ശുചിത്വത്തിൽ ഇനി വിട്ടുവീഴ്ചയില്ല; 11 ദീർഘദൂര ട്രെയിനുകളിൽ മെഗാ ക്ലീനിങ് ഡ്രൈവുമായി റെയിൽവേ
text_fieldsന്യൂഡൽഹി: 40 മണിക്കൂറിലധികം യാത്രാദൈർഘ്യമുള്ള 11 അതിദൂര ട്രെയിനുകളിൽ ശുചീകരണം കർശനമാക്കി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിൽ യാത്രയിലുടനീളം ശുചീകരണം ഉറപ്പാക്കുന്നതിനായി റെയിൽവേ ബോർഡ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.
എല്ലാ സോണുകളിലെയും ജനറൽ മാനേജർമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ദീർഘദൂര യാത്രകളിലെ ശുചീകരണവും പരിപാലനവും റെയിൽവേയുടെ ഉയർന്ന മുൻഗണനാ വിഷയമാണെന്ന് ബോർഡ് വ്യക്തമാക്കി. യാത്ര ആരംഭിക്കുമ്പോൾ മാത്രമല്ല, ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ട്രെയിനുകളുടെ ശുചീകരണവും സേവന നിലവാരവും തടസ്സമില്ലാതെ നിലനിർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
വിവേക് എക്സ്പ്രസ്, അവധ് അസം എക്സ്പ്രസ്, റാണി കമലപതി -അഗർത്തല പ്രതിവാര എക്സ്പ്രസ്, അഹ്മദാബാദ് -സഹർശ എക്സ്പ്രസ്, ദാനാപൂർ -എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്, പൂനെ -സുപൗൾ എക്സ്പ്രസ്, അമ്രപാലി എക്സ്പ്രസ്, ജേലം എക്സ്പ്രസ്, രാജ്ഗീർ -മുംബൈ എൽ.ടി.ടി ജനതാ എക്സ്പ്രസ്, ഹൗറ -ഇസ്‍ലാംപുർ എക്സ്പ്രസ്, അമൃത്സർ -സഹർശ ഗരീബ് രഥ് എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ശുചീകരണം കർശനമാക്കിയത്.
ഈ ട്രെയിനുകൾ ദിവസങ്ങളോളം യാത്ര ചെയ്യുന്നതിനാൽ, ശുചീകരണത്തിലെ വീഴ്ചയും ടോയ്‍ലറ്റുകളിലെ പ്രശ്നങ്ങളും മാലിന്യ നിർമാർജനവും യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നതായി റെയിൽവേക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. കോച്ചുകളിലെ ചെറിയ അറ്റകുറ്റപ്പണികൾ ചെയ്യാത്തതും യാത്രക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദീർഘദൂര ട്രെയിനുകളിലെ ഹൗസ് കീപ്പിങ് ജീവനക്കാരുടെ പ്രവർത്തനം സോണുകൾ കർശനമായി നിരീക്ഷിക്കണമെന്നാണ് ബോർഡ് നൽകിയ നിർദേശം. പ്രധാന സ്റ്റേഷനുകളിൽ പ്രത്യേക ശ്രദ്ധയോടെ ശുചീകരണവും യാത്രാമധ്യേയുള്ള ചെറിയ അറ്റകുറ്റപ്പണികളും നടത്തണം. ബയോ ടോയ്‍ലറ്റുകളുടെ ഫലപ്രദമായ പ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം ശരിയായ രീതിയിലുള്ള മാലിന്യ ശേഖരണവും സംസ്കരണവും ഉറപ്പുവരുത്തണം.
സോണൽ അധികാരികൾ ശുചീകരണ നിലവാരം, യാത്രക്കാരുടെ പരാതികൾ, അവയുടെ പരിഹാരം എന്നിവ പ്രതിവാര അടിസ്ഥാനത്തിൽ അവലോകനം ചെയ്യണമെന്നും നിർദേശമുണ്ട്. യാത്രാമധ്യേയുള്ള ക്ലീൻ ട്രെയിൻ സ്റ്റേഷൻ പോയന്റുകളിൽ പ്രത്യേക ശുചീകരണം നിർബന്ധമാണ്. ഇതിനാവശ്യമായ ജീവനക്കാർ, സാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയുടെ ചുമതല അതത് ഡിവിഷനുകൾക്കായിരിക്കും.
ഡിവിഷണൽ റെയിൽവേ മാനേജർമാർ ദീർഘദൂര ട്രെയിനുകളുടെ പ്രവർത്തനം നേരിട്ട് നിരീക്ഷിക്കണമെന്ന് ബോർഡ് നിർദേശം നൽകി. ആവർത്തിച്ചുണ്ടാകുന്ന പരാതികളുടെ യഥാർഥ കാരണം കണ്ടെത്തി കാലതാമസമില്ലാതെ പരിഹാര നടപടികൾ സ്വീകരിക്കേണ്ടത് ഡിവിഷണൽ റെയിൽവേ മാനേജർമാരുടെ ചുമതലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

