പൂക്കളുടെ വസന്തമൊരുക്കി ഗുണ്ടൽപേട്ട
text_fieldsഗുണ്ടൽപേട്ടയിലെ പൂപ്പാടം
ഗുണ്ടൽപേട്ട: പൂക്കളുടെ വസന്തമൊരുക്കി ഗുണ്ടൽപേട്ട. വയനാട് അതിർത്തി ഗ്രാമമായ ഗുണ്ടൽപേട്ടയിൽ മഞ്ഞയും ഓറഞ്ചും വയലറ്റും ഒക്കെയായി നിറങ്ങൾ തീർത്ത പാടങ്ങൾ കണ്ണെത്താദൂരത്തോളം കാഴ്ചയുടെ ഉത്സവലഹരി ഒരുക്കുകയാണ്. ചെണ്ടുമല്ലിയും സൂര്യകാന്തിയുമെല്ലാം പൂവിട്ട് നിൽക്കുന്ന കാഴ്ച ഏറെ ഹൃദ്യമാണ്.
ദേശീയ പാത 766ൽ വയനാട് ബന്ദിപ്പൂർ അതിർത്തി പിന്നിട്ടാൽ പൂപ്പാടങ്ങൾ ദൃശ്യമാണ്. നോക്കെത്താദൂരത്ത് പരന്നുകിടക്കുകയാണ് തോട്ടങ്ങൾ. ഈ വഴി യാത്ര ചെയ്യുമ്പോൾ തന്നെ പൂപ്പാടങ്ങൾ കാണാൻ കഴിയും. പൂക്കളുടെ നിറക്കാഴ്ച കാണാൻ നിത്യവും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.
പൂക്കൾക്കിടയിൽ നിന്ന് ചിത്രം പകർത്തണമെങ്കിൽ 20 മുതൽ 30 രൂപ വരെ ഈടാക്കുന്നുണ്ട്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് പൂകൃഷി. കേരളത്തിലേക്ക് ഓണക്കാലത്തേക്ക് പൂക്കൾ എത്തുന്നതും ഇവിടെ നിന്നാണ് മലയാളി കർഷകരും ഇവിടെ പൂകൃഷി നടത്തുന്നുണ്ട്. മൂന്ന് മാസം കൊണ്ട് മികച്ച വരുമാനം ഉണ്ടാക്കാനും ഇതിലൂടെ കഴിയുന്നു. ഗുണ്ടൽപേട്ടയിലെ പൂക്കാഴ്ചകൾ സന്ദർശകർക്ക് പുത്തൻ അനുഭവമാണ് നൽകുന്നത്.
ഗുണ്ടൽപേട്ടയിൽ ഗതാഗതക്കുരുക്ക്
ഒഴിവ് ദിനങ്ങളിൽ ഗുണ്ടൽപേട്ടയിലെ പൂപ്പാടങ്ങൾ കാണാനെത്തുന്നവരുടെ വാഹനങ്ങൾ ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു കർണാടക ചെക്ക് പോസ്റ്റുകൾക്ക് അടുത്ത് കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങൾ കഴിഞ്ഞ ദിവസം കുടുങ്ങി.
ചെക്ക് പോസ്റ്റ് കടന്ന് വരുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥർ കുറവുള്ളത് കൊണ്ടാണ് വാഹനങ്ങൾ കടന്നുപോകാൻ സമയമെടുക്കുന്നത്. കർണാടക ചെക്ക് പോസ്റ്റുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും ഗതാഗതക്കുരുക്ക് കൂടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.