ഒടുവിൽ ഡബിൾ ഡക്കർ എത്തുന്നു
text_fieldsസർവിസിനൊരുങ്ങുന്ന ഡബിൾ ഡെക്കർ ബസ്
കൊച്ചി: അറബിക്കടലിന്റെ റാണിയുടെ നഗരക്കാഴ്ചകളിലേക്ക് രാത്രി സഞ്ചാരമൊരുക്കി കെ.എസ്.ആർ.ടി.സിയുടെ ഓപൺ ഡബിൾ ഡെക്കർ ബസ് ഈമാസം 15 മുതൽ നിരത്തിലിറങ്ങും. കൊച്ചിയിൽ കൊണ്ടുവന്ന് ഏറെക്കാലത്തിനു ശേഷമാണ് സർവിസിനൊരുങ്ങുന്നത്.
സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കൊച്ചി നഗരത്തിന്റെ രാത്രി മനോഹാരിത ആസ്വദിക്കാനുള്ള അവസരമാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. രാത്രികാല കാഴ്ചകൾ കണ്ട് ഉല്ലസിക്കുന്നതിനോടൊപ്പം മുൻകൂട്ടി ബുക്ക് ചെയ്താൽ ജന്മദിനം, വിവാഹ വാർഷികം, ഒത്തുചേരലുകൾ തുടങ്ങിയ വിവിധ ആഘോഷങ്ങൾ നഗരക്കാഴ്ചയുടെ പശ്ചാത്തലത്തിൽ നടത്തുന്നതിനുള്ള പുതിയ കാൽവെപ്പാണ് ഓപൺ ഡബിൾ ഡെക്കർ ബസ്.
രണ്ടാം നിലയുടെ മേൽക്കൂര മാറ്റി സഞ്ചാരികൾക്ക് കായൽ കാറ്റേറ്റ് കാണാൻ കഴിയുന്ന തരത്തിലാണ് ബസ് ഒരുങ്ങുന്നത്. 15 വൈകീട്ട് അഞ്ചിന് മന്ത്രി പി. രാജീവ് ബസ് ഉദ്ഘാടനം ചെയ്യും. ബജറ്റ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഡബിൾ ഡക്കർ ബസിന്റെ മുകളിലെ ഡെക്കിലിരുന്ന് യാത്ര ചെയ്യാൻ 300 രൂപയും താഴത്തെ ഡെക്കിൽ യാത്ര ചെയ്യാൻ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചിന് എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്നാണ് ബസ് പുറപ്പെടുന്നത്.
തുടർന്ന് തേവര വഴി തോപ്പുംപടി കോപ്റ്റ് അവന്യൂ വാക്ക് വേ എത്തും. കോപ്റ്റ് അവന്യൂ വാക്ക് വേയിൽ സഞ്ചാരികൾക്ക് കായൽത്തീരത്തെ നടപ്പാതയും പാർക്കും ആസ്വദിക്കാനുള്ള സൗകര്യമുണ്ടാകും. കോപ്റ്റ് അവന്യൂ വാക്ക് വേയിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിയും.
തുടർന്ന് തേവര വഴി മറൈൻഡ്രൈവ്, ഹൈകോടതി, മൂന്ന് ഗോശ്രീ പാലങ്ങൾ കയറി കാളമുക്ക് ജങ്ഷനിൽ എത്തും. കാളമുക്ക് ജങ്ഷനിൽനിന്നും തിരിച്ച് രാത്രി എട്ടോടെ തിരികെ ബസ് സ്റ്റാൻഡിൽ എത്തും. മൂന്നുമണിക്കൂർ യാത്രയിൽ 29 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്.
മുകളിലത്തെ നിലയിൽ 39ഉം താഴത്തെ നിലയിൽ 24ഉം ഉൾപ്പെടെ 63 സീറ്റുകളാണ് തയാറായിരിക്കുന്നത്. ഓൺലൈൻ വഴിയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നേരിട്ടെത്തിയും സീറ്റ് ബുക്കിങ്ങിനുള്ള സംവിധാനം ഒരുക്കും. ഡബിൾ ഡെക്കർ ബസ് ആലുവ റീജനൽ വർക്ക്ഷോപ്പിൽ അവസാനഘട്ട പണിയിലാണ്. ഉദ്ഘാടന ദിവസം ബസ് എറണാകുളത്ത് എത്തിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.