കബനി ഡാമിൽ നിന്ന് സീപ്ലെയ്ൻ സർവിസ് ആരംഭിക്കുന്നു
text_fieldsബംഗളൂരു: കേന്ദ്ര സർക്കാറിന്റെ പ്രാദേശിക വിമാനത്താവള വികസന പദ്ധതിയായ ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) 5.5 പദ്ധതിയുടെ ഭാഗമായി, കര്ണാടക സര്ക്കാര് ആവിഷ്കരിച്ച സീപ്ലെയ്ൻ സർവിസ് വൈകാതെ മൈസൂരു ജില്ലയിലെ എച്ച്.ഡി. കോട്ടെയിലെ കബനി ഡാമിൽ നിന്ന് ആരംഭിക്കും. ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട ശ്രീനിവാസ പൂജാരിയുടെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കബനി റിസർവോയറിനും മംഗളൂരു വാട്ടർഡ്രോമിനും സേവനം ആരംഭിക്കാൻ ലെറ്റർ ഓഫ് ഇന്റൻഡ് നൽകിയതായി മന്ത്രി അറിയിച്ചു.
ഉഡാൻ 5.5 പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏഴ് വാട്ടർ എയറോഡ്രോമുകൾ നിർദേശിച്ചിട്ടുണ്ട്. ഇതിൽ കബനിയോടൊപ്പം സിഗന്ദൂർ (ലിംഗനമക്കി), കാളി നദീതടം (കാർവാർ), ബൈന്ദൂർ, മൽപെ (ഉഡുപ്പി), ഗണേശ് ഗുഡി (സുപ റിസർവോയർ) എന്നിവയും ഉൾപ്പെടുന്നു. രാജ്യത്ത് ഇതിനകം 30 സീപ്ലെയ്ൻ റൂട്ടുകൾ അനുവദിച്ചിട്ടുണ്ടെന്നും ഉഡാൻ 5.5 വഴി 50തിലധികം റൂട്ടുകൾ രൂപവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സീപ്ലെയ്ൻ സർവിസിനായി വിമാനത്താവളത്തിന് ആവശ്യമായ വലിയ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമില്ല. ഫ്ലോട്ടിങ് ജെട്ടി, ചെറിയ പാസഞ്ചർ ടെർമിനൽ, അടിസ്ഥാന നാവിഗേഷൻ സംവിധാനങ്ങൾ എന്നിവ മാത്രം മതിയാകുന്നതുകൊണ്ട് ചെലവ് വളരെ കുറവായിരിക്കും. മൈസൂരുവിൽ ആദ്യത്തിൽ പദ്ധതി മാണ്ഡ്യയിലെ കൃഷ്ണരാജ സാഗർ (കെ.എ.ആർ.എസ്) അണക്കെട്ടിൽ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ, സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പദ്ധതി കബനി ഡാമിലേക്ക് മാറ്റുകയായിരുന്നു.
കബനി പദ്ധതി നടപ്പാക്കാൻ കൂടുതൽ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൈസൂരു വിമാനത്താവളത്തിന്റെയും നഗരത്തിന്റെയും അടുത്തുള്ള സ്ഥാനം, മികച്ച താമസ-വിനോദ സൗകര്യങ്ങൾ, കൂടാതെ നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമാണെന്നത് തുടങ്ങി വിനോദ സഞ്ചാരത്തിന് അനുകൂല സാഹചര്യങ്ങളുള്ളതിനാൽ പരിസ്ഥിതി വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാറിന്റെ ദൗത്യവുമായി ചേരുന്നതാണ് പദ്ധതി. കേരളത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ വയനാടുമായി ചേർന്നുകിടക്കുന്ന മേഖല കൂടിയാണിത്.
അതേസമയം, കബനിയിൽനിന്ന് സീപ്ലെയിൻ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കബനി അണക്കെട്ട് അസി. എക്സി. എൻജിനീയർ രംഗയ്യ അറിയിച്ചു. ഏകദേശം ആറു മാസം മുമ്പ് കേന്ദ്ര സംഘം കബനി സന്ദർശിച്ച് സാധ്യതാ പഠനം നടത്തിയിരുന്നു. എന്നാൽ, പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടാൽ മാത്രമേ തുടർ നടപടികൾ ആരംഭിക്കുകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.