാറാത്ത ബസാറുകളിലൂടെയെല്ലാം നടന്നാണ് ജുമാമസ്ജിദിൽ എത്തിയത്. മസ്ജിദിന് മുന്നിൽ രാവിലെ 10 മണി വരെ റോഡിനിരുവശത്തും ഇളനീർ മാർക്കറ്റാണ്. ഒരു ഇളനീരിന് 30 രൂപ വില, കേരത്തിന്റെ നാടായ കേരളത്തിൽ അത് 50 രൂപയാണല്ലോ എന്നോർത്തു.
അഹ്മദാബാദ് ജുമാമസ്ജിദ്
ഏകദേശം അറുനൂറ് വർഷങ്ങൾക്കുമുമ്പ് ഗുജറാത്ത് സുൽത്താനേറ്റിലെ അവസാനത്തെ രാജാവായ അഹ്മദ് ഷായുടെ കീഴിലാണ് ഈ പള്ളി നിർമിച്ചിട്ടുള്ളത്. ഗുജറാത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ അഹ്മദാബാദിന്റെ സ്ഥാപകനാണ് അഹ്മദ് ഷാ. മുന്നൂറോളം തൂണുകളുണ്ട് പള്ളിയുടെ അകത്ത്.
മൂന്ന് കവാടങ്ങളിലൂടെ പള്ളിയിലേക്ക് പ്രവേശിക്കാം. നടുവിലായി ഒരു ഹൗളുമുണ്ട്. കല്ലുകൊണ്ടുള്ള ഒരുപാട് കൊത്തുപണികളും അറബിക് കാലിഗ്രഫിയും ഈ പള്ളിയുടെ പ്രത്യേകതയാണ്. പള്ളിയുടെ കിഴക്കേ ഭാഗത്തെ കവാടത്തിലൂടെ പുറത്തിറങ്ങിയാൽ ജുമാമസ്ജിദിന്റെ അതേ മാതൃകയിൽ നിർമിച്ച, അഹമദ് ഷാ അടക്കമുള്ള രാജാക്കന്മാരുടെ ശവകുടീരവും കാണാം.
സിദ്ദി ഗോത്രവും വാസ്തുവിദ്യയും
ന്യൂ ഇറാനി റെസ്റ്റാറന്റിൽനിന്നാണ് പ്രഭാതഭക്ഷണം കഴിച്ചത്. ഇറാനി ചായയും മസ്കൻ ബണ്ണുമാണ് സ്പെഷൽ. ഉരുളിയിൽ ചട്ടുകംകൊണ്ട് കുറെനേരം ഇളക്കി കുറുക്കിയാണ് ചായ ഉണ്ടാക്കുന്നത്. അതുകൂടാതെ ആടിന്റെ സൂപ്പുപോലെ തോന്നിക്കുന്ന മട്ടൻ ചായയും നല്ല രുചിയാണ്. എതിരെ ഇരുന്ന മധ്യവയസ്കനുമായി സംസാരിക്കുന്നതിനിടയിൽ ഗുജറാത്ത് കലാപത്തെ കുറിച്ച് ചോദിച്ചു.
മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ചേരിതിരിഞ്ഞ് മനുഷ്യൻ മനുഷ്യനെ കൂട്ടക്കൊല ചെയ്ത കഥയും ദിവസങ്ങളോളം ആവശ്യത്തിന് ഭക്ഷണംപോലുമില്ലാതെ വീടുകളിൽ അടച്ചുപൂട്ടി ഇരിക്കേണ്ടിവന്ന അവസ്ഥയും എല്ലാം അദ്ദേഹം പറഞ്ഞു. വർഗീയ രാഷ്ട്രീയം ഒരേ വേദനകളും മുറിവുകളും തന്നെയാണ് ജാതിഭേദമില്ലാതെ അവർക്ക് നൽകിയത്.
അവിടെനിന്ന് ഒരു കിലോമീറ്റർ പിന്നിട്ട് സിദ്ദി സയ്യിദ് മസ്ജിദ് കാണാൻ പോയി. മണൽകല്ലുകൊണ്ടുള്ള പ്രത്യേകം രൂപകൽപന ചെയ്ത ജനലുകളാണ് ഈ പള്ളിയുടെ പ്രത്യേകത. അതിലെ സിദ്ദി സയ്യിദ് വിൻഡോ വർക്കാണ് ഐ.ഐ.എം അഹ്മദാബാദിന്റെ ലോഗോക്ക് പ്രേരണയായത്. രാജഭരണകാലത്ത് ആഫ്രിക്കയിൽനിന്നും ഒരുപാട് അടിമകളെ ഗുജറാത്തിലേക്ക് കൊണ്ടുവന്നിരുന്നു.
അവരെ സിദ്ദി ഗോത്രം എന്ന് അറിയപ്പെടുന്നു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു വാസ്തുവിദ്യ വിദഗ്ധനായ സിദ്ദി സയ്യിദ് ആണ് ഈ പള്ളിയുടെ നിർമാണത്തിന് ചുക്കാൻപിടിച്ചത്. ഇന്നും ഗുജറാത്തിന്റെ പലഭാഗങ്ങളിൽ, പ്രത്യേകിച്ച് ജാമ്പൂർ ഗ്രാമത്തിലും ഗുജറാത്തി ഭാഷ സംസാരിക്കുന്ന സിദ്ദി ഗോത്രക്കാരെ കാണാൻ സാധിക്കുന്നു.
