ചുരത്തിലൂടെ ആകാശയാത്ര; വരുന്നു റോപ് വേ പദ്ധതി
text_fieldsഎ.സി കേബിൾ കാറിൽ ചുരം യാത്ര സാധ്യമാകുന്ന റോപ് വേ പദ്ധതിക്ക് സർക്കാർ അനുമതി
കൽപറ്റ: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തരത്തിൽ വയനാട് ചുരത്തിൽ റോപ് വേ പദ്ധതി വരുന്നു. കാടിനു മുകളിലൂടെ കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാനുതകുന്ന 3.675 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പദ്ധതി. വയനാട് ചുരം റോപ് വേ പദ്ധതി, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പി.പി.പി) നടപ്പാക്കാൻ സംസ്ഥാന വ്യവസായ വികസന കോർപറേഷന് (കെ.എസ്.ഐ.ഡി.സി) സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ് വേ ആയിരിക്കും ഇത്. ചുരത്തില്‍ ഏകദേശം രണ്ടു ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ് വേ കടന്നുപോകേണ്ടത്. ഇപ്പോൾ അടിവാരം മുതൽ ലക്കിടി വരെ ചുരത്തിലൂടെ യാത്രചെയ്യാൻ കുറഞ്ഞത് 40 മിനിറ്റ് സമയം ആവശ്യമുള്ളിടത്ത് പദ്ധതി വരുന്നതോടെ ഒരു വശത്തേക്കുള്ള യാത്രക്ക് 15 മിനിറ്റ് മതിയാകും.
മൂന്നു കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതി. ഒരേസമയം ആറുപേര്‍ക്ക് യാത്ര ചെയ്യാനാകുന്ന എ.സി കേബിള്‍ കാറുകളാണ് റോപ് വേയിൽ ഉണ്ടാകുക. മണിക്കൂറില്‍ 400 പേര്‍ക്കു യാത്ര ചെയ്യാമെന്നാണ് കണക്കുകൂട്ടല്‍. അടിവാരത്തിനും ലക്കിടിക്കുമിടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും. സുൽത്താൻ ബത്തേരിയില്‍നിന്ന് ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സര്‍വിസുകളും ഏര്‍പ്പെടുത്തും. റോപ് വേ പദ്ധതിക്കൊപ്പം അടിവാരം-നൂറാംതോട്-ചിപ്പിലിത്തോട്-തളിപ്പുഴ റോഡുകൂടി യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. ഏകദേശം 100 കോടി രൂപയുടേതാണ് പദ്ധതി.
അടിവാരം-ലക്കിടി ടെർമിനലുകളോട് അനുബന്ധിച്ച് പാർക്കിങ്, പാർക്ക്, സ്റ്റാർ ഹോട്ടൽ, മ്യൂസിയം കഫ്റ്റീരിയ, ഹോട്ടൽ ആംഫി തിയറ്റർ, ഓഡിറ്റോറിയം തുടങ്ങിയവയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നു. വയനാട് ചുരത്തിലൂടെയുള്ള റോപ് വേ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സാങ്കേതിക അനുമതികളെല്ലാം ശരിയായിട്ടുണ്ട്.
2023 ഒക്ടോബർ 20ന് ചേർന്ന സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡിന്റെ 37-ാമത് യോഗത്തിലാണ് ഈ പദ്ധതിക്കുള്ള നിർദേശം വെസ്റ്റേൺ ഗാട്ട് പ്രൈവറ്റ് ലിമിറ്റഡ് മുന്നോട്ടുവെച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ നിർദേശപ്രകാരം പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറ്റുന്നതിന് കെ.എസ്.ഐ.ഡി.സി എം.ഡിയെ ചുമതലപ്പെടുത്തിയിരുന്നു.
പി.പി.പി മോഡലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ജൂണിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പദ്ധതിയുടെ ലോവർ ടെർമിനലിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി ഒരേക്കറാണെന്നും അതു വിട്ടുനൽകാൻ തയാറാണെന്നും കമ്പനി സർക്കാറിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പൊതു സ്വകാര്യ പങ്കാളിത്ത മോഡിൽ നടപ്പാക്കാൻ സർക്കാർ കെ.എസ്.ഐ.ഡി.സിക്ക് അനുമതി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.