വിനോദസഞ്ചാര കേന്ദ്രങ്ങളുണർന്നു
text_fieldsഓണത്തോടനുബന്ധിച്ച് ജില്ലയിലേക്കുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരക്കിലേക്ക്. ഇടവിട്ടുള്ള മഴ പെയ്യുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും വിദ്യാലയങ്ങള്‍ അടച്ചതിനാല്‍ സഞ്ചാരികളുടെ വലിയ പ്രവാഹംതന്നെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വാഗമണിലെയും മൂന്നാറിലെയും മഞ്ഞും തണുപ്പും ആസ്വദിക്കാന്‍ ഒട്ടേറെ വിനോദസഞ്ചാരികള്‍ ഇപ്പോള്‍ ജില്ലയിലേക്ക് എത്തുന്നുണ്ട്.
തേക്കടി
ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബുക്കിങ് വര്‍ധിച്ചതായി ടൂറിസം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഓണം വാരാഘോഷം സംഘടിപ്പിക്കും. മൂന്നാര്‍, തേക്കടി, രാമക്കല്‍മേട്, തൊടുപുഴ എന്നിവിടങ്ങളിലാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഇത്തവണ ആഘോഷം സംഘടിപ്പിക്കാന്‍ 11 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതരും ഹോട്ടല്‍, റിസോര്‍ട്ട് ഉടമകളും പറഞ്ഞു.
വാഗമണ്‍
കാലാവസ്ഥ അനുകൂലമായാല്‍ അടുത്ത ആഴ്ച ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ വന്‍ തിരക്കനുഭവപ്പെടാനാണ് സാധ്യത. വാഗമണ്‍, മൂന്നാര്‍, തേക്കടി, രാമക്കല്‍മേട്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കനുഭവപ്പെടാന് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് പൊലീസിന് പുറമെ മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ ഭരണം, വനംവകുപ്പ് തുടങ്ങിയ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കും. ഓണം അവധി ആഘോഷമാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികളെത്തും.
മാട്ടുപ്പെട്ടി
ഒട്ടേറെപേര്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ പ്രധാന ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി ടൂര്‍ ഓപര്മേറ്റര്മാര് മുഖേന പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. മഴ പെയ്തുനില്ക്കുന്നതിനാല് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വെള്ളച്ചാട്ടങ്ങളും ജലസമൃദ്ധമാണ്.
രാമക്കല്‍മേട്
യാത്രക്കിടയില്‍ ഇത്തരം കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനും സഞ്ചാരികള്‍ സമയം കണ്ടെത്തുന്നുണ്ട്. ഓണക്കാലത്താണ് ഇവിടെ ഏറെ സന്ദര്‍ശകര്‍ എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.