ദാദാ ഹരിർ സ്റ്റെപ് വെല്ലും കൺകറിയ തടാകവും
റെയിൽവേ സ്റ്റേഷനിൽനിന്ന് സൈക്കിൾ എടുത്ത് ദാദാ ഹരിർ സ്റ്റെപ് വെൽ കാണാൻ പോയി. അഞ്ച് നിലകളിലായാണ് ഈ കിണർ നിർമിച്ചിരിക്കുന്നത്. ഓരോ നിലയിലും ഒരുപാട് തൂണുകളും ഖുർആൻ സൂക്തങ്ങളും മെറ്റ്..... കൊത്തുപണികളുമുണ്ട്. കിണറിനോട് ചേർന്ന് കല്ലുകൊണ്ട് തന്നെ നിർമിച്ച പള്ളിയും മഖ്ബറയും കാണാം. നമസ്കാരത്തിന് ഇനിയും സമയമുള്ളതിനാൽ അവിടെയിരിക്കുന്ന രണ്ടുപേരുമായി സംഭാഷണത്തിൽ ഏർപ്പെട്ടു.
അവിടെനിന്ന് കൺകറിയ തടാകം കാണാനാണ് പിന്നെ പോയത്. തടാകത്തിന്റെ ചുറ്റുമായി രണ്ട് കിലോമീറ്ററോളം വാക് വേയിൽ ടോയ് ട്രെയിൻ, പാർക്ക് ഫുഡ് സ്റ്റാളുകൾ അങ്ങനെ ഒരുപാട് ആക്ടിവിറ്റികളുണ്ട്. കൺകറിയ മൃഗശാലയും തടാകത്തോട് ചേർന്നാണ്. ഒരുപാട് പക്ഷികളെയും മൃഗങ്ങളെയും അവിടെ കാണാം.
അടൽ പാലം
സബർമതി റിവർ ഫ്രണ്ട് പദ്ധതിയുടെ ഭാഗമായി നിർമിച്ച അടൽ പാലം കാണാനാണ് പിന്നെ പോയത്. 30 രൂപ ടിക്കറ്റെടുത്ത് വേണം പാലത്തിൽ കയറാൻ. വാഹനങ്ങൾക്കൊന്നും പ്രവേശനമില്ലാതെ കാൽനടക്കാർക്ക് മാത്രം സ്പീക്കറിലൂടെയുള്ള പാട്ടും കേട്ട് പുഴയുടെ ഭംഗി ആസ്വദിച്ച് നടക്കാൻ ഒരു പാലം.
അങ്ങേ അറ്റംവരെ ഒരുപാട് വർണങ്ങളിൽ റൂഫ് ഇട്ടത് യാത്രക്കാർക്ക് തണൽ ഒരുക്കുന്നതോടൊപ്പം പാലത്തിന്റെ ചന്തമേറ്റുകയും ചെയ്യുന്നു. രണ്ടുമൂന്ന് ഐസ്ക്രീം കടകളും ഇരിക്കാൻ ബെഞ്ചുകളുമുണ്ട് പാലത്തിന്റെ മുകളിൽ.
സബർമതി ആശ്രമം
സബർമതി പുഴയോട് ചേർന്ന് കുറെ കിലോമീറ്റർ നീണ്ടുകിടക്കുന്ന വാക് വേയിലൂടെ സൈക്കിൾ ചവിട്ടി സബർമതി ആശ്രമത്തിലെത്തി. വാക് വേയിലേക്ക് കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും മാത്രമേ പ്രവേശനമുള്ളൂ. വാക് വേയുടെ സമാന്തര റോഡിൽ വണ്ടികൾ കുത്തിനിറച്ച് പോകുമ്പോൾ അതേ സമയം ഞാൻ പുഴയിലെ ഇളംകാറ്റും കൊണ്ട് സൈക്കിൾ ഓടിച്ച് യാത്രതുടർന്നു. റോഡിൽ സബർമതി ആശ്രമത്തിലേക്ക് വഴി കാണിക്കുന്ന ബോർഡുകൾ വളരെ കുറവാണ്.
ഗാന്ധിജിയുടെ ജീവിതത്തിലെ ഒരുപാട് പ്രധാന സംഭവങ്ങളെ പരിചയപ്പെടുത്തുന്ന വർക്കുകളുണ്ട് സബർമതിയിൽ. പച്ച വിരിച്ചുനിൽക്കുന്ന വലിയ മരങ്ങൾ, ഗാന്ധിജിയും അനുയായികളും താമസിച്ചിരുന്ന ചെറിയ ഓടുപാകിയ കൂരകൾ... രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാൻ പദ്ധതികൾ ചർച്ചചെയ്യുകയും പ്രാർഥിക്കുകയും ചെയ്ത കുറേ ഇടങ്ങൾ. സുവനീർ കടയിൽനിന്നും മകൾക്കു നൽകാൻ ഗാന്ധിജിയെ കുറിച്ചുള്ള ഒരു ചിത്രപുസ്തകം വാങ്ങി.
‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എന്തിന്?’ എന്ന് പരീക്ഷക്ക് ചോദ്യം വന്നേക്കാവുന്ന കാലത്ത് കുട്ടികൾ ഗാന്ധിജിയെ കുറിച്ച് പഠിക്കൽ അനിവാര്യമാണല്ലോ. അതിസുന്ദരമായ ശിൽപകലയാൽ ശോഭിക്കുന്ന നിർമിതികൾ മുതൽ സബർമതി ആശ്രമത്തിലെ അന്തരീക്ഷം വരെ, ഈ യാത്ര ഗുജറാത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിലേക്കുള്ള ജാലകമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.