Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഴ്ചയിൽ മൂന്ന് ദിവസം മാത്രം സ്റ്റോപ്പ്; നേത്രാവതി എക്സ്പ്രസിന്റെ ഈ പ്രത്യേകത പലർക്കും അറിയില്ല!

text_fields
bookmark_border
https://www.madhyamam.com/tags/train-travel
cancel

തൃശൂർ: ട്രെയിൻ യാത്രക്കാർക്ക് അധികമൊന്നും അത്ര പരിചിതമല്ലാത്ത ഒരു റെയിൽവേ സ്റ്റേഷനാണ് തൃശൂർ ജില്ലയിലെ ചാലക്കുടിക്കും കൊരട്ടിക്കും ഇടയിലുള്ള ഡിവൈൻ നഗർ.

നേത്രാവതി എക്സ്പ്രസിന് (തിരുവനന്തപുരം -മുംബൈ ലോക്മാന്യ തിലക്) ഇവിടെ സ്റ്റോപ്പുണ്ടെങ്കിലും എല്ലാ ദിവസവുമില്ലെന്നതാണ് ഈ സ്റ്റേഷന്റെ പ്രത്യേകത.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് ട്രെയിൻ ഇവിടെ നിർത്തുന്നത്. അടുത്തിടെ ഈ വിവരം അറിഞ്ഞ ഒരു യാത്രക്കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരിക്കൽ നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ‘Where is My Train’ ആപ്പിൽ ഡിവൈൻ നഗർ എന്നൊരു സ്റ്റേഷൻ യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, ഇത്തരമൊരു സ്റ്റേഷൻ അവിടെയുണ്ടെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു.

മാത്രമല്ല, അന്നത്തെ യാത്രയിൽ ട്രെയിൻ അവിടെ നിർത്തിയതുമില്ല. സിനിമ കണ്ടുകൊണ്ടിരുന്നതിനാൽ സ്റ്റോപ്പ് ശ്രദ്ധിക്കാതെ പോയതാകാമെന്നായിരുന്നു ആദ്യം കരുതിയത്. ആപ്പിൽ തെറ്റായ വിവരങ്ങൾ കാണിച്ചതാകാമെന്നും സംശയിച്ചു.

എന്നാൽ, പിന്നീട് ചാലക്കുടിയിൽനിന്ന് ഉച്ചക്കു ശേഷമുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഡിവൈൻ നഗറിനെക്കുറിച്ച് വീണ്ടും ഓർത്തത്.

അന്ന് നേത്രാവതി എക്സ്പ്രസിന് ചാലക്കുടിയിൽ സ്റ്റോപ്പില്ലായിരുന്നു. ഇതോടെ തൊട്ടടുത്തുള്ള ഡിവൈൻ നഗറിൽനിന്ന് ടിക്കറ്റ് ലഭിക്കുമോയെന്ന് ഐ.ആർ.സി.ടി.സി ആപ്പിൽ പരിശോധിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം അവിടെ കാണിക്കുകയും ചെയ്തു.

എങ്കിലും ട്രെയിൻ അവിടെ നിർത്തുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ റെയിൽവേയിൽ ജോലി ചെയ്യുന്ന സുഹൃത്തിനോട് അന്വേഷിച്ചു. ആദ്യം ലഭിച്ച മറുപടി ഡിവൈൻ നഗറിൽ നേത്രാവതിക്ക് സ്റ്റോപ്പില്ലെന്നായിരുന്നു.

തുടർന്ന് തൃശൂരിൽനിന്ന് ടിക്കറ്റ് എടുക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് സുഹൃത്ത് വീണ്ടും വിളിച്ചത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് നേത്രാവതി എക്സ്പ്രസിന് ഡിവൈൻ നഗറിൽ സ്റ്റോപ്പുള്ളതെന്നായിരുന്നു പുതിയ വിവരം.

യാത്ര ഞായറാഴ്ചയായിരുന്നതിനാൽ ഇതോടെ ഡിവൈൻ നഗറിൽനിന്നുതന്നെ ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നീട് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഈ പ്രത്യേക സ്റ്റോപ്പിന് പിന്നിലെ കാരണം മനസ്സിലായത്.

ചാലക്കുടിക്ക് സമീപമുള്ള പ്രശസ്ത തീർഥാടന കേന്ദ്രമായ ഡിവൈൻ റിട്രീറ്റ് സെന്ററിലേക്ക് വാരാന്ത്യങ്ങളിൽ എത്തുന്ന തീർഥാടകരുടെ യാത്രാസൗകര്യം പരിഗണിച്ചാണ് നേത്രാവതി എക്സ്പ്രസിന് ആഴ്ചയിൽ മൂന്ന് ദിവസം ഇവിടെ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

കേരളത്തിലുടനീളം സർവിസ് നടത്തുന്ന പ്രധാന ട്രെയിനുകളിലൊന്നായ നേത്രാവതിക്ക് ഇത്തരത്തിൽ പരിമിത ദിവസങ്ങളിൽ മാത്രം സ്റ്റോപ്പുണ്ടെന്ന കാര്യം പല യാത്രക്കാർക്കും അറിയില്ലായിരിക്കാം.

ഏകദേശം മൂന്ന് വർഷത്തോളം റെയിൽവേയിൽ ജോലി ചെയ്തിരുന്നിട്ടും ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ട്രെയിൻ നിർത്തുന്ന സ്റ്റേഷനെക്കുറിച്ച് കേട്ടിട്ടില്ലെന്നായിരുന്നു അനുഭവം പങ്കുവെച്ചയാളുടെ പ്രതികരണം.

ചാലക്കുടിയിൽനിന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും നേത്രാവതി എക്സ്പ്രസിന്റെ ഈ സ്റ്റോപ്പിനെക്കുറിച്ച് അറിയാത്തവർക്കും ഉപകാരപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം വിവരം പങ്കുവെച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story