കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസുമായി ഐ.ആർ.സി.ടി.സി
text_fieldsകേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി). മെയ് രണ്ട് മുതൽ മെയ് 31 വരെ ദിവസേന ഹെലികോപ്റ്റർ സർവീസുകൾ ലഭ്യമാകും. കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകർക്ക് വേഗതയേറിയതും സുഖകരവുമായ യാത്ര നൽകുക എന്നതാണ് സേവനങ്ങളുടെ ലക്ഷ്യം.
മൂന്ന് സ്ഥലങ്ങളിൽ നിന്നാണ് ഹെലികോപ്റ്റർ സേവനങ്ങൾ ലഭ്യമാകുന്നത്. ഫാട്ട (6063 രൂപ), സിർസി (6061 രൂപ) ഗുപ്തകാശി (8533 രൂപ) എന്നിവയാണ് സ്ഥലങ്ങൾ. ഈ റൂട്ടുകൾ ഹിമാലയൻ ഭൂപ്രകൃതിയിലൂടെ മനോഹരമായ ആകാശ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്.
കേദാർനാഥ് യാത്രക്ക് ഹെലികോപ്റ്റർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുമ്പ്, തീർത്ഥാടകർ ഔദ്യോഗിക ഉത്തരാഖണ്ഡ് ടൂറിസം വെബ്സൈറ്റ് വഴി നിർബന്ധിത രജിസ്ട്രേഷൻ പൂർത്തിയാക്കണം. പുതിയ ഉപയോക്താക്കൾ അക്കൗണ്ട് സൃഷ്ടിക്കുകയും യാത്രക്കാരുടെ എണ്ണം, യാത്ര തീയതികൾ തുടങ്ങിയ യാത്ര വിശദാംശങ്ങൾ നൽകുകയും തുടർന്ന് രജിസ്ട്രേഷൻ ലെറ്റർ ഡൗൺലോഡ് ചെയ്യുകയും വേണം. ഹെലിയാത്ര പോർട്ടലിൽ ഹെലികോപ്റ്റർ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഈ രേഖ അത്യാവശ്യമാണ്.
ഹെലികോപ്റ്റർ യാത്ര ബുക്ക് ചെയ്യുന്നതിന്, ആദ്യം മൊബൈൽ നമ്പറും ഇമെയിൽ വിലാസവും ഉപയോഗിച്ച് ഹെലിയാത്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഓരോ ഉപയോക്താവിനും രണ്ട് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം, ഓരോ ടിക്കറ്റിലും പരമാവധി ആറ് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ബുക്കിങ് റദ്ദാക്കാനും അവസരമുണ്ട്. ബാധകമായ റദ്ദാക്കൽ നിരക്കുകൾ കുറച്ചതിന് ശേഷം അഞ്ച് മുതൽ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ടുകൾ ലങ്യമാകും. റദ്ദാക്കൽ പുറപ്പെടലിന് 24 മണിക്കൂറിനുള്ളിലാണെങ്കിൽ റീഫണ്ട് നൽകില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.