നിങ്ങൾ സിംഗിളാണോ? എങ്കിൽ സൗജന്യമായി ഫിൻലൻഡിലേക്ക് പറക്കാം; സിംഗിൾസിനായി കലക്കൻ ഓഫറുമായി ടൂറിസം ബോർഡ്
text_fieldsനിങ്ങൾ സിംഗിളാണോ? പങ്കാളിക്കായി തിരച്ചിലിലാണോ? എങ്കിൽ ഇനി ഫിൻലൻഡിൽ പോയി കണ്ടുപിടിക്കാം. അതെ സിംഗിൾസിനായി കലക്കൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിൻലാന്‍റ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിൻലാൻഡിലേക്ക് നിങ്ങൽക്ക് ഫ്രീയായി പറക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവിവാഹിതരായ ആളുകളെ സൗജന്യമായി ഫിൻലാൻഡിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഫിൻലാൻഡിന്റെ ടൂറിസം ബോർഡായ വിസിറ്റ് ഫിൻലാൻഡ്. പങ്കാളിയെ കണ്ടെത്താനും ഫിന്നിഷ് ഭക്ഷണ സംസ്കാരം ആസ്വദിക്കാനും അവസരമൊരുക്കുന്ന ഫിന്നിഷ് ഡിന്നർ ഡേറ്റ് എന്ന പുതിയ കാമ്പെയ്നുമായാണ് രാജ്യം രംഗത്തെത്തിയിരിക്കുന്നത്.
ഫോർബ്സ് മാധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച് ലോകമെമ്പാടുമുള്ള 16 അവിവാഹിതർക്കാണ് ഈ സൗജന്യ യാത്രാ അവസരം ലഭിക്കുന്നത്. യാത്രയുടെ എല്ലാ ചെലവുകളും ടൂറിസം ബോർഡ് വഹിക്കും. 2027 ഫെബ്രുവരി 9 നും 19 നും ഇടയിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
ഹെൽസിങ്കിയിലും ടാമ്പെരെ പ്രദേശത്തുമാണ് പ്രത്യേക ഗ്രൂപ്പ് ഡിന്നർ ഡേറ്റുകൾ നടക്കുക. ഫിൻലാൻഡിൽ താമസക്കാല്ലാത്ത, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുമുള്ള അവിവാഹിതരായ മുതിർന്നവർക്ക് ഇതിനായി വ്യക്തിഗതമായി അപേക്ഷിക്കാം. വിമാന ടിക്കറ്റ്, താമസം, യാത്രാവിവരങ്ങൾ, ഭക്ഷണങ്ങൾ എന്നിവ പൂർണമായും ടൂറിസം ബോർഡ് സ്പോൺസർ ചെയ്യും. ഫിന്നിഷ് സമയം 2026 നവംബർ 10-ന് രാവിലെ 11.59-ഓടെ അപേക്ഷകൾ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഡിസംബർ ഒന്നിന് വിസിറ്റ് ഫിൻലാൻഡ് ഇൻസ്റ്റാഗ്രാം, ടിക് ടോക് പേജുകളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
അപേക്ഷ സമർപ്പിക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം നിങ്ങൾ ഒരു ഡിന്നർ ഡേറ്റിൽ എന്ത് വിഭവമാണ് വിളമ്പുന്നത്, എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇംഗ്ലീഷിൽ ഉത്തരം നൽകിക്കൊണ്ട് ഒരു ചെറിയ വീഡിയോ റെക്കോർഡ് ചെയ്യുക. #FinnishDinnerDate എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ടിക് ടോക്, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ യൂട്യൂബ് പോലെയുള്ള പബ്ലിക് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഈ വീഡിയോ പോസ്റ്റ് ചെയ്യുക. ഒപ്പം വിസിറ്റ് ഫിൻലാൻഡ് പേജിനെ ടാഗ് ചെയ്യുകയും വേണം.
ഫിൻലാൻഡിലെ സൂപ്പർമാർക്കറ്റുകളിൽ പ്രചാരത്തിലുള്ള സിങ്കുകോരി അഥവാ സിങ്കിൾ ബാസ്കറ്റ് എന്ന ഡേറ്റിംഗ് ട്രെൻഡിൽ നിന്നാണ് ഈ ആശയത്തിന് പ്രചോദനമായത്. ഉപഭോക്താക്കൾക്ക് തങ്ങൾ പുതിയ സൗഹൃദങ്ങൾക്കോ ഡേറ്റിംഗിനോ തയ്യാറാണെന്ന് സൂചിപ്പിക്കാൻ പിങ്ക് നിറത്തിലുള്ള ഷോപ്പിംഗ് ബാസ്കറ്റുകൾ നൽകുന്ന രീതിയാണിത്.
ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വൈൽഡ് ഫിഷ്, ബെറികൾ, കൂൺ തുടങ്ങിയ ഫിന്നിഷ് തനിമയുള്ള രുചികരമായ വിഭവങ്ങൾ ആസ്വദിക്കാൻ സാധിക്കും. കൂടാതെ, ഫിൻലാൻഡിലെ പ്രാദേശിക അവിവാഹിതരെ കാണാനും ഒരുമിച്ചിരുന്ന് ഡിന്നർ ആസ്വദിക്കാനുമുള്ള അവസരവും ഇതിലൂടെ ലഭിക്കും.

