ബംഗളൂരു-മുംബൈ റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ ഉടൻ; ദക്ഷിണേന്ത്യയിൽ ആദ്യത്തേത്
text_fieldsബംഗളൂരു: കാത്തിരിപ്പിനൊടുവിൽ ബംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവിസ് ആരംഭിക്കുന്നു. ഒക്ടോബർ 10 നോ അല്ലെങ്കിൽ 11 നോ സർവിസ് ആരംഭിക്കാനാണ് സാധ്യതയെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
പ്രമുഖ നഗരങ്ങൾ തമ്മിലുള്ള രാത്രികാല യാത്രകൾക്കായി രൂപകൽപന ചെയ്ത ട്രെയിൻ, ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ സർവിസാണ്. ബംഗളൂരുവിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം.
ആഴ്ചയിൽ ആറ് ദിവസമായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ സർവിസ് നടത്തുക. എസ്.എം.വി.ടി ബംഗളൂരുവിൽ നിന്ന് സി.എസ്.എം.ടി മുംബൈയിലേക്ക് ആയിരിക്കും സർവിസ്. രാത്രി 7.50 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.55 ന് മുംബൈയിലെത്തും. 16 മണിക്കൂർ അഞ്ച് മിനിറ്റാണ് യാത്രാസമയം.
തിരികെ രാത്രി 8.10 ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.55 ന് ബംഗളൂരുവിൽ എത്തിച്ചേരും. 15 മണിക്കൂർ 45 മിനിറ്റാണ് യാത്രാസമയം.
അനന്തപൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കൽബുറഗി, സോലാപ്പൂർ, പുനെ, കല്യാൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. 27651/27652 എന്നീ നമ്പറുകളിലായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ സർവിസ് നടത്തുക.
സമയക്രമം താൽക്കാലികമാണെങ്കിലും, ഫ്ലാഗ് ഓഫ് അടുത്ത വാരാന്ത്യത്തിൽ തന്നെ നടക്കുമെന്നും കൃത്യമായ തീയതി ഉടൻ തീരുമാനിക്കുമെന്നും അധികൃതർ പറഞ്ഞു. രണ്ട് വന്ദേ ഭാരത് സ്ലീപ്പർ റേക്കുകൾ സൗത്ത് വെസ്റ്റേൺ റെയിൽവേക്ക് അനുവദിച്ചു കൊണ്ട് റെയിൽവേ ബോർഡിന്റെ കോച്ചിങ് ഡയറക്ടറേറ്റ് ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.
രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് വ്യവസായ നഗരങ്ങൾക്കിടയിലുള്ള സൂപ്പർ ഫാസ്റ്റ് ട്രെയിനുകളുടെ കുറവിന് ഈ സർവിസ് വലിയ ആശ്വാസമാകും. നിലവിലുള്ള ട്രെയിനുകൾ ഒരു വശത്തേക്ക് യാത്ര ചെയ്യാൻ 22 മുതൽ 24 മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്.
ചെന്നൈ ഐ.സി.എഫിന്റെ മേൽനോട്ടത്തിൽ ബി.ഇ.എം.എൽ നിർമിച്ച 16 കോച്ചുകളുള്ള രണ്ട് ട്രെയിനുകളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. ഇതിലൊന്ന് ബംഗളൂരു കന്റോൺമെന്റിലും മറ്റൊന്ന് ബംഗാർപേട്ടിന് സമീപമുള്ള വരദപുരയിലും എത്തിച്ചിട്ടുണ്ട്.
2025 സെപ്റ്റംബറിലാണ് വന്ദേ ഭാരത് സ്ലീപ്പർ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചതെന്നും ഒടുവിൽ അത് യാഥാർഥ്യമാകാൻ പോവുകയാണെന്നും കർണാടക റെയിൽവേ വേദിക പ്രതിനിധി കെ.എൻ. കൃഷ്ണപ്രസാദ് പ്രതികരിച്ചു. യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ട്രെയിൻ കെ.എസ്.ആർ ബംഗളൂരുവിൽ (സിറ്റി സ്റ്റേഷൻ) നിന്ന് തന്നെ ആരംഭിക്കുമെന്ന് മുമ്പ് റെയിൽവേ മന്ത്രി നൽകിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

