അന്താരാഷ്ട്ര ടൂറിസം വരുമാന വളർച്ചനിരക്കിൽ സൗദി മുന്നിൽ
text_fieldsടൂറിസ്റ്റുകൾ അൽ ഉലയിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ
റിയാദ്: 2025ലെ ആദ്യ മൂന്നു മാസത്തിനുള്ളിൽ അന്താരാഷ്ട്ര വിനോദസഞ്ചാര വരുമാനത്തിന്റെ വളർച്ച നിരക്കിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ചാണിത്. യു.എൻ ടൂറിസം ഓർഗനൈസേഷൻ ഈ വർഷം മേയ് മാസത്തിൽ പുറത്തിറക്കിയ വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ട് പ്രകാരമാണിത്. 2019ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 2025ലെ ആദ്യ പാദത്തിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വളർച്ചാനിരക്കിൽ സൗദി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തും ഇതേ കാലയളവിൽ മിഡിലീസ്റ്റിൽ രണ്ടാം സ്ഥാനത്തും എത്തിയതായും റിപ്പോർട്ട് പറയുന്നു.
ഈ വർഷം ആദ്യ പാദത്തിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിൽ 102 ശതമാനം വളർച്ച രേഖപ്പെടുത്തി. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ആഗോള വളർച്ചാനിരക്കായ മൂന്നു ശതമാനവും മിഡിലീസ്റ്റ് വളർച്ചാനിരക്കായ 44 ശതമാനവും മറികടന്നു. ആഗോള, പ്രാദേശിക ടൂറിസം മേഖലയിൽ സൗദിയുടെ മുൻനിര സ്ഥാനം ഇത് ശക്തിപ്പെടുത്തുന്നു.
ആഗോള ടൂറിസം സൂചകങ്ങളിൽ സൗദിയുടെ മുൻനിര സ്ഥാനം, ടൂറിസം മേഖല വികസിപ്പിക്കാനുള്ള അതിന്റെ ശ്രമങ്ങളുടെ ഫലപ്രാപ്തി, വിഷൻ 2030 നിശ്ചയിച്ചിട്ടുള്ള അഭിലാഷ ടൂറിസം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അതിന്റെ സ്ഥിരമായ പുരോഗതി എന്നിവ ഇത് സ്ഥിതീകരിക്കുന്നു.
അന്താരാഷ്ട്ര ടൂറിസം വരുമാന വളർച്ച വർധിപ്പിക്കാൻ സഹായിച്ചത് 10 ഘടകങ്ങളാണെന്നും ഇവ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ സൗദിയുടെ സാന്നിധ്യം ഇരട്ടിയാക്കി ടൂറിസം സ്ഥാനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും വിലയിരുത്തുന്നു. മൂന്നു ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രം, ജീവിത നിലവാരം, ടൂറിസ്റ്റ് വിസകൾ, ആത്മീയ ടൂറിസം, സുരക്ഷ സൂചകങ്ങൾ, ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങൾ, പ്രകൃതി സംരക്ഷണകേന്ദ്രങ്ങൾ, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം മാർക്കറ്റിങ്, സ്മാർട്ട് ആപ്ലിക്കേഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.