ദ്വീപ് കാഴ്ചകളിലേക്ക് പുതിയ വഴി തുറന്ന് കെഎസ്ആർടിസി; ലക്ഷദ്വീപ് യാത്രാപാക്കേജുമായി ബജറ്റ് ടൂറിസം സെൽ
text_fieldsയാത്രാപ്രേമികൾക്കായി ലക്ഷദ്വീപിലേക്കുള്ള നാല് ദിവസത്തെ ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. കൊച്ചിയിൽ നിന്നും വിമാനമാർഗ്ഗം ലക്ഷദ്വീപിലെത്തി വ്യത്യസ്ത സ്ഥലങ്ങൾ കണ്ട് തിരിച്ചെത്തുന്ന രീതിയിലാണ് തയാറാക്കിയിട്ടുള്ളത്. യാത്രക്കാരുടെ താല്പര്യത്തിനനുസരിച്ച് റിസോർട്ടുകളോ ഹോംസ്റ്റേകളോ താമസത്തിനായി തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്. അഗത്തി എയർപോർട്ടിലെത്തുന്ന സഞ്ചാരികളെ സ്വീകരിച്ച് താമസസ്ഥലത്തേക്ക് ആനയിക്കും.
ആദ്യ ദിനം ഉച്ചഭക്ഷണത്തിന് ശേഷം ലഗൂൺ ബീച്ച്, വെസ്റ്റേൺ ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേൺ ജെട്ടി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം അന്ധൻ ബീച്ചിലെ സൂര്യാസ്തമയ കാഴ്ചയോടെ ആദ്യ ദിവസത്തെ കറക്കം അവസാനിക്കും. സ്നോർക്കെലിങ്, നീന്തൽ, ഡോൾഫിൻ വാച്ച്, ഡീപ് സീ ബോട്ട് സഫാരി തുടങ്ങിയ സാഹസിക വിനോദങ്ങളിലാണ് രണ്ടാം ദിനം വിനിയോഗിക്കുന്നത്. മൂന്നാം നാൾ ഗ്ലാസ് ബോട്ട് റൈഡ്, ടർട്ടിൽ വാച്ച്, കയാക്കിങ് എന്നിവയ്ക്കൊപ്പം സ്വകാര്യ ബോട്ടിൽ കൽപ്പിട്ടി ദ്വീപിലേക്കും യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.
നാലാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാം. മടക്കയാത്രയിൽ ദ്വീപിന്റെ തനത് പലഹാരങ്ങളും ഫിഷ് അച്ചാറുകളും വാങ്ങാൻ അവസരമുണ്ടാകും. ലക്ഷദ്വീപ് എൻട്രി പെർമിറ്റ്, എയർപോർട്ട്/ജെട്ടി പിക്കപ്പും ഡ്രോപ്പും, താമസം, ഭക്ഷണം, കാഴ്ചകളിലേക്കുള്ള യാത്രാസൗകര്യം, ഗ്ലാസ് ബോട്ട് റൈഡ്, സ്നോർക്കെലിങ്, കയാക്കിങ്, വൈഫൈ, ട്രാവൽ ഇൻഷുറൻസ് എന്നിവയെല്ലാം പാക്കേജ് തുകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്കൂബ ഡൈവിങിന് 4,000 രൂപയും പാരാസെയിലിങിന് 3,500 രൂപയും അധികമായി നൽകേണ്ടി വരും. യാത്രയ്ക്ക് കുറഞ്ഞത് 17 ദിവസം മുൻപ് പെർമിറ്റിനായുള്ള രേഖകൾ സമർപ്പിക്കണം. ബുക്കിങ് സമയത്ത് മുഴുവൻ തുകയും അടച്ച് സീറ്റ് ഉറപ്പാക്കേണ്ടതാണ്. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മുഴുവൻ വിമാന ടിക്കറ്റ് നിരക്കും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി അടുത്തുള്ള കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം കൗണ്ടറുമായി ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

